Monthly Archives: October 2014

വായിച്ചു തീരാത്ത അച്ഛൻ


P.G.
വായന, വായന, വായന. ജീവിതകാലം മുഴുവനും മനസ്സും ശരീരവും അർപ്പിച്ചുകൊണ്ടുള്ള വായനയിൽ മുഴുകിയ പി.ജി. എന്ന പി.ഗോവിന്ദപ്പിള്ളയുടെ വായനക്കഥകളാണ് ‘വായിച്ചു തീരാത്ത അച്ഛൻ‘ എന്ന പുസ്തകത്തിലൂടെ മകൻ രാധാകൃഷ്ണൻ എം.ജി.സ്മരിക്കുന്നത്.

പല പല പത്രങ്ങളുമായി തീവണ്ടിയിൽ കയറുന്ന പി.ജി. അടുത്തിരിക്കുന്ന യാത്രക്കാരൻ ചോദിച്ചാൽ‌പ്പോലും അതിലൊരു പത്രം പങ്കുവെക്കുമായിരുന്നില്ല. ഗ്രന്ഥകർത്താവായ മകൻ പോലും ഏതെങ്കിലും ഒരു മാഗസിനോ പുസ്തകമോ പി.ജി.യുടെ ലൈബ്രറിയിൽ നിന്ന് എടുത്തുകൊണ്ടുപോയാൽ രണ്ടുമൂന്ന് ദിവസത്തിനകം മടക്കിക്കൊടുക്കണം. അല്ലെങ്കിൽ സ്വയം അദ്ദേഹം തന്നെ അത് ചെന്നെടുത്തുകൊണ്ട് പോരും. പേരക്കുട്ടികളുടെ കാണാതായ പാഠപുസ്തകങ്ങൾ പോലും പിന്നീട് കണ്ടെടുത്തിട്ടുള്ളത് പി.ജി.യുടെ ലൈബ്രറിയിൽ നിന്നാണെന്നത് രസകരമാണ്. അച്ഛന് ഒരു ടെലിഫോൺ ഡയറക്ടറിയെങ്കിലും കൊടുത്താൽ മതിയെന്ന് മകൾ പാർവ്വതി കളിയായിട്ട് പറയുന്നത് ഒരു തമാശയ്ക്കപ്പുറം പുസ്തകങ്ങളോടുള്ള അദ്ദേഹത്തിന്റെ അടുപ്പത്തിന്റെ ആഴമാണ് കാണിക്കുന്നത്.

തന്റെ കൈയ്യിൽ വരുന്ന പണം മുഴുവൻ പി.ജി. ചിലവാക്കിയിരുന്നത് പുസ്തകങ്ങൾക്ക് വേണ്ടിയായിരുന്നു. ചെക്ക് ക്യാഷ് എന്നിങ്ങനെ പണത്തിന്റെ രൂപഭേദങ്ങൾ പോലും പുസ്തകങ്ങൾക്കിടയിൽ അദ്ദേഹം മറന്നുവെക്കും. അതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് സസ്പെൻഷൻ അടക്കമുള്ള നടപടികളും ഉണ്ടായിട്ടുണ്ട്. പക്ഷേ, പുസ്തകങ്ങളുടെ കാര്യത്തിൽ പി.ജി.ക്ക് അസാമാന്യ ഓർമ്മയാണ്. പതിനെണ്ണായിരത്തിൽ‌പ്പരം വരുന്ന പുസ്തകങ്ങളിൽ ഏത് പുസ്തകം എവിടെയാണ് ഇരിക്കുന്നതെന്ന് അദ്ദേഹത്തിന് കൃത്യമായിട്ടറിയാം. ആരെങ്കിലും അതിലൊന്ന് വാങ്ങിക്കൊണ്ടുപോയിട്ടുണ്ടെങ്കിൽ അതും നല്ല ഓർമ്മയാണ്.

ഡൽഹി റെയിൽ‌വേ സ്റ്റേഷനിലൂടെ മകനേയും കൂട്ടി നടക്കുന്നതിനിടയ്ക്ക് ഏതോ പുസ്തകശാല കണ്ട് മകനേപ്പോലും മറന്ന് അതിനകത്തേക്ക് കയറിപ്പോകുകയും അഞ്ചുവയസ്സുകാരനും ഭാഷയൊന്നും അറിയാത്ത മകൻ പരിഭ്രമിച്ച് വശാകുന്നതാണ് ഒരു കഥ. ഡൽഹിയിൽത്തന്നെ കുടുംബസമേതം നാടകം കാണുന്നതിനിടയ്ക്ക് ഇളയ കുട്ടി കരഞ്ഞപ്പോൾ കുട്ടിയെ തോളിലിട്ട് പി.ജി.പുറത്തേക്ക് നടന്നു. പക്ഷേ, നാടകം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞിട്ടും പി.ജി. തിരികെ വന്നില്ല. ഭാര്യയും മകനും വല്ല വിധേനയും വീട്ടിലെത്തിയപ്പോൾ കണ്ടത് കുട്ടിയെ കിടത്തിയുറക്കി വായനയിൽ മുഴുകിയിരിക്കുന്ന കഥാനായകനേയാണ്. നാടകം കഴിയുമ്പോഴേക്കും തീയറ്ററിൽ തിരികെ എത്തിയാൽ മതിയല്ലോ, അതുവരെ വായിക്കാം എന്ന് കരുതി പുസ്തകം തുറന്ന കഥാനായകൻ നാടകവും കുടുംബവുമൊക്കെ മറന്നുപോയി എന്നതാണ് യാഥാർത്ഥ്യം.

കുടുംബത്തിലെ കുട്ടികൾക്കും മുതിർന്നവർക്കും മുൻ‌തലമുറയിൽ ഉള്ളവർക്കുമൊക്കെ വേണ്ട പുസ്തകങ്ങൾ തിരഞ്ഞെടുത്ത് നൽകാൻ പി.ജി. ശ്രദ്ധിച്ചിരുന്നു. ചെറുപ്പത്തിൽ ഗ്രന്ഥകാരന് സത്യത്തിൽ പുസ്തകങ്ങളോട് ദേഷ്യമായിരുന്നു. തനിക്ക് കിട്ടേണ്ട സ്നേഹവും വാത്സല്യവുമൊക്കെ നഷ്ടപ്പെട്ടുപോകുന്നത് അച്ഛന് പുസ്തകങ്ങളുമായി കൂടുതൽ സമയം ഇടപഴകുന്നത് കൊണ്ടല്ലേ എന്ന് തോന്നൽ ആ പ്രായത്തിൽ സ്വാഭാവികം മാത്രം. പിന്നീട് മകൻ അച്ഛന്റെ പുസ്തകസ്നേഹവും വായനയും കൊണ്ടുണ്ടായ ഗുണങ്ങൾ സ്നേഹപൂർവ്വം സ്മരിക്കുന്നുണ്ട് ഗ്രന്ഥത്തിൽ.

ഇടയ്ക്ക് വെച്ച് രോഗങ്ങൾ കാരണം കാഴ്ച്ച മങ്ങുന്നു. അപ്പോൾ സുഹൃത്തുക്കളും പാർട്ടി സഖാക്കളും മുറതെറ്റാതെ വീട്ടിലെത്തി വീട്ടിലെത്തി പുസ്തകങ്ങൾ വായിച്ചുകൊടുത്തുപോന്നു. വായിക്കാൻ വരുന്ന ഓരോ തരക്കാർക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള പുസ്തകങ്ങൾ എടുത്ത് വേർതിരിച്ച് വെക്കുമായിരുന്നു അദ്ദേഹം.  ടി.എൻ.ഗോപകുമാറിന്റെ നിർദ്ദേശപ്രകാരം ഏഷ്യാനെറ്റ് ചാനലിനെ ട്രെയിനികൾ വരെ വായിച്ചുകൊടുക്കൽ ദൌത്യത്തിൽ പങ്കാളികളായിട്ടുണ്ട്. വായിക്കാൻ വരുന്നവരെ കാത്ത് ആകാംക്ഷയോടെ ഇരിക്കുന്ന പി.ജി.യുടെ ചിത്രം ഒരു വായനാപ്രേമിയേക്കാൾ ഉപരി മറ്റുചിലതാണെന്ന് പുസ്തകം വെളിപ്പെടുത്തുന്നുണ്ട്.

സുഹൃത്തുക്കളോട് പറഞ്ഞ് വിദേശങ്ങളിൽ നിന്ന് പോലും വരുത്തുന്ന അമൂല്യ പുസ്തകങ്ങൾ, അപൂർവ്വ ഗ്രന്ഥശേഖരങ്ങൾ, എന്നുള്ള പുസ്തകകഥകൾ മാത്രമല്ല ഗ്രന്ഥം പറയുന്നത്. അച്ഛന്റേയും മകന്റേയും ആത്മകഥ തന്നെ വളരെ ചെറിയ രൂപത്തിലെങ്കിലും ഇതിലുണ്ട്. പി.കെ.വി,  ഇ.എം.എസ്, എ.കെ.ജി,  എം.വി.നാരായണപ്പിള്ള, ബർളിൻ കുഞ്ഞനന്തൻ നായർ എന്നിങ്ങനെയുള്ള പാർട്ടി സഖാക്കളുമായുള്ള ബന്ധങ്ങൾ, അവരുമായൊക്കെ ഇടപഴകാൻ ചെറുപ്പകാലത്ത് തന്നെ ഗ്രന്ഥകർത്താവിന് കിട്ടിയ സൌഭാഗ്യം. ഡൽഹിയിലെ ജീവിതകാലത്ത് വീടിന്റെ മുന്നിലൂടെ കാറിൽ പോകുമായിരുന്ന ചാച്ചാ നെഹ്രുവിനെ കാണാനും കൈവീശി അഭിവാദ്യം അർപ്പിക്കാനും കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന പണ്ഡിറ്റ് ജിയിൽ നിന്ന് തിരിച്ച് കൈവീശൽ ഏറ്റുവാങ്ങാനുമൊക്കെ ഗ്രന്ഥകാരനുണ്ടായ ഭാഗ്യസന്ദർഭങ്ങൾ, സ്വന്തം പേര് അജയൻ എന്നത് മാറി രാധാകൃഷ്ണൻ ആകാനുള്ള കാരണം എന്നതൊക്കെ പുസ്തകത്തിൽ കടന്നുവരുന്നുണ്ട്.

അടിയന്തിരാവസ്ഥക്കാലത്തെ കെ.വേണുവിന്റെ ഒളിവുജീവിതം, അതുമായി ബന്ധപ്പെട്ട് പി.ജി.യെ ജയറാം പടിക്കൽ ചോദ്യം ചെയ്യുന്നത്. ഇന്ത്യാ ചൈനാ യുദ്ധകാലത്തെ ജയിൽ വാസം എന്നുതുടങ്ങി പി.ജി.യുടെ ജീവിതത്തിലെ പ്രധാന പല സംഭവങ്ങളും തൊട്ടുപോയിട്ടുണ്ട് പുസ്തകമെങ്കിലും അദ്ദേഹത്തിന്റെ വായന തന്നെയാണ് ഇതിലെ മുഖ്യവിഷയം. ഏത് വിഷയത്തെപ്പറ്റിയും മക്കൾക്ക് അദ്ദേഹത്തോട് ചോദിക്കാം. ഒരു ലൈബ്രറിയിൽ നിന്ന് അതുമായി ബന്ധപ്പെട്ട് കിട്ടുന്നതിനേക്കാൾ കൂടുതൽ വിവരങ്ങൾ പകർന്നുകിട്ടും. പക്ഷെ പരീക്ഷയുടെ തലേന്ന് ചോദിക്കരുതെന്ന് മക്കളായ രാധാകൃഷ്ണനേയും പാർവ്വതിയേയും അമ്മ വിലക്കിയിട്ടുണ്ട്. ക്‌ളാസ്സ് മുറികളിൽ ആവശ്യമുള്ളതിനേക്കാൾ അധികം പറഞ്ഞുപറഞ്ഞ് കുട്ടികളുടെ പഠനസമയം പി.ജി. അപഹരിച്ചുവെന്ന് വരും എന്നതുകൊണ്ടാണ് ഈ നിഷ്ക്കർഷ.

അവസാനകാലത്ത് കേൾവിയും നഷ്ടപ്പെടുന്നുണ്ട് പി.ജി.ക്ക്. കാഴ്ച്ച കുറഞ്ഞതുകൊണ്ട് സ്വയം വായിക്കാനും പറ്റുന്നില്ല. കേൾവിയില്ലാത്തതുകൊണ്ട് മറ്റൊരാൾ വായിച്ചിട്ട് കേൾക്കാനും വയ്യ എന്ന അവസ്ഥ ശരിക്കും ഉലച്ചുകളയുന്ന ഒന്നാണ്. വായിക്കാതെ പെട്ടുപോകുന്ന അച്ഛൻ, മക്കൾക്കും വീട്ടുകാർക്കുമെല്ലാം വലിയ നൊമ്പരം തന്നെയായി മാറുന്നു. ആ നില എപ്രകാരവും തരണം ചെയ്യാൻ അവർ കഠിനപരിശ്രമവും ചെയ്യുന്നു. പി.ജി.യാകട്ടെ വായിക്കാൻ പറ്റിയില്ലെങ്കിലും തന്റെ പുസ്തകങ്ങളെ തൊട്ടും തലോടിയും പൊടിതുടച്ചുമെല്ലാം പുസ്തകളോടൊപ്പം തന്നെ സമയം ചിലവഴിക്കുന്നു. പി.ജി.യുടെ വായനാഭ്രാന്ത് അറിയാവുന്ന നേരിട്ട് അദ്ദേഹവുമായി ഒരു പരിചയം ഇല്ലാത്തവർ പോലും വായനയ്ക്ക് ഉപകരിക്കുന്ന പ്രകാശസംവിധാനങ്ങളുമായി എത്തുന്നു. അഞ്ച് ലൈറ്റുകൾ വരെ പിടിപ്പിച്ച് വലിയ ലെൻസിന്റെ സഹായത്തോടെ ബുദ്ധിമുട്ടിയാണെങ്കിലും വായിക്കുന്ന പി.ജി.യുടെ ചിത്രം കാഴ്ച്ചയുണ്ടായിട്ടും വായിക്കാൻ സമയം കണ്ടെത്താനാവാത്ത എല്ലാവർക്കും ഒരു മുന്നറിയിപ്പ് തന്നെയാണ്. കല്യാണവീട്ടിലും മരണവീട്ടിലും ബസ്സ് സ്റ്റോപ്പിലും എന്ന് വേണ്ട അഞ്ച് മിനിറ്റ് സമയം എവിടെ കിട്ടുന്നോ അവിടെയിരുന്ന് വായിക്കാൻ പി.ജി.ക്ക് സാധിക്കും. അതുകൊണ്ടുതന്നെ കൈയ്യിൽ ഒരു പുസ്തകമെങ്കിലും ഇല്ലാതെ പി.ജി.യെ കാണാനുമാകില്ല. ബസ് സ്റ്റോപ്പിൽ നിന്ന് വായന ആരംഭിക്കുന്ന പി.ജി.യെ മറികടന്ന് പലപല ബസ്സുകൾ പോലായും പി.ജി. അറിയില്ലെന്നത് വായനയിൽ എത്രത്തോളമാണ് അദ്ദേഹം മുഴുകിയിരിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ്.

മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ എഴുതിയ രണ്ട് ലേഖനങ്ങൾ അടക്കം മൂന്ന് ലേഖനങ്ങളും പി.ജി.യുടെ നിലപാടുകൾ വ്യക്തമാക്കുന്ന ഒരു അഭിമുഖവും ചേർന്നതാണ് 94 പേജുള്ള മാതൃഭൂമിയുടെ പ്രസിദ്ധീകരണം. ആത്മീയത, ഗാന്ധി, ഇ.എം.എസ്, ജാതിപ്രശ്നം, ദളിത് പ്രശ്നം, ഭൂപരിഷ്ക്കാരം, വിപ്‌ളവങ്ങൾ, പുന്നപ്ര വയലാർ, പാർട്ടി രീതികൾ, കമ്മ്യൂണിസം, ഇടതുപക്ഷ ഐക്യം, സാഹിത്യം, സിനിമ, അച്ചടക്ക നടപടികൾ, പാർട്ടി അംഗത്വം എന്നീ വിഷയങ്ങളിലെല്ലാമുള്ള പി.ജി.യുടെ നിലപാടുകൾ ചെറിയ തോതിലെങ്കിലും പുസ്തകം പങ്കുവെക്കുന്നുണ്ട്. പാർട്ടിയേക്കാൾ വലുതല്ല കുടുംബബന്ധങ്ങൾ പോലും എന്ന നയം നടപ്പിലാക്കുന്ന പാർട്ടിയിൽ നിൽക്കുമ്പോൾത്തന്നെ, പിളർപ്പിന്റെ കാലത്ത് മറുചേരിയിലായ പ്രിയ സഖാക്കളുമായി ഇടയാതെ മുന്നോട്ട് പോകുന്ന രംഗങ്ങൾ നല്ലൊരു മനുഷ്യസ്നേഹിയെയാണ് കാണിച്ചുതരുന്നത്. പാർട്ടിയിൽ നിന്ന് ഒന്നിലധികം പ്രാവശ്യം നേരിടേണ്ടി വന്ന സസ്പെഷനുകളെപ്പറ്റി അദ്ദേഹത്തിന്റെ വിലയിരുത്തൽ, അനുസരണയുള്ള ഒരു പാർട്ടിപ്രവർത്തകനേയും അതേ സമയം ദാർശനികനായ ഒരു  ചിന്തകനേയും രാജ്യസ്നേഹിയേയും തുറന്നുകാണിക്കുന്നു.  ഒരു സമ്പൂർണ്ണ കമ്മ്യൂണിസ്റ്റായ പി.ജി. കമ്മ്യൂണിസ്റ്റല്ലാത്ത ഒരു നേതാവിന്റെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരയുന്ന അസാധാരണമായ രംഗവും പുസ്തകത്തിലുണ്ട്.

സിനിമാ തീയറ്റർ, ആശുപത്രി, സ്കൂൾ, തീവണ്ടിയാത്രകൾ എന്നിങ്ങനെ കാത്തിരുപ്പ് ആവശ്യമായി വരുന്നിടത്തൊക്കെ പുസ്തകത്തിലേക്ക് മുഴുകുക എന്നത് കുറച്ച് നാളായി എന്റേയും ശീലമാണ്. എന്നാലും, ‘വായിച്ചു തീരാത്ത അച്ഛൻ’ വായിച്ച് തീർന്നപ്പോഴേക്കും ഞാനാഗ്രഹിച്ചുപോയ ഒരു കാര്യമുണ്ട്. പി.ജി.ക്ക് ഉണ്ടായിരുന്നതിന്റെ പത്തിലൊന്ന് ബിബ്‌ളിയോമാനിയ എനിക്കുമുണ്ടായിരുന്നെങ്കിൽ !!

വാൽക്കഷണം:‌- പുസ്തകത്തിന്റെ മനോഹരമായ കവർ ചിത്രം എടുത്തത് പോലും വായനയിൽ മുഴുകിയിരിക്കുന്ന പി.ജി. അറിഞ്ഞിട്ടില്ലെന്നത് മൂന്നരത്തരം.