Monthly Archives: May 2008

monkeys

അടിക്കുറിപ്പ് മത്സരം



സിംഗപ്പൂര്‍ പോയിട്ടുള്ളവരെല്ലാം സെന്റോസാ ഐലന്റും, ജുറോങ്ങ് ബേര്‍ഡ് പാര്‍ക്കും, സുവോളജിക്കല്‍ ഗാര്‍ഡനുമെല്ലാം കാണാതെ മടങ്ങില്ലെന്നാണ് എന്റെ വിശ്വാസം.

സുവോളജിക്കല്‍ ഗാര്‍ഡനിലെ ഒരു സ്ഥിരം രംഗമാണ് മുകളില്‍ കാണുന്നത്. ടിക്കറ്റെടുത്താല്‍ ആ കുരങ്ങച്ചന്മാരുടെ കൂടെയോ അല്ലെങ്കില്‍ നല്ല മഞ്ഞനിറത്തിലുള്ള തടിയന്‍ മലമ്പാമ്പിനെ കഴുത്തിലൂടെ ചുറ്റിയിട്ടോ ഫോട്ടോ എടുക്കാം. ഔദ്യോഗികമായി ഒരു പോളറോയിഡ് പടം അപ്പോള്‍ത്തന്നെ അവര്‍ എടുത്തുതരും. നമുക്കാവശ്യമുള്ളത് സ്വന്തം ക്യാമറയില്‍ വേറെ എടുക്കുകയുമാകാം.

ടിക്കറ്റെടുത്ത് വന്ന് പടമെടുക്കാന്‍ ക്യൂ നിന്നു. മലമ്പാമ്പിനെ കാണാനൊക്കെ നല്ല ഭംഗിയുണ്ട്. എന്നാലും എനിക്കതിനെ കഴുത്തിലൂടെ ചുറ്റുന്ന കാര്യം ഓര്‍ക്കാനേ വല്ല. അതിലും ഭേദം ചിമ്പാന്‍സികള്‍ തന്നെ. വര്‍ഗ്ഗസ്നേഹം കാണിച്ചില്ലാന്ന് പരാതീം ഉണ്ടാകില്ല.

ഇന്നത്തെപ്പോലെ ഡിജിറ്റല്‍ ക്യാമറയൊന്നും ഉള്ള കാലമല്ലെങ്കിലും, തൊട്ടടുത്ത് നിന്നിരുന്ന പതിഞ്ഞ മൂക്കുള്ള കക്ഷിയുടെ കയ്യില്‍ ക്യാമറ കൊടുത്ത്, തുരുതുരെ ക്ലിക്ക് ചെയ്തോളാന്‍ ഏര്‍പ്പാടാക്കി.

ഊഴം വന്നപ്പോള്‍ ചെന്ന് ആ കല്ലിലിരുന്നതും, കറങ്ങിയടിച്ച് നടന്നിരുന്ന അവന്മാര് രണ്ടും പറഞ്ഞുവെച്ചിട്ടെന്നപോലെ ഓടി അടുത്തേക്ക് വന്നു. ചെറുതായി ഒന്ന് ഭയന്നെങ്കിലും, അതൊന്നും പുറത്തുകാട്ടാതെ ക്യാമറ നോക്കി ചിരിക്കാന്‍ ശ്രമിച്ചു. അപ്പോഴേക്കും ഒരുത്തന്‍ തോളില്‍ കയ്യിട്ട് ഒഫീഷ്യല്‍ ക്യാമറ നോക്കി ഇളിച്ചോണ്ട് നില്‍പ്പായി. മറ്റവന്‍ ആകെ ക്ഷീണിതനായിരുന്നെന്ന് തോന്നി. എന്നാലും മുട്ടിയുരുമ്മി അവനും കല്ലില്‍ വന്നിരുന്നു. ക്യാമറാ ഫ്ലാഷുകള്‍ തുരുതുരെ മിന്നി. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു രംഗം അങ്ങിനെ സെല്ലുലോയ്‌ഡിലായി.

ഈ ചിത്രത്തിന് ഒരു അടിക്കുറിപ്പ് എഴുതണമെന്ന് താല്‍പ്പര്യമുള്ളവര്‍ക്ക് സ്വാഗതം.