ശ്രേയയും ടീം അംഗങ്ങളും രാവിലെ 3 മണിക്ക് ധോലവിര ടൂറിസം റിസോർട്ടിൽ നിന്ന് അഹമ്മദാബാദിലേക്ക് യാത്രയായി. അവരെ യാത്രയാക്കിയ ശേഷം ഏഴര മണി വരെ ഞാൻ വീണ്ടും ഉറങ്ങി. പിന്നീട് ഭാഗിയെ കുളിപ്പിച്ച് വൃത്തിയാക്കി, ഉള്ളിലെ സാധനങ്ങൾ അടുക്കിപ്പെറുക്കി വെച്ച്, ടാങ്കിൽ വെള്ളം നിറച്ച് അവിടന്ന് ഇറങ്ങി.
പാക്കിസ്ഥാൻ അതിർത്തിയിലുള്ള ലാഖ്പത് കോട്ട ആയിരുന്നു എൻെറ ലക്ഷ്യം. മൂന്നര മണിക്കൂർ യാത്രയുണ്ട് അങ്ങോട്ട്. ടാങ്കിൽ ഡീസൽ കുറവാണ്. തൊട്ടടുത്ത് എവിടെയാണ് ഗ്യാസ് സ്റ്റേഷൻ ഉള്ളതെന്ന് അന്വേഷിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ആ വിവരം അറിഞ്ഞത്.
ധോലവിരയിൽ എങ്ങും ഗ്യാസ് സ്റ്റേഷനുകൾ ഇല്ല. ഏറ്റവും അടുത്ത ഗ്യാസ് സ്റ്റേഷൻ 50 കിലോമീറ്റർ ദൂരെയാണ്. അത്രയും ദൂരം പോകാനുള്ള ഡീസൽ ഭാഗിയിൽ ഇല്ല. ശുദ്ധജലം, മൊബൈൽ സിഗ്നൽ, എന്നിവയ്ക്ക് പുറമേ ഇന്ധനവും കിട്ടാൻ ബുദ്ധിമുട്ടുള്ള സ്ഥലമാണ് ധോലവിര എന്ന് മനസ്സിലായി.
ഗ്യാസ് സ്റ്റേഷന്റെ കാര്യം അന്വേഷിച്ചത് ഒരു പോലീസുകാരനോടാണ്. തൊട്ടടുത്തുള്ള ഒരു പെട്ടിക്കട ചൂണ്ടിക്കാട്ടി അവിടെ ഡീസൽ കിട്ടുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവം ശരിയാണ്. 100 രൂപയുടെ ഡീസലിന് 110 കൊടുക്കണമെന്ന് മാത്രം. 5 ലിറ്റർ ഡീസൽ നിറക്കുന്നതിനിടയിൽ ഞാൻ കടക്കാരനുമായി ചങ്ങാത്തം കൂടി. ഞാൻ സൗത്ത് ഇന്ത്യക്കാരനാണെന്ന് മനസ്സിലായപ്പോൾ അദ്ദേഹത്തിന് വല്ലാത്ത ബഹുമാനം. മലയാളികൾ പ്രബുദ്ധരാണ് പോലും!
ഇതിനിടയ്ക്ക് ഒരു കാര്യം അദ്ദേഹം ഞാനുമായി പങ്കുവെച്ചു. അദ്ദേഹത്തിൻ്റെ പേര് മുറാ ദർശൻ ഗഡ്വി. അദ്ദേഹത്തിൻ്റെ പിതാവായ ശംഭു ദർശൻ ഗഡ്വി ആണ് ധോലവിരയിലെ ഈ പുരാതന ഹാരപ്പൻ നഗരത്തിന്റെ കണ്ടെത്തലിന് പിന്നിലെ ആദ്യത്തെ വ്യക്തി. ശംഭു ദർശൻ ഇപ്പോഴും ഭുജിൽ ഇളയ മകനൊപ്പം ജീവിച്ചിരിപ്പുണ്ട്.
കാളവണ്ടിയോ ഒട്ടകമോ മാത്രം പോകുന്ന വെറും ചതുപ്പ് പ്രദേശമായിരുന്നു ഇതെല്ലാം. വരണ്ട് കിടന്നിരുന്ന ഭൂമിയിൽ, സർക്കാർ തടാകങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ, ആ ജോലി ചെയ്തിരുന്നവരുടെ കണക്കെടുത്തിരുന്ന മസ്റ്റർ ക്ലാർക്ക് ആയിരുന്നു ശംഭു ദർശൻ.
അങ്ങനെയിരിക്കുമ്പോൾ ഒരിക്കൽ കൃഷിയിടത്തിൽ നിന്ന് മൃഗത്തിന്റെ രൂപമുള്ള ഒരു സ്റ്റാമ്പ് അദ്ദേഹത്തിന് കിട്ടി. അദ്ദേഹം അവിടെ കൂടുതൽ തിരഞ്ഞപ്പോൾ കൂടുതൽ സ്റ്റാമ്പുകളും മുത്തുകളും കിട്ടി. അതെല്ലാം അദ്ദേഹം സൂക്ഷിച്ചു വെച്ചു. പിന്നീട് എപ്പോഴോ ഭുജ് നഗരത്തിൽ പോയപ്പോൾ, ആർക്കിയോളജിയുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനോട് ഇക്കാര്യം പറഞ്ഞു. അദ്ദേഹം കുറേ രേഖകൾ എടുത്തുകൊണ്ട് വന്നു. അതിൽ കുറെ മൃഗങ്ങളുടെ രൂപമുള്ള സ്റ്റാമ്പുകൾ ഉണ്ട്. അതിലേതാണ് കിട്ടിയതെന്ന് ചോദിച്ചു. തനിക്ക് കിട്ടിയ മൃഗത്തിന്റെ സ്റ്റാമ്പ് ശംഭു ദർശൻ തിരിച്ചറിഞ്ഞു. ഉടനെ ഉദ്യോഗസ്ഥൻ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിച്ചു. അവിടുന്ന് അങ്ങോട്ടുള്ളത് ചരിത്രമാണ്.
എന്തൊക്കെയായാലും ഇത്തരം ഒരു കണ്ടെത്തൽ നടത്തിയ ഉദ്യോഗസ്ഥരുടെ പേരാണല്ലോ പുറത്ത് വരിക. ഡോ: എ. പി. ജോഷി അന്ന് ഈ ഉത്ഖനന പഠനങ്ങളുടെ തലവനായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിൻ്റെ പേരിൽ ഈ നഗരത്തിന്റെ കണ്ടെത്തൽ അറിയപ്പെടുന്നു. വിക്കിപീഡിയ പോലുള്ള ചില സ്ഥലങ്ങളിൽ ശംഭു ദർശനെപ്പറ്റിയുള്ള പരാമർശം ഉണ്ട്. എങ്കിലും വേണ്ടത്ര അംഗീകാരം കിട്ടിയില്ല എന്നാണ് മകനായ മുറാ ദർശൻ്റെ പരാതി.
ഡീസൽ തീരാനായത് ഒരു നിമിത്തമായി എനിക്ക് തോന്നി. അല്ലെങ്കിൽ ഞാൻ മുറാ ദർശനെ കാണില്ലായിരുന്നു. പ്രപഞ്ചം ഇന്ധനത്തിന്റെ രൂപത്തിലും എനിക്കുവേണ്ടി ആൽക്കെമിസ്റ്റ് ഗൂഢാലോചന നടത്തുന്നു. എനിക്ക് എന്തെന്നില്ലാത്ത സന്തോഷമായി.
ഒരു പെട്ടിക്കടയാണ് നടത്തുന്നതെങ്കിലും മുറാ ദർശന് അസാമാന്യ ചരിത്രബോധമുണ്ട്. പറയുന്നത് എന്തിനെ പറ്റിയാണെന്ന് കൃത്യമായ ബോദ്ധ്യമുണ്ട്.
ഇക്കാര്യങ്ങളെല്ലാം വീഡിയോയിൽ പകർത്താൻ ഞാൻ അദ്ദേഹത്തിൻ്റെ അനുവാദം തേടി. സന്തോഷപൂർവ്വം അദ്ദേഹം അത് സമ്മതിച്ചു. (ഞാനത് വൈകാതെ പോസ്റ്റ് ചെയ്യാം.)
കുറേയധികം സമയം അങ്ങനെ പോയി. സ്വർഗ്ഗത്തിലേക്കുള്ള പാതയിലൂടെ വേണം ഭുജിലേക്ക് മടങ്ങാൻ. മൂന്നോ നാലോ വ്യൂ പോയിന്റുകളിൽ ഞാൻ ഭാഗിയെ നിർത്തി, റോഡിൽ നിന്നും ഉപ്പ് പരലുകൾക്ക് മുകളിലേക്ക് ഇറങ്ങി. ആ സമയത്ത് ധാരാളം സന്ദർശകരുണ്ട്. മാത്രമല്ല ഇന്ന് ഈ റോഡിൽ നിറയെ പൊലീസുകാരും ഉണ്ട്. അതിന് കാരണമുണ്ട്. ഇന്ന് അദാനി ധോലവിരയിൽ വരുന്നുണ്ടെന്ന് മുറാ ദർശൻ പറഞ്ഞിരുന്നു. അതിന്റെ സുരക്ഷാ നടപടികളാണ്. നമ്മൾ തിരഞ്ഞെടുത്ത മന്ത്രിമാരെ പോലെ തന്നെ വ്യവസായ പ്രമുഖരും രാജ്യത്തിന്റെ ചിലവിൽ വലിയ കാവലിലാണ് സഞ്ചരിക്കുന്നത്. റോഡിലൂടെ മുന്നോട്ട് നീങ്ങുമ്പോൾ അദാനിയുടെ വാഹനവ്യൂഹം ഞാൻ കാണുകയും ചെയ്തു.
ഉപ്പ് പരലുകളിൽ പലയിടത്ത് നിർത്തി പോകുന്നതുകൊണ്ട് ഭുജിൽ എത്തിയപ്പോഴേക്കും വൈകീട്ട് 3 മണിയായി. ഇന്നിനി ലാഖ്പതിലേക്ക് പോയാൽ ശരിയാകില്ല. ഞാൻ ഭുജിൽ തങ്ങാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം തങ്ങിയ ആശീർവാദ് ഹോട്ടലിന്റെ താഴെ കിടക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല.
ഭുജിലെ നല്ല റസ്റ്റോറന്റുകൾ പലതും വൈകീട്ട് 3 മണിക്ക് അടക്കും. പിന്നീട് 7 മണിക്കാണ് തുറക്കുക. ഗൾഫ് രാജ്യങ്ങളിലേത് പോലെയാണ് സമയക്രമം. അതുകൊണ്ട് ഉച്ചഭക്ഷണം കിട്ടാൻ അല്പം അലയേണ്ടി വന്നു.
വൈകീട്ട് ബാക്കിയുള്ള സമയം നഗരത്തിൽ വെറുതെ ചുറ്റിയടിച്ചു. ഭുജിലെ സ്വാമി നാരായൺ ക്ഷേത്രം ഗംഭീരമാണ്. വെണ്ണക്കല്ലുകൊണ്ടാണ് അത് പൂർണ്ണമായും ഉണ്ടാക്കിയിരിക്കുന്നത്. സാമാന്യം നന്നായിത്തന്നെ അതിലെ കൊത്തുപണികളും ചെയ്തിട്ടുണ്ട്. സ്വാമിനാരായണൻ ക്ഷേത്രത്തിലെ കൊത്തുപണികൾ ചെയ്യുന്ന ജീവനക്കാരുടെ ആരോഗ്യ പ്രശ്നവുമായി ബന്ധപ്പെട്ട് ചില കേസുകൾ ക്ഷേത്ര കമ്മറ്റിക്ക് എതിരെ ഉണ്ട്. ഇന്ത്യയിൽ അല്ല; അങ്ങ് അമേരിക്കയിൽ. അത് കുറേയധികം പറയാനുണ്ട്. പിന്നീട് എപ്പോഴെങ്കിലും ആകാം.
ക്ഷേത്രത്തിൽ നിന്നിറങ്ങി അല്പം നടന്നാൽ ഹർമിർസർ തടാകക്കരയിൽ എത്താം. കുറച്ച് നേരം തടാകക്കരയിലൂടെ നടന്നു. സഫ്റോൺ റസ്റ്റോറന്റിൽ നിന്ന് അത്താഴം കഴിച്ചു. അവിടന്ന് 8 കിലോമീറ്റര്‍ മാറിയുള്ള ആശീർവാദ് ഹോട്ടലിന് കീഴിൽ ഭാഗിയെ ഒതുക്കി. ആരോടും ചോദിച്ചുമില്ല പറഞ്ഞുമില്ല. ഞാനിപ്പോൾ തെരുവിന്റെ സന്തതിയായി മാറിക്കഴിഞ്ഞിരിക്കുന്നു.
ശുഭരാത്രി.