വടവൃക്ഷങ്ങളുടെ നാട്ടിൽ (ദിവസം # 105 – രാത്രി 11:58)


2
നിറയെ പേരാലുകൾ ഉള്ള നഗരമാണ് വടോദര (ബറോഡ). വടവൃക്ഷം എന്നാൽ ‘In the heart of the Banyan tree’ എന്നാണ്. അതാണ് ഈ നഗരത്തിന്റെ പേര് വന്ന വഴി.

നഗരത്തിന്റെ പ്രധാന പാതകളിൽ ഇടതൂർന്ന് നിൽക്കുന്ന പേരാലുകൾ കണ്ടപ്പോൾ ഞാൻ അത്ഭുതം പ്രകടിപ്പിച്ചു. അത് കേട്ടപ്പോൾ ദിവ്യയും ഹരിയേട്ടനും ഒരുപോലെ ബറോഡ നഗരത്തിന്റെ പേരിന്റെ മേൽപ്പറഞ്ഞ കഥ പറഞ്ഞു തന്നു.

ഇന്ന് ദിവ്യയ്ക്കും Divya Pullanikkattil ഹരിയേട്ടനും Hari Nair ഒപ്പമാണ് നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ കാണാൻ ഞാൻ ഇറങ്ങിത്തിരിച്ചത്. ഭാഗിക്ക് അവധി കൊടുത്തുകൊണ്ട് ഹരിയേട്ടന്റെ കാറിൽ ആയിരുന്നു സഞ്ചാരം. ദിവ്യ ഗ്രാഫോളജി വിദഗ്ദ്ധയാണ്. ദിവ്യയും ഹരിയേട്ടനും മറ്റ് രണ്ടുപേരും ചേർന്ന് ഗ്രാഫോളജി സംബന്ധിയായ ഒരു സ്ഥാപനം നടത്തുന്നുണ്ട്. ഗുജറാത്തിൽ നിന്ന് കേരളം വരെ കാറോടിച്ച് പോകുന്നതടക്കം യാത്രയുടെ കാര്യത്തിൽ ഒട്ടും മോശമല്ല ഹരിയേട്ടൻ.
ഞങ്ങൾ ആദ്യം പോയത് വിദ്യാധര്‍ വാവ് എന്നറിയപ്പെടുന്ന സേവാസി പടിക്കിണർ കാണാനാണ്. സുൽത്താൻ മെഹമൂദ് ബേഗഡ 1469ൽ ആണ് ഈ പടിക്കണർ ഉണ്ടാക്കിയത്. സേവാസി ഗ്രാമവാസിയായിരുന്ന വിദ്യാധർ എന്ന ആത്മീയ ആചാര്യനെ ആദരിക്കാൻ വേണ്ടിയാണ് ഇത് ഉണ്ടാക്കിയത്.

‘ വടോദര സിറ്റി ലാൻഡ് മാർക്ക് ‘ എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഫലകത്തിൽ നിന്ന്, സുൽത്താൻ മെഹമൂദ് ബേഗട എന്ന ഭാഗം ചുരണ്ടി കളഞ്ഞിരിക്കുന്നു. ഇന്ത്യയിൽ മറ്റ് പലയിടത്തും ഇതേ പ്രതിഭാസം ഞാൻ കണ്ടിട്ടുള്ളതാണ്. ചരിത്രം തേച്ച് മായ്ച്ച് കളയാനുള്ള വിഫല ശ്രമങ്ങൾ.
പടിക്കിണർ കണ്ട് വന്നപ്പോഴേക്കും ഉച്ഛ ഭക്ഷണത്തിന് സമയമായി. ഗുജറാത്തി ഭക്ഷണം കഴിക്കണമെന്ന എൻ്റെ ആഗ്രഹം തീർപ്പാക്കാൻ വേണ്ടി ചെന്ന് കയറിയത് ഗുജറാത്തി ഫിരങ്കി എന്ന റെസ്റ്റോറൻ്റിൽ. അവിടന്ന് കഴിച്ച താലി മീൽസ് ഇപ്പോഴും ദഹിച്ചിട്ടില്ല. അത്രയ്ക്ക് അധികമായിരുന്നു വിഭവങ്ങൾ.

ഫുൽക റൊട്ടി, ബാജ്‌രെ കാ റോട്ല (നെയ്യും ശർക്കരയും കൂടെ), മലായ് പൂരി, മേത്തി തേപ്പ്ല, കചോരി, പാത്ര, പനീർ സബ്ജി, ഉരുളകിഴങ്ങ് സബ്ജി്, ചെറുപയർ, ചെറിയ മധുരമുള്ള കറി, കോളിഫ്ലവർ സബ്ജി, ദാൽ, റൈസ്, കിച്ച്ഡി, കഠി, ബാസുന്ദി, മോഹന്ഥാൽ, നാട്ടിലെ പച്ചടിയെ അനുസ്മരിപ്പിക്കുന്ന എന്നാൽ അതല്ലാത്ത ഒരു തൈര് ചട്നി, മധുരമുള്ള ചട്നി, അച്ചാർ, പച്ചമുളക് പച്ചക്കടുക് ചേർത്ത് ഉണ്ടാക്കിയ അച്ചാർ, ഗ്രീൻ ചട്ണി, ഫുൽവഡി, പൈനാപ്പിൾ & ഓറഞ്ച് ജ്യൂസ്, മോര്, പപ്പടം…!! ഹോ….. തിന്ന് ക്ഷീണിച്ച് പോയി.

ഹരിയേട്ടൻ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലൂടെ വാഹനം ഓടിച്ചു. വഴിയരികിലുള്ള ഓരോ പൗരാണിക കെട്ടിടങ്ങളും പരിചയപ്പെടുത്തിത്തന്നു. പഴയ നഗരത്തിന്റെ, ലഹരി പുര, ചാപ്പനേർ, പാണി, ഗേണ്ടി എന്നീ 4 കവാടങ്ങളിലൂടെയും കടന്നുപോയി. ഈ നാല് കവാടങ്ങൾക്ക് നടുവിൽ ആയാണ് മാണ്ട്വി എന്ന ഗേറ്റ് നിൽക്കുന്നത്.

നഗര മദ്ധ്യത്തിലെ സുർസാഗർ തടാകത്തിന്റെ നടുവിലുള്ള 111 അടി ഉയരമുള്ള ശിവന്റെ പ്രതിമ സ്വർണ്ണം പൂശിയതാണ്. 1996ൽ തുടങ്ങി 2002ൽ പണിതീർത്ത ഈ പ്രതിമയിൽ പൂശാൻ 17.5 കിലോഗ്രാം സ്വർണമാണ് ഉപയോഗിച്ചത്. പകൽ വെളിച്ചത്തിൽ വെട്ടിത്തിളങ്ങി നിൽക്കുന്ന ആ പ്രതിമ ഒരു മനോഹര കാഴ്ചയാണ്.

നഗരത്തിന് വെളിയിലുള്ള കുത്തബ്ബുദ്ദീൻ മുഹമ്മദ് ഖാൻ്റെ ശവകുടീരത്തിലേക്കാണ് പിന്നീട് പോയത്. ഹാസിറ എന്ന പേരിലും ഇത് അറിയപ്പെടുന്നു.1583ൽ മുസാഫർ ഖാൻ മൂന്നാമനാൽ കൊല ചെയ്യപ്പെട്ട സന്യാസി വര്യനാണ് കുത്തബ്ബുദ്ദീൻ മുഹമ്മദ് ഖാൻ. അദ്ദേഹത്തിൻ്റേത് അടക്കം ധാരാളം ഖബറുകൾ ആ മുസോളിയത്തിന് ഉള്ളിലും പുറത്തും ഉണ്ട്.

നഗരത്തിന് കുറച്ച് വെളിയിലുള്ള മകർപുര കൊട്ടാരത്തിലേക്കുള്ള യാത്ര നിരാശാജനകമായിരുന്നു. ആ കൊട്ടാരത്തിൽ ഇപ്പോൾ വ്യോമസേന മേധാവിയുടെ ഓഫീസ് ആയാണ് പ്രവർത്തിക്കുന്നത്. അത്തരം ഒരു സ്ഥലത്തേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

പിന്നീട് പോയത്, ഇസ്കോൺ, സ്വാമി നാരായൺ, നന്ദാലയ്, എന്നിങ്ങനെയുള്ള നഗരത്തിലെ ചില പ്രധാന ക്ഷേത്രങ്ങളിലേക്ക് ആയിരുന്നു. സ്വാമിനാരായണ ക്ഷേത്രം ഗംഭീരമായ ഒരു ക്ഷേത്രം തന്നെയാണ്. അതിലെ പ്രതിഷ്ഠകൾ നോക്കി നിന്നുപോകും. ഫോട്ടോകൾ എടുക്കാൻ യാതൊരു എതിർപ്പുമില്ല. ഞങ്ങൾ ചെല്ലുമ്പോൾ നന്ദാലയ് ക്ഷേത്രം അടച്ചു കഴിഞ്ഞിരുന്നു. ഇസ്ക്കോൺ ക്ഷേത്രത്തിന് മുന്നിലൂടെ വെറുതെ വാഹനം ഓടിച്ചു പോയി.

തിരികെ ദിവ്യയുടെ വീട്ടിലെത്തിയശേഷം ഹരിയേട്ടനും ഞാനും ചേർന്ന് ഗുജറാത്തിലൂടെയുള്ള പര്യടനത്തിന് വേണ്ടിയുള്ള റൂട്ട് സജ്ജമാക്കി. ഈ ഗുജറാത്ത് യാത്ര അവസാനിക്കുമ്പോൾ, സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തേണ്ട പേരുകളാണ് ദിവ്യയുടേയും ഹരിയേട്ടന്റേയും.
വടവൃക്ഷങ്ങളുടെ നഗരത്തിലെ കാഴ്ചകൾ അവസാനിച്ചിട്ടില്ല. നാളെയും മറ്റന്നാളും കൂടെ ബറോഡയിൽ ഉണ്ടാകും.

ശുഭരാത്രി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>