ജനുവരി 11ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട്, ബാംഗ്ലൂർ – മൈസൂർ – ഹൂബ്ലി – കോലാപ്പൂർ – സത്താറ – മനോർ – വാപി – സൂറത്ത് – ബറോഡ – അഹമ്മദാബാദ് വഴി ഇന്ന് (ജനുവരി 17) 2 മണിക്ക് രാജസ്ഥാനിലെ ഉദയ്പൂരിൽ എത്തിച്ചേർന്നപ്പോൾ 7 ദിവസം കൊണ്ട് ഭാഗി ഓടിയത് 2617 കിലോമീറ്റർ.
മൈസൂരിൽ വെച്ച് ഭാഗി പണിമുടക്കിയതിന് ശേഷം മൈസൂരിലെ വർക്ക്ഷോപ്പുകാർ തങ്ങളുടെ മികവ് തെളിയിക്കുകയും ഭാഗി അതിനനുസരിച്ച് തൻ്റെ പ്രകടനം കാഴ്ച്ച വെക്കുകയും ചെയ്തിരിക്കുന്നു.
കുറഞ്ഞ ദിവസത്തിനുള്ളിൽ, ഞാൻ ചെയ്തിട്ടുള്ള ഏറ്റവും ദൈർഘ്യമുള്ള റോഡ് യാത്രയും ഡ്രൈവിങ്ങുമാണിത്. കഴിഞ്ഞ ഒരാഴ്ച്ച ഏതെല്ലാം സംസ്ഥാനങ്ങളിൽ പോയി എന്ന് ചോദിച്ചാൽ കേരളം, തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നീ 5 പേരുകളുണ്ട് ലിസ്റ്റിൽ.
ഉദയ്പൂരിലും ഭാഗിക്ക് താമസിക്കാൻ സൗകര്യം ഒരുക്കിയിരിക്കുന്നത് മൈസൂർ റാണി തന്നെയാണ്. രാജസ്ഥാൻ ടൂറിസത്തിൻ്റെ കജ്രി ഹോട്ടലിലെ മാനേജർ സുനിൽ മാത്തുർ വഴി രാജസ്ഥാൻ ടൂറിസത്തിന് കീഴിലെ എല്ലാ ഹോട്ടലുകളിലും ഭാഗിക്ക് വിശ്രമിക്കാനുള്ള സൗകര്യമാണ് കിട്ടിയിരിക്കുന്നത്. എനിക്ക് കുളി-അലക്ക്-തേവാരത്തിനുള്ള സൗകര്യവും ഉണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വീണ്ടും “നന്ദിയാരോട് ഞാൻ ചൊല്ലേണ്ടൂ“ എന്ന അതേ ഗാനം.
ഉദയ്പൂരിൽ എനിക്ക് പോകാനുള്ള കോട്ടകളുടേയും അല്ലാത്തതുമായ സ്ഥലങ്ങളുടേയും ലിസ്റ്റ് സുനിലിനെ കാണിച്ചു. സുനിൽ ആ സന്ദർശനങ്ങൾ ക്രോഡീകരിച്ച് തന്നു. ക്ഷീണിതനല്ലെങ്കിൽ ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ‘ബാഗോർ കി ഹവേലി‘യിലെ കർച്ചറൽ പ്രോഗ്രാമിൽ നിന്ന് തുടങ്ങിക്കോളാൻ പറഞ്ഞു. എനിക്കെന്ത് ക്ഷീണം?! കൈയും കാലും മുഖവും കഴുകിയതോടെ ഇനിയൊരു 300 കിലോമീറ്റർ കൂടെ ഡ്രൈവ് ചെയ്യാനും, ഞാൻ റെഡി.
കഴിഞ്ഞ ജന്മത്തിൽ വടക്കേ ഇന്ത്യയിലെ ഒരു ഗ്രാമവാസി ആയിരുന്നു ഞാൻ എന്ന് തുടങ്ങുന്ന ഒരു പൂർവ്വജന്മ കഥയുണ്ട്, എന്നെപ്പറ്റി. ഓഫ് ടോപ്പിക്കാണ്. എന്നാലും ചിലർക്കെങ്കിലും താൽപ്പര്യം ഉണ്ടായേക്കാം. ഒന്നുമില്ലെങ്കിലും ഒരു കഥയല്ലേ.
അതിങ്ങനെയാണ്. ജാതകത്തിൽ വിശ്വസിക്കുന്ന എൻ്റെ ഒരു സുഹൃത്തിൻ്റെ കല്യാണ ആവശ്യത്തിനാണ് ചന്തിരൂർ വിജയൻ എന്ന ജോത്സ്യനെ കാണാൻ പോയത്. അദ്ദേഹം ഒരു പഴയ പുസ്തകം തുറന്ന് വെച്ച്, എൻ്റെ സുഹൃത്തിൻ്റെ പൂർവ്വകാലം ഒറ്റയടിക്കങ്ങ് വായിച്ചു. കേട്ടിരുന്നപ്പോൾ എനിക്കും ഒരു കൗതുകം. എന്നാൽപ്പിന്നെ എൻ്റെ പേജ് കൂടെ വായിക്കാൻ പറഞ്ഞു, അതിനുള്ള പണവും കൊടുത്തു.
പേരൊന്നും പറയാനില്ലാത്ത ഒരു വടക്കേ ഇന്ത്യൻ ഗ്രാമത്തിലെ പാവപ്പെട്ട ഒരു കർഷകൻ്റെ മകനായിട്ടായിരുന്നു നിരക്ഷരൻ്റെ പൂർവ്വജന്മം. അരോഗദൃഢഗാത്രൻ, സുന്ദരൻ, അദ്ധ്വാനി. അതുകൊണ്ട് തന്നെ ഗ്രാമമുഖ്യൻ്റെ മകൾക്ക് പൂ.ജ.നി. (പൂർവ്വ.ജന്മ.നിരക്ഷരൻ)യോട് പ്രേമം. പക്ഷേ, ധനവാനും അധികാരമുള്ളവനുമായ ഗ്രാമമുഖ്യന് ആ ബന്ധം അംഗീകരിക്കാനായില്ല. അയാളും ആൺമക്കളും ചേർന്ന് പൂ.ജ.നി.നെ നിരന്തരം വേട്ടയാടി. അവസാനം അയാളെ ഗളഛേദം ചെയ്ത് കൊന്നുതള്ളി. (‘ഗളഛേദം’ എന്ന പദം ചന്തിരൂർ വിജയൻ പറഞ്ഞത് ഞാനിന്നും മറന്നിട്ടില്ല.)
പക്ഷേ, ചന്തിരൂർ വിജയന് തെറ്റിയിരിക്കുന്നു. വാഹനമോടിച്ച് മതിവരാത്ത ഏതോ ഒരു ഡ്രൈവറായിരുന്നു പൂർവ്വജന്മത്തിൽ നിരക്ഷരൻ. ഒരു വാഹനാപടകത്തിൽ അയാൾ ദാരുണമായി കൊല്ലപ്പെടുകയായിരുന്നു. കഴിഞ്ഞ ജന്മത്തിലെ പൂതി മുഴുവനും ഈ ജന്മത്തിൽ അയാൾ വാഹനമോടിച്ച് തീർക്കുന്നു.
പോസ്റ്റ് വഴിമാറിപ്പോയതിൽ ക്ഷമിക്കണം, സുഹൃത്തുക്കളേ…..
ശരിക്കുള്ള വഴിയിലെ കഥയിലേക്ക് വരാം.
എണ്ണപ്പാടത്തെ ജോലിക്കാലത്താണ് ആദ്യമായി രാജസ്ഥാനിൽ വരുന്നത്. മുംബൈയിൽ നിന്ന് ഫ്ലൈറ്റിന് ജോഥ്പൂർ ചെന്ന്, അവിടന്ന് റോഡ് മാർഗ്ഗം ബാർമർ ജില്ലയിലെ കോസ്ലു എന്ന ഗ്രാമത്തിൽ ചെന്നാണ് തങ്ങിയിരുന്നത്. മൊബൈൽ ഫോൺ ഇല്ലാത്ത കാലം.
എല്ലുരുകുന്ന ചൂടിലും മരം കോച്ചുന്ന തണുപ്പിലും അന്നീ സംസ്ഥാനത്ത്, കെയ്ൻ എനർജി എന്ന എണ്ണക്കമ്പനിക്ക് വേണ്ടി ജോലി ചെയ്തിട്ടുണ്ട്. പലപ്പോഴായി വന്നുപോയ ദിവസങ്ങളുടെ കണക്കെടുത്താൽ, 6 മാസത്തിലധികം രാജസ്ഥാനിൽ തങ്ങിയിട്ടുണ്ട്.
അക്കാലത്ത് ജോലിക്കിടയിൽ കിട്ടുന്ന സമയത്ത് കുറച്ചിടങ്ങളിൽ പോയിട്ടുണ്ട്. സഹപ്രവർത്തകരായ സ്വാമിയും ചേതനും എല്ലാം അക്കാലത്ത് രാജസ്ഥാനിൽ നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ടവരാണ്. അവരെയൊക്കെ കാണാൻ പറ്റുമോ എന്ന് ശ്രമിക്കണം. പണ്ട് പോയതും അല്ലാത്തതുമായ വഴികളിലൂടെ വീണ്ടും പോകണം.ഒരു തരത്തിൽ പറഞ്ഞാൽ, ഈ യാത്ര എനിക്ക് ഗൃഹാതുരത്ത്വത്തിൻ്റേത് കൂടെയാണ്.
നാളെ മുതൽ കോട്ടകളിലേക്കുള്ള പ്രയാണവും കോട്ടകളെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കലുമൊക്കെ ആരംഭിക്കുകയാണ്.
തൽക്കാലം ഭാഗിക്ക് വിശ്രമം കൊടുത്ത്, ഓട്ടോ പിടിച്ച്’ബാഗോർ കി ഹവേലി’യിൽ കൾച്ചറൽ പ്രോഗ്രാമിന് പോകുന്നു.
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#greatindianexpedition
#gie_by_niraksharan
#boleroxlmotorhome
#motorhomelife
#fortsofrajasthan
#gie_rajasthan