സ്വന്തം ജീവന് വിലയില്ലാത്തവർ


11

ചില കൂട്ടർക്ക്, അവരുടെ ജീവൻ സംരക്ഷിക്കാൻ വേണ്ടിയുള്ള നിയമങ്ങൾ പോലും അനുസരിക്കാൻ വലിയ വിഷമമാണ്. ദാ നോക്കൂ, കൊറോണ ബാധയുടെ മറവിൽ ഹെൽമറ്റ് ഉപയോഗം ഒഴിവാക്കാൻ ശ്രമിക്കുന്ന ചിലർ. ഇക്കൂട്ടരുടെ പേര് വീലേർസ് കേരള.

വേനൽക്കാലത്ത് ഹെൽമറ്റ് ധരിക്കുന്നവർക്ക് അസുഖങ്ങളുടെ പെരുമഴയാണ് പോലും. 365 ദിവസവും ഹെൽമറ്റ് വെച്ച് വർഷങ്ങളായി ഇരുചക്രവാഹനം ഓടിക്കുന്നയാളാണ് ഞാൻ. അതിന്റെ പേരിൽ ഇന്നുവരെ ഒരു രോഗവും ഉണ്ടായിട്ടില്ല.

പലർ ഉപയോഗിക്കുമെന്നതിനാൽ രോഗം പടരാൻ സാദ്ധ്യതയേറെ എന്നതാണ് മറ്റൊരു ന്യായീകരണം. വീലേർസ് കേരളയോട് ഒന്ന് ചോദിക്കട്ടെ. നിങ്ങളുടെ അടിവസ്ത്രം പലർ ഉപയോഗിക്കാറുണ്ടോ? ഇല്ലല്ലോ ? എങ്കിൽ അതുപോലെ തന്നെയാകണം ഹെൽമറ്റും. നിങ്ങളുടെ ഹെൽമറ്റ് നിങ്ങൾ മാത്രം ഉപയോഗിക്കുക. അടിവസ്ത്രമായാലും ഹെൽമറ്റ് ആയാലും അത് പലർ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ മാത്രം പ്രശ്നമാണ്. ഇനിയെങ്കിലും ഇത് രണ്ടും സ്വകാര്യ ഉപയോഗത്തിനുള്ളതാക്കി മാറ്റുക.

നിങ്ങളുടെ ആവശ്യം നേടിയെടുക്കാൻ വേണ്ടി എത്ര വലിയ മണ്ടത്തരങ്ങളും എഴുന്നള്ളിക്കുന്നത് ഭൂഷണമല്ല. “ഹെൽമറ്റ് നിർബന്ധമായി ധരിക്കുന്നത് മൂലം അപകടം ഒഴിവായ ചരിത്രമില്ല” എന്നെഴുതി വെച്ചിരിക്കുന്നത്,  ചരിത്രമെന്താണെന്ന് പഠിക്കാനുള്ള സന്മനസ്സില്ല എന്നതിനേക്കാളും അപ്പുറം, എങ്ങനേയും നിങ്ങളുടെ അവശ്യം നേടിയെടുക്കാനായി എന്തും ഏതും പറയാമെന്നുള്ള മൂഢ മനോഭാവം മാത്രമാണ്. അങ്ങനെ പറയുന്നത് പ്രത്യേകിച്ച് കാശ് ചിലവൊന്നും ഇല്ലാതെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചാൽ ജനമതെല്ലാം കണ്ണടച്ച് വിശ്വസിക്കുമെന്ന് വിചാരമുണ്ടെങ്കിൽ അത് വീണ്ടുമൊരു വിഡ്ഢിത്തം എന്നേ പറയാനുള്ളൂ. 

വ്യക്തിപരമായി പറഞ്ഞാൽ, ഹെൽമറ്റ് ഉപയോഗിക്കാൻ താൽപ്പര്യമില്ലാത്തവരെ അവരുടെ പാട്ടിന് വിടണമെന്ന് തന്നെയാണ് എന്റേയും അഭിപ്രായം. പക്ഷേ, സർക്കാർ അത് ചെയ്യുമെന്ന് പ്രതീ‍ക്ഷിക്കരുത്. അത് നിങ്ങളുടെ ജീവനിൽ സർക്കാറിനുള്ള സ്നേഹം കൊണ്ടാണെന്ന് കരുതരുത്. മദ്യവിൽപ്പനയിൽ നിന്ന് വരുമാനമുണ്ടാക്കി സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് പോലെ സർക്കാരിന്റെ ഒരു പ്രധാന വരുമാനമാണ് ട്രാഫിക്ക് നിയമലംഘനത്തിൽ നിന്നുള്ളത്. അതൊഴിവാക്കാൻ സർക്കാർ തയ്യാറാകുമെന്ന് തോന്നുന്നില്ല. ഓടിച്ചിട്ട് പിടിക്കുക തന്നെ ചെയ്യും.

അടിച്ച് കയറുന്ന കാറ്റ്, പൊടിപടലങ്ങളിൽ നിന്നുള്ള സുരക്ഷ, അപകടമുണ്ടായാലുള്ള സുരക്ഷ എന്നതെല്ലാമാണ്, ഹെൽമറ്റ് വെക്കുന്നതുകൊണ്ട് എനിക്കനുഭവപ്പെട്ടിട്ടുള്ള ഗുണങ്ങൾ. നിങ്ങളുടെ ഹെയർസ്റ്റൈൽ വൃത്തികേടാകുമെന്നും, ചെത്തിപ്പൊളിച്ച് പോകുമ്പോൾ ആ സുന്ദരകോമളവദനം മറ്റുള്ളവർ കാണുകയില്ല എന്നുമുള്ള ബേജാറുകളാണ് ഇത്തരത്തിലുള്ള പോസ്റ്ററുകൾ ഉണ്ടാക്കി വിടാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതെന്നാണ് എന്റെ നിഗമനം. അതല്ലാതെ ഒരുതരം രോഗങ്ങളും ഹെൽമറ്റ് വെച്ചതിന്റെ പേരിൽ പിടികൂടിയതായും പടർന്നതായും 18 വയസ്സ് മുതൽ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്ന എന്റെ അനുഭവത്തിലില്ല. നിങ്ങൾക്കനുഭവം ഉണ്ടെങ്കിൽ അതിന് പറ്റ് പല കാരണങ്ങളും ഉണ്ടാകാം.

അല്ലറ ചില്ലറ കാശ് മാത്രമേ ഹെൽമറ്റ് വെക്കാതെ പോകുന്നവരെ പിടികൂടുന്നതിന്റെ പേരിൽ ഖജനാവിലേക്ക് കിട്ടുന്നുള്ളൂ എങ്കിൽ ഇതങ്ങ് ഒഴിവാക്കിക്കൊടുക്കണമെന്നാണ് സർക്കാരിനോട് അപേക്ഷിക്കാനുള്ളത്. 125 കോടി ജനങ്ങളിൽ, സ്വന്തം ജീവന് വില കൽപ്പിക്കുന്നവർ മാത്രം ജീവിച്ചാൽ മതിയെന്ന് തീരുമാനമെടുത്താൽ നിരത്തിൽ മാത്രമല്ല, ജനസംഖ്യയിലും ചില്ലറ ആശ്വാസമുണ്ടാകും. ഹെൽമറ്റ് വെക്കാതെ അപകടത്തിൽപ്പെടുന്നവർക്ക് ഇൻഷൂറൻസ് പരിരക്ഷ ഉണ്ടായിരിക്കുന്നതല്ല എന്ന് കർശനനിയമം പാസ്സാക്കിയശേഷം അവരവരുടെ പാട്ടിന് വിട്ടേക്കണം. അവർക്ക് വേണ്ടാത്ത ജീവിതത്തെപ്പറ്റി മറ്റുള്ളവരെന്തിനാണ് ബേജാറാകുന്നത് ?

വാൽക്കഷണം:- സീറ്റ് ബെൽറ്റിന്റെ കാര്യത്തിലും ഇതേ നിലപാട് സ്വീകരിക്കാൻ സർക്കാറിന് കഴിഞ്ഞാൽ നന്നായിരുന്നു. ഇത് രണ്ടും അവനവന്റെ സുരക്ഷയുടെ കാര്യമല്ലേ ?. മദ്യപിച്ചും മരുന്നടിച്ചും വാഹനമോടിക്കുന്നവരെ മാത്രം യാതൊരു ദാക്ഷിണ്യവുമില്ലാതെ പിടികൂടെ നടപടി സ്വീകരിക്കണം. അവർ അപകടത്തിലാക്കുന്നത് മറ്റുള്ളവരുടെ കൂടെ ജീവനാണെന്നത് തന്നെ കാരണം.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>