മുഖ്യാധാരാ മാദ്ധ്യമങ്ങൾ എട്ടുകാലി മമ്മൂഞ്ഞുമാരാകരുത്.


345

സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്ധ്യമായ മലയാളി പെരിങ്ങോ‍ട് കെ.എസ്.ആർ.ടി.സി. ബസ്സിൽ സഞ്ചരിക്കുമ്പോൾ അദ്ദേഹത്തിനുണ്ടായ ഒരു അനുഭവം സെപ്റ്റംബർ 22ന് ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു. ആ സംഭവത്തിന്റെ രത്നച്ചുരുക്കം ഇങ്ങനെയാണ്.

ട്രാൻസ്‌പോർട്ട് ബസ്സിൽ മലയാളി പെരിങ്ങോട് അടക്കമുള്ളവർ കോഴിക്കോട്ടേക്ക് പൊയ്ക്കൊണ്ടിരുന്നപ്പോൾ, പെട്ടെന്നൊരു സഹയാത്രികന് ദേഹാസ്വാസ്ഥ്യം അനുഭവപ്പടുകയും അയ്യോ രക്ഷിക്കണേ എന്ന് നിലവിളിക്കുകയും ചെയ്തു. ബസ്സിന്റെ കണ്ടൿടറും ഡ്രൈവറും ഉടനെ തന്നെ യാത്രക്കാരുടെ അനുമതിയോടെ ബസ്സ് നാല് കിലോമീറ്ററോളം പിന്നിലുള്ള ആശുപത്രിയിലേക്ക് തിരിച്ച് വിടുകയും രോഗിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. കൃത്യസമയത്ത് ആശുപത്രിയിൽ ചെന്നതുകൊണ്ട് ഒരു ജീവൻ രക്ഷിക്കാൻ നല്ലവരായ ബസ്സ് ജീവനക്കാർക്കും സഹയാത്രികർക്കും കഴിഞ്ഞു. അപകടത്തിൽ പെടുന്നവരെ തിരിഞ്ഞ് പോലും നോക്കാത്ത അനുഭവങ്ങൾ ഉള്ള ഈ കാലത്ത് സർക്കാർ ജീവനക്കാരായിരുന്നിട്ട് പോലും അതിന്റെ ചിട്ടവട്ടങ്ങൾ ആലോചിച്ച് സമയം കളയാതെ നടപടിയെടുത്ത ബസ്സ് ജീവനക്കാ‍രുടേയും അവർക്കൊപ്പം നിന്ന യാത്രക്കാരുടേയും നന്മനസ്സിനെ വണങ്ങാതെ വയ്യ. (  മലയാളിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്ക് ഇവിടെ)

666
മലയാളി പെരിങ്ങോടിന്റെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട്.

മലയാളി പെരിങ്ങോടിനെ വർഷങ്ങളായി എനിക്കറിയാം. ക്യാമറയുമായല്ലാതെ അദ്ദേഹത്തെ ഞാനിതുവരെ കണ്ടിട്ടില്ല. ബസ്സിൽ നിന്ന് രോഗിയെ സ്ട്രെച്ചറിലേക്ക് മാറ്റുന്നതിനും മറ്റും സഹായിക്കുന്നതോടൊപ്പം കൈയ്യിൽ ഉണ്ടായിരുന്ന ക്യാമറയിൽ അദ്ദേഹം ചിത്രങ്ങളുമെടുത്തു. ഈ നല്ല വാർത്ത പിന്നീടദ്ദേഹം ചിത്രങ്ങളടക്കം ഫേസ്ബുക്കിൽ പങ്കിട്ടു. അഭൂതപൂർവ്വമായ പ്രതികരണമാണ് ആ പോസ്റ്റിന് ലഭിച്ചത്. 4885ൽ‌പ്പരം ഷെയറുകളും 14,000 ൽ അധികം ലൈക്കുകളും ആയിരക്കണക്കിന് കമന്റുകളുമായി ആ പോസ്റ്റ്….. വൈറൽ… ങ്ഹാ.. അതുതന്നെ, വൈറലായി. സിറ്റിസൺ ജേർണലിസം മുഖ്യധാരാ മാദ്ധ്യമങ്ങളെ കവച്ചുവെക്കുന്നതിന്റെ നേർക്കാഴ്ച്ചകളിൽ ഒന്നായിരുന്നു മലയാളിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

തൊട്ടടുത്ത മണിക്കൂറുകളിൽ അനേഹം ഓൺലൈൻ പോർട്ടലുകളിലും ഓൺലൈൻ പത്രങ്ങളിലും ഈ വാർത്ത ഷെയർ ചെയ്യപ്പെട്ടു. അവിടന്നൊക്കെ കിട്ടിയ പ്രചരണം വേറെയും പതിനായിരങ്ങൾ. അടുത്ത ദിവസം ആയപ്പോഴേക്കും മലയാളത്തിലെ ഒട്ടുമിക്ക പത്രങ്ങളിലും ഇതേ വാർത്ത അച്ചടിച്ചു വന്നു. മിക്കവാറും എല്ലാവരും ഉപയോഗിച്ചത് മലയാളിയുടെ വരികളും ഫോട്ടോയും തന്നെ. പക്ഷേ മലയാളിയുടെ പേര് മിക്കവാറും എല്ലാവരും മുക്കിക്കളഞ്ഞു. ഫോട്ടോയുടെ ക്രെഡിറ്റ് പോലും കൊടുക്കാൻ അവരാരും തയ്യാറായില്ല.

മലയാളിയുടെ പേര് മുക്കിയ പത്രങ്ങൾ ഇവരൊക്കെയാണ്.
1) മാതൃഭൂമി മലപ്പുറം എഡിഷൻ
2) മനോരമ മലപ്പുറം എഡിഷൻ
3) മംഗളം
4) ദീപിക
5) സുപ്രഭാതം
6) തേജസ്

മലയാളിയെ പരാമർശിച്ചവർ ഇവരൊക്കെയാണ്.
1) റിപ്പോർട്ടർ ഓൺലൈൻ
2) കൈരളി ന്യൂസ് ഓൺലൈൻ
3) കാഴ്ച്ചവട്ടം ഓൺലൈൻ
4) കെ.എസ്.ആർ.ട്ടി.സി. ബ്ലോഗ്.
5) ഡൂൽ ന്യൂസ്
6) ന്യൂസു

ഒരു പത്രക്കാരൻ മാത്രം, ആരോ ഓൺലൈനിൽ പങ്കിട്ടപ്പോഴാണ് ഇത് വാർത്തയായത് എന്ന് പറയാനുള്ള സന്മനസ്സെങ്കിലും കാണിച്ചിട്ടുണ്ട്. ഒന്നുകൂടെ അന്വേഷിച്ചിരുന്നെങ്കിൽ അതാരാണെന്ന് മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല പത്രക്കാരാ. അതിനുള്ള സാങ്കേതിക പരിജ്ഞാനം ഇല്ലെങ്കിൽ ഇന്നത്തെക്കാലത്ത് പത്രക്കാരനാണെന്ന് പറഞ്ഞ് നടക്കുന്നതിൽ ഒരർത്ഥവുമില്ല.

ഇതേപ്പറ്റി മലയാളി പെരിങ്ങോട് ഓൺലൈനിൽ ഇതുവരെ പരാതി പോസ്റ്റുകൾ ഒന്നും ഇട്ടിട്ടില്ല. ഇത്രയും നല്ലവാർത്ത കൊടുത്തയാ‍ൾ തന്നെ അതേപ്പറ്റി ഒരു മോശം കാര്യം പുറത്തുകൊണ്ടുവരണ്ട എന്ന് മലയാളി കരുതിയിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ നല്ല മനസ്സ്.

മലയാളിയുടെ പേരും പടത്തിന്റെ ക്രെഡിറ്റും മുക്കിയ കൊടികെട്ടിയ പത്രക്കാരോടാണ് ചോദിക്കാനുള്ളത് ഇത്രയുമാണ്. നിങ്ങൾക്കൊക്കെ നാണമില്ലേ സുഹൃത്തുക്കളേ ? ആ വാർത്തയുടെ ഉറവിടം മലയാളിയുടെ ഫേസ്ബുക്ക് പോസ്റ്റ് അല്ലേ ? നിങ്ങളുപയോഗിച്ച ചിത്രം മലയാളിയുടേതല്ലേ ? നിങ്ങൾ ഒരാൾ പോലും ആ ബസ്സിലുണ്ടായിരുന്നില്ലല്ലോ ? എന്നിട്ട് സ്വന്തം ലേഖകൻ എന്ന പേരിലും മറ്റും  മലയാളിക്ക് ക്രെഡിറ്റ് കൊടുക്കാതെ അദ്ദേഹത്തിന്റെ ഫോട്ടോയടക്കം അച്ചടിച്ച് വിട്ടപ്പോൾ എട്ടുകാലി മമ്മൂഞ്ഞിന് വരെ നാണമായിപ്പോയിക്കാണും. ഒരാൾ ചെയ്ത സേവനത്തിന്റെ/ജോലിയുടെ ക്രെഡിറ്റ് അയാൾക്ക് കൊടുക്കാൻ അറിയാത്ത ഇക്കൂട്ടരെ ആരെങ്കിലുമൊക്കെ എപ്പോഴെങ്കിലും നാലാം‌ ലിംഗക്കാർ എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ ഇങ്ങനെയുള്ള അവസരങ്ങളിലെങ്കിലും ഞാനതിനോട് പൂർണ്ണമായും യോജിക്കുകയാണ്.

എനിക്കത്ഭുതം, ഈ വാർത്ത ആദ്യം പുറത്തുവിടുന്നത് ഞങ്ങളാണ് എന്നുകൂടെ സാധാരണ ചെയ്യാറുള്ളത് പോലെ തലക്കെട്ടിൽ അവകാശപ്പെടാഞ്ഞത് എന്തുകൊണ്ടാണെന്നാണ് ?

ഈ സാഹചര്യത്തിൽ പല പ്രാവശ്യം സൂചിപ്പിച്ചിട്ടുള്ള ഒരു കാര്യം ഒരിക്കൽക്കൂടെ അടിവരയിട്ട് പറയണമെന്നുണ്ട് . വാർത്തകൾ, പക്ഷം പിടിക്കാതെയും മസാല ചേർക്കാതെയും പ്രതിഫലം ഇച്ഛിക്കാതെയും ജനങ്ങളിലേക്കെത്തിക്കാൻ പോന്ന സിറ്റിസൺ ജേർണലിസ്റ്റുകളുടെ നല്ലൊരു കൂട്ടം തന്നെ ഇന്നീ രാജ്യം മുഴുക്കെയുണ്ട്. അവരുടെയൊക്കെ എച്ചില് കോരിയെടുത്ത് ന്യൂസ് പ്രിന്റുകളിൽ വിതറിക്കൊണ്ടുള്ള മാദ്ധ്യമപ്രവർത്തനം തുടരാനാണ് ഭാവമെങ്കിൽ, വാർത്തകളുടെ ഉറവിടവും നിജസ്ഥിതിയുമൊക്കെ നിങ്ങൾ അച്ച് നിരത്തുമ്പോഴേക്കും വേറെ വഴിയിലൂ‍ടെ വെളിയിൽ വന്നിരിക്കും.  വല്ലവന്റേയും വാർത്തയും പടവും മോഷ്ടിച്ച് ആളാകാൻ നോക്കാതെ പണിയെടുത്ത് ജീവിച്ചുകൂടേ പരാജയങ്ങളേ ?

നിങ്ങൾക്കിനി ഓൺലൈനിൽ നിന്ന് കടമെടുത്തതും മോട്ടിച്ചതുമായ വാർത്തകൾ നിരത്തിത്തന്നെ ജീവിക്കണമെന്ന് നിർബന്ധമാണെങ്കിൽ …………

വാർത്തയുടെ ഉറവിടം:- ഫേസ്ബുക്ക് / വാട്ട്സ് ആപ്പ് ഇത്യാദി.
സിറ്റിസൺ ജേർണലിസ്റ്റ്:- (ഉദാ) മലയാളി പെരിങ്ങോട്.
ഫോട്ടോ:- (ഉദാ) മലയാളി പെരിങ്ങോട്.

എന്നീ മൂന്ന് വരികൾ കൂടെ വാർത്തയുടെ അടിയിൽ ചേർത്താൽ മതി. അതാണ് മര്യാദയും മാന്യതയും. അത്രയെങ്കിലും സന്മനസ്സോടെ വേണം പത്രപ്രവർത്തനമെന്ന് പറഞ്ഞ് ഞെളിഞ്ഞിറങ്ങാൻ.

വാൽക്കഷണം:-  നാളെ (23 സെപ്റ്റംബർ) രാവിലെ 08:30ന് ഈ ബസ്സ് എടപ്പാൾ എത്തുമ്പോൾ നാട്ടുകാരും സഹപ്രവർത്തകരുമൊക്കെ ചേർന്ന് കണ്ടൿടറേയും ഡ്രൈവറേയും ആ‍ദരിക്കാൻ തീ‍രുമാനിച്ചിരിക്കുന്ന വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ മലയാളി പെരിങ്ങോട് അറിയിക്കുന്നുണ്ട്.
———————————————————————————————————————

എല്ലാ പത്രങ്ങളുടേയും കട്ടിങ്ങുകൾ താഴെ ചേർക്കുന്നു. വാർത്ത എന്താണെന്നും മലയാളിയുടെ ഏതൊക്കെ വാക്കുകളും പടവുമാണ് മോഷ്ടിച്ചിരിക്കുന്നതെന്നും സ്വയം കണ്ട് ബോദ്ധ്യപ്പെടുക.

66

3

2

6

1

Comments

comments

One thought on “ മുഖ്യാധാരാ മാദ്ധ്യമങ്ങൾ എട്ടുകാലി മമ്മൂഞ്ഞുമാരാകരുത്.

  1. അദ്ദേഹത്തോട് ഈ കാര്യം ഇന്നലെ സൂചിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>