ഇന്ന് രാവിലെ തണുപ്പ് ഒറ്റ അക്കത്തിലേക്ക് കടന്നു. 9 ഡിഗ്രി. എനിക്ക് പക്ഷേ, തണുപ്പ് ഒരു പ്രശ്നമല്ലാതായി മാറിയിരിക്കുന്നു. കുളിച്ച് തുണികൾ കഴുകി കഴിഞ്ഞപ്പോഴേക്കും ശരീരം നന്നായി തണുത്തിരുന്നെങ്കിലും അതുകൊണ്ട് ഒരു ബുദ്ധിമുട്ടുമില്ല.
പ്രാതൽ ഉണ്ടാക്കി കഴിച്ച് നേരെ അടുത്ത ജില്ലയായ ധോൽപൂരിലേക്ക് വിട്ടു. 90 കിലോമീറ്റർ ദൂരമുണ്ട്. ഒന്നര മണിക്കൂർ യാത്ര. ധോൽപൂരിലെ കോട്ടയുടെ പേര് ഷേർഗഡ് എന്നാണ്. ആ പേരിൽ രാജ്യത്ത് വേറെ പലയിടത്തും കോട്ടകൾ ഉണ്ട്.
അവസാനത്തെ ഒന്നര കിലോമീറ്റർ വഴി ശരിക്കും കുഴപ്പിച്ചു. ഒരു മല മൊത്തമായി ഇടിച്ച് അതിന് നടുവിലൂടെ പുതിയ റോഡ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ആ വഴിയിലൂടെ പോകാനാണ് ഗൂഗിൾ പറയുന്നത്. അവിടെ ടിപ്പർ ലോറികളുടേയും റോഡ് ഉണ്ടാക്കുന്ന യന്ത്രസാമഗ്രികളുടേയും തിരക്കാണ്. ഒരുവട്ടം ശങ്കിച്ചു നിന്നെങ്കിലും അതിലൂടെ തന്നെ ഭാഗിയെ നയിച്ചു. ആ വഴി കൃത്യമായി കോട്ടയിലേക്ക് ചെന്ന് കയറുന്നുണ്ട്.
പക്ഷേ കോട്ടയിരിക്കുന്ന മല ഇടിഞ്ഞ് വീണുകൊണ്ടിരിക്കുന്നു. ചുറ്റുമുള്ള പല മലകളും കുറച്ചുകാലമായി ഇടിച്ചുനിരത്തി പുരയിടങ്ങൾ ആക്കിയതും കൃഷിയിടങ്ങൾ ആക്കിയതും ഒറ്റനോട്ടത്തിൽ മനസ്സിലാകും.
കോട്ടയുടെ ഒരു വശം ചമ്പൽ നദിയാണ്. നല്ല നീളത്തിലുള്ള ഒരു പാലം നദിക്ക് മുകളിലൂടെ കടന്നു പോകുന്നു. തന്ത്രപ്രധാനമായ ഇത്തരം ഇടങ്ങളിൽ ആണല്ലോ മിക്കവാറും കോട്ടകൾ സ്ഥാപിക്കുന്നത്. ചമ്പൽ കഴിഞ്ഞുള്ള കോട്ടയുടെ ചുറ്റുമുള്ള മല എല്ലാ ഭാഗത്തും ഇടിഞ്ഞ് നിൽക്കുകയാണ്.
കോട്ടയ്ക്കകത്ത് 3 ക്ഷേത്രങ്ങളുണ്ട്. അതിൽ മൂന്നാമത്തേത് ശ്രീരാമ ക്ഷേത്രമാണ്. അതിന്റെ പരിസരത്ത് കോട്ടയുടെ അതിർവരമ്പിൽ ചെന്ന് ചമ്പലിന്റെ ഭാഗം കാണാൻ ശ്രമിച്ചുനോക്കി. ആ ഭാഗത്ത് പക്ഷേ ആരവല്ലി മലമടക്കുകളാണ്. പെട്ടെന്ന് ഞാനത് ശ്രദ്ധിച്ചു. ഞാൻ നിൽക്കുന്ന ഭാഗം, ഒരു സ്ലാബ് പോലെ അന്തരീക്ഷത്തിൽ നിൽക്കുകയാണ്. കാലിനടിയിൽ വലിയൊരു ഗർത്തമാണ്. എപ്പോൾ വേണമെങ്കിലും അതും ഇടിയാം.
ഒന്നാമത്തെ ക്ഷേത്രത്തിന്റെ പിൻഭാഗത്ത് ചെന്ന് നോക്കിയപ്പോൾ ഒന്നെനിക്ക് കൃത്യമായി മനസ്സിലായി. ദൈവങ്ങൾക്ക് പോലും രക്ഷയില്ല. ഒരു അഞ്ച് വർഷത്തിനുള്ളിൽ ആ ക്ഷേത്രവും ഇടിഞ്ഞ് വീഴും. അതിന്റെ പരിസരത്തെ സിമന്റിട്ട തറകളെല്ലാം വിണ്ടുകീറി കഴിഞ്ഞിരിക്കുന്നു.
ക്ഷേത്രത്തിനു പിന്നിൽ ഒരു കൊത്തളം കണ്ടതും ഞാൻ അതിലേക്ക് കയറി നോക്കി. മുകളിൽ എത്തിയപ്പോഴാണ് പകുതി കൊത്തളം ഇടിഞ്ഞ് കിടക്കുന്നതായി മനസ്സിലാക്കിയത്. ജീവൻ കയ്യിലെടുത്ത് കൊത്തളത്തിൽ നിന്ന് ചാടിയിറങ്ങി.
റോഡ് പണി നടക്കുന്ന പ്രധാന പാതയിൽ നിന്നും കോട്ടയിലേക്ക് കയറി വരുന്നിടത്ത് കോട്ടയുടെ രണ്ട് കവാടങ്ങൾ കാണാം. ആ ഭാഗത്ത് ഈ അടുത്തകാലത്ത് ചില മിനുക്ക് പണികൾ നടത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കാം. രാജാവ് പണിത കല്ലുകൾക്ക് മുകളിലൂടെ പിങ്ക് കല്ലിന്റെ നേർത്ത പാളികൾ ഒട്ടിച്ചിരിക്കുന്നു മന്ത്രി ഭരണകാലത്ത്. അത് പലതും ഇളകി വീണ് കഴിഞ്ഞിരിക്കുന്നു.
രാജാവിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഓർത്തത്. ഈ കോട്ട ഏത് രാജാവാണ് പണിതതെന്ന് ചരിത്രത്തിൽ കൃത്യമായി രേഖകൾ ഇല്ല. പത്താം നൂറ്റാണ്ടിലുള്ള കോട്ടയാണെന്ന് ക്ഷേത്രത്തിലെ പൂജാരി പറയുന്നു. കോട്ടയിലെ ഫലകങ്ങളിൽ എഴുതി വച്ചിരിക്കുന്നത് പ്രകാരം…..
* 1532 ൽ മാർവാഡിലെ രാത്തോഡ് മാൽദേവ് ആണ് ഈ കോട്ട നിർമ്മിച്ചത്. അത് സ്ഥിരീകരിക്കേണ്ടിയിരിക്കുന്നു.
* 1540 ൽ ഷേർഷ സുരി ഈ കോട്ട പുതുക്കിപ്പണിതു. അങ്ങനെ ഇത് അദ്ദേഹത്തിൻ്റെ പേരിൽ അറിയപ്പെടാൻ തുടങ്ങി.
* 19 അടി നീളവും അതിനൊത്ത ആകാരവുമുള്ള പീരങ്കികൾ വരെ ഇതിനകത്ത് ഉണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം നഗരത്തിലെ ഇന്ദിരാ പാർക്കിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
* മൂന്ന് ക്ഷേത്രങ്ങൾക്ക് പുറമേ ഒരു ദർഗ്ഗയും കോട്ടയ്ക്കുള്ളിൽ ഉണ്ട്.
* പുതിയ ഒരു ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനം കോട്ടയിൽ നടന്നുകൊണ്ടിരിക്കുന്നു.
* വനംവകുപ്പിന്റെ കീഴിലാണ് കോട്ടയിരിക്കുന്ന ഈ ഭാഗം മുഴുവൻ ഇപ്പോൾ.
എത്രകാലം കൂടെ ഈ കോട്ടയും അതിരിക്കുന്ന മലയും ഇങ്ങനെ പിടിച്ചു നിൽക്കുമെന്ന് പറയാൻ പറ്റില്ല. ചുറ്റിനും മലയിടിക്കലും റോഡ് പണിയലും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഈ കോട്ട കാണാൻ പറ്റിയത് വലിയ ഭാഗ്യം. വിനോദസഞ്ചാരവകുപ്പ് കോട്ടയുടെ ഏറ്റവും കുറഞ്ഞ വിവരങ്ങളെങ്കിലും എഴുതി പ്രദർശിപ്പിച്ചിരിക്കുന്നതിൽ സന്തോഷം. നാമാവശേഷമായി കൊണ്ടിരിക്കുന്ന പല രാജസ്ഥാൻ കോട്ടകളിലും അങ്ങനെയൊന്ന് കാണാൻ കിട്ടിയിട്ടില്ല.
ഒന്നര മണിക്കൂർ യാത്ര ചെയ്ത് വന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ടായി. ഈ കോട്ട കാണാനല്ലെങ്കിൽ ധോൽപൂര്‍ എന്ന രാജസ്ഥാൻ ജില്ലയിലേക്ക് ഞാൻ ഒരിക്കലും വരുമായിരുന്നില്ല. ‘എന്തുകൊണ്ട് കോട്ടകളിലൂടെ’ എന്ന് തുടക്കം മുതൽ ഞാൻ കേൾക്കുന്ന ഒരു ചോദ്യത്തിനുള്ള ഉത്തരം ഇടയ്ക്കിടയ്ക്ക് ഇങ്ങനെ പൊന്തിവരും.
തിരിച്ച് ഭരത്പൂരിൽ എത്തി, നേരെ പോയത് ഇവിടത്തെ പ്രശസ്തമായ പക്ഷി സങ്കേതത്തിലേക്കാണ്. എന്റെ ക്യാമ്പിൽ നിന്ന് അങ്ങോട്ട് 5 കിലോമീറ്റർ ദൂരമേയുള്ളൂ. അവിടത്തെ കാര്യങ്ങളൊക്കെ ഒന്ന് അറിഞ്ഞ് വെച്ചശേഷം, നാളെ നേരം വെളുക്കുമ്പോൾത്തന്നെ അങ്ങോട്ട് പോകാനാണ് പദ്ധതി. പക്ഷികൾ ഉണർന്നതിന് ശേഷമുള്ള കലപില ശബ്ദങ്ങൾ അപ്പോഴാണ് കൂടുതൽ കേൾക്കാനാവുക.
ശുഭരാത്രി.