ഗതാഗതം

പരന്ന ഭൂമി!!


44
ന്ത്യ, ചന്ദ്രൻ്റെ ദക്ഷിണ ഭാഗത്ത് തൊടുന്ന ആദ്യ രാജ്യമാകുന്നതിൽ, ഇന്ത്യൻ പൗരനായ എനിക്ക് തീർച്ചയായും അഭിമാനമുണ്ട്. അതിൻ്റെ ക്രെഡിറ്റ് വീതംവെയ്പ്പ് ആരെല്ലാം എങ്ങിനെയൊക്കെ നടത്തിയാലും, ഒന്നേന്ന് മുതൽക്ക് അത്തരം മുന്നേറ്റങ്ങൾക്ക് വഴിവെട്ടുകയും ആ പാതയിലൂടെ കടന്ന് പോകുകയും അത്തരം മാർഗ്ഗങ്ങൾ വികസിപ്പിച്ചെടുക്കുകയും ചെയ്ത മുഴുവൻ മനുഷ്യകുലത്തിന്, അവൻ്റെ ഉപകരണമായി വർത്തിച്ച ശാസ്ത്രത്തിൻ്റെ പേരിൽ ഒരുപോലെ അഭിമാനിക്കാവുന്ന നേട്ടമാണിത്.

പക്ഷേ, ചർച്ച ചെയ്യേണ്ടതും തർക്കിക്കേണ്ടതും പോസ്റ്റർ ഒട്ടിക്കേണ്ടതുമായ വിഷയം ഇതിനോടനുബന്ധിച്ചുള്ള മറ്റൊന്നാണ്.

അതായത്, ‘ഭൂമി പരന്നതാണെന്ന് ‘ ഇപ്പോഴും തർക്കിക്കുന്ന Illuminati കൂട്ടരുടെ അഭിപ്രായങ്ങളും വാദങ്ങളും ന്യായീകരണങ്ങളുമാണ് നമ്മൾ ചെവിയോർക്കേണ്ടത്. നമ്മുടെ കൊച്ചുകേരളത്തിലും… എന്തിനധികം പറയുന്നു, എൻ്റെ ഫേസ്ബുക്ക് ഫ്രണ്ട്സ് ലിസ്റ്റിൽ പോലുമുണ്ട് ഭൂമി പരന്നതാണെന്ന് ‘തെളിവുകൾ’ നിരത്തി തർക്കിക്കുന്ന ഒരാളെങ്കിലും.

ഇപ്പോഴെന്ത് പറയുന്നു എന്ന് ചോദിക്കേണ്ടത് അവരോടാണ്. അജ്ഞതയുടെ പടുകുഴിയിൽ നിന്ന് ജെസിബി വെച്ച് തോണ്ടി പുറത്തിടേണ്ടത് അവരെയാണ്. ഒരു മേശയ്ക്ക് ചുറ്റുമിരുത്തി തെളിവുകളുടെ അടിസ്ഥാനത്തിൽ അവരുടെ തർക്കങ്ങളെ അടിച്ച് പരത്തി അവരിലേക്ക് ശാസ്ത്രം കൃത്യമായി പകർന്ന് നൽകേണ്ടത്, പുതിയൊരു ഗ്രഹത്തിലേക്ക് പേടകം അയക്കുന്നത് പോലെയൊ അതിനേക്കാൾ വലുതോ ആയ ഒരു സാങ്കേതിക കർത്തവ്യമാണ്, കടമയാണ്.

നീൽ അംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ കാലുകുത്തിയിട്ടില്ല, അതൊക്കെ അമേരിക്കയിലെ ഒരു സ്റ്റുഡിയോയിൽ നടന്ന ഫോട്ടോ ഷൂട്ട് മാത്രമായിരുന്നു എന്ന്, ഇക്കൂട്ടരുടെ സന്തോഷത്തിന് വേണ്ടി വേണമെങ്കിൽ സമ്മതിച്ച് കൊടുക്കാം. പക്ഷേ, നമ്മളവിടന്നും ഒരുപാട് മുന്നോട്ട് പോയിട്ടും, Illuminati ക്കാരുടെ വഞ്ചി ഇപ്പോഴും തിരുനക്കരയിൽ തന്നെയാണ്.

മനുഷ്യന്മാർ എല്ലാവരും കൂടെ അങ്ങ് മുകളിൽ ഒരു സ്പേസ് സ്റ്റേഷൻ നടത്തുന്നില്ലേ? ഇക്കൂട്ടരുടെ നേതാക്കന്മാരിൽ ഒരാളെയെങ്കിലും ബഹിരാകാശത്ത് കൊണ്ടുപോയി, അതിനകത്ത് ഒരിടത്തിരുത്തി ഭൂമി ഉരുണ്ടതാണെന്ന് കാണിച്ച് കൊടുത്ത് അവരെ അപ്പാടെ തിരുത്തുക എന്നതാവണം, ഇനിയുള്ള കാലത്ത് ബഹിരാകാശത്ത് മനുഷ്യകുലം നടത്തേണ്ട ഏറ്റവും അത്യാവശ്യമുള്ള ഒരു സാങ്കേതിക നീക്കം.

ദുരാഗ്രഹം:- അവസാനം പറഞ്ഞ കാര്യം ലോകരാഷ്ട്രങ്ങൾ എല്ലാവരും കൂടെ നടപ്പിലാക്കാൻ പദ്ധതിയിടുന്ന ദിവസം മുതൽ, ഭൂമി പരന്നതാണെന്ന് ഞാനും പറയാൻ തുടങ്ങും. ഒരു ബഹിരാകാശ യാത്ര എൻ്റേയും സ്വപ്നമാണ്.

വാൽക്കഷണം:- ഭൂമി പരന്നതാണെന്ന് തെളിയിക്കാനായി ഇക്കൂട്ടരുടെ നേതാവും ധനാഢൃനുമായ ഒരു ചങ്ങാതി സ്വന്തമായി റോക്കറ്റുണ്ടാക്കി തീപ്പെട്ടി ഉരച്ച് കത്തിച്ച് അൽപ്പദൂരം മേൽപ്പോട്ട് പോയി. അപ്പത്തന്നെ അതെല്ലാം കൂടെ ഒടിഞ്ഞ് മടങ്ങി താഴെവീണ് തകരുകയും ചെയ്തു. അയാളുടെ കാര്യം എന്തായോ എന്തോ?