മദർ ഓഫ് പേൾ


33
‘മദർ ഓഫ് പേൾ‘ എന്ന് വിളിക്കുന്ന ചിപ്പിയുടെ തോട് കൊണ്ടുണ്ടാക്കുന്ന എന്തെല്ലാം സാധനങ്ങൾ നമുക്കറിയാം ?

1. മാലയും കമ്മലും അടക്കമുള്ള ഭംഗിയുള്ള ആഭരണങ്ങൾ.
2. ഡോർ ഹാങ്ങിങ്ങുകൾ.
3. ലാമ്പ് ഷേയ്ഡുകൾ.
4. വാച്ചുകളുടെ ഡയലുകൾ

അധികം നീട്ടാനുള്ള ലിസ്റ്റ് എനിക്കറിയില്ല. നിങ്ങൾക്ക് ഓരോരുത്തർക്കുമുണ്ടാകാം ഓരോന്ന് എടുത്തെടുത്ത് പറയാനും ലിസ്റ്റിൽ ചേർക്കാനും.

അക്കൂട്ടത്തിൽ പരിചയപ്പെടുത്താൽ പറ്റിയ ഒന്നുകൂടെ കണ്ടെത്തി, കഴിഞ്ഞ ദിവസം ഗോവയിൽ.

സാൻ്റ് എസ്തവം ഗ്രാമത്തിലെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഒരു പഴയ വീടിൻ്റെ ജനലിലാണ് ഞാനത് ശ്രദ്ധിച്ചത്. അയൽ വീട്ടുകാരനോട് അനുവാദം ചോദിച്ച ശേഷം ഞാനത് അടുത്തു ചെന്ന് നിന്ന് കണ്ടു; പടങ്ങളെടുത്തു. പഴയ വീടുകളുടെ ജനലുകളിലാണ് ഇത് കൂടുതലായും കാണുന്നത്. പുതിയ വീടുകളിൽ കാണാൻ ബുദ്ധിമുട്ടാണ്.

ജനലിൻ്റെ ചില്ലുകളുടെ സ്ഥാനത്ത് ചിപ്പിയുടെ ഷെല്ലുകൾ മനോഹരമായി വെട്ടിയെടുത്ത് ആകൃതി വരുത്തി അടുത്തടുത്ത് ഉറപ്പിച്ച് അവരത് മുഴുവൻ ജനാലയിൽ പിടിപ്പിക്കുന്നു. ഒരു ഷെല്ലിന് രണ്ടിഞ്ച് ചതുരത്തിൽ കൂടുതൽ വലുപ്പമില്ല. അങ്ങനെ നൂറുകണക്കിന് ഷെല്ലുകൾ അടുത്തടുത്ത് പിടിപ്പിക്കുമ്പോൾ മനോഹരമായ ഒരു ജനൽപ്പാളിയായി. നല്ല ബലത്തിലാണ് അത് പിടിപ്പിച്ചിരിക്കുന്നത്. പൊട്ടിയ പഴയ ജനലിൽ നിന്ന് പോലും ഒരു ഷെൽ വേർപെടുത്തിയെടുക്കാൻ എനിക്ക് കഴിഞ്ഞില്ല.

ആ ജനലിൽ ഒന്ന് തേച്ച് കഴുകി മിനുക്കി എടുത്ത് പിടിപ്പിച്ചാൽ, വീടിനകത്ത് ലൈറ്റ് ഇടുമ്പോൾ എത്ര ഭംഗിയായിരിക്കുമെന്ന് സങ്കൽപ്പിക്കാൻ പോലും എനിക്കാവുന്നില്ല. എവിടെയെങ്കിലും നശിച്ച് പോകാത്ത അത്തരം ജനലുകളും ആ വീട്ടിൽ താമസക്കാരും ഉണ്ടെങ്കിൽ, ഗോവ വിടുന്നതിന് മുൻപ് ആ ജനലുകളുടെ ഭംഗി ഒന്ന് കണ്ടാസ്വദിക്കണം, നിറയെ പടങ്ങളും വീഡിയോയും എടുക്കണം. അങ്ങനൊരു വീട് ഒത്തുവരാതിരിക്കില്ല. ‘ഷെൽ വിൻഡോസ് ‘ എന്നാണ് ഗോവക്കാർ അതിനെ വിളിക്കുന്നത്.

ലിസ്റ്റിലേക്ക് ചേർക്കാൻ പറ്റില്ലെങ്കിലും ഈ വിഷയവുമായി ബന്ധിപ്പിക്കാവുന്ന മറ്റൊന്ന് കൂടെ കണ്ടു ഗോവയിലെ ഏറ്റവും വലിയ ബുക്ക് സ്റ്റാളെന്ന് വിശേഷിപ്പിക്കാവുന്ന ബ്രോഡ് വേയിൽ. Shell Windows (Short stories from Goa) എന്ന കഥാസമാഹാരമാണത്. ആ പുസ്തകത്തിൻ്റെ പുറം ചട്ടയും ഷെൽ വിൻഡോസ് തന്നെ.

ലിസ്റ്റിലേക്ക് ചേർക്കാൻ പറ്റിയ അൽപ്പം സെക്സിയായ ഒരു ഐറ്റം കൂടെ പറഞ്ഞ് അവസാനിപ്പിക്കാം.

മോഡലും നടിയുമായ മലൈക അറോറ ഷെല്ലുകൾ കൊണ്ട് മാറിടം മറച്ച് റാമ്പിൽ വന്നിട്ടുണ്ട് വർഷങ്ങൾക്ക് മുൻപ്. അത്തരത്തിൽ പല മോഡലുകളും ബിക്കിനി ആയി ഷെല്ലുകളെ ഉപയോഗപ്പെടുത്തി റാമ്പിൽ വന്നിട്ടുണ്ട്. മലൈകയുടെ ആ റാമ്പ് വാക്ക് ചിത്രം ചിലരെങ്കിലും ഇപ്പോഴും ഓർക്കുന്നുണ്ടാകും. ഓർക്കാത്തവർക്കായി ആ പടവും ചേർക്കുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>