54 മിനിറ്റ് ദൈർഘ്യമുള്ള ‘സ്വാതന്ത്ര്യത്തിൻ്റെ ഉടവാൾ‘ എന്ന ഡോക്യുമെൻ്ററി പറയുന്നത് വേലുത്തമ്പി ദളവ എന്ന വീരനായകൻ്റെ ചരിത്രമാണ്. സ്ക്കൂൾ കാലത്ത് അരപ്പേജിൽ മാത്രം പഠിച്ച് പോയ വേലുത്തമ്പി ദളവയെപ്പറ്റി കൂടുതൽ അറിയാൻ, ആ ഭൂമികയിലൂടെയുള്ള ഒരു സഞ്ചാരം കൂടെയാണ് ഈ ചിത്രം.
കണ്ടുകഴിഞ്ഞപ്പോൾ എത്രയും പെട്ടെന്ന് അതിലൂടെയൊക്കെ യാത്ര ചെയ്യണമെന്ന് തോന്നി. തെക്കൻ കേരളത്തെ എനിക്കത്ര പരിചയമില്ലാത്തതുകൊണ്ട് കൂടെയാവാം ചിത്രത്തിൽ കടന്നുവരുന്ന ഇടങ്ങൾ ഏറെ പുതുമയുള്ളതായി. ക്യാമറ അതെല്ലാം മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്.
സാധാരണ ഒരു ഡോക്യുമെൻ്ററി എന്നതിനപ്പുറം, ശീതങ്കൻ തുള്ളൽ, ഓട്ടൻ തുള്ളൽ, പറയൻ തുള്ളൽ, തോൽപ്പാവക്കൂത്ത്, വിൽപ്പാട്ട് എന്നിങ്ങനെയുള്ള നാടൻ കലാരൂപങ്ങളെക്കൂടെ ചേർത്തിണക്കി വ്യത്യസ്തമായ രീതിയിലാണ് സംവിധായിക ഷൈനി ബഞ്ചമിൻ ഇത് അണിയിച്ചൊരുക്കിയിരിക്കുന്നത്. ആ യജ്ഞത്തിൽ ബീയാർ പ്രസാദ് എന്ന എഴുത്തുകാരൻ വഹിച്ചിരിക്കുന്ന പങ്കും ഏറെ വലുതാണ്.
ബാലേട്ടൻ്റെ (പി. ബാലചന്ദ്രൻ) ശബ്ദം കഥാപാത്രത്തിൻ്റേതായും ആഖ്യാനമായും നിറഞ്ഞ് നിൽക്കുന്നത് ഒരു സാന്ത്വന അനുഭവമാണ്.
മൂന്ന് ദേശീയ അവാർഡുകളും രണ്ട് സംസ്ഥാന അവാർഡുകളും നേടിയ ചിത്രം സത്യത്തിൽ ഇങ്ങനെ യൂ ട്യൂബിലൂടെയൊന്നും അല്ല കാണേണ്ടിയിരുന്നത്. പക്ഷേ, ഇങ്ങനെയെങ്കിലും കാണാൻ കിട്ടിയ അവസരം പാഴായിപ്പോകരുത്. ഇതിനായി ലാഭേച്ഛയൊന്നും പ്രതീക്ഷിക്കാതെ മുന്നിട്ടിറങ്ങിയ നിർമ്മാതാവ് ആർ. സി. സുരേഷ് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.
വാൽക്കഷണം:- മഞ്ജു വാര്യർ സ്വന്തം പേജിൽ ചിത്രം അവതരിപ്പിച്ച് പോലും മൂവായിരത്തിൽ താഴെ പേർ മാത്രമാണ് ഇതുവരെ ചിത്രം കണ്ടത്. മൂന്നേകാൽ കോടിയിൽ മുപ്പതിനായിരം പേരെങ്കിലും കണ്ടിട്ടില്ലെങ്കിൽ ഇത്തരം നല്ല സംരംഭങ്ങൾ ഇല്ലാതായിപ്പോകും മലയാളത്തിൽ. ആയതിനാൽ, മറ്റ് തട്ടുതകർപ്പൻ സിനിമകൾക്കിടയിൽ എപ്പോഴെങ്കിലും ഒരു മണിക്കൂർ സമയം ഈ ഡോക്യുമെൻ്ററിക്ക് വേണ്ടിയും നീക്കിവെക്കണമെന്ന് അഭിപ്രായമുണ്ട്.