ഒരു സന്തോഷ വാർത്തയുണ്ട്. ഇന്നലെ രാത്രി എലിക്കെണിയിൽ രണ്ടാമത്തെ മൂഷികനും വീണു. എന്നിരുന്നാലും, കർണ്ണി മാതയുടെ ‘അനുഗ്രഹം’ തീർന്നെന്ന് ഉറപ്പിച്ച് പറയാൻ ആയിട്ടില്ല. ഇനിയുള്ള ദിവസങ്ങളിലും കെണി വെച്ച് നോക്കിയാലേ അത് ഉറപ്പിക്കാൻ പറ്റൂ.
രാവിലെ തന്നെ മുകുന്ദ്ഗഡിലെ ബബ്ലു ഹോട്ടലിൽ നിന്ന് 23 കിലോമീറ്റർ ദൂരത്തുള്ള ലക്ഷ്മൺലേക്ക് പുറപ്പെട്ടു.
അവസാനത്തെ രണ്ട് കിലോമീറ്റർ ടാറിട്ട വലിയ പാതകളിൽ നിന്ന് കോൺക്രീറ്റ് ഇട്ട ഇടുങ്ങിയ ഗളികളിലേക്ക് ഭാഗി കടന്നു. അത്തരം ഗളികളിൽ അവസാനം വരെ ഓടിച്ചു പോകാൻ എനിക്ക് ഭയമാണ്. പലപ്പോഴും അത്തരം ഇടുങ്ങിയ വഴികളിൽ, ധാരാളം ദൂരം റിവേഴ്സ് എടുക്കേണ്ടി വന്നിട്ടുണ്ട്. ആയതിനാൽ കൊള്ളാവുന്ന ഒരു അടയാളം എന്ന നിലക്ക് ഒരു വലിയ അമ്പലത്തിന്റെ മുൻപിലുള്ള റോഡിൽ ഭാഗിയെ പാർക്ക് ചെയ്ത് കോട്ട ലക്ഷ്യമാക്കി നടന്നു.
പോകുന്ന വഴിയിൽ അധികം ദൂരത്തല്ലാതെ കോട്ടയുടെ തലപ്പൊക്കം കാണാം. രണ്ട് മിനിറ്റ് നടന്നാൽ കയറാവുന്ന ഉയരമേ ഉള്ളൂ കോട്ടയ്ക്ക്. രണ്ടു വളവുകൾ. അതുകഴിഞ്ഞാൽ ആദ്യത്തെ കവാടം. അവിടന്ന് ഉള്ളിലേക്ക് പടികൾ കയറി ചെല്ലാം. പക്ഷേ, പുതിയ ഒരു കോട്ടയിലേക്ക് എത്തിയതിന്റെ സന്തോഷം ആ പടികൾ തീരുന്നിടത്ത് അവസാനിക്കുകയാണ്.
പടികളിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞാൽ ബാലാജി ക്ഷേത്രം കാണാം. വലത്തേക്ക് തിരിഞ്ഞാൽ കോട്ടയിലേക്കുള്ള അടുത്ത കവാടമായി. ആ കവാടം കയറിയാൽ കോട്ടയുടെ മുകൾ ഭാഗത്ത് എത്താം. ആദ്യം ഇടതുവശത്തുള്ള ക്ഷേത്രത്തിലേക്ക് കയറി.
അവിടെ നാലഞ്ചു പേരുണ്ട്. പൂജാരി മനോജ് കുമാറിനോട് സംസാരിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി. കോട്ടയ്ക്ക് അകത്തേക്ക് ആർക്കും പ്രവേശനമില്ല. അതിന്റെ ഒരു കാര്യസ്ഥൻ അമ്പലത്തിലെ ആൾക്കൂട്ടത്തിൽ ഉണ്ട്. അദ്ദേഹത്തോട് സംസാരിച്ച് നോക്കിക്കോളാൻ പറഞ്ഞു.
അയാൾ പക്ഷേ, അമ്പിനും വില്ലനും അടുക്കുന്നില്ല. മുതലാളി എല്ലായിടത്തും സിസിടിവി ക്യാമറ പിടിപ്പിച്ചിരിക്കുകയാണ്. അകത്തേക്ക് ആരെയെങ്കിലും കയറ്റിയാൽ അപ്പോൾ വിളി വരും.
അതിനകത്ത് ഇപ്പോൾ ഉടമസ്ഥൻ്റെ സ്വകാര്യ ഭവനമാണ്. അതുകൊണ്ടുതന്നെ സന്ദർശകരെ ആരെയും കയറ്റുന്ന പ്രശ്നമില്ല. നിർബന്ധമാണെങ്കിൽ സലാസർ എന്ന സ്ഥലത്തുള്ള അദ്ദേഹത്തിൻ്റെ ആനന്ദ് ബാഗ് ഹോട്ടലിൽ ചെന്ന് കണ്ട് അനുമതി വാങ്ങി വരൂ എന്നാണ് കാര്യസ്ഥൻ പറയുന്നത്.
* 1805 റാവു രാജ ലക്ഷ്മൺ സിംഗ് ആണ് ഈ കോട്ട ഉണ്ടാക്കിയത്.
* ചിതറിപ്പോയ ഒരുപാട് വലിയ പാറക്കല്ലുകൾ കൊണ്ടാണ് ഈ കോട്ട ഉണ്ടാക്കിയിരിക്കുന്നത്. അതിന് പിന്നിൽ ഒരു കഥ ഉണ്ട്. ഐതിഹ്യം എന്ന് തന്നെ പറയാം.
* കോട്ടയുടെ നിർമ്മാണ കാലത്ത് പകൽ ഉണ്ടാക്കുന്ന കോട്ട ഭാഗങ്ങൾ, രാവിലെ നോക്കുമ്പോൾ ചിന്നിച്ചിതറി കിടക്കുന്നതായി കാണാൻ തുടങ്ങി. ഇത് തുടർച്ചയായപ്പോൾ, പരിഹാരം എന്ന നിലയ്ക്കാണ് താഴെ ബാലാജി ക്ഷേത്രം പണിതത്. ക്ഷേത്രം നിർമ്മിച്ചതിന് ശേഷം കോട്ടയുടെ നിർമ്മാണത്തിൽ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല എന്നാണ് പറയപ്പെടുന്നത്.
* വിനോദ് ജൂൻജുനൂവാല ആണ് നിലവിൽ ഈ കോട്ടയുടെ ഉടമ.
* 2008ൽ മാൻ ബുക്കർ പ്രൈസ് നേടിയ, അരവിന്ദ് അഡിഗയുടെ ‘ദ വൈറ്റ് ടൈഗർ’ എന്ന പുസ്തകത്തിലെ ഒരു പ്രധാന കഥാപാത്രമാണ് ഈ കോട്ട.
* മോട്ടറിൻ്റെ സഹായത്തോടെ പ്രവർത്തിക്കുന്ന, തുകൽവാദ്യവും ചേങ്ങിലയും മണിയും ചേർന്ന ഒരു സംവിധാനമാണ് കോട്ടയുടെ ഭാഗമായ ബാലാജി ക്ഷേത്രത്തിലെ പ്രധാന ആകർഷണം.
പൂജാരി മനോജ്, അദ്ദേഹത്തിൻ്റെ അനുജൻ ഹൻസ് രാജ്, മകൻ വിശാൽ എന്നിവരുമായി ഞാൻ ലോഹ്യത്തിലായി. ക്ഷേത്ര നടയുടെ ഉള്ളിൽ വരെ കയറി ദൃശ്യങ്ങൾ പകർത്താൻ എന്നെ അവർ അനുവദിച്ചു. നടയുടെ വലത് വശത്തായി, പുറത്തുനിന്ന് കാണാൻ പറ്റാത്ത രീതിയിൽ മുകളിലേക്ക് പടിക്കെട്ടുകൾ ഉണ്ട്. വിശാൽ, അതിലൂടെ എന്നെ അമ്പലത്തിന്റെ മുകൾ ഭാഗത്തേക്ക് കൊണ്ടു പോയി. അവിടുന്ന് ലക്ഷ്മൺഗഡ് നഗരത്തിന്റെ ആകാശക്കാഴ്ച്ച സാദ്ധ്യമാണ്. ഇപ്പോൾ കോട്ടയുടെ കയറാൻ പറ്റാത്ത അവസാനത്തെ ഭാഗം, കുറെക്കൂടി എനിക്ക് അടുത്താണ്. ഞാനവിടെ നിന്ന്, പകർത്താവുന്ന പരമാവധി ദൃശ്യങ്ങൾ ഒപ്പിയെടുത്തു.
കോട്ടയുടെ കയറാൻ പറ്റാത്ത ഭാഗത്തെ ദൃശ്യങ്ങൾ, വിശാൽ വാട്സാപ്പിൽ അയച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ട്. നേരിട്ട് ആ ഭാഗത്ത് കടന്ന് കാണാൻ പറ്റിയില്ലെങ്കിലും വിശാലിന്റെ സഹായത്തോടെ യൂ-ട്യൂബിൽ ആ വീഡിയോകൾ പ്രദർശിപ്പിക്കാൻ കഴിയും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.
രാജസ്ഥാനിലെ ടിക്കറ്റ് എടുത്ത് കയറേണ്ട വലിയ കോട്ടകൾ കഴിഞ്ഞാൽ, പിന്നെയെല്ലാം ഇത്തരത്തിൽ അകത്ത് കയറാൻ ബുദ്ധിമുട്ടുള്ള കോട്ടകളാണ്. ഒന്നുകിൽ അടച്ചിട്ടിരിക്കുന്നു അല്ലെങ്കിൽ കുന്നിൻ മുകളിലേക്ക് കയറാൻ പറ്റാത്ത തരത്തിൽ വഴികൾ ഇല്ലാത്ത അവസ്ഥ.
രണ്ടാമത്തെ ഇനത്തിൽപ്പെട്ട കോട്ടകളെ മാറ്റിനിർത്തി ബാക്കിയുള്ള കോട്ടകൾ കണ്ട് തീർക്കുകയാവും ഭേദം എന്നാണ് ഇപ്പോൾ എനിക്ക് തോന്നുന്നത്. അല്ലെങ്കിൽ ഈ കോട്ട കാണൽ മഹാമഹം ഒരു തീരുമാനമാകുമെന്ന് തോന്നുന്നില്ല. മൂന്നുപ്രാവശ്യം പോയിട്ടാണ് ബാദൽഗഡ് കോട്ട കണ്ടതെന്ന് അറിയാമല്ലോ?
എന്തായാലും, പൂജാരി മനോജും കുടുംബവും വലിയ സഹകരണമായിരുന്നു. അവർ എനിക്ക് പ്രസാദം തന്നു. ആവശ്യത്തിന് ചിത്രങ്ങൾ എടുക്കാനുള്ള സൗകര്യം ചെയ്തു തന്നു. കയ്യിൽ മഞ്ഞയും ചുവപ്പും കലർന്ന ചരട് കെട്ടിത്തന്നു. നെറ്റിയിൽ മഞ്ഞ തിലകം ചാർത്തി. വിശാൽ, എന്നെ താഴെ ഭാഗിയുടെ അടുത്ത് വരെ സ്കൂട്ടറിൽ കൊണ്ടുചെന്നാക്കി.
താഴെ ചെന്നപ്പോൾ ഭാഗിയെ കാണാനില്ല. അമ്പലത്തിന്റെ മുമ്പിലുള്ള വഴിയിലാണ് ഞാൻ അവളെ ഇട്ടിരുന്നത്. ഈ കുഗ്രാമത്തിൽ പോലീസുകാർക്ക് തൂക്കി എടുത്ത് കൊണ്ടുപോയെന്ന് കരുതാൻ വയ്യ. അതും ഇത്ര രാവിലെ.
വിശാൽ തൻ്റെ സ്ക്കൂട്ടറിൽ ആ പ്രദേശം മുഴുവൻ കറങ്ങി തിരികെ വന്നു. പക്ഷേ, അവളെ കാണാനായില്ല. ഞാൻ, ഭാഗിയിൽ നിന്ന് ഇറങ്ങിയ സമയത്ത് എടുത്ത ഒരു വീഡിയോ, വിശാലിന് കാണിച്ച് കൊടുത്തു. അവന് ഉടനെ കാര്യം മനസ്സിലായി. മുൻവശമാണെന്ന് തോന്നിക്കുന്ന ഒരേപോലുള്ള രണ്ട് ഭാഗങ്ങൾ ക്ഷേത്രത്തിനുണ്ട്. ഞങ്ങൾ അതിൽ രണ്ടാമത്തെ ഭാഗത്താണ് നിൽക്കുന്നത്. ഒന്നാമത്തെ ഭാഗത്ത് ചെന്നപ്പോൾ ഭാഗി അവിടെയുണ്ട്. ഹോ… ആശ്വാസം.
പല പ്രാവശ്യമായി ഇവൾ എന്നെയിങ്ങനെ സമ്മർദ്ദത്തിൽ ആക്കുന്നു. ഇങ്ങനെ പോയാൽ ഇവളെ ഡുണ്ട്ലോഡ് കോട്ടയിലേക്ക് കെട്ടിച്ച് കൊടുക്കേണ്ടി വരും. അവിടത്തെ ഡ്രൈവർ സുഭാഷ് ഇന്നലെയും എന്നെ വിളിച്ചിരുന്നു.
സമയം ഉച്ചയ്ക്ക് 12 മണി പോലും ആയിട്ടില്ല. ലക്ഷ്മൺഗഡിൽ നിന്ന് രഘുനാഥ് കോട്ടയിലേക്ക് 32 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ മതി. കഷ്ടി ഒരു മണിക്കൂർ ഡ്രൈവ്. ഞങ്ങൾ അങ്ങോട്ട് തിരിച്ചു.
പൊളിഞ്ഞ് നാശമായി കിടക്കുന്ന നാടൻ ഇടവഴികളിലൂടെ കയറിയിറങ്ങിയാണ് അങ്ങോട്ട് എത്തിയത്. 32 കിലോമീറ്റർ പോകാൻ ഒരു മണിക്കൂർ എന്ന് കാണിച്ചപ്പോഴേ എനിക്ക് ആശങ്ക ഉണ്ടായിരുന്നു.
ആരവല്ലി മലനിരകളുടെ ഇടയിലേക്കാണ് ചെന്ന് കയറിയത്. കോട്ട, മലമുകളിൽ ആണെന്നുള്ള തോന്നൽ എനിക്ക് അപ്പോൾത്തന്നെ വന്നു. പക്ഷേ കോട്ടയുടെ കവാടം അടിവാരത്താണ് ഉള്ളത്. അവിടുന്ന് അകത്തേക്ക് കടന്നാൽ ഒരു വലിയ ഗ്രാമമാണ്. പലയിടത്തും ക്ഷേത്രങ്ങൾ കാണാം. ധാരാളം വീടുകളും കടകളും ഉണ്ട്. അതിനപ്പുറം വീണ്ടും ആരവല്ലി മലമടക്കുകൾ. രണ്ട് മലമടക്കുകളുടെ ഇടയിലുള്ള സമതല പ്രദേശത്ത് രഘുനാഥ്ഗഡ് എന്ന ഒരു ഗ്രാമം നിലകൊള്ളുന്നു.
അവിടന്നും മുകളിലേക്ക് പാത കയറി പോകുന്നുണ്ട്. അത് കോട്ടയുടെ ഏതെങ്കിലും പ്രധാന ഭാഗത്ത് ചെല്ലുമെന്ന് എനിക്ക് തോന്നി. പക്ഷേ രണ്ട് കിലോമീറ്ററോളം കയറി അത് ചെന്നുനിന്നത് ഗ്രാമത്തിന്റെ തന്നെ അല്പം ഉയരമുള്ള മറ്റൊരു ഭാഗത്താണ്. അവിടന്നും മുകളിൽ ചില കൊത്തളങ്ങൾ പോലെയുള്ള ഭാഗങ്ങൾ കാണാനുണ്ട്. പക്ഷേ അങ്ങോട്ട് കയറാനുള്ള വഴികൾ കണ്ടെത്താൻ എനിക്കായില്ല.
ആൽത്തറയിൽ വെടിവട്ടം പറഞ്ഞിരിക്കുന്ന ചില ഗ്രാമീണരെ സമീപിച്ചു. അപ്പോഴാണ് കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ നേരിടുന്ന ഒരു വലിയ പ്രശ്നം വീണ്ടും തലപൊക്കിയത്.
ഗ്രാമപ്രദേശങ്ങളിലേക്ക് ചെല്ലുന്തോറും ഇന്നാട്ടുകാർ നല്ല ഒന്നാന്തരം രാജസ്ഥാനിയാണ് സംസാരിക്കുന്നത്. ഹിന്ദി ട്യൂൺ ആകുന്നില്ല. ഹിന്ദിയോടുള്ള സാദൃശ്യം കാരണം അത്യാവശ്യം ചില വാക്കുകൾ മനസ്സിലാകുന്നുണ്ടെങ്കിലും ഇവർ നീട്ടിവലിച്ച് പറഞ്ഞാൽ എനിക്കൊന്നും പിടികിട്ടുന്നില്ല.
കോട്ടയുടെ ഭാഗമായ ഗ്രാമത്തിൽ തന്നെയാണ് ഞാൻ എത്തിച്ചേർന്നിരിക്കുന്നത്. കോട്ടയുടെ കവാടം വഴി കയറി വന്നിട്ടുമുണ്ട്. എന്നാലും ഇതിനെ 83-)മത്തെ കോട്ടയായി ഞാൻ കണക്കാക്കുന്നില്ല. എനിക്കിത് അപൂർണ്ണമായ ഒരു കോട്ട സന്ദർശനമാണ്. കോട്ടയുടെ അതിരുകൾ പോലും എനിക്ക് മനസ്സിലായിട്ടില്ല.
സിക്കറിലെ രാജാവായ റാവു ചാന്ത് സിംഗിന്റെ മകൻ റാവു ദേവി സിംഗ് ആണ് 1791ൽ ഈ കോട്ട നിർമ്മിച്ചത്, എന്നതിനപ്പുറം മറ്റ് ചരിത്രമൊന്നും കിട്ടിയതുമില്ല.
രാജസ്ഥാനിലെ 133 കോട്ടകളിൽ 50 എണ്ണമെങ്കിലും ഇത്തരത്തിലുള്ള കോട്ടകൾ ആകാനാണ് സാദ്ധ്യത. കയറിച്ചെന്ന് കൃത്യമായി കാണാൻ സൗകര്യമുള്ള കോട്ടകളിലേക്ക് ആദ്യമാദ്യം പോകുന്നതാവും ബുദ്ധി.
എന്തായാലും രഘുനാഥ്ഗഡ് ലിസ്റ്റിൽ ഉള്ളതുകൊണ്ട് മാത്രമാണ് ഇങ്ങനെ മലമടക്കുകൾക്ക് നടുവിൽ നിൽക്കുന്ന ഒരു ഗ്രാമത്തിലെത്താൻ പറ്റിയത്. കോട്ടകൾ വഴി ഇന്ത്യ കാണാൻ ഇറങ്ങിത്തിരിച്ചപ്പോൾ അത് തന്നെയാണല്ലോ ഉദ്ദേശിച്ചതും.
സമയം 2:00 മണിയായി ആയിട്ടേയുള്ളൂ. ഇന്നത്തെ യാത്ര അവസാനിക്കുകയാണ്. രാത്രി എവിടെ തങ്ങുമെന്നതാണ് അടുത്ത വിഷയം. തൊട്ടടുത്തുള്ള പട്ടണം ഏതാണെന്ന് പരതിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടു! സിക്കറിലേക്ക് കഷ്ടി 20 കിലോമീറ്റർ ദൂരമേ മാത്രം. നേരെ സിക്കറിൽ എത്തി. ഇപ്രാവശ്യം ഗുരുകൃപ റസ്റ്റോറന്റിന് പകരം ലൂട്ടേഴ്സ് എന്ന റെസ്റ്റോറന്റിൽ ക്യാമ്പ് ചെയ്യുന്നു.
കഴിഞ്ഞ രണ്ട് ദിവസം ഉണ്ടായ അനാരോഗ്യത്തിന്റേതായ യാതൊരു പ്രശ്നങ്ങളും എനിക്കിപ്പോൾ ഇല്ല. ഒരുപാട് നാളുകൾക്ക് ശേഷം അരി ഭക്ഷണം (വെജ് ബിരിയാണി) കഴിച്ചു. പൊതുവേ ഉച്ചയ്ക്കും രാത്രിയുമെല്ലാം ഗോതമ്പാണ് എനിക്ക് പഥ്യം.
അടഞ്ഞ് കിടക്കുന്നതും കയറാൻ പറ്റാതെ മലമുകളിൽ നിൽക്കുന്നതുമായ കോട്ടകൾ തൽക്കാലം വിട്ടു പിടിക്കുകയാണ്. അതുകൊണ്ട് തന്നെ, ഇന്ന് രാത്രി, കോട്ട ലിസ്റ്റ് കൃത്യമായി ഒന്ന് പരിശോധിക്കാനുണ്ട്. എന്നാലേ നാളെ മുതലുള്ള യാത്രാ പദ്ധതികൾ കൃത്യമായി തയ്യാറാക്കാനാവൂ.
ശുഭരാത്രി.