കട്ട്ഹൽ (ചക്ക) എന്നൊരു ഹിന്ദി സിനിമ നെറ്റ്ഫ്ലിക്സിൽ തകർത്തോടുന്നുണ്ട്. ഞാനും കണ്ടു. ഗംഭീര സിനിമയാണ്. കാണാത്തവർ വൈകാതെ കാണുക.
MLA യുടെ വീട്ടിലെ ചക്ക കളവ് പോയതാണ് സിനിമയുടെ ഇതിവൃത്തം. MLA കേസ് കൊടുക്കുന്നു. അന്വേഷണം പുരോഗമിക്കുന്നു. സിനിമയുടെ കാര്യം അതിൽക്കൂടുതൽ പറയാൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ സിനിമയ്ക്ക് വെളിയിൽ ചിലത് പറയാനുണ്ട്.
ചക്ക കളവ് പോയാൽ അതിനെതിരെ കേസ് കൊടുക്കുന്നതിനെ ഞാൻ അനുകൂലിക്കുന്നില്ല. ചക്കയെന്നല്ല, ഏതൊരു വസ്തുവിലും ഉടമസ്ഥാവകാശം എന്നത് പോലെ തന്നെ മോഷണാവകാശവും നിലനിൽക്കുന്നുണ്ട്.
നൂറുകണക്കിന് ചക്കകൾ പ്ലാവിൽ നിന്ന് പഴുത്ത് ചീഞ്ഞ് വീണുപോകുന്ന ഇന്നാട്ടിൽ, ഒന്നോ രണ്ടോ ചക്കകൾ മോഷണം പോയാലും അതേപ്പറ്റി ബേജാറാകാനേ പാടില്ല. ചക്കഭ്രാന്തന്മാർക്ക് ഇന്നാട്ടിൽ ജീവിക്കണ്ടേ? അതിനൊക്കെ കേറി കേസ് കൊടുത്താൽ എവിടെച്ചെന്ന് നിൽക്കുമെന്നാണ്. ആയതിനാൽ ഈ സിനിമയുടെ ചുവട് പിടിച്ച് സമൂഹത്തിലെ പ്രമുഖന്മാരുടേയോ സാധാരണക്കാരുടേയോ വീട്ടിലെ ചക്കകൾ കളവ് പോയാൽ കേസ് കൊടുക്കരുത്. കൊടുത്തിട്ടും വലിയ കാര്യമൊന്നുമില്ല. ശരിയായ ചക്ക ഭ്രാന്തന്മാർ ചക്ക കിട്ടിയാൽ, അര മണിക്കൂറിനകം അത് അകത്താക്കിയിരിക്കും എന്നത് തന്നെ കാരണം. മടലോ ഞവണിയോ കണ്ടെത്തി മോഷ്ടാവിനെ കണ്ടെത്തിയാലും ചക്ക വീണ്ടെടുക്കാനാവില്ല.
ആയതിനാൽ കൂട്ടരേ ചക്കകൾ ഇനിയും മോഷണം പോകട്ടെ. അതിൻ്റെ പേരിൽ ബേജാറാകാതിരിക്കുക. ഒരാൾ വിശപ്പ് തീർക്കാനോ കൊതി തീർക്കാനോ വേണ്ടിയാണ് ചക്ക മോഷ്ടിക്കുന്നതെന്ന് ഉറപ്പാണെങ്കിൽ, മോഷണം കാണാത്ത മട്ടിൽ തിരിഞ്ഞിരിക്കുക. എനിക്കത്രയേ പറയാനുള്ളൂ.
‘ചക്കയാണഖില സാരമൂഴിയിൽ
ചക്കസാരമിഹ സത്യമേകമാം‘.
വാൽക്കഷണം:- ഇനീപ്പോ ‘കട്ട്ഹൽ‘ ആണോ ‘കത്തൽ‘ അല്ലേ, ‘കഠൽ‘ അല്ലേ? എന്നൊക്കെ സംശയങ്ങൾ പൊന്തിവരും ചിലർക്ക്. ഹിന്ദിയിൽ എങ്ങനാണോ എഴുതുന്നത് അതുപോലെ എഴുതിയെന്ന് മാത്രം. പറയുമ്പോൾ ‘ഹ‘ ഏറെക്കുരെ സൈലൻ്റ് ആണ്.