രാവിലെ ഭാഗിയെ കഴുകി വൃത്തിയാക്കി കുളിച്ച് റെഡിയായി വന്നപ്പോഴേക്കും ഗ്യാസ് സ്റ്റേഷനിലെ ജീവനക്കാർ എനിക്കുവേണ്ടി മധുരവത്തക്ക മുറിച്ച് വെച്ചിരുന്നു. എനിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കണമെന്ന് സേഠ് അവരോട് പറഞ്ഞിരുന്നത്രേ!
ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡിഷൻ പ്രപഞ്ച ഗൂഢാലോചന കൂട്ടത്തിലേക്ക് ഇവരും ചേർന്നിരിക്കുന്നു. ഞാൻ ഫുൾ ടാങ്ക് ഡീസൽ അടിച്ച് അവർക്കൊപ്പം സെൽഫിയെടുത്ത് പിരിഞ്ഞു. പതിവുപോലെ ദ്വാരിക റെസ്റ്റോറന്റിൽ നിന്ന് കച്ചോരി കഴിച്ച് നേരെ നാഗൗറിലേക്ക്. 118 കിലോമീറ്റർ; രണ്ടര മണിക്കൂർ സവാരി.
ഇന്നലെ പോയെങ്കിലും തിരക്ക് കാരണം കയറാൻ പറ്റാതിരുന്ന കർണ്ണി മാതാ ക്ഷേത്രത്തിന്റെ അതേ വഴിക്കാണ് സഞ്ചാരം.
ക്ഷേത്രം കഴിഞ്ഞ് കുറച്ചുകൂടെ മുന്നോട്ടു നീങ്ങിയതും ഒരു ചെറുപ്പക്കാരൻ കൈ കാണിച്ചു. പുറത്ത് വലിയ ട്രാവൽ ബാഗ് തൂക്കിയിട്ടുണ്ട്. ബാക്ക് പാക്ക് അല്ലെങ്കിൽ ഹിച്ച് ഹൈക്ക് സഞ്ചാരി ആണെന്ന് വ്യക്തം.
ഭാഗിയുടെ മുൻവശത്തെ രണ്ടാമത്തെ ബക്കറ്റ് സീറ്റിൽ എനിക്ക് എളുപ്പം എടുക്കേണ്ട സാധനങ്ങൾ നിറച്ചു വെച്ചിരിക്കുകയാണ്. താഴെ വെള്ളവും ഭക്ഷണ സാധനങ്ങളും. ആര് കൈ കാണിച്ചാലും ഇരിക്കാനുള്ള സൗകര്യം ഇല്ല എന്ന് പറയുകയാണ് പതിവ്.
ഈ കേസിൽ അങ്ങനെ ചെയ്താൽ ശരിയാകില്ല. വലിയ ഒരു ബാഗും തൂക്കി വിജനമായ റോഡിലൂടെ പൊരി വെയിലത്ത് ഒരു ചെറുപ്പക്കാരൻ നടന്ന് നീങ്ങുന്നത് ആലോചിച്ചു നോക്കൂ. അയാൾക്ക് എന്താണ് വേണ്ടതെന്ന് അന്വേഷിക്കേണ്ട ബാദ്ധ്യത ഒരു സഞ്ചാരി എന്ന നിലക്ക് എനിക്കുണ്ട്. ഒരു സഞ്ചാരിയുടെ പ്രശ്മനങ്ങൾ റ്റൊരു സഞ്ചാരി മനസ്സിലാക്കിയില്ലെങ്കിൽ പിന്നെ ആര് മനസ്സിലാക്കാൻ!
ഞാൻ ഭാഗിയെ ഓരം ചേർത്ത് ഡോർ തുറന്നു.
“നിങ്ങൾ മലയാളിയാണല്ലേ?”
ഭാഗിയുടെ നമ്പർ പ്ലേറ്റ് അയാൾ ശ്രദ്ധിച്ചു എന്നുറപ്പ്. ഒരു മലയാളിയെ കണ്ടതിന്റെ ത്രസിപ്പ് അയാളുടെ വാക്കുകളിലുണ്ട്.
ഒരു സഞ്ചാരി മറ്റൊരു സഞ്ചാരിയെ തിരിച്ചറിയുന്നത് ഞൊടിയിടയിലാണ്. അടുത്ത രണ്ട് മിനിറ്റിനകം അയാളും ബാഗും ഭാഗിക്കുള്ളിൽ.
കോഴിക്കോട്ടുകാരൻ മുഹമ്മദ് റാഫി. സിവിൽ എഞ്ചിനീയറിങ് പഠനം കഴിഞ്ഞ് പുറത്തിറങ്ങിയതിന്റെ തൊട്ടടുത്ത മാസം ഇന്ത്യ കാണാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നു. മെയ് മാസത്തിൽ കേരളം വിട്ടതാണ്. നിലവിൽ145 ദിവസം കഴിഞ്ഞു. ഇപ്പോൾ പുഷ്ക്കറിലേക്കാണ് യാത്ര. അവിടെ ചില സുഹൃത്തുക്കൾ കാത്തിരിപ്പുണ്ട്.
ചെറുപ്പക്കാർ യാത്ര ചെയ്യുന്നത് കണ്ടിട്ട് കണ്ണ് തള്ളുന്നു. എന്റെ പ്രായമാകുമ്പോഴേക്കും എണ്ണം പറഞ്ഞ സഞ്ചാരി ആയിട്ടുണ്ടാകും റാഫി. ഇന്ത്യ ഒട്ടാകെ ഒരു പ്രാവശ്യം ബൈക്കിൽ അയാൾ സഞ്ചരിച്ചു കഴിഞ്ഞു. ഒരു പ്രാവശ്യം ബാക്ക്പാക്ക് ചെയ്തുള്ള യാത്രയും കഴിഞ്ഞു. കിട്ടുന്ന വണ്ടിയിൽ കയറി, കാണുന്ന സ്ഥലത്ത് ടെന്റടിച്ചുള്ള യാത്ര ചെയ്യുകയാണ് ഇപ്പോൾ. റാഫിക്ക് ഉള്ള സൗകര്യങ്ങൾ വച്ച് നോക്കുമ്പോൾ എന്റെ സൗകര്യങ്ങൾ പഞ്ചനക്ഷത്രമാണ്.
പിന്നങ്ങോട്ട് വിശേഷങ്ങൾ പറഞ്ഞ് നാഗൗറിൽ എത്തിയത് അറിഞ്ഞില്ല. വർഷങ്ങളായി പരിചയമുള്ളവരെപ്പോലെ ആയിരുന്നു ഞങ്ങളുടെ ഇടപഴകൽ. ഞങ്ങൾ ഭാഗിയുമായി നേരെ നാഗൗർ കോട്ടയിലേക്ക് കയറി.
50 രൂപയുടെ പ്രവേശന ടിക്കറ്റും 30 രൂപയുടെ പാർക്കിങ്ങ് ടിക്കറ്റും എടുത്താൽ രണ്ട് കോട്ട വാതിലുകൾ കടന്ന് വാഹനം ഉള്ളിൽ കൊണ്ടുപോയി പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ട്.
* നാലാം നൂറ്റാണ്ടിൽ ഉണ്ടാക്കിയ അതിപുരാതനമായ ഒരു കോട്ടയാണ് ഇതെന്ന് സ്ഥിരീകരിക്കാത്ത കഥകളുണ്ട്.
* പന്ത്രണ്ടാം നൂറ്റാണ്ടിൽ കോട്ട പുതുക്കി പണിതിട്ടുണ്ടെന്നും പന്ത്രണ്ടാം നൂറ്റാണ്ടിലാണ് പണിതതെന്നും തർക്കമുണ്ട്.
* നിലവിൽ ജോഥ്പൂരിലെ മേഹ്റൻഗഡ് ഫൗണ്ടേഷന്റെ കീഴിലാണ് രജപുത്-മുഗൾ വാസ്തുശില്പ മാതൃകയിലുള്ള ഈ കോട്ട.
* ശീഷ് മഹൽ, ദീപ് മഹൽ, നിരവധി ദർബാറുകൾ, ഹമാം മഹൽ എന്ന കുളിപ്പുര, ജലധാര നിർമിച്ച് ശീതീകരണം നടത്തിയിരുന്ന മുറികൾ, നാലിലധികം പൂന്തോട്ടങ്ങൾ, താമരപ്പൂക്കൾ വളർത്താനുള്ള പ്രത്യേക സംവിധാനം, വാട്ടർ ഹാർവെസ്റ്റിങ്ങ് എന്നിവയൊക്കെ കോട്ടയിൽ ഉണ്ട്.
* ബീക്കാനീറിലെ ജുനാഗഡ് പോലെ തറനിരപ്പിൽ ആണ് ഈ കോട്ടയുടെ സ്ഥാനം.
* കല്ലുകൾ ഉപയോഗിച്ചിരിക്കുന്നത് പോലെ തന്നെ ചുടുകട്ടകളും ധാരാളമായി നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്.
* ചുടുകട്ടകൾ ഉപയോഗിച്ച് ഉണ്ടാക്കിയ ഭാഗങ്ങളിൽ അത് തേച്ചുമിനുക്കി ചിത്രപ്പണികൾ ചെയ്തിട്ടുണ്ട് എന്നതാണ് ഈ കോട്ടയുടെ വലിയ പ്രത്യേകത. പക്ഷേ ആ ഭാഗങ്ങൾ പലതും നശിച്ചു തുടങ്ങിയതിനാൽ പുനരുദ്ധാരണം പലയിടത്തും നടത്തിയിട്ടുണ്ട്.
* കോട്ടയുടെ എല്ലാ ഭാഗത്തേക്കും പ്രവേശനം അനുവദിക്കുന്നില്ല. വളരെ വിശാലമായ ഒരു കോട്ടയാണിത്. വാക്കിടോക്കിലൂടെ സുരക്ഷാ ഉദ്യോഗസ്ഥർ സന്ദർശകർ വന്നതും പോയതും കൃത്യമായി രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
കോട്ടയിലെ തന്നെ ജീവനക്കാരനായ ബൽബീർ ഗൈഡിന്റെ സേവനവുമായി കൂടെക്കൂടി. കൃത്യമായ നിരക്ക് ഒന്നുമില്ല. കൊടുക്കുന്നത് സന്തോഷത്തോടെ വാങ്ങും.
റാഫി കൂടെയുള്ളതുകൊണ്ട് വീഡിയോ റെക്കോർഡ് ചെയ്യാനും മറ്റും എനിക്ക് എളുപ്പമായി. പക്ഷേ വളരെ നിരാശപ്പെടുത്തുന്ന ഒരു കാര്യവും കോട്ടയിൽ സംഭവിച്ചു.
കോട്ടയുടെ കാര്യങ്ങൾ വിശദീകരിച്ചു തന്നതിനു ശേഷം ബൽബീറിനെ പറഞ്ഞുവിട്ട് പടങ്ങളും വീഡിയോയും എടുക്കാനാണ് ഞാൻ ഉദ്ദേശിച്ചിരുന്നത്. മിക്കവാറും എല്ലാ സ്ഥലങ്ങളിലും ഗൈഡിനെ കൊണ്ടുപോകുമ്പോൾ ഇങ്ങനെയാണ് ഞാൻ ചെയ്യാറ്. ബൽബീറിന് പോയശേഷം വീഡിയോ ചിത്രീകരിക്കാനായി ഞങ്ങൾ ടിക്കറ്റ് എടുത്ത ഭാഗത്തേക്ക് നടന്നു. കോട്ടയുടെ ഗേറ്റിന് പുറത്ത് കടന്നിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. പക്ഷേ വീണ്ടും കോട്ടയുടെ ഉൾഭാഗങ്ങളിലേക്ക് പോകാൻ സുരക്ഷാ ഉദ്യോഗസ്ഥർ സമ്മതിച്ചില്ല. നിങ്ങൾ കോട്ട കണ്ടുകഴിഞ്ഞു. ഇനി അകത്തേക്ക് പോകാൻ പറ്റില്ല എന്നാണ് അവരുടെ നിലപാട്.
ഇങ്ങനെയൊരു കാര്യം നിങ്ങളുടെ ജീവനക്കാരൻ കൂടെയായ ഗൈഡ് ആദ്യമേ പറഞ്ഞില്ലല്ലോ എന്നായി ഞങ്ങൾ. എന്തായാലും ഞങ്ങൾക്ക് പടങ്ങൾ എടുക്കണം. വീണ്ടും അകത്ത് കടന്നേ പറ്റൂ. ടിക്കറ്റ് വീണ്ടും എടുക്കണമെങ്കിൽ അതും ആകാം. ഇത്രയൊക്കെ പറഞ്ഞിട്ടും സുരക്ഷാ ജീവനക്കാർ ഞങ്ങളെ അകത്തേക്ക് വിട്ടില്ല. ടിക്കറ്റ് കീറുന്ന ഉദ്യോഗസ്ഥൻ ആണെങ്കിൽ സ്ഥലത്തില്ല താനും. അദ്ദേഹം വന്നിട്ടേ ഒരു തീരുമാനത്തിലെത്താൻ പറ്റൂ എന്ന് സുരക്ഷ ഉദ്യോഗസ്ഥർ. ഞങ്ങളുടെ അരമണിക്കൂറോളം സമയം അവിടെ നഷ്ടപ്പെടുത്തി.
ഏതൊരു കോട്ടയിലോ മ്യൂസിയത്തിലോ കയറിയാൽ അതിന്റെ കവാടം കടന്ന് പുറത്തേക്ക് പോകുന്നത് വരെ എത്ര സമയം വേണമെങ്കിലും അതിനകത്ത് ചിലവഴിക്കാൻ പറ്റണം. അങ്ങനെ കഴിഞ്ഞിട്ടുണ്ട് ഇതുവരെ. നാഗൗർ കോട്ട പക്ഷേ, ഇതുവരെയുള്ള എല്ലാ അനുഭവങ്ങൾക്കും വിരുദ്ധമായിരുന്നു.
ടിക്കറ്റ് കീറുന്ന ഉദ്യോഗസ്ഥൻ വന്ന് വീണ്ടും ടിക്കറ്റ് എടുപ്പിച്ച ശേഷമാണ് ഞങ്ങളെ അകത്തേക്ക് പോകാൻ അനുവദിച്ചത്. വീണ്ടും ടിക്കറ്റ് എടുക്കാമെന്ന് ഞങ്ങൾ സമ്മതിച്ചിട്ടും ഞങ്ങളുടെ സമയം പാഴാക്കി. ഇത് ഒരു പരാതിയായി തന്നെ മേഹ്റൻഗഡ് ഫൗണ്ടേഷനെ അറിയിക്കാനാണ് ഞാൻ തീരുമാനിച്ചിട്ടുള്ളത്. നിലവിലെ ഉടമയായ ഗജ് സിങ്ങ്ജിയിലേക്ക് അധികം ദൂരമൊന്നും ഇല്ല.
എനിക്ക് ഏറെ വേദന ഉണ്ടാക്കിയ ഒരു കോട്ട സന്ദർശനം ആയിരുന്നു ഇത്. ഞങ്ങൾ വേഗം അവിടെ നിന്ന് ഇറങ്ങി. എനിക്ക് ഇന്ന് രാത്രി നാഗൗറിൽ തങ്ങണമെന്ന് പോലും തോന്നിയില്ല.
റാഫിക്ക് പോകേണ്ടത് പുഷ്ക്കറിലേക്കാണ്. ഞാനും പുഷ്കറിലേക്ക് പോകാൻ തീരുമാനിച്ചു. നാളെ ഉച്ചവരെയുള്ള സമയം പുഷ്കറിൽ കാഴ്ചകൾ കണ്ടശേഷം ഇരുട്ടുന്നതിന് മുൻപ് ജയ്പൂരിൽ എത്താം.
വിശേഷങ്ങൾ പറഞ്ഞ്, ഞങ്ങൾ പുഷ്കരിൽ എത്തിയത് അറിഞ്ഞില്ല. റാഫിയെ അദ്ദേഹത്തിൻ്റെ ലക്ഷ്യസ്ഥാനത്ത് ഇറക്കി ശേഷം ഞാൻ പുഷ്ക്കർ നഗരം മുഴുവൻ കറങ്ങി. ഇനി തങ്ങാനുള്ള ഇടം കണ്ടുപിടിക്കണം. നഗരത്തിനുള്ളിൽ അത് ബുദ്ധിമുട്ടാണെന്ന് ഇതുവരെയുള്ള അനുഭവങ്ങൾ വെച്ച് നന്നായിട്ടറിയാം. ഞാൻ ജയ്പൂർ റോഡിലേക്ക് കടന്ന് കൊള്ളാവുന്ന ഒരു ധാബ കണ്ടുപിടിച്ചു. രാത്രി അവിടെ തങ്ങുന്നതിന് വിരോധമില്ലല്ലോ എന്ന് ചോദിച്ചതും അവർ ഒരു കട്ടിലും കസേരയും കൊണ്ടിട്ട് തന്നു.
ഒരുവശത്ത് മലനിരകളുടെ മനോഹരമായ ദൃശ്യമാണ്. ഇന്ന് രാത്രി വൈകി ഉറങ്ങിയാലും നാളെ വൈകി എഴുന്നേറ്റാലും കുഴപ്പമില്ല. രാത്രി ഭാഗിയുടെ ഫാൻ പ്രവർത്തിപ്പിക്കാതെ ഉറങ്ങാം എന്ന നിലയിലേക്ക് താപനം താഴ്ന്നിട്ടുണ്ട്.
ശുഭരാത്രി.
വാൽക്കഷണം:- എഴുപത് കോട്ടകളിലൂടെ കയറിയിറങ്ങിയിരിക്കുന്നു, അക്ഷരമറിയാത്ത ഒരുവൻ. കോട്ടസെഞ്ച്വറി ഇനിയും 30 കോട്ടകൾക്ക് അപ്പുറമാണ്.