ഗിന്നസ് ബുക്ക് സൈക്കിൾ പരേഡ് 2020 ജനുവരി 26


77

രിവരിയായി ഒന്നിന് പിന്നാലെ ഒന്നായി നീങ്ങുന്ന 1995 സൈക്കിളിസ്റ്റുകളുടെ ഗിന്നസ് റെക്കോർഡ് തകർക്കാനായി കേരളത്തിലെ സൈക്കിളിസ്റ്റുകൾ തയ്യാറെടുക്കുന്ന വിവരം ഇതിനകം ചിലരെങ്കിലും അറിഞ്ഞുകാണുമല്ലോ ?  നിലവിൽ തുർക്കിമിനിസ്താന്റെ പേരിലാണ് 1995 പേരുടെ ഈ റെക്കോർഡ് ഉള്ളത്.

3500 സൈക്കിളിസ്റ്റുകളെ പങ്കെടുപ്പിച്ചുകൊണ്ട് 2020 ജനുവരി 26ന്, അതായത് റിപ്പബ്ലിക്ക് ദിനത്തിൽ, കൊച്ചിയിൽ വെച്ച് നടത്താൻ പോകുന്ന ഈ ഗിന്നസ് പരേഡിന്റെ ലോഗോ, 2019 ഒൿടോബർ 8ന് മുഖ്യമന്ത്രി  ശ്രീ.പിണറായി വിജയൻ തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ച് അനാച്ഛാദനം ചെയ്യുകയുണ്ടായി.

പരേഡിൽ പങ്കെടുക്കണമെന്നുള്ളവർക്ക് http://bicycleparade.com എന്ന വെബ് സൈറ്റ് വഴി പോയി രജിസ്റ്റർ ചെയ്യാം. സൈക്കിൾ കൂടാതെ സൈക്കിളിസ്റ്റിന് ഉണ്ടായിരിക്കേണ്ട അവശ്യവസ്തുക്കളും അവിടെച്ചെന്ന് വായിച്ച് മനസ്സിലാക്കാം.

66

ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് പലർക്കുമുള്ള പലതരം സംശയങ്ങൾ ദുരീകരിക്കുന്നതിന് വേണ്ടിയാണ് ഈ കുറിപ്പ് പ്രസിദ്ധീകരിക്കുന്നത്. കൂടുതൽ സംശയങ്ങൾ ഉള്ളവർക്ക് ചോദിക്കാം. അറിയുന്നത് പോലെ മറുപടി തരുന്നതാണ്. അറിയാത്ത കാര്യങ്ങൾ സംഘാടകരോട് അന്വേഷിച്ച് മറുപടി തരുന്നതാണ്.

ഈ സൈക്കിൾ പരേഡിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്നലെ കലൂരിലെ ബൈക്ക് സ്റ്റോറിൽ വെച്ച് പരേഡ് ഡയറൿടർ നിഥിൻ പലാലിന്റെ നേതൃത്തിൽ ഒരു മീറ്റിങ്ങ് സംഘടിപ്പിക്കുകയുണ്ടായി. തൃപ്പൂണിത്തുറ സൈക്കിൾ ക്ലബ്ബ്, മുസ്‌രീസ് ബൈസിക്കിളേർസ് ക്ലബ്ബ്, സോൾസ് ഓൺ വീൽ‌സ്, കൊച്ചിൻ ബൈക്കേർസ് ക്ലബ്ബ്, വെനസ്‌ഡേ സൈക്കിൾ ക്ലബ്ബ്, എന്നീ സൈക്കിൾ ക്ലബ്ബുകളുടെ പ്രതിനിധികൾക്ക് പുറമേ എറണാകുളം ജില്ലാ സൈക്കിളിങ്ങ് അസോസിയേഷൻ പ്രതിനിധിയും ബൈക്ക് സ്റ്റോർ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ഈ യോഗത്തിൽ പങ്കെടുത്തപ്പോൾ മനസ്സിലാക്കാനായ കാര്യങ്ങൾ താഴെ പങ്കുവെക്കുന്നു.

1. പരേഡിന്റെ ആവശ്യത്തിലേക്കായി എല്ലാ ജില്ലകളിലും ഇത്തരം യോഗങ്ങൾ സംഘടിപ്പിച്ച് പരേഡിന്റെ ലക്ഷ്യവും അതിന്റെ പിന്നിലെ സംഘാടനത്തിന്റെ വിഷയങ്ങളും ഇതുവരെ കൈക്കൊണ്ട നടപടികളും തുടർന്ന് കൈക്കൊള്ളേണ്ട കാര്യങ്ങളുമെല്ലാം വിശദീകരിക്കാനാണ് നിഥിൻ പലാൽ ഉദ്ദേശിക്കുന്നത്. എല്ലാ ജില്ലകളിലും കോർഡിനേറ്റർമാരെ നിയോഗിക്കും. അതാത് ജില്ലകളിൽ നിന്ന് രജിസ്റ്റർ ചെയ്യുന്നവരുടെ സൈക്കിളിങ്ങ് പ്രാവീണ്യവും സൈക്കിളുകളുടെ അവസ്ഥയും എല്ലാം പരേഡ് ദിനത്തിന് മുന്നേ തന്നെ ജില്ലകളിൽ വെച്ച് കോർഡിനേറ്റർമാർ പരിശോധിക്കും.

2. ഇങ്ങനെ ഒരു പദ്ധതി മനസ്സിൽ ഉടലെടുത്തതോടെ കേരളത്തിലെ വിവിധ സൈക്കിളിങ്ങ് ക്ലബ്ബുകളുടെ അംഗങ്ങളുമായി ബന്ധപ്പെടുകയാണ് ആദ്യം തന്നെ നിഥിൻ ചെയ്തത്. ചിലർ പൂർണ്ണ സഹകരണം വാഗ്ദാനം ചെയ്തു. ചിലർ വിട്ടുനിന്നു. ഒപ്പം ചേർന്നവരുമായ പതിമൂന്നോളം പേരുമായി ചർച്ച ചെയ്തും സഹകരിച്ചുമാണ് പരേഡിന്റെ ലോഗോ ഡിസൈൻ ചെയ്തതും മുന്നോട്ടുള്ള കാര്യങ്ങൾ നീക്കിത്തുടങ്ങിയതും.

3. നവംബർ 30 വരെ  900 രൂപയും അതിന് ശേഷം 1400 രൂപയുമായിരിക്കും ഗിന്നസ് പരേഡിന്റെ രജിസ്ട്രേഷൻ ഫീസ്. ഈ തുക  ഒഴിവാക്കി പരേഡ് സൌജന്യമായി നടത്താൻ ആകില്ലേയെന്ന ചോദ്യങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്.

ഇത്തരം ഒരു പദ്ധതി മുൻപ് നടപ്പിലാക്കി പരിചയമില്ലാത്തതുകൊണ്ടോ അതിന്റെ പിന്നാമ്പുറത്ത് എന്തൊക്കെ നടക്കുന്നെന്നോ അറിയാത്തതുകൊണ്ടുകൊണ്ടുള്ള ആശങ്കകൾ മാത്രമാണത്. രജിസ്ട്രേഷൻ സൌജന്യമാക്കിയാൽ പതിനായിരക്കണക്കിന് സൈക്കിളിസ്റ്റുകൾ രജിസ്റ്റർ ചെയ്തെന്ന് വരാം. പക്ഷേ, പണം മുടക്കാത്ത സംരംഭം ആയതുകൊണ്ട് രജിസ്റ്റർ ചെയ്തവർ എല്ലാവരും പങ്കെടുക്കണമെന്ന് ഒരു നിർബന്ധബുമില്ല. ഇത്തരം എല്ലാ സ്പോർട്ട്സ് ഇവന്റുകളുടേയും കാര്യത്തിൽ ഈ സ്വഭാവം ഉണ്ടെന്നുള്ളത് ഒരു പ്രാവശ്യമെങ്കിലും ഇങ്ങനെ എന്തെങ്കിലുമൊന്ന് സംഘടിപ്പിച്ചിട്ടുള്ളവർക്ക് അറിയുന്നതാണ്. വരാൻ സാദ്ധ്യതയില്ലാത്തവർക്ക് വേണ്ടി ഭക്ഷണമടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കുന്നത് പാഴ്‌വേലയും ബുദ്ധിശൂന്യതയുമാണ്. പണം മുടക്കിയ ഒരാൾ, ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രമേ പങ്കെടുക്കാതിരിക്കുകയുള്ളൂ. ഈ എണ്ണം തുലോം തുച്ഛമായിരിക്കും.

4. മൂവായിരം പേർ പങ്കെടുത്താൽ അവരുടെ രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ 27 ലക്ഷം രൂപയാണ് പിരിഞ്ഞുകിട്ടുന്നത്. ഇത് ഭീമമായ ഒരു തുകയല്ലേ എന്നും, സ്പോർട്ട്സ് ഇവന്റ് എന്നതിലുപരി വൻ‌ലാഭമുണ്ടാക്കുന്ന ഒരു പരിപാടിയല്ലേ ഇതെന്നുമുള്ള ചോദ്യം പലയിടത്തുനിന്നും ഉയരുന്നുണ്ട്.

ഗിന്നസ് പ്രതിനിധി അഥവാ അഡ്ജൂഡിക്കേറ്റർ (Adjudicator) നേരിട്ട് വന്ന് വിലയിരുത്തി, റെക്കോഡ് തകർക്കപ്പെട്ടാൽ അവിടെ വെച്ച് തന്നെ റെക്കോഡ് പ്രഖ്യാപിക്കുന്ന പരിപാടിയാണിത്. ഇത്തരത്തിൽ ഒരു പരിപാടി നടത്തുമ്പോൾ ഗിന്നസ് അധികൃതർക്ക് നൽകേണ്ടി വരുന്നത് 15 ലക്ഷത്തിലധികം രൂപയാണ്. ഗിന്നസിന്റെ സർവ്വീസ് ചാർജ്ജ്, സൈക്കിളിസ്റ്റുകൾക്ക് നൽകുന്ന ടീഷർട്ടിൽ ഗിന്നസിന്റെ ലോഗോ അച്ചടിക്കുന്നതിന് ടീഷർട്ട് ഒന്നിന് 150 രൂപ നിരക്കിൽ ഗിന്നസിന് നൽകുന്ന തുക, കൊച്ചിയിലെത്തുന്ന ഗിന്നസ് വിധികർത്താവിന്റെ (Adjudicator) വിമാനടിക്കറ്റ്, താമസം, ഭക്ഷണം, മുതലായ ഫസ്റ്റ് ക്ലാസ്സ് ചിലവുകൾ, എന്നിവയെല്ലാം ഇതിൽ പെടും. ബാക്കിയുള്ള തുക വെച്ച് വേണം പങ്കെടുക്കുന്നവർക്കുള്ള രണ്ട് ദിവസത്തെ ഭക്ഷണം, വെള്ളം, റിഫ്രഷ്മെന്റ്, ടീ ഷർട്ട്, മെഡൽ, സൈക്കിൾ മെക്കാനിക്ക് ചിലവുകൾ വിശിഷ്ടാതിഥികളുടെ പോക്ക് വരവ്, ഇവന്റ് മാനേജ്‌മെന്റ്, മറ്റ് ചിലവുകൾ, എന്നിങ്ങനെ പരേഡിന്റെ മുഴുവൻ ചിലവുകളും നടത്താൻ.

5. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ധാരാളം സൈക്കിളിസ്റ്റുകൾ പങ്കെടുക്കുന്നുണ്ട്. അവർ അടക്കം സൈക്കിൾ ഇല്ലാത്തവർക്ക് എല്ലാവർക്കും സൈക്കിൾ നൽകുന്നതായിരിക്കും. പക്ഷേ സൈക്കിളിന് 500 രൂപ ഫീസ് ഈടാക്കുന്നതാണ്. ഈ സൈക്കിളുകൾ സംഘടിപ്പിച്ച് ട്രക്കിൽ കേരളത്തിൽ എത്തിക്കുന്നതിന് ശരാശരി 2000 രൂപയാണ് സൈക്കിൾ എത്തിക്കുന്നവർക്ക് നൽകുന്നതെങ്കിലും അത്രയും തുക പങ്കെടുക്കുന്നവരിൽ നിന്ന് ഇടാക്കാൻ ഉദ്ദേശിക്കുന്നില്ല. ബാക്കി തുക സ്പോൺസേർസിൽ നിന്ന് സംഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

6. എറണാകുളത്തിന് വെളിയിലുള്ള മറ്റ് ജില്ലകളിൽ നിന്നും കേരളത്തിന് പുറത്തുനിന്നുള്ള സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് ആവശ്യമെങ്കിൽ രണ്ട് ദിവസത്തെ താമസസൌകര്യം സംഘാടകർ ഏർപ്പാടാക്കുന്നതാണ്. അതിന് രണ്ട് ദിവസത്തേക്ക് 300 രൂപ വേറെ നൽകണം. അത് ചിലപ്പോൾ ഡോർമിറ്ററി പോലുള്ള സൌകര്യമായിരിക്കും. രണ്ട് പേർ ഷെയർ ചെയ്യുന്ന മുറി ആവശ്യമുള്ളവർ രണ്ട് ദിവസത്തേക്ക് 600 രൂപയും. ഒറ്റയ്ക്ക് മുറി വേണമെന്നുള്ളവർ രണ്ട് ദിവസത്തേക്ക് 1200 രൂപയും നൽകണം. ഹൂബ്ലിയിൽ ഇതേ പരിപാടി നടന്നപ്പോൾ വലിയ ടെന്റുകളിൽ താമസസൌകര്യം സംഘാടകർ ഒരുക്കുകയാണുണ്ടായത്. ആൾക്കാർ രാത്രി ഏറെ വൈകി വെടിവട്ടം പറഞ്ഞിരിക്കുകയും അത് പരേഡിന്റെ സമയത്ത് അവർക്ക് ഉറക്കക്ഷീണം ഉണ്ടാക്കുകയും ചെയ്തു എന്ന അനുഭവത്തിന്റെ വെളിച്ചത്തിലാണ് വലിയ ടെന്റുകൾ സ്ഥാപിച്ച് അതിൽ താമസസൌകര്യം ഒരുക്കാത്തത്. അങ്ങനെ ചെയ്താൽ താമസച്ചിലവ് കുറക്കാമെങ്കിലും അത് ലക്ഷ്യത്തിലെത്താൻ തടസ്സമുണ്ടാക്കുന്നുണ്ട്.

7. ജനുവരി 26 ഞായറാഴ്ച്ചയാണ്. പക്ഷേ പങ്കെടുക്കുന്നവർ 25ന് ശനിയാഴ്ച്ച പകൽ തന്നെ കൊച്ചിയിൽ ഹാജരുണ്ടാകണം. ട്രയൽ പരേഡ് അഥവാ മോക്ക് പരേഡ് അടക്കമുള്ള കാര്യങ്ങളും സൈക്കിൾ പരിശോധനയുമെല്ലാം പലവട്ടം ചെയ്യേണ്ടതുണ്ട്. അതുകൊണ്ടാണ് പുറമെ നിന്ന് വരുന്നവർക്ക് രണ്ട് ദിവസത്തെ താമസ സൌകര്യം ഏർപ്പാടാക്കുന്നത്.

8. ഗ്ലൌസ്, പിന്നിലേയും മുന്നിലേയും ലൈറ്റുകൾ, കണ്ണട, സ്പെയർ പാർട്ട്സ്, എന്നിവ ഉണ്ടെങ്കിൽ നല്ലതാണെന്ന് നിർദ്ദേശിക്കുന്നുണ്ടെങ്കിലും(recommended) ഇതൊന്നും നിർബന്ധമല്ല. പക്ഷേ ഹെൽമറ്റ് നിർബന്ധമാണ്. സംഘാടകർ നൽകുന്ന പരേഡിന്റെ ടീഷർട്ട് മാത്രമേ മേൽക്കുപ്പായമായി ധരിക്കാൻ പാടുള്ളൂ. പരേഡ് നടക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാനേ പാടില്ല.

77

9. ഈ പരേഡിൽ പങ്കെടുക്കാൻ ഏതെങ്കിലും ക്ലബ്ബിന്റെ ഭാഗമാകേണ്ട ആവശ്യമില്ല. ഏതൊരു വ്യക്തിക്കും സ്വന്തം നിലയ്ക്ക് പങ്കെടുക്കാം. സൈക്കിൾ സ്വന്തമായി ഇല്ലാത്തവർക്കും പങ്കെടുക്കാം. ആ‍വശ്യമുള്ളവർക്ക് 500 രൂപ നിരക്കിൽ, സൈക്കിൾ സംഘാടകർ തരുന്നതാണ്. രജിസ്റ്റർ ചെയ്യുമ്പോൾ അക്കാര്യം സൂചിപ്പിച്ചാൽ മതി.

10. പരേഡ് നടക്കുന്ന സ്ഥലം ഇനിയും തീരുമാനിച്ച് ഉറപ്പിച്ചിട്ടില്ല. പൊതുഗതാഗതം കാര്യമായി തടസ്സപ്പെടാത്ത തരത്തിലുള്ള ഒരിടമാണ് ആവശ്യമുള്ളത്. അത്തരം സ്ഥലങ്ങൾ അധികൃതരുടെ അനുമതി ആവശ്യമുള്ളതാണെങ്കിൽ അത് നേടേണ്ടതുണ്ട്. 3.2 കിലോമീറ്റർ അഥവാ 2 മൈൽ ദൂരമാണ് ഗിന്നസിന് വേണ്ടി വരിവരിയായി സൈക്കിളിൽ നീങ്ങേണ്ടതെങ്കിലും എല്ലാവരും 5 കിലോമീറ്ററോ അതിലധികമോ ചവിട്ടാൻ തയ്യാറായിരിക്കണം.

11. മൂന്ന് പ്രാവശ്യം റെക്കോർഡ് ശ്രമം നടത്താൻ ഗിന്നസ് ബുക്ക് അനുവദിക്കുന്നുണ്ട്. ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടാൽ രണ്ട് പ്രാവശ്യം കൂടെ ശ്രമിക്കാമെന്ന് സാരം. ആയതിനാൽ പങ്കെടുക്കുന്നവർക്ക് കൃത്യം 3.2 കിലോമീറ്ററല്ല ചവിട്ടേണ്ടി വരുന്നത്. മൂന്ന് പ്രാവശ്യവും ശ്രമിക്കേണ്ടി വന്നാൽ പത്ത് കിലോമീറ്ററിന് മേലെ ചവിട്ടേണ്ടതായി വരും. രാവിലെ മുതൽ മൂന്ന് പ്രാവശ്യമെന്ന് പറയുമ്പോൾ, ലൈൻ അപ്പ് അടക്കം വൈകീട്ട് നാല് മണി വരെയോ അതിന് ശേഷമോ നീണ്ട് പോയെന്ന് വരാം. ഓരോ സൈക്കിളിസ്റ്റുകളും ഇത് മനസ്സിലാക്കിയിരിക്കുക. അതിനനുസരിച്ച് പ്രാൿറ്റീസ് ചെയ്യുക. ദിവസം മുഴുവൻ നീളുന്ന തയ്യാറെടുപ്പിന് സജ്ജരാകുക; സൈക്കിളിങ്ങ് കാര്യക്ഷമത ഉണ്ടാക്കിയെടുക്കുക. ഇത്തരത്തിലുള്ള ബുദ്ധിമുട്ട് സഹിച്ച് പരേഡിൽ പങ്കെടുക്കാൻ ആവില്ലെന്ന് കണ്ടെത്തുന്നവരെ തലേന്ന് നടക്കുന്ന ട്രയൽ റണ്ണിൽ കണ്ടെത്തി ഒഴിവാക്കുന്നതാണ്. ഒരാൾ കാരണം മുഴുവൻ പേരുടേയും മറ്റുള്ള ഓരോ വ്യക്തികളുടേയും രാജ്യത്തിന്റെ തന്നെയും നേട്ടത്തിന് തടസ്സം ഉണ്ടാകരുത് എന്നതുകൊണ്ട് പങ്കെടുക്കുന്നവർ ഈ നിബന്ധനയുമായി പൂർണ്ണമായും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

12. റെക്കോഡ് സ്ഥാപിക്കാനായാൽ റെക്കോഡിന്റെ *ഭാഗമായവർക്കെല്ലാം ഗിന്നസിന്റെ സൈറ്റിൽ നിന്ന്, സ്വന്തം പേരുള്ള വ്യക്തിഗത സർട്ടിഫിക്കറ്റുകൾ സൌജന്യമായി  പ്രിന്റ് ചെയ്തെടുക്കാവുന്നതാണ്. മുൻപ് അത്തരത്തിൽ പെങ്കെടുത്ത ഒരു വ്യക്തിയുടെ ഗിന്നസ് സർട്ടിഫിക്കറ്റ് ചുവടെ ചേർക്കുന്നു. ഗിന്നസിൽ നിന്നുള്ള ഒറിജിനൽ സർട്ടിഫിക്കറ്റ് വേണമെന്നുള്ളവർ അത് സ്വന്തം അഡ്രസ്സിൽ എത്താനുള്ള തുക ഗിന്നസിൽ നൽകി തപാലിൽ വരുത്താവുന്നതാണ്. റെക്കോഡ് ഇടുന്ന വേളയിൽ ആ സ്ഥലത്ത് വെച്ച് ഗിന്നസ് നൽകുന്നത് മൊത്തത്തിൽ നടന്ന ഇവന്റിൽ റെക്കോഡ് നേടി എന്ന് കാണിക്കുന്ന ഒരു സർട്ടിഫിക്കറ്റ് മാത്രമായിരിക്കും.

IMG-20191009-WA0012

13. പങ്കെടുക്കുന്നവരുടെ പ്രായത്തിന് മുകളിലേക്ക് പരിധിയൊന്നും ഇല്ലെങ്കിലും താഴേക്ക് അത് 15 എന്ന് ക്ലിപ്തപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും 15 മുതൽ 18 വരെ പ്രാവമുള്ളവർ പങ്കെടുക്കുമ്പോൾ രക്ഷിതാക്കളിൽ ആരെങ്കിലും ഒരാൾ പരേഡ് നടക്കുന്ന സ്ഥലത്ത് ഉണ്ടായിരിക്കേണ്ടതാണ്. 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പങ്കെടുക്കണമെങ്കിൽ അവർ ഏതെങ്കിലും അംഗീകൃത തലത്തിലുള്ള സൈക്കിളിങ്ങ് പരിശീലനം നേടിയതായോ മത്സരത്തിൽ പങ്കെടുത്തതായോ ഉള്ള സർട്ടിഫിക്കറ്റുകളും രേഖകളും ഹാജരാക്കണം. അതെല്ലാം പരിശോധിച്ച് സ്ഥിരീകരിച്ച ശേഷം മാത്രമേ പങ്കെടുപ്പിക്കൂ.

14. *പരേഡ് ആരംഭിച്ച ശേഷം ഇടയ്ക്ക് ഒരു സൈക്കിളിസ്റ്റ് സൈക്കിളുമായി വീഴുകയോ, പഞ്ചർ, ചെയിൻ പൊട്ടൽ, ചെയിൻ ലൂസാകൽ, ബ്രേക്ക് ജാം ആകൽ എന്നിങ്ങനെയുള്ള ഏതെങ്കിലും ഒരു കാരണത്താൽ പരേഡിൽ നിന്ന് പുറത്തേക്ക് പോകുകയോ ഉണ്ടായാൽ അയാൾക്ക് പിന്നിൽ വരുന്ന അത്രയും സൈക്കിളുകൾ പരേഡ് നിരയിൽ നിന്ന് പുറത്താകും. ഒന്നുകൂടെ വിശദമായി പറഞ്ഞാൽ. പരേഡിലെ 2500 -)മത്തെ ആളാണ് വീഴുന്നതെങ്കിൽ ഗിന്നസ് റെക്കോഡ് കിട്ടുക 2499 പേർക്കുള്ളതായിരിക്കും. അതിന് പിന്നാലെ വന്നവർക്ക് വ്യക്തിഗത സർട്ടിഫിക്കറ്റ് നഷ്ടമാകും. 1995 എന്ന റെക്കോഡാണ് ഭേദിക്കാൻ ശ്രമിക്കുന്നത്. ആയതുകൊണ്ടുതന്നെ. 1995 മുതൽ മുൻപിലുള്ള ഏതെങ്കിലും സൈക്കിളിസ്റ്റാണ് പുറത്താകുന്നതെങ്കിൽ റെക്കോർഡ് ഭേദിച്ചതായി കണക്കാക്കില്ല. ആയതിനാൽ രണ്ടാമത്തെ ശ്രമത്തിലേക്കും അതിലും പരാജയപ്പെട്ടാൽ മൂന്നാമത്തെ ശ്രമത്തിലേക്കും കടക്കും. മൂന്ന് ശ്രമങ്ങളും പരാജയപ്പെട്ടാൽ ഇതൊരു റെക്കോർഡ് ശ്രമം മാത്രമായി അവസാനിക്കും.

15. മേൽ‌പ്പറഞ്ഞ അനിഷ്ടങ്ങളിൽ പഞ്ചർ എന്ന ഒരു കാര്യം മാത്രം നമ്മൾ മനുഷ്യരുടെ നിയന്ത്രണത്തിന് വെളിയിലാണ്. മറ്റെല്ലാത്തരത്തിലും സൈക്കിൾ പൂർണ്ണ സജ്ജമാണെന്ന് ഓരോ സൈക്കിളിസ്റ്റുകളും സ്വയം ഉറപ്പ് വരുത്തുകയും സംഘാടകർ നിയമിച്ചിട്ടുള്ള സൈക്കിൾ മെക്കാനിക്കുകൾ ( 7 പേർ) വഴിയോ ഉറപ്പ് വരുത്തിയിരിക്കണം. ചെയിൻ കവർ ഉള്ള സൈക്കിളുകളിൽ നിന്ന് അതഴിച്ച് മാറ്റി പങ്കെടുത്താൽ, തെറ്റിപ്പോയ ചെയിൻ പെട്ടെന്ന് തന്നെ ഇടാൻ സൌകര്യമാകും. അഥവാ സൈക്കിൾ പഞ്ചറായാലും 3.2 കിലോമീറ്റർ പഞ്ചർ വെച്ചുകൊണ്ടുതന്നെ ചവിട്ട് പൂർത്തിയാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. അങ്ങനെ ചെയ്താൽ ടയറും ട്യൂബും റിമ്മും ഒക്കെ നാശമായെന്ന് വരാം. പക്ഷെ അത് നമുക്ക് നന്നാക്കിയെടുക്കാനാവും. ഇത്രയും പേരുടെ അദ്ധ്വാനവും സന്തോഷവും ഇല്ലാതായിപ്പോകാതിരിക്കാൻ അങ്ങനെ ഒരു ത്യാഗം പഞ്ചറാകുന്ന ആൾ സഹിക്കേണ്ടി വരും.

16. ഈ പരേഡിൽ നിന്ന് ഉണ്ടാക്കുന്ന സാമ്പത്തിക നേട്ടം മുഴുവൻ പരേഡിന്റെ ബാങ്ക് അക്കൌണ്ടിൽ നിക്ഷിപ്തമായിരിക്കും. അതിന്റെ മുഴുവൻ കണക്കുകളും ഓൺലൈനിൽ പബ്ലിഷ് ചെയ്യുന്നതാണ്. എന്തെങ്കിലും നഷ്ടമോ കടമോ ഉണ്ടായാൽ അത് സംഘാടകർ സഹിക്കുന്നതും ലാഭം ഉണ്ടായിട്ടുണ്ടെങ്കിൽ അത് സൈക്കിളിങ്ങ് സംബന്ധിയായ പരിപാടികൾക്ക് വിനിയോഗിക്കുന്നതുമായിരിക്കും. റെക്കോഡ് സ്ഥാപിക്കാനായില്ലെങ്കിൽ മറ്റൊരു റേക്കോഡ് ശ്രമം നടത്താനുള്ള ഫണ്ടിലേക്ക് ഈ തുക ഉപയോഗിക്കപ്പെടും. ഈ റെക്കോഡ് മറ്റൊരു കൂട്ടർ തകർത്താൽ ഒരിക്കൽക്കൂടെ റെക്കോഡ് ഭേദിക്കുന്ന ഒരു പരേഡിനെപ്പറ്റി ചിന്തിക്കുമ്പോൾ അതിലേക്ക് ഈ തുക വകയിരുത്തുന്നതാണ്. ഇത് കൂടാതെ സൈക്കിളിങ്ങ് സംബന്ധിയായ മറ്റ് പല ഗിന്നസ് റേക്കോഡുകളും നിലവിലുണ്ട്. വരുംകാലങ്ങളിൽ ആ റേക്കോഡുകൾ ഭേദിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടി, ലാഭത്തിലൂടെ ബാക്കി വരുന്ന (ബാക്കി വന്നാൽ) തുക ഉപയോഗിക്കുന്നതാണ്.

17. നിലവിൽ 3500 പേരെ വെച്ചാണ് പരേഡ് പദ്ധതിയിടുന്നതെങ്കിലും ജനുവരി ആദ്യവാരം വരെ രജിസ്ട്രേഷൻ തുടർന്ന് പോകുന്നതാണ്. ജനുവരി  വരെ രജിസ്റ്റർ ചെയ്യുന്നത് 3500 മുകളിലുള്ള സൈക്കിളിസ്റ്റുകളായാലും അത്രയും പേരെ വെച്ച് പരേഡ് നടത്താൻ സംഘാടകർ സന്നദ്ധരാണ്. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.

18. ഇതിന്റെ ഭാഗമായി രണ്ട് ദിവസം കൊച്ചിയിൽ എക്സ്പോ ഉണ്ടായിരിക്കുന്നതാണ്. പരേഡിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് എക്സ്പോയിൽ പ്രവേശനം സൌജന്യമായിരിക്കും. കുറഞ്ഞ നിരക്കിൽ അല്ലെങ്കിൽ റിഡക്ഷൻ നിരക്കിൽ സ്പോർട്ട്സ് സാധനങ്ങൾ എക്സ്പോയിൽ ലഭ്യമാക്കാൻ നിർമ്മാതാക്കളുമായി ഏർപ്പാടുകൾ ചെയ്യുന്നതാണ്.

ജനുവരി 26ന് നടത്തുന്ന പരിപാടി ആയതുകൊണ്ട് തന്റെ രാജ്യസ്നേഹത്തിന്റേയും അഖണ്ഡതയുടേയുമൊക്കെ ഔന്നത്യത്തിൽ നിൽക്കുന്ന ഒരു പരേഡ് കൂടെയാണിത്. രണ്ട് വട്ടം ഇന്ത്യയിൽ ഉണ്ടായിരുന്ന ഒരു റെക്കോഡ് തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ നടത്തുന്ന ഈ പരേഡ് അത്തരത്തിൽത്തന്നെ രാജ്യശ്രദ്ധയും മാദ്ധ്യമശ്രദ്ധയും ആകർഷിക്കാൻ പോന്നതാണ്. വിജയിച്ചാലും പരാജയപ്പെട്ടാലും ഈ ശ്രമത്തിന്റെ ഭാഗമാകാൻ കഴിയുക എന്നത് ഇന്ത്യക്കാരനായ ഓരോ സൈക്കിളിസ്റ്റും അഭിമാനമായി കാണേണ്ട ഒന്നാണ്.

മുന്നറിയിപ്പ് & ബാദ്ധ്യതാ നിരാകരണം:- യോഗത്തിൽ പങ്കെടുത്ത ഒരു വ്യക്തി എന്ന നിലയ്ക്കും ഒരു സൈക്കിളിസ്റ്റ് എന്ന നിലയ്ക്കും സ്പോർട്ട്സ് പ്രേമി എന്ന നിലയ്ക്കുമാണ് ഇതിന്റെ സംഘാടകരുമായി വ്യക്തിപരമായി ഞാൻ സഹകരിക്കുന്നത്. ഏതെങ്കിലും ഒരു വിഷയത്തിൽ വ്യക്തിഗത ഗിന്നസ് റെക്കോഡ് നേടാനും മാത്രം പ്രാവീണ്യമോ കഴിവോ ആർജ്ജവവോ ഉള്ള വ്യക്തിയല്ല ഞാൻ. അതുകൊണ്ടുതന്നെ സംഘം ചേർന്നുള്ള ഈ പരേഡ് വഴി ഒരു ഗിന്നസ് റെക്കോഡിന്റെ ഭാഗമാകാനും ഒരു വ്യക്തിഗത ഗിന്നസ് റെക്കോഡ് കൈവശപ്പെടുത്താനുമുള്ള സാദ്ധ്യതയും അവസരവും ജിവിതത്തിൽ വീണ്ടുമൊരിക്കലോ ഇടയ്ക്കിടയ്ക്ക് പോലുമോ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. ഈ പരേഡിൽ പങ്കെടുത്ത് സഹകരിക്കുകയും സംഘാടകർക്ക് ആവശ്യമുള്ള മറ്റേതെങ്കിലും സഹായം നൽകിയും ഞാൻ പങ്കാളിയാകുന്നതിന്റെ പിന്നിലുള്ള ചേതോവികാരം ഇതെല്ലാമാണ്. അതല്ലാതെ ഈ പരേഡ് നടത്തിപ്പിന്റെ ഏതെങ്കിലും ഉത്തരവാദിത്വമോ സാമ്പത്തികം അടക്കമുള്ള കാര്യങ്ങളിലുള്ള ബാദ്ധ്യതയോ നിലവിൽ എന്നിൽ നിക്ഷിപ്തമല്ല. പങ്കെടുക്കുന്നവർ മേൽ‌പ്പറഞ്ഞ കാര്യങ്ങൾ എല്ലാം വായിച്ച് മനസ്സിലാക്കി ഇതിന്റെ വരും വരായ്കൾ സ്വയം ഉൾക്കൊണ്ട് ബോദ്ധ്യപ്പെട്ട് മാത്രം മുന്നോട്ട് നീങ്ങുക.

#CycleWithPride
www.bicycleparade.com
facebook.com/BicycleParade
instagram.com/bicycleparade
twitter.com/bicycle_parade
linkedin.com/groups/12302230

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>