Monthly Archives: December 2017

ഒരു അഭ്യർത്ഥന ഒപ്പം പുതുവത്സരാശംസകളും


Happy-New-Year-Images-2018-HD-1

രു കോപ്പിയടി വിഷയത്തിൽ വാദി സ്ഥാനത്ത് ഞാൻ എത്തിയപ്പെട്ട വിവരം ചിലരെങ്കിലും അറിഞ്ഞുകാണുമല്ലോ ? അറിഞ്ഞിട്ടില്ലാത്തവർ അതേപ്പറ്റി അന്വേഷിച്ച് ബേജാറാകേണ്ടതില്ല. നിങ്ങൾക്ക് പുതുവർഷാശംസകൾ നേരുന്നു. നിങ്ങൾ തുടർന്ന് വായിക്കേണ്ടതുമില്ല.

വിഷയം അറിഞ്ഞവരുടെ അറിവിലേക്ക് വേണ്ടി മാത്രമാണ് ബാക്കിയുള്ള വരികൾ.

ഞാൻ ഒരു ഓൺലൈൻ എഴുത്തുകാരനായതുകൊണ്ടാണ് അങ്ങനെയൊരു വിഷയം ഉണ്ടായപ്പോൾ ഓൺലൈനിലൂടെ(ഫേസ്ബുക്ക്) പ്രതികരിച്ചത്. എനിക്ക് കൈയ്യെത്തും ദൂരത്തുള്ളത് ഈ മാദ്ധ്യമം മാ‍ത്രമാണല്ലോ ? ഇതിലൂടെ പ്രതികരിക്കുന്നതിന് മുന്നേ തന്നെ കോപ്പിയടിക്കപ്പെട്ട ലേഖനങ്ങൾ വന്ന പുസ്തകത്തിന്റെ പ്രസാധകരെ ഞാൻ വിവരമറിയിച്ചിരുന്നു. കോപ്പിയടിക്കപ്പെട്ടു എന്നകാര്യം മണിക്കൂറുകൾക്കുള്ളിൽ അവർ അംഗീകരിക്കുകയും അടുത്ത ദിവസം തന്നെ പുസ്തകം മാർക്കറ്റിൽ നിന്ന് പിൻ‌വലിച്ച് മാതൃക കാണിക്കുകയും ചെയ്തു. അപ്പോഴേക്കും മൂന്നോ നാലോ ഫേസ്ബുക്ക് പോസ്റ്റുകൾ ഇതുമായി ബന്ധപ്പെട്ട് എനിക്ക് ഇടേണ്ടി വന്നു.

പക്ഷേ, ഇനിയിപ്പോൾ ഈ വിഷയം നിയമപരമായി നീക്കാനുള്ള ഏർപ്പാടുകൾ ചെയ്തുകൊണ്ടിരിക്കുന്നതിനാൽ
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഓൺലൈനിൽ ചർച്ച ചെയ്യാൻ താൽ‌പ്പര്യപ്പെടുന്നില്ല. എന്നിരുന്നാലും ഇതിന്റെ അന്തിമഫലം എല്ലാവരേയും അറിയിക്കുന്നതാണ്.

കോപ്പിയടി അനുഭവങ്ങളിലൂടെ പലവട്ടം കടന്നുപോയിട്ടുള്ളവരാണ് ഞാനടക്കമുള്ള മറ്റനേകം ഓൺലൈൻ എഴുത്തുകാർ. അത് പക്ഷേ കൂടുതലും ഓൺലൈനിൽ നിന്ന് ഓൺലൈനിലേക്കായിരുന്നതുകൊണ്ട്, കോപ്പിയടിച്ച ആർക്കും കാര്യമായ സാമ്പത്തിക മെച്ചമൊന്നും ഉണ്ടാക്കിക്കൊടുത്തിട്ടില്ല. എന്നാൽ ഇതങ്ങനെയല്ല. കോപ്പിയടിച്ച് പബ്ലിഷ് ചെയ്ത പുസ്തകത്തിന്റെ രണ്ടാമത്തെ എഡിഷനാണ് വിറ്റുകൊണ്ടിരിക്കുന്നത്. ഒരു പ്രസാധകനും എഴുത്തുകാരനും ലക്ഷങ്ങളോ പതിനായിരങ്ങളോ അതിൽ നിന്ന് വരുമാനം ഉണ്ടാക്കുമ്പോൾ പണം മുടക്കി യാത്രചെയ്തതിനപ്പുറം സമയം കണ്ടെത്തി അതേപ്പറ്റി ഓൺലൈനിൽ എഴുതിയിട്ട യഥാർത്ഥ എഴുത്തുകാരന് സർഗ്ഗസൃഷ്ടി കൈമോശം വന്നതടക്കം നഷ്ടങ്ങൾ മാത്രം.

അത്തരം പ്രവണതകൾ മുളയിലേ നുള്ളേണ്ടതാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ലല്ലോ ? അതുകൊണ്ട് മാത്രമാണ് ഞാൻ കേസുമായി മുന്നോട്ട് പോകുന്നത്. അത് ഒരുപാട് ഓൺലൈൻ എഴുത്തുകാർക്ക് ഊർജ്ജം പകരുമെന്നും, കോപ്പിയടിക്കാർക്ക് വീണ്ടുവിചാരം ഉണ്ടാക്കുമെന്നും, പ്രസിദ്ധീകരിക്കാനെത്തുന്ന ലേഖനങ്ങളുടെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്താൻ പ്രസാധകരെ നിർബന്ധിതരാക്കുമെന്നും ഉറച്ച് വിശ്വസിക്കുന്നു. അതിന് വേണ്ടിയുള്ള ഒരു പോരാട്ടം മാത്രമാണിത്. ഈ നീക്കത്തിനൊടുവിൽ ഏതെങ്കിലും തരത്തിൽ സാമ്പത്തികനേട്ടം ഉണ്ടാക്കാനായാൽ അത് മുഴുവൻ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നൽകുമെന്നും അതിന്റെ കണക്കുകൾ പരസ്യപ്പെടുത്തുമെന്നും മുൻപ് ഞാൻ ഫേസ്ബുക്കിൽ പറഞ്ഞ വാക്കിൽ ഉറച്ചുനിൽക്കുന്നു.

അതല്ലാതെ കോപ്പിയടിച്ച ആളോടോ പ്രസാധകരോടോ എനിക്ക് വ്യക്തിപരമായി ഒരു വിരോധവും ഇല്ല. അക്കാര്യം ഞാനവരെ രണ്ട് കൂട്ടരേയും അറിയിച്ചിട്ടുള്ളതുമാണ്.

ആയതിനാൽ, ഈ വിഷയത്തിൽ എന്നെ വിശ്വസിച്ച്, ഞാൻ തെളിവുകൾ ഏതെങ്കിലുമൊന്ന് ഹാജരാക്കുന്നതിന് മുന്നേ തന്നെ എനിക്കൊപ്പം നിന്ന, ഇപ്പോഴും എനിക്കൊപ്പമുള്ള എല്ലാ ഓൺലൈൻ സുഹൃത്തുക്കൾക്കും ഓഫ്‌ലൈൻ സുഹൃത്തുക്കൾക്കും പ്രവാസി സുഹൃത്തുക്കൾക്കും  വായനക്കാർക്കും അഭ്യുദയകാംക്ഷികൾക്കും വക്കീലന്മാർക്കും എന്റെ കുടുംബത്തിനും ബന്ധുക്കൾക്കുമെല്ലാം നന്ദിയും സ്നേഹവും നൽകുന്നതിനോടൊപ്പം, ഇതുമായി ബന്ധപ്പെട്ട് തുടർന്നങ്ങോട്ട് ഒരു കമന്റ് കൊണ്ടോ, കുറിപ്പ് കൊണ്ടോ ഓൺലൈൻ പോസ്റ്റ് കൊണ്ടോ, പ്രതിസ്ഥാനത്തായവരെ അവരുടെ പോസ്റ്റുകൾക്കടിയിലോ, നേരിട്ടോ, ഫോണിലൂടെയോ ബുദ്ധിമുട്ടിക്കുകയോ നോവിക്കുകയോ ചെയ്യുന്ന തരത്തിൽ ഒരു നീക്കവും ആരുടേയും ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് അഭ്യർത്ഥിക്കുന്നു.

കേസുമായി ശക്തമായി മുന്നോട്ട് പോകും. തെറ്റ് ചെയ്തവർക്കുള്ള ശിക്ഷ നീതിപീഠം നിശ്ചയിച്ച് നൽകട്ടെ. നമുക്കെല്ലാവർക്കും ചേർന്ന് അതിനായി ശ്രമിക്കാം. ഭാവിയിൽ ഇത്തരം ഒരു ദുഷ്പ്രവണതകൾ ഉണ്ടാകാതിരിക്കാനുള്ള ഒരു നിമിത്തം മാത്രമായി ഈ സംഭവത്തെ കണ്ടാൽ മതി.

ഇല്ലാത്ത അക്ഷരങ്ങൾ പെറുക്കിക്കൂട്ടി എല്ലാവർക്കും ഒരിക്കൽക്കൂടെ നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം പുതുവത്സരാശംസകളും നേരുന്നു. നല്ല വായനയും എഴുത്തും ആട്ടവും പാട്ടും സിനിമയും നാടകവും യാത്രയും മരംനടലും തീനും കുടിയും കായികാഭ്യാസങ്ങളുമൊക്കെയായി 2018 നമുക്കാഘോഷമാക്കാം.

സസ്നേഹം
- നിരക്ഷരൻ
(അന്നും ഇന്നും എപ്പോഴും)