ആഘോഷങ്ങൾ

ഇന്ന് ആഘോഷ രാവാണ്


44
ന്ന് രാവിലെ കണ്ടോലിം ഭാഗത്തുനിന്ന് വണ്ടി വിട്ടു. അടുത്ത ക്യാമ്പ് എവിടെ, അവിടെ കാര്യങ്ങൾ എങ്ങനെ? എന്ന ആശങ്ക ഓരോ സ്ഥലം വിടുമ്പോഴും ഉണ്ടാകാറുണ്ട്.

രാവിലെ മുതൽ നല്ല മഴയുണ്ട്. നേരെ ചെന്ന് നിന്നത് പല പ്രാവശ്യം പോയിട്ടുള്ള ചപ്പോറ കോട്ടയിലാണ്.
‘ദിൽ ചാഹ്ത്താ ഹേ’ എന്ന സിനിമയിൽ മൂന്ന് നായകന്മാരും കൂടെ ചെന്ന് കയറി കടലിലേക്ക് നോക്കി ഫിലോസഫിയും പറഞ്ഞിരിക്കുന്ന കോട്ട എന്ന് പറഞ്ഞാൽ എളുപ്പം മനസ്സിലാകും എല്ലാവർക്കും.

കോട്ടയിരിക്കുന്ന കുന്നിന്റെ മുകളിലേക്കുള്ള കയറ്റം ഗംഭീരമാക്കിയിട്ടുണ്ട്. ഗോവൻ സർക്കാരിന് അവരുടെ പ്രധാന വരുമാന മാർഗ്ഗമായി ടൂറിസത്തെ എങ്ങനെ മുന്നോട്ട് നീക്കണമെന്ന് നല്ല ബോദ്ധ്യമുണ്ടെന്ന് ആ പടികൾ കണ്ടാൽ മനസ്സിലാക്കാം. പത്ത് വർഷം മുൻപ് പോയപ്പോൾ, എങ്ങനെ അതിന്റെ മുകളിലെത്തുമെന്ന് വിഷമിച്ചത് നല്ല ഓർമ്മയുണ്ട്.

അധികാരം സ്ഥാപിക്കാനായാലും സാമ്രാജ്യം വികസിപ്പിക്കാനായാലും സുഗന്ധദ്രവ്യങ്ങൾ കൊണ്ടുപോകാനായാലും പരദേശികൾ വന്നതിന്റെ ബാക്കിപത്രം ഗുണകരമായിത്തന്നെയാണ് ഇന്നാട്ടുകാർക്ക് വന്നിരിക്കുന്നതെന്ന് പറഞ്ഞാൽ രാജ്യദ്രോഹിയായി ചാപ്പ കുത്തരുത്. പരദേശികൾ വന്നതിന്റെ പേരിൽ അന്നിവിടെ ഉണ്ടായിരുന്നവർ അനുഭവിച്ച കഷ്ടപ്പാടുകൾ വിസ്മരിക്കുകയാണെന്നും കരുതരുത്. അക്കാലത്തേയും ഇക്കാലത്തെയും ഒന്ന് വിലയിരുത്താൻ ശ്രമിക്കുന്നെന്ന് മാത്രം.

അന്നത്തെ കാലം തന്നെ പറഞ്ഞ് തുടങ്ങാം.

വന്ന് കയറിയവർക്ക് ആൾബലം കുറവായിരുന്നെങ്കിലും സാങ്കേതികത്വം കൂടുതലുണ്ടായിരുന്നു. അവരുടെ കൈയിൽ തോക്കും പീരങ്കിലും കെട്ടുറപ്പും ഉണ്ടായിരുന്നു. നമ്മളതേപ്പറ്റിയൊന്നും കേട്ടിട്ടുപോലും ഉണ്ടായിരുന്നില്ല.
അവർ മതപരിവർത്തനം നടത്തി. പറമ്പും കൃഷിയിടങ്ങളും ഉണ്ടായിരുന്നവരുടെ കൈയിൽ നിന്ന് അതെല്ലാം പിടിച്ചെടുത്ത് അവർക്ക് തന്നെ പാട്ടത്തിന് കൊടുത്തു. പലർക്കും കടുത്ത പീഡനങ്ങൾ ഏൽക്കേണ്ടി വന്നു. കുറേപ്പേർ നിവൃത്തികേട്‌ കാരണം അതിനെല്ലാം വഴങ്ങി. ഗൗഡരാണ് ശരിക്കും ബുദ്ധിമുട്ടിയത്.

പലരും മംഗലാപുരം കൊച്ചി ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് പലായനം ചെയ്തു. കിഴക്കൻ ഭാഗത്ത് അഥവാ കാടുകളിൽ കഴിഞ്ഞിരുന്ന ഗൗഡ ആദിവാസികൾ പലരും പിടികൊടുക്കാതെ ഇവിടെത്തന്നെ പിടിച്ചുനിന്നു. ആ ഭാഗത്ത്, പറങ്കികൾകും കാര്യമായ താൽപ്പര്യം ഉണ്ടായിരുന്നില്ല.

മതമേധാവികൾ ആയതോടെ പിടിച്ചെടുത്ത സ്ഥലങ്ങളുടെ നോട്ടക്കാർ അവരായി. എക്കാലവും ആർക്കും അടക്കി വാഴാൻ പറ്റില്ലല്ലോ. വന്ന് കയറിയവർക്ക് മെല്ലെ എല്ലാം ഉപേക്ഷിച്ച് പോകേണ്ടി വന്നു. അതോടെ കണക്കറ്റ ഭൂസ്വത്തുക്കളും കൃഷിയിടങ്ങളും മതസ്ഥാപനങ്ങളുടേയും അതിന്റെ ഇന്നത്തെ ഇവിടെയുള്ള നടത്തിപ്പുകാരുടേയും കൈവശമായി. എത്രയെന്ന് വെച്ച് അവർ കൊണ്ടുനടക്കും, നോക്കിനടത്തി സംരക്ഷിക്കും, കട്ട് മുടിക്കും. അവർ അൽപ്പാൽപ്പമായി വിറ്റൊഴിവാക്കാനും തുടങ്ങി.
അങ്ങനെ, മതപരിവർത്തനം നടത്തിയോ അല്ലാതെയോ ഇവിടെത്തങ്ങിയവരിൽ പണമുണ്ടാക്കിയവരും, മറ്റ് പല നാട്ടുകാരും, ഓടിപ്പോയവരുടെ പിൻഗാമികളിൽ ചിലരും തിരികെ വന്ന്, അൽപ്പസ്വൽപ്പം ഭൂസ്വത്തുക്കൾ വാങ്ങി സ്വന്തമാക്കി ജീവിക്കാൻ തുടങ്ങി. പൊതുവെ എല്ലാവരും നല്ല വിശ്വാസികളായിരുന്നു. വിശ്വാസമുള്ളയിടത്തൊക്കെ ചെറിയ തോതിലെങ്കിലും അന്ധവിശ്വാസവും ഉണ്ടാകുമല്ലോ?

ഓടിപ്പോയവരിൽ ചിലരും ഇവിടെ നിന്ന് സഹിച്ച് മണ്ണടിഞ്ഞു പോയവരിൽ ചിലരും നന്നായി ദുരിതം അനുഭവിച്ചവർ തന്നെ ആയിരുന്നു. അവരുടെ മണ്ണ് വാങ്ങിയവരിൽ പലർക്കും ദുരിതം വിട്ടൊഴിഞ്ഞില്ല, മേൽഗതി ഉണ്ടായില്ല. അത്രയ്ക്ക് അനുഭവിച്ച ആത്മാക്കളുടെ ശാപം ആ മണ്ണിൽ നിന്ന് വിട്ടൊഴിഞ്ഞിട്ടില്ല എന്നതായിരുന്നു എല്ലാവരും ചേർന്ന് എത്തിപ്പെട്ട നിഗമനം, അതായിരുന്നു അന്ധവിശ്വാസം. അത്തരം ഭൂമികളെ അവർ ശപിക്കപ്പെട്ട ഭൂമി (Cursed Land) എന്ന് വിളിച്ചു. അത്തരം നൂറുകണക്കിന് ഭൂമികൾ വിറ്റുപോകാതെ കിടക്കുന്നുണ്ട് ഗോവയിൽ.(മനസ്സിൽ പലർക്കും ലഡ്ഡു പൊട്ടിക്കാണുമെന്നറിയാം. എനിക്കും ലഡ്ഡു പൊട്ടി.)

പറഞ്ഞുപറഞ്ഞു കാടുകയറി. ഇങ്ങനെ പോകുന്നു, പഴയ ഗോവയിൽ നിന്ന് കഥ പുതിയ ഗോവയിൽ എത്തുമ്പോൾ.

സാന്റോ എസ്തവം പോലുള്ള ദ്വീപുകൾ വലിയ പച്ചക്കറി കൃഷിയിടങ്ങൾ ആയിരുന്നു. അവിടെയൊക്കെ കൃഷി ചെയ്യുന്നവർ വിരളമാണ് ഇപ്പോൾ. കള പിടിച്ച് കിടക്കുന്ന നോക്കെത്താ ദൂരം വരുന്ന കൃഷിയിടങ്ങൾ എവിടെയും കാണാം. ചുരുക്കം ചിലർ മാത്രം നഷ്ടം സഹിച്ചായാലും ജീവിതമാർഗ്ഗം എന്ന നിലയ്ക്ക് ചില്ലറ കൃഷികൾ നടത്തിപ്പോരുന്നു. പുതിയ തലമുറക്കാർ പലരും വിദേശ രാജ്യങ്ങളിൽ ജീവിതം കരുപ്പിടിപ്പിച്ച്‌ കഴിഞ്ഞു.

ഇനി ഇവിടെ ബാക്കിയുള്ള കുറേ മനുഷ്യർ. അവർ ഭൂരിഭാഗവും ജീവിക്കുന്നത് ടൂറിസം കൊണ്ടാണ്. പരദേശി നിർമ്മിക്കുകയും ഉപേക്ഷിച്ച് പോകുകയും ചെയ്ത ചരിത്രസ്മാരകങ്ങളെ ചുറ്റിപ്പറ്റി ജീവിക്കുന്നു നല്ലൊരു പങ്ക് ജനങ്ങൾ. റസ്റ്റോറന്റുകളും പെട്ടിക്കടകളും പാർക്കിങ്ങ് പിരിവുകളും മദ്യശാലകളും എല്ലാം കൊഴുക്കുന്നത് ടൂറിസം ഉള്ളതുകൊണ്ടാണ്. ചുരുക്കിപ്പറഞ്ഞാൽ, അന്ന് കുറേ ദുരിതങ്ങൾ നൽകിയവരുടെ നിർമ്മിതികൾ ഇന്നത്തെ ജനങ്ങൾക്ക് ഉപകരിക്കുന്നുണ്ട്. തലമുറകൾ കൊഴിഞ്ഞതോടെ പഴയ കഥകൾ വിസ്മൃതിയിലേക്ക് മറയാനും തുടങ്ങിയിരിക്കുന്നു.

ഇപ്പറഞ്ഞതിനെല്ലാം ചരിത്രത്തിന്റെ ഭാഷ്യങ്ങൾ പലതുണ്ടാകാം. പക്ഷേ, ഒരു സാധാരണ ഗോവൻ പൗരനോട് ചോദിച്ചാൽ കിട്ടുന്ന കഥകൾ ഏതാണ്ടിങ്ങനെ ആയിരിക്കും. നാട്ടുകഥയെന്നോ കെട്ടുകഥയെന്നോ മുത്തശ്ശിക്കഥയെന്നോ പറഞ്ഞ് അവഗണിക്കണമെങ്കിൽ അങ്ങനെയാകാം. പക്ഷേ, ശപിക്കപ്പെട്ട ഭൂമി ഒരു യാഥാർത്ഥ്യം തന്നെയാണ് ഗോവയിൽ.

അക്ഷരമില്ലാത്തവൻ എന്തിന് ഇത്രയുമൊക്കെ പറയണം? തെണ്ടിയായ ഒരു സഞ്ചാരി അയാൾക്ക് ചേരുന്നത് പറഞ്ഞാൽപ്പോരേ ?
അങ്ങനെ വല്ലതും പറയാം. സഞ്ചാര കഥ നമ്മൾ എവിടെയാണ് നിർത്തിയത്?

ങ്ങ് ഹാ… കണ്ടോലിം വിട്ടു. ചപ്പോറ കോട്ട കണ്ടു. വാഗത്തോറിൽ കൊള്ളാവുന്ന ഒരു റസ്റ്റോറന്റും (Klaj’s) അതിന്റെ പറമ്പും കണ്ടപ്പോൾ അവിടെ വാഹനമൊതുക്കി. ഉച്ചഭക്ഷണം ഓർഡർ ചെയ്യുന്നതിന് മുന്നേ തന്നെ ഉടമയോട് കാര്യം പറഞ്ഞു.
“തെണ്ടിയാണ്. വാഹനത്തിൽത്തന്നെ കിടന്നോളാം. ഭക്ഷണം ഇവിടന്ന് തന്നെ. ശൗചാലയം ഉപയോഗിക്കും. ലാപ്ടോപ്പ് ഉപയോഗിക്കാനുള്ള വൈദ്യുതി ഒരു മേശയിൽ തരണം.”

അയാൾക്ക് സന്തോഷം. എല്ലാ സൗകര്യങ്ങളും ഉപയോഗിച്ചോളാൻ സമ്മതം തന്നു. ജീവനക്കാരെ ശട്ടം കെട്ടി. ഉച്ചയ്ക്ക് ഗംഭീര കടൽ വിഭവങ്ങൾ തന്നു. പകരം ഈ മനോഹരമായ സ്ഥലത്തിന്റെ ഒരു റീൽ ഉണ്ടാക്കിയിടാൻ ഞാനും തീരുമാനിച്ചിട്ടുണ്ട്.
വാരാന്ത്യമാണ്. പാട്ടും കൂത്തുമൊക്കെ ഉണ്ടാകുമെന്ന് പറഞ്ഞ് ഏതാണ്ട് നാല് മണിയോടെ എല്ലാവരും എങ്ങോട്ടോ പോയി.
ഒന്നോ രണ്ടോ മണിക്കൂറിനകം വരുമെന്ന് കരുതിയെങ്കിലും ഏഴര മണി കഴിഞ്ഞിട്ടും അഞ്ചെട്ട് ജീവനക്കാർ ഉണ്ടായിരുന്ന സ്ഥലത്ത് ആരുമില്ല, മുതലാളിയും ഇല്ല. വെളിച്ചവും കമ്മി. അതിനിടയ്ക്ക് നല്ല കനത്ത മഴ വീണു. ചെറുതല്ലാത്ത കാറ്റുമുണ്ട്. ഇതെങ്ങാനും ഇനി വല്ല ശപിക്കപ്പെട്ട ഭൂമി ആണോ ? ആണെങ്കിൽ വില പറഞ്ഞിട്ടേ പോകൂ.

ഇനിയാണ് ക്ളൈമാക്സ്. മഴ വന്നതും നാലഞ്ച് നായ്ക്കൾ ഏറെക്കുറെ തുറന്ന് കിടക്കുന്ന റസ്റ്റോറന്റിൽ കയറിക്കൂടിയിട്ടുണ്ടായിരുന്നു. എന്റെ കണ്ണിൽപ്പെടാതെ നിൽക്കുകയായിരുന്നു അവറ്റകൾ. അതിലൊരു നായ എന്റെ ഭാഗത്തേക്ക് വന്നു. കഴുത്തിൽ ബെൽറ്റുണ്ട്. പക്ഷേ ഇവിടത്തെ ആളല്ല.

കഴിഞ്ഞ ദിവസം റെയ്‌സ് മാഗോസ് കോട്ടയിൽ പോയപ്പോൾ തെരുവ് നായ്ക്കളുടെ ചില്ലറ ആക്രമണം നേരിട്ടിരുന്നു. വാച്ച്മാനാണ് അപ്പോൾ തുണയ്ക്ക് വന്നത്. അതിന് ശേഷം എപ്പോഴും ബാഗിൽ ഒരു പാക്കറ്റ് ബിസ്ക്കറ്റ് കരുതുന്നുണ്ട്.
ബിസ്‌ക്കറ്റ് ഞാൻ അവന് നൽകി. അവൻ്റെ കൂടെ വന്നവർ അതൊന്നും കണ്ടിട്ടില്ല. അവനോട് ഞാൻ ഇരിക്കാൻ പറഞ്ഞു. മുട്ടുമടക്കി ഇരുന്ന് കാണിച്ച് കൊടുത്തു. അവന് മനസ്സിലാകുന്നില്ല. തോറ്റ് തൊപ്പിയിട്ട് ഞാൻ കസേരയിൽ ഇരുന്നതും അവൻ കൃത്യമായി മുട്ടുമടക്കി ഇരുന്നു. രണ്ട് മിനിട്ടോളം അവനങ്ങനെ അനങ്ങാതെ ഇരുന്നു; ബിസ്‌ക്കറ്റ് മുഴുവൻ തീർത്തു. അതിനിടയ്ക്ക് ഞാൻ മെല്ലെ എഴുന്നേറ്റ് എന്റെ ടൈപ്പോഡിൽ ക്യാമറ ഉറപ്പിച്ച് ടൈമറിലിട്ട് ഒരു പടമെടുത്തു. (പോസ്റ്റിലുള്ള ചിത്രം) ക്യാമറയിലേക്ക് നോക്കാൻ പറഞ്ഞത് അവന് മനസ്സിലായില്ല.

അപ്പോഴേക്കും ജീവനക്കാർ വന്നു. മങ്ങിയ വെളിച്ചങ്ങൾ ഇട്ടു. നായ്ക്കളെ എല്ലാം ഓടിച്ചു. എന്റെ കൂട്ടുകാരനും ഓടിപ്പോയി.
ജീവനക്കാർ നായ്ക്കളെ അടുപ്പിക്കാറില്ലെന്ന് ഒറ്റനോട്ടത്തിൽ പിടികിട്ടി. പക്ഷേ, എനിക്ക് പിടിച്ച് നിൽക്കാനുള്ള സൂത്രം ഞാനൊപ്പിച്ചിട്ടുണ്ട്. ഇന്ന് രാത്രി നായ്ക്കൾ എന്റെ വണ്ടി വളയില്ല, ഓരിയിട്ട് എന്റെ ഉറക്കം കളയില്ല. രാത്രി അവന്മാർക്കുള്ള സ്വൽപ്പം ഭക്ഷണം കൂടെ കരുതിയാൽ ശുഭം.

പെട്ടെന്ന് ഒരു ബസ്സ് നിറയെ ആൾക്കാർ വന്നിറങ്ങിയിട്ടുണ്ട്. പാട്ടും കൂത്തും അവർക്ക് വേണ്ടി ഏർപ്പാട് ചെയ്തിരിക്കുന്നതാണെന്ന് തോന്നുന്നു. എന്നെ ഒരു അന്യഗ്രഹ ജീവിയെപ്പോലെ എല്ലാവരും നോക്കുന്നുണ്ട്.

ബാർ കൗണ്ടർ സജീവമായിക്കഴിഞ്ഞു. രാവിന്റെ ആഘോഷം എത്രയും പെട്ടെന്ന് തുടങ്ങും. ഈ യാത്രയിൽ അതിനേക്കാൾ വലിയ ലഹരി ഉണ്ടാകാൻ പാടില്ല എന്ന പോളിസി ഉള്ളതുകൊണ്ട്, ബാർ കൗണ്ടറിൽ പോയി ഇരുന്നാലും ലഹരി നുണയില്ല. അതിന് മറ്റൊരു കാരണം കൂടെയുണ്ട്.

സൈക്കിളിങ്ങ് തുടങ്ങിയതിന് ശേഷം മദ്യം ലഹരി തരുന്നില്ല. പല ദിവസങ്ങളിൽ ശ്രമിച്ചു നോക്കി. ‘നല്ലൊരു ശീലം’ നഷ്ടപ്പെട്ടിരിക്കുന്നു. ലഹരി കിട്ടുന്നില്ലെങ്കിൽ പിന്നെന്തിന് പണം മുടക്കി ഇത്
മോന്തണം. മദ്യപാന സദസ്സുകളിൽ നിന്നെല്ലാം ഇക്കാര്യം പറഞ്ഞ് ഒഴിവാകുകയാണ് പതിവ്.

നല്ല കാര്യമല്ലേ എന്ന് കരുതിയെങ്കിലും ഈയടുത്ത് ഒരു ഡോക്ടർ പറഞ്ഞത്, മദ്യപിച്ചാൽ ലഹരി കിട്ടുന്നില്ലെങ്കിൽ… സിസ്റ്റത്തിൽ നിന്ന് എന്തോ ഒരു ചിപ്പ് അടിച്ച് പോയിട്ടുണ്ട് എന്നാണ്. അത് ശരിയാണെന്ന് തോന്നുന്നു. വാർദ്ധക്യ സഹജമായ പ്രശ്നങ്ങളുടെ തുടക്കമാകാം.

തൽക്കാലം അതൊന്നും ആലോചിച്ച് തല പുണ്ണാക്കുന്നില്ല. ഇടയ്ക്ക് ഒരു ഗ്യാപ്പ് കിട്ടുമ്പോൾ എഞ്ചിൻ പണിക്ക് കേറ്റാം.
ഇന്ന് മഴ പെയ്ത് ഗോവ തണുത്ത ദിവസമാണ്. സത്യത്തിൽ ഗോവയിൽ വന്നിട്ട് ആദ്യത്തെ ആഘോഷ രാവും ഇതാണ്. അതേപ്പറ്റി മാത്രമേ ചിന്തിക്കുന്നുള്ളൂ. അധികം വൈകാതെ ഞാനീ ബസ്സിൽ വന്നിറങ്ങിയ കൂട്ടരിൽ ഒരാളാകും.

ഇതിൽക്കൂടുതൽ ബോറടിപ്പിക്കുന്നില്ല. ശുഭരാത്രി.

#greatindianexpedition
#gie_by_niraksharan
#boleroxl_motor_home
#fortsofgoa