സാംസ്ക്കാരിക വകുപ്പ് മന്ത്രി വാസവൻ, നടൻ ഇന്ദ്രൻസിനേയും അമിതാഭ് ബച്ചനേയും ചേർത്ത് പറഞ്ഞതും, മമ്മൂട്ടി ജൂഡ് ആൻ്റണിയുടെ കഷണ്ടിത്തലയെപ്പറ്റി പറഞ്ഞതുമൊക്കെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സിൻ്റെ പരിധിയിലാണോ ബോഡി ഷേമിങ്ങിൻ്റെ പരിധിയിലാണോ അതോ അതിനേക്കാൾ മുന്തിയ മറ്റ് വല്ല വകുപ്പിലുമാണോ വരുന്നതെന്ന് നിശ്ചയമില്ല. അതെന്തായാലും ആ രണ്ട് കേസും എതിർഭാഗത്തുള്ളവർക്ക് പരാതിയില്ലാതെ ഒതുങ്ങിക്കഴിഞ്ഞു. എങ്കിലും ചർച്ചകൾക്ക് കുറവൊന്നുമില്ല. ചർച്ചകൾ നടക്കട്ടെ. അക്കൂട്ടത്തിൽ ഒരു ചർച്ച ഞാനും മുന്നോട്ട് വെക്കുന്നു. വിഷയം പൊളിറ്റിക്കൽ കറക്റ്റ്നെസ്സ്.
ഞാൻ തീരെ കറക്റ്റ് അല്ലാത്ത ആളാണ്. ആയതിനാൽ പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് എനിക്ക് വല്ലാതെ പ്രശ്നമാകാറുണ്ട്. പക്ഷേ നിലവിട്ട് ഗുരുതരമായിട്ടില്ല.
ഒരിക്കൽ ഒരു യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ ദമ്പതികളോട് സംസാരിച്ച് നിൽക്കുമ്പോൾ അവർ സ്വന്തം മകളെപ്പറ്റി പരാമർശിച്ചത് ‘വികലാംഗ‘ എന്നാണ്. അവർ പാവങ്ങൾ, സാധാരണക്കാരിൽ സാധാരണക്കാർ. പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് എന്താണെന്ന് കേട്ടിട്ട് പോലും ഉണ്ടാകില്ല. കേട്ടിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, സ്വന്തം മകളെ മോശക്കാരിയാക്കി അവർ പറയുമോ?
എനിക്ക് പറ്റിയ അബദ്ധം, അവരെ വെച്ചുള്ള ഒരു സീൻ ചിത്രീകരിക്കുന്നതിനിടയിൽ, വികലാംഗ എന്ന അതേ പദം ഞാനും ഉപയോഗിച്ചു എന്നതാണ്. ഭിന്നശേഷിക്കാരി എന്ന പദം അറിയാഞ്ഞിട്ടല്ല; ബോധപൂർവ്വം ആ കുട്ടിയെ അപമാനിച്ചതുമല്ല. ആ കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞ അതേ പദം തൊട്ടടുത്ത നിമിഷം ആവർത്തിച്ചുപോയി. നമ്മൾ സ്ക്കൂൾ തലം മുതൽ പറയുന്ന പദമാണ്. ഇപ്പോഴും സർക്കാർ സ്ഥാപനങ്ങളിലും പൊതുഗതാഗത സൗകര്യങ്ങളിലും അടക്കം പലയിടത്തും ഇതേ പദം ഉപയോഗിക്കപ്പെടുന്നുണ്ട്. ആയതിനാൽ പഴയ പദം കളഞ്ഞ് പുതിയ പദം ഹൃദിസ്ഥമാക്കാനും അനായാസം എടുത്തുപയോഗിക്കാനും കുറച്ചെങ്കിലും സമയമെടുക്കും. മാറ്റിപ്പറയില്ലെന്ന് ഒരു പിടിവാശിയുമില്ല. പറ്റുന്നതും അറിയുന്നതുമായ അത്തരം പദങ്ങൾ തിരുത്തിക്കൊണ്ടിരിക്കുകയാണ്.
മേൽപ്പറഞ്ഞത് പോലെ മറ്റൊരു ഉദാഹരണമാണ് ‘വേശ്യയുടെ സദാചാര പ്രസംഗം‘ എന്ന പഴഞ്ചൊല്ല്. അത് സ്ത്രീയെ മാത്രം ലാക്കാക്കി പറയുന്ന ഒന്നായതുകൊണ്ട്, ആ പഴഞ്ചൊല്ല് പൊളിറ്റിക്കലി കറക്റ്റ് അല്ലാതായിരിക്കുന്നു. അത് പറയേണ്ട ആവശ്യം വരുമ്പോൾ ‘വ്യഭിചരിക്കുന്നവരുടെ സദാചാര പ്രസംഗം‘ എന്ന് ഉപയോഗിക്കാൻ ഞാൻ പഠിച്ച് കഴിഞ്ഞു.
സ്ത്രീയെ മാത്രം ലക്ഷ്യമാക്കുന്നതുകൊണ്ടുതന്നെ. ‘അരിയും തിന്ന് ആശാരിച്ചിനേം കടിച്ചിട്ട് പട്ടിക്ക് തന്നെ ഇപ്പോഴും മുറുമുറുപ്പ് ‘ എന്ന പഴഞ്ചൊല്ലും പൊളിറ്റിക്കലി കറക്റ്റ് അല്ലാതായിരിക്കുന്നു. അതിൻ്റെ കറക്റ്റ് പ്രയോഗം എന്താണെന്ന് ഇനിയും അറിയില്ല. നിർദ്ദേശിക്കൂ.
ഇതൊക്കെ എൻ്റെ ശ്രദ്ധയിൽപ്പെട്ടതും ഞാൻ പെട്ടതുമായ പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് അനുഭവങ്ങളാണ്.
ഇങ്ങനെ നിങ്ങളും പെട്ടുകാണില്ലേ ഒരു പൊളിറ്റിക്കൽ കറക്റ്റ്നെസ്സിൻ്റെ പേരിൽ? അല്ലെങ്കിൽ നിങ്ങൾക്കറിയുന്ന, മുൻപ് നമ്മൾ പറഞ്ഞിരുന്നതും ഇനി പറഞ്ഞാൽ പെടുന്നതുമായ പദങ്ങളും പല്ലവികളും ശൈലികളും ചൊല്ലുകളുമൊക്കെ പങ്കുവെക്കൂ. പറ്റാവുതൊക്കെ മാറ്റിപ്പറഞ്ഞ് മുന്നോട്ട് പോകാൻ ശ്രമിക്കാം.
മൊത്തത്തിൽ കേറിയങ്ങ് കറക്റ്റാകാൻ വേണ്ടിയല്ല. അത്രേം കറക്റ്റാകാൻ മനുഷ്യന്മാരെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല. എതിർവശത്തുള്ള ആൾക്ക് വിഷമമുണ്ടാകുന്ന പൊളിറ്റിക്കലി കറക്റ്റ് അല്ലാത്ത ഒരു പരാമർശം വരാതെ നോക്കാൻ വേണ്ടിയുള്ള ശ്രമം മാത്രമാണ്.
എൻ്റെ അനുഭവങ്ങൾ താഴെയുണ്ട്. കൂടുതലായി ആരെങ്കിലും പങ്കുവെക്കുന്നത് പോസ്റ്റിൽ എഡിറ്റ് ചെയ്ത് ചേർത്ത് പോകാം.
1. വികലാംഗർ – ഭിന്ന ശേഷിക്കാർ
————–
2. വേശ്യയുടെ സദാചാര പ്രസംഗം – വ്യഭിചരിക്കുന്നവരുടെ സദാചാര പ്രസംഗം.
————–
3. അരീം തിന്ന് ആശാരിച്ചീനേം കടിച്ചിട്ട് – (ഇതെങ്ങനെ കറക്റ്റാക്കുമെന്ന് പറയൂ.)
————–
വാൽക്കഷണം:- ‘അന്യ സംസ്ഥാനത്തൊഴിലാളി‘ക്ക് പകരം അതിഥി തൊഴിലാളി എന്ന പ്രയോഗത്തോട് അൽപ്പം പോലും യോജിപ്പില്ല. ഇതര സംസ്ഥാന തൊഴിലാളി എന്നേ ഞാൻ ഉപയോഗിക്കാറുള്ളൂ. അതിഥിയോടുള്ള മര്യാദകൾ പോയിട്ട് ഒരു മനുഷ്യനോടുള്ള ദയാദാക്ഷിണ്യം പോലും കാണിക്കാതെ, പേരിലും പറച്ചിലിലും മാത്രം വലിയ ഗാംഭീര്യവും കറക്റ്റ് നെസ്സും ഉണ്ടായിട്ട് കാര്യമില്ലല്ലോ.