ഇന്നലെ രാത്രി കിടന്നതും ഇന്ന് രാവിലെ എഴുന്നേറ്റതും ഇനിയെങ്ങോട്ട് എന്ന ചോദ്യചിഹ്നവുമായാണ്.
ഗുജറാത്തിൽ വന്ന് ആദ്യത്തെ കുറെ ദിവസങ്ങൾ ദിവ്യയുടെ വീട്ടിലും അത്രയും തന്നെ ദിവസങ്ങൾ പ്രസാദ് സാറിന്റെ വീട്ടിലും നിന്നപ്പോൾ, ആ ദിവസങ്ങളിലെ യാത്രയ്ക്ക് മനസ്സിൽ ഒരു രൂപരേഖ ഉണ്ടായിരുന്നു. കച്ചിൽ ശ്രേയക്കും സംഘത്തിനും ഒപ്പം ചേർന്നപ്പോഴും ആ മാനസ്സികാവസ്ഥ തുടർന്നു.
ഗുജറാത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് വടക്ക് കിഴക്ക് ഭാഗത്തേക്കാണ് ഇനി പോകാനുള്ളത്. ഇനിയുള്ള കോട്ടകൾ നല്ല ദൂരത്തിലാണ്.
അതെന്തായാലും രാവിലെ ഭൂപടം നിവർത്തി പോകേണ്ട സ്ഥലങ്ങളെപ്പറ്റി മനസ്സിൽ ഒരു ധാരണ ഉണ്ടാക്കി. അത് പ്രകാരം ഇന്ന് പോകേണ്ടത് ചുളി എന്ന സ്ഥലത്തേക്കാണ്. ഇതേ വഴി അഹമ്മദാബാദിലേക്ക് നീളുന്നുണ്ട്.
3 മണിക്കൂറോളം ദൂരമുണ്ട് ചുളിയിലേക്ക്. ഭുജ് നഗരത്തിൽ, ആശീർവാദ് ഹോട്ടലിന് അടുത്ത് ഒരു സ്ത്രീ നടത്തുന്ന ചെറിയ ചായക്കടയിൽ നിന്ന്, 9 മണിയോടെ, നല്ല രുചിയുള്ള ഇഡലി കഴിച്ചു. 3 മണിക്കൂർ ദൂരം, ഞാൻ സഞ്ചരിച്ച് വരുമ്പോഴേക്കും 5 മണിക്കൂറാകുന്നത് പതിവാണ്.
2 മണിയോടെ ഉച്ചഭക്ഷണത്തിനായി ഒരു റസ്റ്റോറന്റിൽ നിർത്തി. അപ്പോൾ ദാ അവിടെ കയറിവരുന്നു പ്രാണീശ്വരൻ വിജയകുമാർ ബ്ലാത്തൂരിന്റെ Vijayakumar Blathur അനന്തരവൻ വിനോദും Vinumash Blathur ഭാര്യ ജിഷയും Jisha Vinod പച്ചത്തുള്ളൻ ട്രാവൽ കമ്പനിയുടെ ബൈജുവും Byju Keezhara. ഈ റൂട്ടിൽ സൈക്കിളിൽ സഞ്ചരിച്ചിട്ടുള്ള സാഹസിക യാത്രികനാണ് ബൈജു. ഇവരെ എല്ലാവരേയും രണ്ട് ദിവസം മുൻപ് ധോലവിരയിൽ വെച്ച് കണ്ടതാണ്. അവർ കേരളത്തിലേക്ക് മടങ്ങിപ്പോയിക്കാണും എന്നാണ് ഞാൻ കരുതിയത്. പക്ഷേ ഇന്നാണ് അവർ മടങ്ങുന്നത്. അക്കൂട്ടത്തിലുള്ള കുറേയേറെ മലയാളി സഞ്ചാരികളെ പരിചയപ്പെടുകയും ചെയ്തു.
അവർക്കൊപ്പം റസ്റ്റോറന്റിൽ നിന്നിറങ്ങി നേരെ, ചുളി കോട്ടയുടെ ഭാഗത്തേക്ക് തിരിച്ചു. 20 കിലോമീറ്റർ കഴിഞ്ഞതും ദേശീയപാതയിൽ നിന്ന് പെട്ടെന്ന് ഒരു ഗ്രാമത്തിലേക്ക് തിരിച്ചു ഗൂഗിൾ മാപ്പ്.
വീടുകൾക്കിടയിലൂടെയുള്ള വഴി നീണ്ടപ്പോൾ രാജസ്ഥാനിലെ ചില കോട്ടകളുടെ ഓർമ്മ വന്നു എനിക്ക്. വഴി ഇടുങ്ങിക്കൊണ്ടേയിരുന്നു. കോട്ടയിലേക്ക് എത്തുന്നുമില്ല. അവസാനം ഭാഗിയെ ഒരിടത്ത് ഒതുക്കി, ഞാൻ ഇറങ്ങി നടന്നു.
വീടുകൾക്കിടയിലൂടെ കോട്ടയുടെ ചില ഭാഗങ്ങൾ കാണാം. പക്ഷേ അങ്ങോട്ട് കൃത്യമായ ഒരു വഴി ഇല്ല. നല്ല ഒന്നാന്തരം കയ്യേറ്റം നടന്നിരിക്കുന്നു. ഗ്രാമത്തിന്റെ മാലിന്യം കൊണ്ടുപോയി തള്ളുന്നയിടത്ത് പന്നിക്കൂട്ടങ്ങൾക്കിടയിലൂടെ നടന്ന് കാടുപിടിച്ച് കിടക്കുന്ന കോട്ടയുടെ ഒരു ഭാഗം അവസാനം ഞാൻ കണ്ടെത്തി.
അതിനടുത്തായി ഒരു തടാകം ഉണ്ട്. കോട്ട ഉണ്ടാക്കുന്നവർ അതിലേക്ക് ആവശ്യമായ ജലത്തിന്റെ കാര്യം പ്രത്യേകം പരിഗണിക്കാറുണ്ട്. അല്ലെങ്കിൽ കോട്ട ശത്രുക്കളാൽ വളയപ്പെട്ട് കഴിയുമ്പോൾ, വെള്ളമിറങ്ങാതെ ചാകേണ്ടി വരും.
ആ തടാകത്തിൽ ഇപ്പോൾ ഗ്രാമത്തിലെ സ്ത്രീകളിൽ കുളിക്കുന്നു, വസ്ത്രങ്ങൾ കഴുകുന്നു. അബദ്ധത്തിൽ പോലും ക്യാമറ അങ്ങോട്ട് തിരിക്കാതെ, കാട് വകഞ്ഞുമാറ്റി കോട്ടയുടെ കവാടം ഞാൻ കണ്ടുപിടിച്ചു.
നാല് മൂലകളിലും കൊത്തളങ്ങളുള്ള ഒരു ചെറിയ കോട്ട. കോട്ടയ്ക്കകത്തും മാലിന്യം തന്നെ. ഒരു കൊത്തളത്തിനുള്ളിൽ ചെറിയ ഒരു പ്രതിഷ്ഠയുണ്ട്. എന്നിട്ടുപോലും കോട്ട വൃത്തിയായി സൂക്ഷിക്കണമെന്ന് ജനങ്ങൾക്ക് തോന്നുന്നില്ല.
കോട്ടയുടെ ചരിത്രം അല്പം പോലും ലഭ്യമല്ല. എങ്കിലും ഈ കോട്ടയുടെ പേര് വിക്കിപീഡിയ ലിസ്റ്റിൽ എഴുതിച്ചേർത്ത മഹാനുഭാവന് നന്ദി.
അത്യാവശ്യം ചില ചിത്രങ്ങളും വീഡിയോകളും എടുത്ത് കോട്ടയുടെ ഒരു മതിൽ ചാടിക്കടന്ന് പന്നിക്കൂട്ടത്തെ ഒഴിവാക്കി ഞാൻ പുറത്തെത്തി. ഇപ്പോൾ ചെന്നെത്തിയിരിക്കുന്നത് ഗ്രാമത്തിലെ വീടുകൾക്കിടയിലാണ്. അതിലൂടെ നടന്ന് ഭാഗി കിടക്കുന്ന ഇടം ഞാൻ കണ്ടുപിടിച്ചു.
ഇന്നിനി എങ്ങോട്ടും യാത്ര ചെയ്യണമെന്ന് എനിക്കില്ല. അടുത്തതായി കാണേണ്ട കോട്ട ഒന്നര മണിക്കൂർ ദൂരെയാണ്. അങ്ങോട്ട് നാളെ പോകാമെന്ന് തീരുമാനിച്ചു.
ഇനി വേണ്ടത് ഭാഗിക്കും എനിക്കും കിടക്കാൻ ഒരു സ്ഥലമാണ്. രാജസ്ഥാനിൽ ഒരിടത്തും നേരിടാത്ത പ്രശ്നം ഗുജറാത്തിൽ ഇന്ന് രണ്ടിടത്ത് ഞാൻ അനുഭവിച്ചു. ഭാഗിയെ ഒതുക്കി ചുരുണ്ടുകൂടാനുള്ള സൗകര്യം രണ്ട് ഹോട്ടലുകാർ നിരസിച്ചു. ഈ വഴിയിൽ ധാരാളം ധാബകളുണ്ട്. പഴയ രീതിയിൽ മരത്തിന്റെ കട്ടിലിട്ട ധാബകളും നവീകരിച്ച് എടുത്തിട്ടുള്ള ധാബകളും.
അവരാരും എനിക്ക് അനുമതി നിഷേധിക്കില്ല എന്ന് ഉറപ്പാണ്. അത്തരത്തിൽ നവീകരിച്ച, ജ്യോതി എന്ന ഒരു ധാബയിൽ ചോദിച്ചതും അനുമതി കിട്ടി.
മൂന്ന് ദിവസത്തെ ഡാറ്റ ബാക്കപ്പ് എടുക്കാനുണ്ട്. ജനറേറ്റർ സ്റ്റാർട്ട് ചെയ്തിട്ട് രണ്ടാഴ്ചയോളമായി. അത്തരം പണികളെല്ലാം ഇന്ന് ചെയ്യണം. ഇരുട്ട് വീണ് തുടങ്ങിയിട്ടില്ല; എങ്കിലും തണുപ്പ് എത്തിക്കഴിഞ്ഞു.
മുൻകൂർ ശുഭരാത്രി.