ഭരത്പ്പൂരിൽ നിന്ന് ഒരേ ദിശയിലേക്കുള്ള തിമൻഗഡ് കോട്ടയും ബയന കോട്ടയും ആണ് ഇന്ന് സന്ദർശിക്കാൻ പദ്ധതിയിട്ടത്. അതോടെ രാജസ്ഥാനിലെ കോട്ട സന്ദർശനങ്ങൾ ഏറെക്കുറെ കഴിയുകയാണെന്ന് ഇന്നലെ സൂചിപ്പിച്ചിരുന്നല്ലോ.
തിമൻഗഡിലേക്ക് രണ്ടുമണിക്കൂർ യാത്രയുണ്ട് ഭരത്പ്പൂരിൽ നിന്ന്. 72 കിലോമീറ്റർ ദൂരം. ഏറെക്കുറെ 50 കിലോമീറ്റർ കഴിഞ്ഞതും റോഡിന്റെ വലതുവശത്ത് മലമുകളിലായി ഞാനൊരു കോട്ട കണ്ടു.
ഇതേതു കോട്ട? ലിസ്റ്റിൽ അങ്ങനെയൊരു കോട്ട ഇല്ലല്ലോ? ഏറെ നാളുകളായി എൻ്റെ മനസ്സിലുള്ള ഒരു തമാശ അപ്പോൾ വീണ്ടും പൊന്തി വന്നു. അതിങ്ങനെയാണ്.
അപ്പുറത്തെ വീട്ടിൽ ഫ്രിഡ്ജ് വാങ്ങിയാൽ ഇപ്പുറത്തെ വീട്ടിലും അത് വാങ്ങാനുള്ള ഒരു ത്വര ഉണ്ടാകും എന്നൊരു പഴയ തമാശയില്ലേ? രാജസ്ഥാനിലുള്ള രാജാക്കന്മാർക്കും താക്കൂർമാർക്കും എല്ലാം ഓരോരോ കോട്ട വീതം ഉണ്ടായത് അത്തരത്തിലൊരു ത്വര കാരണമാണെന്ന് തോന്നുന്നു.
അങ്ങനെയുള്ള കോട്ടകളിൽ എല്ലാം കയറി പിടിക്കാൻ പോയാൽ, രാജസ്ഥാനിൽ തന്നെ കുടുങ്ങിപ്പോകും. അയ്യപ്പനും കോശിയും സിനിമയിലെ കാര്യസ്ഥൻ പറയുന്നതുപോലെ, ലിസ്റ്റിൽ ഇല്ലാത്ത കോട്ടകളുടെ കാര്യത്തിൽ ഇടപെടേണ്ട എന്നാണ് എനിക്ക് ആദ്യം തോന്നുക പതിവ്. പിന്നെ ഞാൻ ഇടപെടും.
തൽക്കാലം ഈ കോട്ട കാണാത്തതുപോലെ തിമൻഗഡ് കോട്ടയിലേക്ക് ഭാഗിയെ നയിച്ചു.
അവസാനത്തെ 10 കിലോമീറ്ററോളം മനോഹരമായ ഒരു വഴിയിലൂടെയാണ് പൊയ്ക്കൊണ്ടിരുന്നത്. ഇരുവശവും ആരവല്ലി മലനിരകൾ. ഇടതുവശത്തെ മലനിരകൾക്ക് കീഴെ ഒരു ഗ്രാമവും അവിടത്തെ കൃഷികളും. പിന്നെ ഞങ്ങൾ സഞ്ചരിക്കുന്ന റോഡ്, അതിന് വലതുവശം വീണ്ടും ആരവല്ലി മലനിരകൾ. രണ്ടു മലകളുടെ താഴ്വാരത്തിനിടയിലൂടെ ഒരു ഗംഭീര ഡ്രൈവ്. അത് ചെന്ന് നിൽക്കുന്നത് സാഗർ തടാകത്തിൻ്റെ മുന്നിൽ. തടാകത്തെ ചുറ്റി വളഞ്ഞ് അതിനപ്പുറത്തുള്ള മലനിരകളിലേക്ക് ഭാഗിയുടെ സഞ്ചാരത്തിന് എന്തൊരു ഗരിമയാണെന്നോ!
ആ വഴി ചെന്നു കയറുന്നത് ഒരു മലയിടുക്കിലേക്ക്. തിമൻഗഡ് കോട്ട അവിടെ തുടങ്ങുകയാണ്. മുകളിൽ കൊത്തളങ്ങൾ കാണാം. ഉപേക്ഷിക്കപ്പെട്ട് കാട് കയറിയ കോലത്തിലാണ് കോട്ട. ജനസഞ്ചാരം വളരെ കുറവ്. ഭീതിജനകമായ അന്തരീക്ഷം.
ഒരാൾ തലയിൽ ഒരു കൊട്ടയും ഒരു ലോറിയുടെ ട്യൂബുമായി വരുന്നത് കണ്ടു. ഞാൻ അയാളോട് ലോഹ്യം കൂടി. കോട്ടയിലേക്ക് കയറാൻ പറ്റുമോ? വന്യജീവികളുടെ ശല്യം ഉണ്ടോ? എന്നൊക്കെ അറിയുകയായിരുന്നു ലക്ഷ്യം. “ഒരു കുഴപ്പവുമില്ല കയറാം” എന്ന് മറുപടി കിട്ടി.
കക്ഷിയുടെ കയ്യിലുള്ള കൊട്ടയും ട്യൂബും എന്തിനാണെന്ന് തിരക്കിയപ്പോൾ, ഞാൻ ഏറെ നാൾ തിരഞ്ഞു നടന്നിരുന്ന ഒരു കാര്യത്തിലേക്കുള്ള വാതിൽ തുറന്നു കിട്ടി. രാജസ്ഥാനിൽ വ്യാപകമായി കിട്ടുന്ന ഒരു ഫലമാണ് സിങ്കാട അഥവാ ജൽഫൽ. ജലാശയങ്ങളിൽ ഇത് സ്വാഭാവികമായി വളരുന്നതാണ്, ആരും വളർത്തുന്നതല്ല. അതിന്റെ തോട് പൊളിച്ച് കളഞ്ഞ് അകത്തെ വെളുത്ത കാമ്പ് തിന്നാം. ഏറെക്കുറെ തെങ്ങിന്റെ പൊങ്ങിനോട് സാമ്യമുള്ള രുചി.
തടാകത്തിൽ നിന്ന് അത് പറിക്കാനാണ് അദ്ദേഹം പോകുന്നത്. ട്യൂബ് തടാകത്തിലിട്ട് കസേരയിൽ എന്നപോലെ അതിൽ കയറിയിരിക്കും. എന്നിട്ട് ഫലം പറിച്ച് കുട്ടയിലേക്ക് ഇടും. മടക്കയാത്രയിൽ ആ രംഗങ്ങൾ ഞാൻ ക്യാമറയിൽ പകർത്തി.
ഓ.. കോട്ടയുടെ കാര്യം പറഞ്ഞില്ലല്ലോ?
* രാജസ്ഥാൻ – യു.പി. അതിർത്തി ജില്ലയായ കറൗളിയിലാണ് കോട്ട നിലകൊള്ളുന്നത്.
* പന്ത്രണ്ടാം നൂറ്റാണ്ടിൽ എപ്പോഴോ തഹൻപാൽ എന്ന പ്രാദേശിക ഭരണകർത്താവാണ് കോട്ട നിർമ്മിച്ചത്. അതുകൊണ്ടുതന്നെ തഹൻഗഡ് എന്നും ഇതിന് പേരുണ്ട്.
* ത്രിഭുവൻ ഗിരി എന്ന് മറ്റൊരു പേരും ഉണ്ട്.
* തഹൻപാലിൻ്റെ പിൻഗാമിയായ കുമാരപാലിൽ നിന്ന് പേർഷ്യൻ ചക്രവർത്തിയായ മുഹമ്മദ് ഖോരി കോട്ട പിടിച്ചെടുത്തു.
* പിന്നീട് ഈ കോട്ട ഡൽഹി സുൽത്താൻമാരുടേയും മുഗളന്മാരുടേയും ഒരു പ്രധാന സൈനിക താവളമായി നിലകൊണ്ടു.
* നാട്ടുകഥ പ്രകാരം കടന്നുകയറ്റക്കാരിൽ നിന്ന് രക്ഷിക്കാനായി ഒരുപാട് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ ഇവിടെ കൊണ്ടുവന്ന് കുഴിച്ചിട്ടിട്ടുണ്ടായിരുന്നു. സ്വാതന്ത്രത്തിന് ശേഷം അതെല്ലാം പഴയ രാജാക്കന്മാർ ഇവിടെ നിന്ന് കടത്തിക്കൊണ്ടുപോയി. 1985ൽ തദ്ദേശവാസികളുടെ സഹായത്തോടെ ഹെലികോപ്റ്ററുകളിൽ പോലും ഇവിടെനിന്ന് അത്തരത്തിൽ കടത്തലുകൾ നടന്നു.
* 51.5 അധികം ഹെക്ടർ സ്ഥലത്താണ് കോട്ട പരന്ന് കിടന്നിരുന്നത്. പക്ഷേ അതിന്റെ വളരെ കുറച്ച് ഭാഗത്ത് മാത്രമേ ഇപ്പോൾ കയറിയിറങ്ങാൻ പറ്റുന്നുള്ളൂ. ബാക്കിയെല്ലാം കാടുപിടിച്ചു കിടക്കുന്നു; കുറെയെല്ലാം ഇടിഞ്ഞു വീണിരിക്കുന്നു.
* 5 കവാടങ്ങൾ ഉണ്ടായിരുന്ന കോട്ടയ്ക്ക് മുഗളന്മാർ കൂടുതൽ കവാടങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ടായിരുന്നു. ഇപ്പോൾ പക്ഷേ 3 കവാടങ്ങൾ മാത്രമാണ് കാണാൻ കഴിയുന്നത്.
* നിലവിൽ ബാക്കിയുള്ള, കോട്ടയുടെ ഭാഗങ്ങളിലൂടെ കയറിയിറങ്ങുന്നത് ശ്രദ്ധിച്ചുവേണം. പലതും ഇടിഞ്ഞുവീഴാൻ പാകത്തിനാണ് നിൽക്കുന്നത്.
ജീർണ്ണാവസ്ഥയിലാണ് നിൽക്കുന്നതെങ്കിലും കോട്ടയിൽ കയറാനും കാണാനും സാധിച്ചതിൽ എനിക്ക് സന്തോഷം ഉണ്ടായിരുന്നു. അഞ്ചുവർഷം കഴിഞ്ഞ് വന്നാൽ കോട്ടയുടെ ഭാഗങ്ങൾ അത്ര പോലും ഉണ്ടാകണമെന്നില്ല.
കോട്ടയിൽ നിന്നിറങ്ങി ഞാൻ സാഗർ തടാകത്തിന്റെ തീരത്തേക്ക് ചെന്നു. വെള്ളത്തിൽ നിന്ന് സിങ്കാട പറിക്കുന്നത് കാണുകയായിരുന്നു ലക്ഷ്യം. ആൽത്തറയിൽ സിങ്കാട വിൽക്കുന്ന സ്ത്രീയുടെ അടുത്തുനിന്ന് കുറച്ച് സിങ്കാട വാങ്ങി കഴിക്കുകയും ചെയ്തു. കിലോഗ്രാമിന് 20 രൂപയാണ് ഇവിടെ സിങ്കാടയുടെ വില. ജയ്പൂരിൽ വില 40 രൂപയാണ്.
തിമൻഗഡിൽ നിന്ന് ഒരു മണിക്കൂറോളം (54 കിലോമീറ്റർ) യാത്രയുണ്ട് ബയന കോട്ടയിലേക്ക്. ഗൂഗിൾ മാപ്പ് കൊണ്ടെത്തിച്ച സ്ഥലം എന്നെ അത്ഭുതപ്പെടുത്തി. പോകുന്ന വഴിക്ക് കണ്ടതും ലിസ്റ്റിൽ പേരില്ല എന്ന് കരുതിയതുമായ അതേ കോട്ട തന്നെ.
ഗ്രാമത്തിലെ ഇടുങ്ങിയ വഴിയിലൂടെ ഗൂഗിൾ മാപ്പ് മുന്നോട്ട് കൊണ്ടുപോകുന്നത് എനിക്കെപ്പോഴും ബേജാർ ഉണ്ടാക്കും. അത് എവിടെയെങ്കിലും ചെന്ന് തങ്ങിനിൽക്കും. ഭാഗിയെ റിവേഴ്സ് ഗിയറിൽ ഓടിക്കേണ്ടി വരും. ഇവിടെ ഇടുങ്ങിയ വഴികളിലൂടെയാണ് പോയതെങ്കിലും ഭാഗ്യത്തിന് ചെന്ന് നിന്നത്, കോട്ടയുടെ കീഴിൽ തന്നെയായിരുന്നു.
ഉണങ്ങിയ മരക്കമ്പുകൾ വെട്ടി തലച്ചുമടായി ഗ്രാമവാസികൾ കോട്ടയിൽ നിന്ന് താഴോട്ട് കൊണ്ടുവരുന്നുണ്ട്. ഭാഗ്യം, കോട്ടയിൽ ആളനക്കം ഉണ്ട്.
കുത്തനെയുള്ള നാലടിയോളം വീതിയുള്ള പടികൾ 325എണ്ണം ഞാൻ എണ്ണിക്കയറി. അപ്പോഴേക്കും ചിലർ കൂടെ മുകളിലേക്ക് കയറിവന്നു. മുകളിൽ ഒരു ശിവക്ഷേത്രമുണ്ട്. അതിന്റെ നോട്ടക്കാരാണ്.
* ബിജായഗഡ് എന്നും വിജയഗഡ് എന്നും ഈ കോട്ടയ്ക്ക് പേരുണ്ട്. ബയന എന്ന സ്ഥലത്ത് നിൽക്കുന്നത് കൊണ്ട് ബയന കോട്ട എന്നും വിളിക്കുന്നു.
* ജാഡോൻ വംശജനായ വിജയപാൽ ആണ് 1040ൽ ഈ കോട്ട നിർമ്മിച്ചത്.
* കോട്ടയ്ക്കകത്ത് കൊട്ടാരം, റാണിയുടെ കൊട്ടാരം, നിരവധി ക്ഷേത്രങ്ങൾ, മണ്ഡപങ്ങൾ, സ്തൂപങ്ങൾ ഒക്കെ ഉണ്ട്.
* ഭീംലെറ്റ് (ഹിന്ദി) എന്നു വിളിക്കുന്ന ഒരു സ്തൂപം ആണ് ഇതിലെ പ്രത്യേക ആകർഷണം. അതിലെ എഴുത്തുകൾ ഉറുദുവിൽ ആണ്. 15 അടി ഉയരമുള്ള ഒരു മണ്ഡപത്തിൽ നിൽക്കുന്നത് കൊണ്ട് അത് വായിക്കാനോ കൃത്യമായി പടമെടുക്കാനോസാധിക്കുന്നില്ല.
* രാജസ്ഥാനിലെ ചിറ്റോർഗഡ് കോട്ടയിൽ ഉള്ളതുപോലെ, ഏകദേശം ഒരു വിജയസ്തംഭം എന്ന് പറയാവുന്ന ഒരു സ്തംഭവും ഇതിനകത്തെ പ്രത്യേകതയാണ്. അതും മുകൾഭാഗം ഇടിഞ്ഞുവീണ അവസ്ഥയിലാണ്. അതിനു മുകളിലേക്ക് കയറി പോകാൻ പടികൾ ഉണ്ട്.
* 15 അടിയോളം നീളവും അതിന് തക്ക ആകാരവുമുള്ള ഒരു പീരങ്കിയും ഇതിനകത്ത് ഉണ്ട്. ബാണാസുര രാജാവ് ആ പീരങ്കി വെച്ച് ഇവിടുന്ന് നിറയൊഴിച്ച് ഡൽഹി തകർത്തു എന്നൊക്കെയാണ് നാട്ടുകഥകൾ. ഏത് കാലഘട്ടത്തിലെ ഏത് ബാണാസുര രാജാവ് എന്ന് ചോദിച്ചാൽ കഥ മെനഞ്ഞ നാട്ടുകാർക്ക് മറുപടിയില്ല.
* സാമാന്യം വലിയ ഒരു കോട്ടയാണിത്. പീരങ്കി ഇരിക്കുന്ന കൊത്തളത്തിൽ നിന്ന് നോക്കിയാൽ, കോട്ട മതിൽ ചുറ്റിവളഞ്ഞ് വരുന്നത് കാണാം. അത്രയും നടന്ന് തീർക്കാൻ രണ്ട് മണിക്കൂറെങ്കിലും വേണം.
ഞാൻ കയറി ചെല്ലുമ്പോൾ കാവിവസ്ത്ര-ജടാധാരിയായ ഒരു സ്വാമിജിയും രണ്ട് നാട്ടുകാരും അതിനകത്തുണ്ട്. എല്ലാവരും എന്നോട് സംസാരിക്കുന്നത് രാജസ്ഥാനിയിലാണ്. എനിക്ക് അല്പസ്വൽപ്പമേ മനസ്സിലാകുന്നുള്ളൂ.
സ്വാമിജി എന്തോ പുകച്ച് തള്ളുന്നുണ്ട്. പിന്നീട് അദ്ദേഹമത് പോക്കറ്റിൽ നിന്ന് എടുത്തപ്പോൾ ഞാനത് കണ്ടു. കഞ്ചാവ് തന്നെ. എനിക്ക് ചെറിയ ഭയപ്പാട് ഉണ്ടാകാതിരുന്നില്ല. അവന്മാരെല്ലാം കൂടെ വല്ല നരബലിയും പദ്ധതി ഇട്ടിട്ടുണ്ടെങ്കിലോ?
റാണിയുടെ കൊട്ടാര ഭാഗം കാടുപിടിച്ച് കിടക്കുകയാണ്. അതിനപ്പുറത്തേക്ക് എനിക്ക് പോകാൻ പറ്റിയില്ല. “ഞാൻ കൊണ്ടുപോകാം” എന്ന് പറഞ്ഞ് സ്വാമിജി മുന്നിൽ നടന്നു. ഞങ്ങൾ മൂന്ന് പേർ പിന്നാലെയും.
കഞ്ചാവ് വലിച്ച് ഉന്മേഷവാനായി നിൽക്കുന്ന സ്വാമിജി, ഭീംലൈറ്റ് ഇരിക്കുന്ന 15 അടി ഉയരമുള്ള മണ്ഡപത്തിലേക്ക് പൊത്തിപ്പിടിച്ച് കയറി, കൂടെ രണ്ടാമനും. ഭീംലൈറ്റിനെ വട്ടം പിടിച്ചാൽ മനസ്സിൽ വിചാരിക്കുന്ന ആഗ്രഹം നടക്കുമത്രേ! പക്ഷേ എത്ര ശ്രമിച്ചിട്ടും അവർക്ക് രണ്ടുപേർക്കും കൈകൾ വട്ടം പിടിച്ച് മുട്ടിക്കാൻ ആകുണ്ടായിരുന്നില്ല. ഞാൻ അതെല്ലാം താഴെ നിന്ന് വീഡിയോയിൽ പകർത്തി.
സ്വാമിജിയുടെ കൈയിൽ മൂന്നടി നീളമുള്ള കുന്തം പോലുള്ള ഒരു ആയുധമുണ്ട്. ഒരു സന്യാസിക്ക് എന്തിനാണ് ഇത്തരമൊരു ആയുധം? പോരാത്തതിന് അകത്ത് കഞ്ചാവും. ഇതൊക്കെയാണ് എനിക്ക് ഭയപ്പാട് ഉണ്ടാക്കിയത്. ഒരു ആക്രമണം ഉണ്ടായാൽ നേരിടാൻ പാകത്തിന് എൻ്റെ സ്വിസ്സ് നൈഫ് തയ്യാറായിരുന്നു. ഇത്രയും കോട്ടകളിൽ കയറിയിറങ്ങിയപ്പോൾ, മൃഗങ്ങളുടെ ആക്രമണം ഉണ്ടാകുമെന്ന് ഭയന്ന് പോലും ഞാനത് പുറത്തെടുത്തിട്ടില്ല. മനുഷ്യന്മാരുടെ കാര്യത്തിൽ പക്ഷേ, ഒന്നും പറയാനാവില്ല.
എന്തായാലും വിചാരിച്ചതുപോലെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. എല്ലാവരോടും നന്ദി പറഞ്ഞ് ഞാൻ കോട്ടയിൽ നിന്ന് താഴെക്കിറങ്ങി.
അഞ്ചരമണിയോടെ തിരിച്ച് ഭരത്പൂരിൽ എത്തിയപ്പോൾ ഞാൻ അതീവ സന്തോഷവാനായിരുന്നു. ഇന്നലെ സൂചിപ്പിച്ചതുപോലെ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ 70% ഞാൻ കണ്ടു തീർത്തിരിക്കുന്നു. ലിസ്റ്റിലുള്ള എല്ലാ കോട്ടകളുടേയും കീഴിൽ അല്ലെങ്കിൽ കവാടം വരെ ഞാൻ ചെന്നിട്ടുണ്ട്. ചിലതിൽ കയറാൻ പറ്റിയിട്ടില്ല എന്നത് വസ്തുതയാണ്. ലിസ്റ്റിൽ ഇല്ലാതിരുന്ന കോട്ടകളും കണ്ടെത്തി കയറിയിട്ടുണ്ട്. ഒരു കോട്ടയിൽ മലയാളി ടെസ്റ്റിനേഷൻ വെഡിങിൽ പങ്കെടുത്തു. ഈ വർഷത്തിന്റെ ആരംഭത്തിലും ഇക്കഴിഞ്ഞ ദിവസങ്ങളിലുമായി 120ൽപ്പരം ദിവസങ്ങൾ ഇതിനായി ചിലവഴിച്ചു. ഇതിനിടയ്ക്ക് ഒരിക്കൽപോലും ഒരു മോശം അനുഭവം ഉണ്ടായില്ല എന്നുമാത്രമല്ല എല്ലായിടത്തും നല്ല സഹകരണം ആയിരുന്നു. ജയ്പൂർ നിന്ന് 30 കിലോമീറ്റർ മാറി ഒരു കോട്ട മാത്രമാണ് വിട്ടുപോയത്. അത് മടക്കയാത്രയിൽ സന്ദർശിക്കുന്നതാണ്.
നാളെ ആഗ്രയിലേക്ക് പുറപ്പെടാൻ തന്നെയാണ് തീരുമാനം. ആഗ്ര കഴിഞ്ഞ് ഗുജറാത്തിലേക്ക് പോകാൻ പദ്ധതി ഉണ്ടായിരുന്നു. പക്ഷേ ഗുജറാത്തിൽ 20 കോട്ടകൾ മാത്രമാണ് ഉള്ളത്. ഒരു മാസം കൊണ്ട് അതും കണ്ട് തീരും. അങ്ങനെ വന്നാൽ ഫെബ്രുവരി മാസത്തിൽ ചെയ്യാൻ ഒന്നുമില്ല. ആയതിനാൽ ആഗ്രയിൽനിന്ന് ഹരിയാനയിലേക്ക് പോകാനും അവിടെയുള്ള 26 കോട്ടകളും മറ്റ് ഇടങ്ങളും സന്ദർശിച്ച ശേഷം മാത്രം ഗുജറാത്തിലേക്ക് പോകാനും ആലോചനയുണ്ട്. അത് നാളെ വൈകുന്നേരത്തോടെ തീരുമാനമാകും.
ശുഭരാത്രി.