മാലിന്യത്തിന് അടയിരിക്കുന്ന കൊച്ചിൻ കോർപ്പറേഷൻ


20171001_103244

കൊച്ചി മെട്രോയ്ക്ക് വെർട്ടിക്കൽ ഗാർഡന് ആവശ്യമായ മാലിന്യം കൊടുക്കാൻ കൊച്ചിൻ കോർപ്പറേഷന് കഴിയുന്നില്ല. ആയതിനാൽ കൊച്ചി മെട്രോ അവരുടെ മോടിപിടിപ്പിക്കൽ പരിപാടിക്കുള്ള മാലിന്യം സംഘടിപ്പിക്കുന്നത് ജില്ലയ്ക്ക് വെളിയിൽ വർക്കലയിൽ നിന്നാണ്. ഇന്നത്തെ പത്രവാർത്തയാണിത്. മാലിന്യവുമായോ കൊച്ചി മെട്രോയുമായോ ബന്ധപ്പെട്ടുനിൽക്കുന്നവർക്ക് ഇത് വാർത്തയായി വന്ന് അങ്ങാടിപ്പാട്ടാകുന്നതിന് മുന്നേ തന്നെ പരസ്യമായിട്ടറിയാവുന്ന അരമനരഹസ്യം തന്നെയാണ്.

മാലിന്യം സംസ്ക്കരിക്കുകയുമില്ല, അതാവശ്യമുള്ളവർക്ക് അതൊട്ട് കൊടുക്കുകയുമില്ല.  ഈ പത്രവാർത്ത വായിച്ചപ്പോൾ മനസ്സിലാക്കാനായത് അങ്ങനെയാണ്. കേരളജനത ഇങ്ങനെ നാറ്റവും രോഗവും ദുരിതവുമൊക്കെ സഹിച്ച് കാലാകാലം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കണമെന്ന് ആർക്കൊക്കെയോ നിർബന്ധമുള്ളത് പോലെ. എന്തൊരു കഷ്ടമാണിത് ?!

ഈ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ ചില ചോദ്യങ്ങൾ കോർപ്പറേഷനോടും മേയറോടും ചോദിച്ചാൽ, ഭാവിയിൽ ചോദ്യകർത്താവിന് എതിരെ കേസൊന്നും എടുക്കില്ലെന്ന് (മുൻ അനുഭവം അതാണ്) വിശ്വസിച്ചുകൊണ്ട് ചോദിക്കട്ടെ ?

ചോദ്യം 1:- മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുമെന്ന് പറയുന്ന ഈ പദ്ധതി എന്ന് നിലവിൽ വരും ? ഏത് ഏജൻസിയുമായാണ് ഇതിനായുള്ള ധാരണ ഉണ്ടാക്കിയിട്ടുള്ളത് ?

ചോദ്യം 2:- നഗരത്തിൽ നിന്ന് ഒരു ദിവസം 120 – 200 ടൺ മാലിന്യമേ കിട്ടുന്നുള്ളൂ എങ്കിൽ വൈദ്യുതി ഉണ്ടാക്കുന്നവർക്ക് നിത്യേന നൽകേണ്ട 300 ടൺ മാലിന്യം എത്രനാൾ ഇതുപോലെ ശേഖരിച്ച് വെക്കുമെന്നാണ് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് ഒരു ദിവസം 80 ടൺ മാലിന്യത്തിന്റെ കുറവുണ്ട്. അതായത് ഒരു മാസം 2400 ടൺ മാലിന്യത്തിന്റെ കുറവ്. കുറഞ്ഞത് 3 മാസത്തെ കാര്യമെടുത്താൽ 7200 ടൺ മാലിന്യത്തിന്റെ കുറവ്. മൂന്ന് മാസത്തിനകം വൈദ്യുത ഉൽ‌പ്പാദനം തുടങ്ങിയില്ലെങ്കിൽ ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവ് പ്രതിമാസം 2400 എന്ന നിലയ്ക്ക് വർദ്ധിച്ചുവരും. ഇത്രയും മാലിന്യം ശേഖരിച്ച് വെച്ചാൽ ഉണ്ടാകുന്ന ദുരിതങ്ങളെപ്പറ്റി വല്ല ധാരണയുമുണ്ടോ ?

ചോദ്യം 3:- മൂന്ന് മാസത്തിനകം വൈദ്യുതി ഉൽ‌പ്പാദിക്കാനായാൽ, അടുത്ത മൂന്ന് മാസം കൊണ്ട് നിങ്ങൾ ശേഖരിച്ചുവെച്ച മാലിന്യം തീരുകയും വീണ്ടും 80 ടൺ മാലിന്യം നിത്യേന കുറവുണ്ടാകുകയും ചെയ്യും. അപ്പോൾ ആ മാലിന്യമുണ്ടാക്കാൻ നിങ്ങളെന്ത് ചെയ്യും ? ആവശ്യത്തിനുള്ള മാലിന്യം കോർപ്പറേഷൻ തരുന്നില്ല എന്ന് പറഞ്ഞ് പദ്ധതി നടപ്പിലാക്കുന്നവർ അതുപേക്ഷിച്ച് പോകാൻ സാദ്ധ്യതയില്ലേ ?

ചോദ്യം 4:- ആ സമയത്ത് കൂടുതൽ മാലിന്യം കണ്ടെത്താനുള്ള ഏർപ്പാട് സ്വീകരിക്കും എന്നാണ് നിലപാടെങ്കിൽ ഇപ്പോളെന്തിന് ഈ മാലിന്യം കൂട്ടിക്കൂട്ടി വെക്കുന്നു ? നിലവിലുള്ള മാലിന്യം ആർക്കെങ്കിലും പ്രയോജനപ്പെടുന്നുണ്ടെങ്കിൽ അത് കൊടുത്തൊഴിവാക്കുകയല്ലേ ഭേദം ? വൈദ്യുതി ഉൽ‌പ്പാദനം തുടങ്ങുമ്പോൾ അതിനാവശ്യമായ മാലിന്യം അന്ന് കണ്ടെത്തിയാൽ പോരേ ?

77

ചുരുക്കിപ്പറഞ്ഞാൽ, ഇപ്പോൾ ഈ മാലിന്യം മുഴുവൻ ശേഖരിച്ച് വെച്ചിരിക്കുന്നത് ശുദ്ധ പോഴത്തരമാണ്. തെല്ലെങ്കിലും ദീർഘവീക്ഷണത്തോടെ മാലിന്യവിഷയം ഇന്നുവരെ ഈ കേരളത്തിൽ ഒരു സർക്കാരും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും വിഷയവിദഗ്ദ്ധന്മാരും കൈകാര്യം ചെയ്തിട്ടില്ല. ഉണ്ടെങ്കിൽ ഈ ഗതികേട് സംസ്ഥാനത്തിന് ഉണ്ടാകുമായിരുന്നില്ലല്ലോ.

ഒരു കാര്യം കൃത്യമായി മനസ്സിലാക്കുക. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കിക്കളയും എന്ന് പറയുന്ന ഈ പദ്ധതി നേരെ ചൊവ്വേ നടപ്പിലാക്കപ്പെട്ടിട്ടില്ലെങ്കിൽ, കൂട്ടിവെച്ചിരിക്കുന്ന ഈ മാലിന്യത്തിന് കൂടെ കോർപ്പറേഷൻ സമാധാനം പറയേണ്ടി വരും.

വാൽക്കഷണം:- സമ്പൂർണ്ണ സാക്ഷരരായ ഒരു ജനതയും അവരുടെ ഭരണാധികാരികളും, അവർ സ്വയം സൃഷ്ടിക്കുന്ന  മാലിന്യത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ അസഹനീയമാണ്.
—————————————————————————————
മാലിന്യ വിഷയവുമായി ബന്ധപ്പെട്ട മറ്റ് ലേഖനങ്ങൾ.

1. മാലിന്യ വിമുക്ത കേരളം
2. വിളപ്പിൽശാലകൾ ഒഴിവാക്കാൻ
3. മാലിന്യസംസ്ക്കരണം ഒരു കീറാമുട്ടിയല്ല.
4. കൊടുങ്ങല്ലൂർ മാലിന്യ സംസ്ക്കര പ്ലാന്റ് ഒരു മാതൃക.
5. കൊടുങ്ങല്ലൂർ മാലിന്യസംസ്ക്കരണ പ്ലാന്റ് അടച്ചു പൂട്ടുന്നു.
6. മലിനമാകാത്ത കൊടുങ്ങല്ലൂർ മോഡൽ
7. തെരുവ് നായ്ക്കളും മാലിന്യവും
8. കക്കൂസ് മാലിന്യം

Comments

comments

One thought on “ മാലിന്യത്തിന് അടയിരിക്കുന്ന കൊച്ചിൻ കോർപ്പറേഷൻ

  1. The politics of waste in our LSGs need a social accounting.All the 999 panchayats and municipalities and corporations play the game of minting money from waste.we have so many aerobic systems and phytoremediation techniques in the state running smoothly.Thumburmuzhy model is a UNDP acclaimed aerobic composting.In spite of the lauded project of Dr Thomas Issac in Alappey municipality gaining national attention as a clean example no one is interested in such ventures .The burning of plastic on the terrace of flats and putrid composting on the terrace by women employees still continue in Kochi.unless the polluted mind set of the greedy rulers change our environment has to rot and smell..

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>