ഭാഗിക്ക് ഉള്ളിൽ ഉറങ്ങുമ്പോൾ, പകൽവെളിച്ചം വീഴുന്ന ഉടനെ ഞാൻ എഴുന്നേൽക്കാറുണ്ട്. ഇന്നലെ രാത്രി മഞ്ജു – നിതേഷ് ദമ്പതിമാരുടെ വീട്ടിൽ ഉറങ്ങിയത് കൊണ്ടാകണം വൈകിയാണ് എഴുന്നേറ്റത്. ആ വീടിനകത്ത്, പുറത്ത് ചൂടുള്ളപ്പോൾ തണുപ്പും, പുറത്ത് തണുപ്പുള്ളപ്പോൾ ചൂടും, പുറത്ത് വെളിച്ചമുള്ളപ്പോൾ ഇരുട്ടും ആണ്.
പ്രാതലിന് മഞ്ജു ഉപ്പമാവ് ഉണ്ടാക്കി തന്നു. ജയ്പൂരിൽ മഞ്ജുവിന്റെ വീട്ടിൽ നിന്നും സൂറത്തിൽ ആഷയുടെ വീട്ടിൽ നിന്നും, സൂറത്ത്ക്കലിൽ ദീപുവിന്റെ വീട്ടിൽ നിന്നും ആണ്, 66 ദിവസത്തെ യാത്രയ്ക്കിടയിൽ, വീടുകളിൽ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചത്. ഇവർക്ക് മൂന്ന് പേർക്കും ഒരുപാട് നന്ദി.
രാജസ്ഥാനിലെ ഭക്ഷണക്രമങ്ങളെപ്പറ്റി മറ്റൊരു പ്രത്യേക പോസ്റ്റ് പിന്നീട് എഴുതുന്നുണ്ട്. അതവിടെ നിൽക്കട്ടെ. ഇന്ന് നൂറാമത്തെ കോട്ട സന്ദർശിക്കുന്ന ദിവസമാണ്. അതിലേക്ക് കടക്കാം.
84 കിലോമീറ്റർ ദൂരവും 2 മണിക്കൂർ ഓട്ടവും ഉണ്ട് ജയ്പൂരിൽ നിന്ന് ഭാൻഗഡിലേക്ക്.
കോട്ടയുടെ പരിസരത്ത് എത്തിയപ്പോൾ, കോട്ടകളിലെ പതിവിന് വിപരീതമായി, ധാരാളം വണ്ടികളും സന്ദർശകരും അവിടെ ഹാജർ. അതിന്റെ കാരണം സ്പഷ്ടമാണ്. യൂട്യൂബിലും മറ്റ് ഓൺലൈൻ ഇടങ്ങളിലും പ്രേതബാധയുള്ള ഈ കോട്ടയുടെ ദൃശ്യങ്ങളും വിവരണങ്ങളും നല്ല പ്രചാരത്തിലുണ്ട്. അത് കണ്ടറിഞ്ഞ് ഇടിച്ച് തള്ളി വരുന്നതാണ് ഇക്കണ്ട ജനങ്ങൾ. യു.പി, ഹരിയാന, ഡൽഹി, ഗുജറാത്ത് എന്നീ സ്ഥലങ്ങളിൽ നിന്ന് ധാരാളം വണ്ടികളിൽ സന്ദർശകർ എത്തിയിട്ടുണ്ട്. കേരളത്തിൽ നിന്ന് ഞാനും.
ഭാൻഗഡ്, കുംഭൽഗഡ് എന്നിങ്ങനെ ചില രാജസ്ഥാൻ കോട്ടകളിൽ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം, കോട്ടയുടെ പരിസരത്തേക്ക് കടക്കുന്നതിന് പഞ്ചായത്ത് അല്ലെങ്കിൽ മുനിസിപ്പാലിറ്റി വക റോഡിൽ ഒരു പിരിവുണ്ട്. അത് പോരാത്തതിന് കോട്ടയുടെ അകത്ത് കടക്കാൻ വേറെ പ്രവേശന ഫീസ്. അത് ശരിയായ നടപടി അല്ല; പിടിച്ചുപറിയാണ്. ഭാൻഗഡിൽ പഞ്ചായത്തിന്റെ പിരിവ് 100 രൂപയാണ്. പ്രവേശന ഫീസ് 25 ഉം.
ഗൈഡുകൾ അതിനേക്കാൾ വലിയ കൊള്ളയാണ് ഇവിടെ നടത്തുന്നത്. ₹400 ആണ് അവർ ആവശ്യപ്പെടുന്നത്. ജയ്പൂരിൽ പോലും അത്ര വലിയ ഗൈഡ് ഫീസ് ഇല്ല. എനിക്ക് ഒറ്റയ്ക്ക് അത് വലിയ നിരക്കാണ്. ഞാൻ മറ്റൊരു സംഘത്തിനൊപ്പം ഗൈഡിനെ ഷെയർ ചെയ്തു. 20 മിനിറ്റിൽ അവർ ജോലി തീർത്ത് അടുത്ത സന്ദർശകരെ തേടി പോകുന്നു. ആ 20 മിനിറ്റിൽ അവർ പറയുന്നത് മുഴുവൻ കോട്ടയെപ്പറ്റിയുള്ള പേടിപ്പെടുത്തുന്ന കഥകൾ മാത്രമാണ്. മറ്റൊരു സംഗതി അവർ പറയുന്നതൊന്നും വീഡിയോയിൽ റെക്കോർഡ് ചെയ്യാനോ ഫോട്ടോ എടുക്കാനോ അവർ സമ്മതിക്കില്ല. എനിക്ക് അതിന്റെ കാരണം മനസ്സിലാക്കാൻ ആയത് ഇങ്ങനെയാണ്. അവർക്ക് കോട്ടയെപ്പറ്റിയുള്ള കള്ളകഥകൾ എല്ലാം പ്രചരിപ്പിക്കുകയും വേണം എന്നാൽ തങ്ങൾ അത് പ്രചരിപ്പിക്കുന്നതായി പുറംലോകം അറിയാൻ ഇടവരരുത് താനും.
കോട്ടയുടെ ആ പ്രേത കഥകളിലേക്ക് കടക്കുന്നതിന് മുൻപ് അല്പം ചരിത്രവും വസ്തുതകളും പറയാം.
* കോട്ടയ്ക്കുള്ളിൽ ഒരു പഴയ നഗരമായിരുന്നു പണ്ട്. പഴയ ജയ്പൂർ ഇതായിരുന്നു എന്നാണ് ഇവർ പറയുന്നത്.
* 16-)ം നൂറ്റാണ്ടിൻറെ പകുതിയിൽ, അന്നത്തെ ആമ്പർ രാജാവായിരുന്ന രാജ ഭഗവത് ദാസ് ആണ് ഈ നഗരം ഉണ്ടാക്കിയത്.
* രാജ മാൻസിങ്ങിന്റെ സഹോദരനായ മാധോസിങ്ങ് ഇത് പിന്നീട് ആമ്പറിൻ്റെ തലസ്ഥാനമാക്കി. അക്ബറിന്റെ രാജസദസ്സിലെ ദിവാനായിരുന്നു മാധോ സിങ്ങ്.
* കോട്ടമതിലുകൾ, കവാടങ്ങൾ, കൊട്ടാരം, അഞ്ചിൽപ്പരം ക്ഷേത്രങ്ങൾ, ജലാശയം, ഹവേലികൾ എന്നതിന് പുറമേ, വലിയൊരു അങ്ങാടിയും തെരുവും ഈ കോട്ടയുടെ പ്രത്യേകതയാണ്.
* ഏഴ് നില ഉണ്ടായിരുന്നു എന്ന് പറയുന്ന കൊട്ടാരത്തിന്റെ രണ്ട് നില മാത്രമാണ് ഇപ്പോൾ ഉള്ളത്. ബാക്കിയെല്ലാം ഇടിഞ്ഞ് വീണിരിക്കുന്നു.
* ഈ മുഴുവൻ നഗരത്തേയും മൂന്ന് കെട്ടുകൾ കൊണ്ടാണ് സംരക്ഷിച്ചിരിക്കുന്നത്.
* ഏറ്റവും പുറത്തെ കെട്ടിന്, അജ്മീരി, ലാഹോരി, ഹനുമാൻ, ഭൂൽബാരി, ഡൽഹി ഗേറ്റ് എന്നിങ്ങനെ 5 കവാടങ്ങളാണ് ഉള്ളത്.
* കോട്ടയിലുള്ള രണ്ട് തുരങ്കങ്ങളും ഇപ്പോൾ അടച്ചിരിക്കുകയാണ്.
ഇനി നമുക്ക് ഇവിടത്തെ പ്രേതകഥകളിലേക്കും കെട്ടുകഥകളിലേക്കും കടക്കാം. പല പല കഥകളാണ് ഉള്ളത്.
ആരവല്ലി മലനിരയുടെ മുകളിൽ ഒരു സന്യാസി താമസിച്ചിരുന്ന മണ്ഡപം ഉണ്ടായിരുന്നു. അതിന് കീഴെയായി രാജാവ്, കൊട്ടാരത്തിന്റേയും നഗരത്തിന്റേയും കോട്ടയുടേയും പണി ആരംഭിച്ചപ്പോൾ, തൻ്റെ മണ്ഡപത്തിന് മുകളിൽ ഈ പുതിയ കെട്ടിടങ്ങളുടെ നിഴൽ വീണാൽ അനർത്ഥങ്ങൾ ഉണ്ടാകുമെന്ന് സന്യാസി രാജാവിനെ അറിയിച്ചു. അത് ഉൾക്കൊണ്ട് രാജാവ് കൊട്ടാരത്തിന്റെ രണ്ട് നില താഴേക്ക് പണിയുകയും രണ്ടുനില മുകളിലേക്ക് പണിയുകയും ചെയ്തു.
പക്ഷേ രാജാവിന്റെ പുതിയ തലമുറ വന്നപ്പോൾ, സന്യാസിയുടെ മുന്നറിയിപ്പ് വകവെക്കാതെ അവർ അഞ്ച് നിലകൾ കൂടെ മുകളിലേക്ക് പണിതു. അതിന്റെ നിഴൽ സന്യാസിയുടെ മണ്ഡപത്തിൽ വീണു. അദ്ദേഹത്തിൻ്റെ ശാപം എന്നോണം ഈ നഗരം മുഴുവൻ ഇടിഞ്ഞ് വീണു. ഇരുപതിനായിരത്തിൽപ്പരം നഗരവാസികൾ ചത്തൊടുങ്ങി. ഇതാണ് ഒരു കഥ.
മലമുകളിൽ ഒരു മന്ത്രവാദി താമസിച്ചിരുന്നു. അദ്ദേഹത്തിന് രാജകുമാരിയോട് പ്രണയം കടുക്കുന്നു. രാജകുമാരിയല്ല ഗ്രാമമുഖ്യൻ്റെ മകളാണ് എന്നും ഭാഷ്യമുണ്ട്. പ്രണയം നിരസിക്കപ്പെടുന്നു. മന്ത്രവാദി വശീകരണ സ്വഭാവമുള്ള ഒരു തൈലം രാജകുമാരിക്ക് നൽകുന്നു. രാജകുമാരി അത് എടുത്ത് പാറപ്പുറത്തേക്ക് എറിയുന്നു. ആ പാറ ഇളകിവീണ് മന്ത്രവാദി മരിക്കുന്നു. തുടർന്ന് ഭൂചലനം ഉണ്ടായി എല്ലാവരും ചത്തൊടുങ്ങുന്നു. ഇതാണ് രണ്ടാമത്തെ കഥ.
ഇവിടന്നങ്ങോട്ട് പ്രേതങ്ങളുടെ വരവായി. ഓരോ മനുഷ്യ ജീവിക്കും ഓരോ പ്രായം നിശ്ചയിച്ചിട്ടുണ്ട് പോലും! ആ പ്രായം തികയാതെ ദുർമ്മരണം സംഭവിക്കുകയോ ആത്മഹത്യ ചെയ്യുകയോ ഉണ്ടായാൽ, അത്തരത്തിലുള്ള ആത്മാക്കൾ ഗതികിട്ടാതെ അലയുമത്രേ! അവർക്ക് ചില പ്രത്യേക സമയമൊക്കെ ഉണ്ട്. ഇരുട്ട് വീഴുന്നതോടെ കോട്ടയുടെ രൂപവും ഭാവവുമൊക്കെ മാറും.
മനുഷ്യനായി പിറന്ന ആർക്കും ഒരു രാത്രി കോട്ടയ്ക്കുള്ളിൽ കഴിഞ്ഞ് അടുത്തദിവസം ജീവനോടെ പുറത്തുവരാൻ ആകില്ലത്രേ! ഒരു യൂട്യൂബർ അടക്കം കോട്ടയ്ക്കുള്ളിൽ മരിച്ച ആൾക്കാരുടെ പട്ടിക ഗൈഡ് പറയുന്നുണ്ടായിരുന്നു. അയാൾക്ക് സ്വന്തം അനുഭവം രണ്ടെണ്ണം പറയാൻ വേറെയും ഉണ്ടായിരുന്നു.
ദൂരെ നിന്ന് വന്ന രണ്ട് ചെറുപ്പക്കാരെ, രാത്രി ഗൈഡ് കോട്ടക്കകത്ത് വിട്ടു. രാത്രി പ്രവേശനമില്ലാത്ത കോട്ടയിൽ, “ഇതെങ്ങനെ സംഭവിച്ചു” എന്ന് ചോദിക്കരുത്. കഥയിൽ ചോദ്യമില്ല; പ്രത്യേകിച്ച് കള്ളക്കഥകളിൽ. ഗൈഡ് കവാടത്തിന് വെളിയിൽ നിന്നു. അല്പനേരം കഴിഞ്ഞപ്പോൾ ചെറുപ്പക്കാർ രണ്ടുപേരും ഓടിക്കിതച്ച് വന്നു. അവർ 10 – 12 വയസ്സുള്ള ഒരു പെൺകുട്ടിയെ കൊട്ടാരത്തിനുള്ളിൽ കണ്ടത്രെ! ‘ഒറ്റയ്ക്കെങ്ങനെ ഇതിനകത്ത് വന്നു. നിന്റെ അച്ഛനും അമ്മയും എവിടെ?’ എന്നൊക്കെ ചോദിച്ചപ്പോൾ, ‘എനിക്ക് ആരുമില്ല ഞാൻ ഒറ്റക്കാണ്’ എന്നവൾ പറഞ്ഞു. പിന്നെ ഉറക്കെ ചിരിച്ചു. അതോടെ ചെറുപ്പക്കാർ പേടിച്ച് കോട്ടയുടെ കവാടത്തിലേക്ക് ഓടി. ഗൈഡിനേയും കൂട്ടി അവർ തിരികെ ചെന്നപ്പോൾ അവിടെ പെൺകുട്ടി ഇല്ല; പകരം ഒരു പൂച്ച ഇരിക്കുന്നു. പെൺകുട്ടി പൂച്ചയായി രൂപം മാറി എന്നാണ് ഗൈഡിന്റെ ഭാഷ്യം. പണ്ടുണ്ടായിരുന്ന കള്ളക്കഥകൾക്ക് പുറമെ, 40 – 45 വയസ്സുള്ള ഗൈഡ്, ഇത്തരം പുതിയ കഥകൾ കൂടെ ചേർക്കുമ്പോൾ സംഗതി കൊഴുക്കുന്നു.
ഇതിൽ എനിക്ക് തീരെ അനുകൂലിക്കാൻ പറ്റാത്ത ഒരു കള്ളക്കഥയുണ്ട്. നിലവിൽ പൊളിഞ്ഞുവീണ് കിടക്കുന്ന രണ്ടുനിലയുള്ള കെട്ടി കൊട്ടാരത്തിന്റെ കെട്ടിനു മുകളിൽ ആറോ പത്തോ നിലകൾ കൂടെ പണിതാലും മലയുടെ മുകളിൽ ഇരിക്കുന്ന സന്യാസിയുടെ മണ്ഡപത്തിൽ അതിന്റെ നിഴൽ വീഴില്ല. കാരണം, മണ്ഡപം അതിനേക്കാൾ ഉയരത്തിലാണ് നിൽക്കുന്നത്. നിഴൽ വീഴണമെങ്കിൽ കൊട്ടാരത്തിന്റെ കെട്ടുകൾ മണ്ഡപത്തിനേക്കാൾ ഉയരത്തിൽ ആകണം. സൂര്യൻ പ്രകാശിക്കുന്നത് ആകാശത്ത് നിന്നാണ്; മലയുടെ അടിവാരത്തിൽ നിന്നല്ല.
കള്ളക്കഥകൾ ഉണ്ടാക്കുന്നത് കൊള്ളാം പക്ഷേ, അത് നിലവിലുള്ള സാഹചര്യത്തോടും ഭൂപ്രകൃതിയോടും ഒക്കെ ഒത്തു പോകണം.
ഒരു കാര്യം സ്പഷ്ടമാണ്. പതിനാറാം നൂറ്റാണ്ടിന് ശേഷം ഒരു ഗംഭീര ഭൂചലനം ഇവിടെ ഉണ്ടായിരിക്കുന്നു. പരന്ന മേൽക്കൂരയുള്ള എല്ലാ കെട്ടിടങ്ങളും ആ ഭൂചലനത്തിൽ തകർന്ന് വീണിട്ടുണ്ട്. ഗോളാകൃതിയിലുള്ള മേൽക്കൂരകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുമില്ല.
വെണ്ണക്കല്ലിലും മറ്റും തൂണുകൾ ഉണ്ടായിരുന്ന ഗംഭീരമായ ഒരു കൊട്ടാരമാണ് ഇതിനകത്ത് ഉണ്ടായിരുന്നത്. അത് തവിടുപൊടിയാകുന്ന തരത്തിലുള്ള ഒരു ഭൂകമ്പം ഉണ്ടായിട്ടുണ്ടെങ്കിൽ, അന്നത്തെ ഭൂചലനം അതീവശക്തിയുള്ളത് തന്നെ ആയിരുന്നിരിക്കണം. ആ ഭൂചലനത്തെ ഒന്ന് രണ്ട് വ്യക്തികളുമായും കെട്ടുകഥകളുമായും ചേർത്തിണക്കി മുത്തശ്ശിക്കഥകൾ പോലെ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. പോരാത്തതിന് പുതിയ തലമുറയിൽ നിന്നുള്ളവർ ചില ഇല്ലാക്കഥകൾ കയ്യിൽ നിന്ന് ഇടുകയും ചെയ്യുന്നു.
കോട്ടയ്ക്കുള്ളിൽ നിറയെ കുരങ്ങുകളാണ്. അവ പക്ഷേ ആരെയും ഉപദ്രവിക്കുന്നില്ല; സന്ദർശകരിൽ നിന്ന് ഒന്നും പിടിച്ച് പറിക്കുന്നുമില്ല. ഭക്ഷണസാധനങ്ങൾ വല്ലതും കൊടുത്താൽ കഴിക്കുന്നുണ്ട് എന്ന് മാത്രം. തീരെ ഭയമില്ലാതെ അവറ്റകൾ സഞ്ചാരികൾക്കിടയിലൂടെ കടന്നുപോകുന്നുണ്ട്. നമുക്കും കുരങ്ങുകളെ ഭയക്കാതെ നടക്കാം.
രാത്രിയായാൽ ഈ കുരങ്ങുകളും അവിടെയുള്ള പക്ഷികളും ഒക്കെ ചേർന്ന് ശബ്ദം ഉണ്ടാക്കുകയും വല്ലാത്ത തരത്തിലുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ടാകണം. അതിന്റെ കൂട്ടത്തിൽ മേമ്പൊടിയായി മേൽപ്പറഞ്ഞ കഥകൾ കൂടെ ആകുമ്പോൾ, ഭയപ്പെടാൻ വേറെ പ്രത്യേകിച്ച് ഒന്നും വേണ്ടി വരില്ല.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ചന്ദ്രന്റെ മറുവശത്ത് ചെന്ന് നിൽക്കുന്ന ഒരു രാജ്യത്തിന്, രാത്രിയാകുമ്പോൾ ഈ കോട്ടയിൽ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടുപിടിക്കാൻ എന്താണ് ബുദ്ധിമുട്ട്? ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കാത്ത എത്രയോ മനുഷ്യന്മാർ ഈ രാജ്യത്ത് ഉണ്ട്. അതിൽ നാല് പേരെ അവരുടെ സ്വന്തം ഉത്തരവാദിത്വത്തിൽ ഈ കോട്ടയ്ക്കകത്ത് ഒരു രാത്രി കഴിയാൻ വിടണം. ആ ഒരൊറ്റ രാത്രി കൊണ്ട് തീർക്കാവുന്ന പ്രേതബാധയേ ഇതിനകത്തുള്ളൂ. അതിന് പകരം, കോട്ടയ്ക്ക് രാത്രി ആരും കയറാതിരിക്കാൻ പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. ഗ്രാമവാസികൾ ഇന്നും കോട്ടയ്ക്കകത്ത് പ്രേതഭൂതപിശാചുക്കളെ പൂജിക്കുന്നുമുണ്ട്. പോരേ പൂരം?!
ഒരു കാര്യം പറയാൻ വിട്ടുപോയി. അകത്ത് താമസിക്കാൻ വിടുന്ന നാല് പേരിൽ ഒന്ന് റസൂൽ പൂക്കുറ്റി ആയിരിക്കണം. രാത്രി കോട്ടയ്ക്ക് അകത്ത് ഉണ്ടാകുന്ന ശബ്ദ്ദവീചികൾ റെക്കോർഡ് ചെയ്തെടുക്കുക എന്നത് ഒരു ഗംഭീര സംഗതി ആയിരിക്കും. അദ്ദേഹത്തിൻ്റെ സഹായിയായി ഞാനും കൂടാം. പിന്നെയുള്ള രണ്ടുപേർ ആര് വേണമെങ്കിലും ആകട്ടെ.
ഗൈഡിന്റെ ശബ്ദവും ചിത്രവും ഒന്നും റെക്കോർഡ് ചെയ്യാൻ പാടില്ല എന്നതുകൊണ്ട് രണ്ട് പ്രാവശ്യം എനിക്ക് കോട്ട കയറി ഇറങ്ങേണ്ടി വന്നു. ഒരു പ്രാവശ്യം ഗൈഡിനൊപ്പവും രണ്ടാമത്തെ പ്രാവശ്യം റെക്കോർഡിങ്ങിന് വേണ്ടി ഒറ്റയ്ക്കും. എനിക്കത് സന്തോഷകരമായ അനുഭവം തന്നെ ആയിരുന്നു.
സ്കൂൾ കുട്ടികൾ അടക്കം, വന്ന് പോകുന്നവരെല്ലാം സംസാരിക്കുന്നത് ഭൂതപ്രേതങ്ങളെ പറ്റി മാത്രമാണ്.
ജർമ്മനിയിലെ ഒരു കോട്ട, സ്പെയിനിലെ മറ്റൊരു കോട്ട, അത് കഴിഞ്ഞാൽ ഇന്ത്യയിലെ ഈ ഭാൻഗഡ് കോട്ടയാണ് പോലും പ്രേതങ്ങൾ വിളയാട്ടം നടത്തുന്ന ഗംഭീര മൂന്ന് കോട്ടകൾ. സായിപ്പും ഇതിലൊക്കെ വിശ്വസിക്കുന്നുണ്ട് എന്നതിൽ എനിക്ക് അതിശയം തോന്നി.
അങ്ങനെ നൂറാമത്തെ കോട്ട സന്ദർശനം ഗംഭീരമായിത്തന്നെ കലാശിച്ചു. അടുത്തതായി ആൽവാറിൽ താമസിക്കാൻ ഒരു സ്ഥലം കണ്ടെത്തുക എന്നതാണ് കടമ്പ. പക്ഷേ ആൽവാറിലേക്ക് 80 കിലോമീറ്ററിൽ അധികം ദൂരമുണ്ട്. രണ്ട് മണിക്കൂർ ഡ്രൈവ്.
അഞ്ച് മണിയോടെ ആൽവാറിൽ എത്തുമ്പോഴേക്കും പ്രകൃതിയിലുണ്ടായ മാറ്റം ഞാൻ ശ്രദ്ധിച്ചു. ഡൽഹിയിലേക്കുള്ള വഴിയാണ് ഇത്. രാജസ്ഥാന്റെ ഭൂപ്രകൃതി മാറി ഏറെക്കുറെ ഡൽഹിയുടേത് പോലെ ആകുന്നു. അവസാനത്തെ 25 കിലോമീറ്റർ കോട വന്ന് മൂടി. ഇന്ന് രാത്രി തണുപ്പ് കടുക്കുമെന്ന് ഉറപ്പ്.
നഗരത്തിലേക്ക് കടക്കാൻ 5 കിലോമീറ്റർ ബാക്കിയുള്ളപ്പോൾ, നവരത്ന എന്നൊരു റസ്റ്റോറന്റ് കണ്ടതും ഭാഗിയെ അങ്ങോട്ട് ഒതുക്കി. റസ്റ്റോറന്റിനോട് ഉടമസ്ഥനോട് സംസാരിച്ച് കാര്യങ്ങൾ തീർപ്പാക്കിയിട്ടുണ്ട്. ഒരാഴ്ച്ചയോളം രാത്രി ഇവിടെത്തന്നെ തങ്ങാനുള്ളതാണ്.
വിചാരിച്ചത് പോലെ, സ്വറ്ററിന് ഒറ്റയ്ക്ക് തണുപ്പിനെ തടുക്കാൻ പറ്റുന്നില്ല. ഒരു ജാക്കറ്റ് കൂടെ ഇടേണ്ടി വരും. ഇന്ന് സ്ലീപ്പിങ്ങ് ബാഗും പുംത്തെടുക്കേണ്ടി വന്നേക്കാം.
100 കോട്ടകൾ സന്ദർശിച്ചതിൻ്റെ ആഘോഷം എന്ന നിലക്ക്, റസ്റ്റോറന്റിന്റെ തൊട്ടടുത്ത് കപ്പലണ്ടി ചുട്ട് വിൽക്കുന്ന സഹോദരന്റെ കയ്യിൽ നിന്ന് കുറച്ച് കപ്പലണ്ടി വാങ്ങി. അടുപ്പിൽ അവർക്ക് കപ്പലണ്ടി ചുടുന്നത് കാണാൻ നല്ല രസമാണ്.
“നിങ്ങൾ മലയാളികൾ സാധാരണ ഇംഗ്ലീഷ് ആണല്ലോ പറയാറ്. പക്ഷെ, താങ്കൾ ഹിന്ദി സംസാരിക്കുന്നുണ്ടല്ലോ?” എന്ന് കപ്പലണ്ടി കടക്കാരന്റെ ലോഹ്യം കൂടി.
” ഞാൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ പഠിച്ചിട്ടില്ല ഭായ് ” എന്ന് എന്റെ സത്യസന്ധമായ കുസൃതി മറുപടി.
പിന്നെ രണ്ടാൾക്കും, ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാത്ത നെടുനീളൻ ചിരി.
ശുഭരാത്രി.