റാച്ചൽ കോട്ട കാണാനാണ് ഇന്നത്തെ മഴയ്ക്കിടയിലൂടെ യാത്ര തിരിച്ചത്. ഒരു കാലത്ത് 100 പീരങ്കികൾ ഉണ്ടായിരുന്ന കോട്ടയിൽ ഇപ്പോൾ ‘ആട് കിടന്നയിടത്ത് പൂട പോലും ഇല്ല‘ എന്ന അവസ്ഥ. കോട്ടയുടെ ഒരു പ്രവേശന കവാടം മാത്രം നിലനിർത്തിയിട്ടുണ്ട്. അതിലെ കല്ലൊരെണ്ണം നാശമാക്കിയാൽ 5000 രൂപ പിഴ, എന്ന സർക്കാരിൻ്റെ ഇണ്ടാസിന് പതിറ്റാണ്ടുകൾ പഴക്കം കാണും. ആ തുകയൊന്ന് പുതുക്കിക്കൂടെ കൂട്ടരേ? അതുമല്ലെങ്കിൽ, പുരാവസ്തുക്കളിൽ തൊട്ടാൽ കൈവെട്ടുമെന്ന് പുതിയ നിയമം വല്ലതും കൊണ്ടുവന്നുകൂടെ ? അതിന് പകരം 5000 രൂപ കൊടുത്താൽ മതി പോലും!
സത്യത്തിൽ ഞാൻ പറഞ്ഞുവന്നത്, മേൽപ്പടി കാര്യങ്ങൾ ഒന്നുമല്ല. ജോസഫ് മാഷിൻ്റെ കൈവെട്ട് കേസിൻ്റെ വിധിയും കുറ്റവാളികളോട് മാഷ് പറഞ്ഞതുമൊക്കെ ഈ ദിവസങ്ങളിൽ ധാരാളമായി വായിച്ചു. അതുമായി ബന്ധപ്പെട്ട ചിലത് പറയണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ് പുരാവസ്തുക്കളിൽ ‘തൊട്ടാൽ കൈവെട്ടണം’ എന്ന വാചകം തന്നെ ഉപയോഗിച്ചത്. കൈ വെട്ട്, കൈ വെട്ട് എന്ന് ഒന്നുരണ്ട് പ്രാവശ്യം എഴുതിയതിന്, സുക്കർ സായ് വ് എൻ്റെ ഫേസ്ബുക്ക് വെട്ടാനുള്ള സാദ്ധ്യതയാണ് കൂടുതൽ. അതെന്തായാലും പറയാനുള്ളത് പറഞ്ഞിട്ട് പോയേക്കാം.
പറഞ്ഞുവന്നത്….
റാച്ചൽ കോട്ടയുടെ ചരിത്രം ഒരുപാടുണ്ട് പറയാൻ. പക്ഷേ, അത്രയും ചരിത്രം വീഡിയോ ആക്കണമെങ്കിൽ, അത്രയ്ക്ക് നീളത്തിലുള്ള ഓഡിയോയ്ക്ക് വേണ്ടി, അത്രയ്ക്ക് തന്നെ വിഷ്വലും വേണമല്ലോ ? ഒരു കോട്ടവാതിൽ വെച്ച് എത്രത്തോളം നീളമുള്ള വിഷ്വലുണ്ടാക്കും ?
ആയതിനാൽ അൽപ്പം വിഷ്വൽ റെക്കോർഡ് ചെയ്യാൻ വേണ്ടി റാച്ചോൾ ഗ്രാമത്തിൽ ചുറ്റിയടിക്കാൻ ഞാൻ തീരുമാനിച്ചു. പതിനാറാം നൂറ്റാണ്ടിലെ ഗംഭീര സെമിനാരി ഒരെണ്ണമുണ്ട് കോട്ടവാതിൽ കടന്ന് 100 മീറ്റർ നീങ്ങിയാലുടൻ. വീണ്ടും മുന്നോട്ട് പോയാൽ, മഴയിൽ മുങ്ങിനിൽക്കുന്ന പച്ചപ്പാടങ്ങൾ, അതിനിടയ്ക്ക് വെള്ളപൂശിയ ചെറുതും വലുതുമായ കുരിശടികൾ. ഇടയ്ക്ക് പാവപ്പെട്ട ഗ്രാമവാസികളുടെ ഗോവൻ ശൈലിയിലുള്ള കൊച്ചു കൊച്ചു വീടുകൾ. ചില വീടുകളുടെ ഉമ്മറത്ത്, മഴയുടെ തണുപ്പടിച്ച് മടങ്ങിക്കൂടിയിരിക്കുന്ന പരമ്പരാഗത ഗോവൻ ഗൗൺ ധരിച്ച മുത്തശ്ശിമാർ. ലക്കും ലഗാനുമില്ലാതെ റോഡ് നിറഞ്ഞ് നീങ്ങുന്ന പോത്തിൻ്റെ കൂട്ടങ്ങൾ. ഒരു സ്ക്കൂട്ടറിന് പോലും പോകാൻ പറ്റാത്ത തരത്തിൽ ഗതാഗതം സ്തംഭിപ്പിച്ച പോത്തുകളെ നിയന്ത്രിക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്ന പോത്തിടയൻ. പോത്തുകൾക്കിടയിൽ കുടുങ്ങിയെങ്കിലും ഒരു തിരക്കുമില്ലാത്ത ഞാനും എൻ്റെ ബൊലേറോ മോട്ടോർ വീടും.
കാഴ്ച്ചകൾ കണ്ടുകണ്ട് മഴയിൽ കുതിർന്ന് വാഹനം ചെന്ന് കയറിയത് മറ്റൊരു മനോഹരമായ പള്ളിയുടെ വിശാലമായ അങ്കണത്തിലേക്ക്. റാച്ചോളിലെ മഞ്ഞുമാതാവിൻ്റെ പള്ളി. നാലഞ്ച് നായ്ക്കൾ പള്ളിപ്പറമ്പിൽ പലഭാഗത്തുനിന്നായി എത്തി നോക്കി. അവറ്റകൾ അക്രമകാരികളാണോ അല്ലയോ എന്ന ബേജാറിലാണ് ഞാൻ. കടിച്ചാൽ കടിച്ചു. കോഴിക്കോട് റേഡിയോ മാങ്കോ തന്ന കുട ഒടിയുന്നത് വരെ പയറ്റാനും പിന്നെ ഓടി രക്ഷപ്പെടാനും തീർപ്പാക്കി, വണ്ടിയിൽ നിന്നിറങ്ങി പള്ളിപ്പറമ്പിലേക്ക് കടന്നു.
ഈ മഴക്കാലത്ത് എന്തൊരു വിജനമാണെന്നോ ഗോവയിലെ ഓരോ പള്ളികളും പരിസരങ്ങളും. ഇത്രയധികം പള്ളികളിൽ പ്രാർത്ഥനയ്ക്കുള്ളവർ ഇതൊക്കെ പണിതീർത്ത കാലത്ത് ഉണ്ടായിരുന്നോ ? ഇന്നുണ്ടോ ? എനിക്കറിയില്ല. ഇന്നത്തെ കാലത്ത് ആരോടെങ്കിലും ചോദിക്കാൻ പറ്റുന്ന കാര്യവുമല്ല.
ങ് ഹാ…. അത്തരം സാഹചര്യത്തെപ്പറ്റി തന്നെയാണ് പറഞ്ഞുവരുന്നത്.
പെട്ടെന്ന് കപ്യാരോ കാര്യക്കാരനോ എന്ന് തോന്നിക്കുന്ന ഒരാൾ പള്ളിയോട് ചേർന്നുള്ള പള്ളിമേടയുടെ ഭാഗത്തുനിന്ന് ഒരു സ്ക്കൂട്ടറിൽ എൻ്റെ അടുത്തെത്തി. ഞാനദ്ദേഹത്തോട്, പള്ളിപ്പറമ്പിൽ നടന്ന് പള്ളി കാണുന്നതിനും പുറമേ നിന്ന് പടമെടുക്കുന്നതിനും വിലക്കൊന്നും ഇല്ലല്ലോ എന്ന് ചോദിച്ചു.
ഇത് ഞാൻ ചോദിക്കാൻ കാരണമുണ്ട്. കലാംഗ്യൂട്ടിൽ Mae De Deus എന്ന മനോഹരമായ ഒരു പള്ളിയുടെ പുറത്ത് വീഡിയോഗ്രാഫി നിഷിദ്ധമെന്ന് വലിയ ബോർഡ് വെച്ചിരിക്കുന്നത് കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ കണ്ടിരുന്നു. അതെന്നെ ശരിക്കും നിരാശനാക്കി. അമ്പലങ്ങളിൽ നിന്നും വിഭിന്നമായി ക്രൈസ്തവ ദേവാലയങ്ങളിൽ അകത്തും പുറത്തും പടങ്ങളെടുക്കുന്നതിന് യാതൊരു നിബന്ധനകളും കേരളത്തിൽപ്പോലും ഞാൻ കണ്ടിട്ടില്ല. പള്ളികളുടെ ദേശീയ സമ്മേളനം നടക്കുന്ന ഗോവയിൽ പള്ളിയുടെ പടമെടുക്കുന്നതിന് തടസ്സമോ ? എനിക്കതിപ്പോഴും ദഹിച്ചിട്ടില്ല. ആ പള്ളിയുടെ ചിത്രങ്ങൾ എല്ലാവരുമെടുക്കുന്നത് മതിൽക്കെട്ടിന് വെളിയിൽ നിന്നാണ്. ഞാനും അങ്ങനെ തന്നെ പടങ്ങളെടുത്തു.
ആ അനുഭവം ഉള്ളതുകൊണ്ടാണ് ചെല്ലുന്നിടത്തെല്ലാം ചോദിച്ചിട്ട് മതി പടംപിടുത്തം എന്ന് തീരുമാനിച്ചിരിക്കുന്നത്. കാര്യക്കാരനോട് ചോദ്യമെറിഞ്ഞപ്പോൾ, “ ആവശ്യത്തിന് പടമെടുത്തോളൂ. ഈ ഗ്രാമത്തിലെ പള്ളിയുടെ പടമെടുക്കുന്നതിന് എന്ത് വിലക്ക്, ആർക്ക് വിലക്ക്? “ എന്നൊരു മറുപടിയാണ് ഞാൻ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും.
പക്ഷേ, വിപരീത മറുപടിയാണ് കിട്ടിയത്.
“ ഫോട്ടോ എടുക്കണമെങ്കിൽ അച്ചനോട് അനുവാദം വാങ്ങണം. നേരെ മേടയിലേക്ക് കയറിച്ചെന്നോളൂ. അച്ചനവിടെയുണ്ട്.“
“ ഞാൻ പുറത്തുനിന്നല്ലേ പടമെടുക്കുന്നത്? ഞങ്ങളെപ്പോലെ ദൂരെ നിന്ന് വരുന്ന സഞ്ചാരികൾക്ക് ഒന്നുരണ്ട് പടങ്ങളെടുക്കാൻ ഗോവ പോലുള്ള ഒരു സ്ഥലത്ത് സത്യത്തിൽ എന്താണ് തടസ്സം? “ എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
“പുറത്ത് നടക്കുന്ന കാര്യങ്ങളൊക്കെ അറിയുന്നില്ലേ ? പലരും അടയാളമായി പടങ്ങളെടുത്ത് പോകുന്നുണ്ട്. രാജ്യത്ത് പലയിടത്തും ക്രൈസ്തവ ദേവാലയങ്ങൾക്ക് സുരക്ഷിതത്ത്വം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുള്ള മുൻകരുതലാണ്. എന്തായാലും അച്ചനോട് ചോദിച്ചിട്ട് പടമെടുത്താൽ മതി.“ ഇതും പറഞ്ഞ് കാര്യക്കാരൻ സ്ക്കൂട്ടറോടിച്ച് പോയി. ഞാനും പട്ടികളും പള്ളിപ്പറമ്പിൽ ബാക്കിയായി.
ഞാൻ കപ്യാരോട് സംസാരിച്ച് നിന്നതുകൊണ്ടാകാം, എന്നോടുള്ള പട്ടികളുടെ നോട്ടത്തിനും സമീപനത്തിനും ഒരു അയവ് വന്നിട്ടുണ്ട്. ഇല്ലെങ്കിലും എനിക്കങ്ങനെ തോന്നുന്നുണ്ട്. ഞാൻ നേരെ പള്ളിമേടയിലേക്ക് കടന്നു. പട്ടികൾ നിശ്ചലം.
ഹോ…. എത്ര ശാന്തമാണെന്നോ ആ കെട്ടിടത്തിൻ്റെ ഉൾത്തളങ്ങൾ. ആ തടിയൻ ചുമരുകൾ ശ്വാസമെടുക്കുന്നത് മാത്രമാണ് നിശബ്ദ്ദതയെ ഭഞ്ജിക്കുന്നത്.
എന്തെങ്കിലുമൊരു ശബ്ദമുണ്ടാക്കിയ ശേഷം അകത്തേക്ക് കടക്കാമെന്ന് കരുതി പച്ചമലയാളത്തിൽ… “ അച്ചോ, ഇവിടാരുമില്ലേ? “ എന്ന് ഉച്ചത്തിൽ ഞാൻ. ശ്വാസമെടുപ്പ് നിർത്തി ചുമരുകൾ എൻ്റെ ചോദ്യം തിരിച്ചയച്ചതല്ലാതെ മറ്റ് അനക്കങ്ങൾ ഒന്നുമില്ല. പ്രതിധ്വനികൾ ഒന്നോ രണ്ട് പ്രാവശ്യം കൂടെ വന്നലച്ച് സ്ഥായിയായ നിശബ്ദതയ്ക്ക് കീഴടങ്ങിയപ്പോൾ ധൈര്യം സംഭരിച്ച് ഞാൻ അകത്തളത്തിലേക്ക് കടന്ന് വീതിയുള്ള പടികൾ ചവിട്ടിക്കയറി മേടയുടെ മുകളിലേക്ക്.
രാത്രി സമയത്ത് എന്ത് രസമായിരിക്കും വിജനമായ ഈ പ്രദേശത്ത് നിശബ്ദ്ദത വീണ്ടും കനക്കുമ്പോൾ? അപ്പുറത്തുള്ള സെമിത്തേരിയിൽ സൊറ പറഞ്ഞിരിക്കുന്ന പരേതാന്മാക്കളുടെ രഹസ്യങ്ങളെല്ലാം വെളിച്ചത്താകുക തന്നെ ചെയ്യും. എൻ്റെ ചിന്തകൾ വന്യമായി.
മുകളിലേക്ക് കയറിച്ചെന്നപ്പോൾ വിശാലമായ മുറികൾ, ഉയരമുള്ള മച്ച്. എന്തൊക്കെയോ തട്ടുമുട്ടുകൾ എവിടന്നോ കേൾക്കുന്നുണ്ട്. ഞാൻ വീണ്ടും മനഃപ്പൂർവ്വം “ അച്ചോ… ഇവിടാരുമില്ലേ ?“ എന്ന് ഒച്ചയിട്ടു.
ഇപ്രാവശ്യം ഒരു സ്ത്രീശബ്ദം മറുപടി തന്നു. പള്ളിയിലെ ഓഫീസ് ജീവനക്കാരിയാണെന്ന് തോന്നുന്നു. ഞാനവരോട് കാര്യം പറഞ്ഞു. അവരുടെ മുഖത്ത് സമ്മിശ്ര ഭാവങ്ങൾ! സത്യത്തിൽ അവിടങ്ങനെ പടമെടുക്കാൻ ഒരു ഏർപ്പാടും നിബന്ധനകളുമൊന്നും ഇല്ലെന്ന് തോന്നുന്നു. ഞാൻ ചോദിച്ചതുകൊണ്ട് ഇനിയിപ്പോൾ ഏടാകൂടം ഒന്നും വേണ്ടെന്നുള്ളതുകൊണ്ടാകും “ അച്ചനിപ്പോൾ വരും. അച്ചൻ്റെ ഓഫീസിലേക്ക് ഇരുന്നോളൂ“, എന്ന് പറഞ്ഞ് അവരെന്നെ അകത്തെ മുറിയിലിരുത്തി. ഉള്ളിൽ അച്ചൻ്റെ കിടപ്പ് മുറിയിൽ നിന്നാണെന്ന് തോന്നുന്നു തട്ടലും മുട്ടലുമൊക്കെ കേൾക്കുന്നുണ്ട്.
അച്ചൻ്റെ മേശപ്പുറത്ത് നിറയെ കിടുക്കൻ ചരിത്രപുസ്തകങ്ങൾ, കോഫി ടേബിൾ ബുക്കുകൾ. സവർണ്ണ ചിത്രങ്ങളുള്ള ആ പുസ്തകങ്ങളിൽ ഒന്നിൻ്റെ പേർ Outdoor Museums of Goa. ‘ഗോവയിൽ ഇനിയും ഒരുപാട് സംഭവങ്ങൾ ബാക്കിയുണ്ടെടോ മണ്ടൻ നിരക്ഷരാ‘ എന്ന് ആ പുസ്തകം എന്നെ പരിഹസിച്ചു. ഗോവ എന്നേം കൊണ്ടേ പോകൂ എന്നാണ് തോന്നുന്നത്. പുസ്തകം ചെറുതായി ഒന്ന് മറിച്ച് നോക്കിയപ്പോഴേക്കും പൊടുന്നനെ അച്ചൻ പ്രത്യക്ഷപ്പെട്ടു. എന്നെപ്പോലെ തന്നെ നരച്ച ഒരു മനുഷ്യൻ. മുഖത്തുനിന്ന് തേജസ്സ് ഒപ്പിയെടുക്കാം. ഇടതടവില്ലാതെ എന്തൊക്കെയോ കൊങ്കണിയിൽ പറഞ്ഞു. “ഇംഗ്ലീഷ് ഓർ ഹിന്ദി ഫാദർ“ എന്ന് ഞാൻ പറഞ്ഞതും ചിരിച്ചുകൊണ്ട് അദ്ദേഹം ഇംഗ്ലീഷിൽ ഔപചാരികത ആവർത്തിച്ചു.
ചെന്ന കാര്യം പറഞ്ഞതും, എന്തെങ്കിലും ഒരു ഐഡി കാണിക്കാൻ അച്ചൻ ആവശ്യപ്പെട്ടു. എല്ലാം താഴെ വാഹനത്തിലാണ് എടുത്തിട്ട് വരാമെന്ന് പറഞ്ഞ് ഞാൻ പുറത്ത് കടന്നു മോട്ടോർ ഹോമിലേക്ക് നടന്നു.
വണ്ടിയിൽ നിന്ന് കാർഡ് ഒരെണ്ണം തപ്പിയെടുത്തപ്പോളേക്കും തൊട്ടടുത്ത് ഒരു കാറ് വന്നു നിന്നു. ഡ്രൈവർ സീറ്റിൽ അച്ചൻ! ഞാൻ കാർഡ് നീട്ടിയതും അച്ചനത് നിരസിച്ചു.
“ താങ്കളൊരു കുഴപ്പക്കാരൻ അല്ലെന്നും ക്രൈസ്തവൻ അല്ലെന്നും ഒരു സഞ്ചാരിയാണെന്നും ഞാൻ മനസ്സിലാക്കുന്നു. ഇത്രയും ദൂരം വന്നിട്ട് ഇതര മതസ്ഥനായ താങ്കളെപ്പോലുള്ളവർ കണ്ടില്ലെങ്കിൽ പിന്നെ ആർക്ക് കാണാനും പടമെടുക്കാനുമാണ് ഇതൊക്കെ? എനിക്ക് താങ്കളുടെ അടയാളങ്ങൾ കാണണമെന്നില്ല. ആവശ്യത്തിന് പടങ്ങൾ എടുത്തോളൂ. സേഫ് ജേർണി. “
അത് പറഞ്ഞപ്പോൾ അച്ചൻ്റെ മുഖത്ത് ഇരട്ടി തേജസ്സ്.
പറഞ്ഞവസാനിപ്പിക്കാം.
ഒരു നിബന്ധനകളും ഇല്ലായിരുന്ന ഇടത്തുനിന്ന്, നിബന്ധനകളുടെ മതിൽക്കെട്ടുകൾ തീർക്കുന്നത് നമ്മളൊരുക്കുന്ന വൃത്തികെട്ട സാഹചര്യങ്ങൾ മാത്രമാണ്. ദൈവങ്ങളുടെ പേരിലെന്തിനാണ് ഇത്രയും അകൽച്ച. ദൈവം എന്തിനും പോന്നവനല്ലേ? അവനെ ആരെങ്കിലും വിമർശിച്ചെന്ന് തോന്നിയാൽപ്പോലും നമ്മൾ മനുഷ്യരെന്തിന് ബേജാറാകണം. സർവ്വശക്തനായ അവൻ്റെ കാര്യം നോക്കാൻ അവനാകില്ലേ ? അവനെ ആരെങ്കിലും തള്ളിപ്പറഞ്ഞിട്ടുണ്ടെങ്കിൽ അതവന് വിട്ടുകൊടുത്തുകൂടെ ? ദൈവം വിചാരണ നടത്തി ശിക്ഷ വിധിക്കട്ടെ. നമുക്ക് കൈകൾ വെട്ടാൻ നിൽക്കാതെ കൈകൾ കോർത്തുപിടിച്ച് പോകാനാവില്ലേ?
വാൽക്കഷണം:- എനിക്കീ യാത്രയിൽ, രാജ്യത്തുടനീളമുള്ള എല്ലാ പള്ളീലും മോസ്ക്കിലും അമ്പലത്തിലും ഗുരുദ്വാരയിലും സിന്നഗോഗിലും കയറണം. വിശ്വാസിയല്ലാത്ത എനിക്ക് പറ്റിയ ഒരു ദൈവം അവിടെ എവിടെയെങ്കിലും മനുഷ്യരെപ്പേടിച്ച് ഒളിച്ചിരിക്കുന്നുണ്ടെങ്കിൽ എനിക്കങ്ങേരെ കണ്ട് സാന്ത്വനിപ്പിച്ച് കൂടെക്കൂട്ടണം. വണ്ടിയിൽ ഒരാത്മാവിനുള്ള സ്ഥലം ഇപ്പോഴും ബാക്കിയുണ്ട്. ഇപ്പറഞ്ഞതിന്, നിങ്ങൾ ബാക്കി മനുഷ്യരുടെ കുനുഷ്ടും കുന്നായ്മയും കുത്തിത്തിരിപ്പുകളും തടസ്സമാകരുത്. അത്രേയുള്ളൂ.
#greatindianexpedition
#gie_by_niraksharan
#boleroxl_motor_home
#churchesofgoa
(ചിത്രം:- പള്ളിമേടയിൽ അച്ചനെ കാത്തിരിക്കുന്ന അക്ഷരമില്ലാത്തവൻ.)