വാർത്ത 1 :- റോയൽറ്റിക്കും കോപ്പിറൈറ്റിനും ആദായ നികുതി ഇളവ്.
കമന്റ് 1 :- ഇതറിഞ്ഞ ശേഷം അക്ഷരാഭ്യാസം ഇല്ലാത്തവരും ആത്മകഥ എഴുതിത്തുടങ്ങിയെന്ന് പ്രമുഖ പ്രസാധകർ.
വാർത്ത 2 :- നേതാക്കൾക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തണമെന്ന് പി.സി.ജോർജ്ജ്.
കമന്റ് 2 :- തിരഞ്ഞെടുപ്പ് സമയത്ത് മാത്രം മത്യോ അതോ….. പോകാൻ വരട്ടെ….കഴിഞ്ഞില്ല, ചീഫ് വിപ്പിന്റെ കാര്യത്തിലും ഇത് ബാധകമാണോ ആവോ ?
വാർത്ത 3 :- നല്ല സ്ഥാനാർത്ഥികൾ ഇല്ലെങ്കിൽ നോട്ട ഉപയോഗിക്കൂ – അണ്ണാ ഹസാരെ.
കമന്റ് 3 :- നോട്ട് ദ നോട്ട പോയന്റ്.
വാർത്ത 4 :- എന്റെ വാചകം മാദ്ധ്യമങ്ങൾ വളച്ചൊടിച്ചെന്ന് വി.എസ്.
കമന്റ് 4 :- സംസാരിക്കുമ്പോൾ നീട്ടിവലിച്ച് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞതുകൊണ്ടാണ് വളച്ചൊടിക്കാനുള്ള സൌകര്യം കിട്ടിയതെന്ന് മാദ്ധ്യമങ്ങൾ.
വാർത്ത 5 :- അനുയോജ്യയായ പെൺകുട്ടിയെ കണ്ടെത്തിയാൽ വിവാഹം കഴിക്കും – രാഹുൽ ഗാന്ധി.
കമന്റ് 5 :- ഇന്നാട്ടിലെങ്ങും കണ്ടെത്താൻ സാദ്ധ്യതയില്ല. എല്ലാ ഇന്ത്യക്കാരും സഹോദരീ സഹോദരന്മാരാണെന്ന് അറിയാമ്മേലേ ?
വാർത്ത 6 :- മന്ത്രി പ്രഖ്യാപിച്ച 125 ദിവസം കഴിഞ്ഞു. കണമലയിൽ പാലം പൂർത്തിയായില്ല.
കമന്റ് 6 :- പാലത്തിൽ വെക്കാനുള്ള മന്ത്രിയുടെ ഫ്ലക്സ് ബോർഡ് തയ്യാറായിട്ട് 100 ദിവസം കഴിഞ്ഞെന്ന് നാട്ടുകാർ.
വാർത്ത 7 :- ചിലർ കരുണാനിധിയെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല – അഴഗിരി.
കമന്റ് 7 :- വീൽ ചെയറിന്റെ കാര്യമാകും അഴകിരി അണ്ണൻ പറഞ്ഞത്.
വാർത്ത 8 :- ഗുരുത്വാകർഷണ തരംഗം കണ്ടെത്തി.
കമന്റ് 8 :- പാർലിമെന്റ് തിരഞ്ഞെടുപ്പിന് ഈ തരംഗം പ്രയോജനപ്പെടുത്താൻ പറ്റുമോ എന്ന് ചില പാർട്ടിക്കാർ ശാസ്ത്രജ്ഞരോട്.
വാർത്ത 9 :- കെ.വി.തോമസ്സിന്റെ കൈയ്യിൽ 25,000 രൂപ മാത്രം.
കമന്റ് 9 :- പ്രൊഫസർ ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ കിട്ടിയ തുകയിൽ ബാക്കിയുള്ളതാണെന്ന് പൂർവ്വ വിദ്യാർത്ഥികൾ.
വാർത്ത 10 :- ഗുരുവായൂരിൽ ദേവസ്വം ഭരണസമിതി അംഗവും ക്ഷേത്രം മാനേജരും ഏറ്റുമുട്ടി.
കമന്റ് 10 :- അതങ്ങനെ തന്നെ വേണമല്ലോ ? യാദവകുലം തന്നെ ഇല്ലാതായത് പരസ്പരം ഏറ്റുമുട്ടിയാണല്ലോ !
.