വിജയവാഡ (GIE 2025-26. Day#02 – Nov 30)


12
നല്ല വൃത്തിയുള്ളതും കൃത്യമായി പരിപാലിക്കുന്നതും ആയിരുന്നു തിരുപ്പതി ക്ഷേത്രത്തിൻ്റെ പാർക്കിങ്ങ് ഗ്രൗണ്ടിലെ കുളിമുറിയും ശൗചാലയവും. ധാരാളം വെള്ളം; അൽപ്പം പോലും ദുർഗന്ധമോ ക്ലോറിന്റെ അമിതമായ മണമോ ഇല്ല. തിരുമൽ ദേവസ്വം അവർക്ക് കിട്ടുന്ന പണം തിരുപ്പതിയുടെ പുരോഗമനത്തിനും ഭക്തർക്കുള്ള സൗകര്യങ്ങൾക്കും വേണ്ടി കൃത്യമായി വിനിയോഗിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സാദ്ധ്യമാകുന്നത് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. സ്വാമിയേ ശരണമയ്യപ്പ.

കുളിച്ച് തയ്യാറായി, വെളിച്ചം വീണതും ഞാൻ പാർക്കിംഗ് ഗ്രൗണ്ട് വിട്ട് പ്രധാന പാതയിലേക്ക് കടന്ന് പ്രാതൽ കഴിച്ചു. നഗരത്തിലെ തിരക്ക് തുടങ്ങിയിട്ടുണ്ടായിരുന്നില്ല. ജനങ്ങളുടെ വാഹനമോടിക്കൽ പരിതാപകരമാണ്. അതിനിടയിലൂടെ തലങ്ങും വിലങ്ങും ഓടി നടക്കുന്ന നായ്ക്കൾ. ശ്രദ്ധിച്ചു നീങ്ങിയില്ലെങ്കിൽ ഒരു അപകടം ഉണ്ടാകാൻ ഒരു ബുദ്ധിമുട്ടുമില്ല.

സാധാരണ നിലക്ക് വാഹനമോടിക്കുമ്പോൾ ഉള്ള എന്റെ വേഗം, റോഡ് റേജ് ഇത്യാദി എല്ലാ ന്യൂനതകളും ഹോസ്കോട്ട ടോൾ ബൂത്തിൻ്റെ മറുവശത്ത് ഉപേക്ഷിച്ചിട്ടാണ് ഞാൻ യാത്ര തുടങ്ങിയിരിക്കുന്നത്. പരിചയമില്ലാത്ത സ്ഥലങ്ങളിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ അങ്ങനെ ഒരു പോളിസി സ്വീകരിക്കുക തന്നെ വേണം. ദീർഘായുസ്സിന് അത് വളരെ നല്ലതാണ്.

കല്ല് പെയ്യുന്നത് പോലുള്ള മഴയായിരുന്നു പലയിടത്തും. റോഡ് കാണാൻ പോലും പറ്റാത്ത തരത്തിൽ ശക്തമായ മഴ. സൂര്യനെ ഇന്ന് ഞാൻ കണ്ടിട്ടേയില്ല. ലാ നിന, എൽ നിനോ, ചുഴലിക്കാറ്റ് എന്നിങ്ങനെ പല പ്രശ്നങ്ങൾക്ക് ഇടയിലൂടെ ആണല്ലോ ഭൂമി ഇപ്പോൾ കറങ്ങിക്കൊണ്ടിരിക്കുന്നത്.

അതിനിടയ്ക്ക് ഗുഡ്ഗാവിൽ നിന്ന് ബ്രിട്ടോയുടെ Britto Zacharias സന്ദേശവും വിളിയും വന്നു. (ഹരിയാന യാത്രയിൽ ഒരാഴ്ചയോളം എനിക്ക് ആഥിത്യമേകിയത് ബ്രിട്ടോ ആയിരുന്നു.) എൻ്റെ യാത്രയ്ക്ക് വിഘ്നങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ സെന്റ്മൈക്കിൾസിന് രണ്ട് മെഴുകുതിരി കത്തിച്ചിട്ടുണ്ട് എന്നായിരുന്നു ബ്രിട്ടോയുടെ സന്ദേശം. തടസ്സങ്ങൾ നീക്കുന്നതിൽ മിടുക്കനാണത്രേ മൈക്കിൾ പുണ്യാളൻ. ഞാനൊരു വിശ്വാസി അല്ലെങ്കിലും എനിക്ക് വേണ്ടി ആരെങ്കിലുമൊക്കെ പ്രാർത്ഥിക്കാനുണ്ട് എന്നതിൽപ്പരം മറ്റെന്ത് സന്തോഷമാണ് വേണ്ടത്?

വിജയവാഡയിലേക്കുള്ള 449 കിലോമീറ്റർ ദൂരം വൈകീട്ട് നാലുമണിയോടെ ഭാഗി പൂർത്തിയാക്കി. സത്യത്തിൽ ബാംഗ്ലൂരിൽ നിന്ന് തിരുപ്പതി, വിജയവാഡ വഴിയുള്ള ഈ റൂട്ട് എനിക്ക് പുതിയതാണ്.

വിജയവാഡ നഗരത്തിൽ കുറച്ച് ചുറ്റിയടിച്ച ശേഷം വിശാഖപട്ടണത്തിലേക്കുള്ള പാതയിലേക്ക് കടന്നു. വശങ്ങളിൽ മരങ്ങളും ചെടികളും ഒക്കെ മനോഹരമായി വെട്ടി നിർത്തിയ വീതിയുള്ള പാതകളാണ് വിജയവാഡ നഗരത്തെ മനോഹരമാക്കുന്നത്. ഇത്ര വലിയ നഗരമാണിതെന്ന് അറിയില്ലായിരുന്നു. “അങ്ങനെ ഇന്ത്യയിലെ എത്രയോ വലിയ നഗരങ്ങൾ നീ കാണാത്തതുണ്ട് നിരക്ഷരാ” എന്ന് അന്തരംഗം പരിഹസിച്ചു. പെന്ന നദി കടന്നപ്പോൾ ഭാഗിയെ ഒതുക്കി നിർത്തി നദിയുടെ ചിത്രങ്ങൾ ഞാൻ എടുത്തിരുന്നു. പക്ഷേ കൃഷ്ണ നദിയുടെ ഭാഗത്ത് വാഹനം ഒതുക്കാൻ സൗകര്യമുണ്ടായിരുന്നില്ല.

അടുത്ത പരിപാടി പെട്രോൾ ബങ്കുകളോ ധാബകളോ കണ്ടുപിടിക്കുക എന്നതാണല്ലോ. ടിങ്കു എന്ന ഒരു ധാബയിൽ ഭാഗി ഓരം ചേർന്നു. ധാബകളുടെ മുന്നിൽ അന്തിയുറക്കം ആകുന്നതോടെയാണ് തെണ്ടി ജീവിതം അതിൻ്റെ പാരമ്യത്തിലേക്ക് കടക്കുക. ഏഴ് മണിയോടെ ധാബയിൽ നിന്ന് അത്താഴം കഴിച്ചു. ഞാൻ 6 നും 7നും ഇടയ്ക്ക് അത്താഴം കഴിക്കുന്ന കൂട്ടത്തിലാണ്.

നാളെ വിശാഖപട്ടണത്തേക്കാണ്. ഇനിയങ്ങോട്ട് എല്ലാം പുതിയ വഴികളാണ്.മഴ വിട്ട് മാറിയിട്ടില്ല.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#caravan
#motorhomelifestyle
#motorhome
#caravanlifestyle

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>