ഗോംസി കോട്ടയും ഇല്ല (GIE 2025-26. Day#39 – Jan 06)


12
രാവിലെ എട്ടര മണിയോടെ നവ്നീതിന്റെ വീട്ടിൽ നിന്നിറങ്ങി പതിവ് റസ്റ്റോറന്റിൽ നിന്ന് പ്രാതൽ കഴിച്ചു. ആ സമയത്ത് അങ്ങോട്ട് കയറി വന്ന പ്രായം ചെന്ന ഒരു മനുഷ്യന്റെ തോളിൽ അരുണാചലുകാരുടെ പരമ്പരാഗത ആയുധമായ ഈദു ദാവ് ഞാൻ ശ്രദ്ധിച്ചു. മുളയുടെ ചീളുകൾ കൊണ്ട് ഉണ്ടാക്കിയ അതിന്റെ കവചമാണ് എന്നെ കൂടുതൽ ആകർഷിച്ചത്. അത്തരത്തിൽ ഒന്ന് എവിടെ കിട്ടും എന്ന് അന്വേഷിച്ചപ്പോൾ തൊട്ടടുത്തുള്ള ഒരു സ്ഥലം അദ്ദേഹം പറഞ്ഞു തന്നു. നേരെ അങ്ങോട്ട് വെച്ച് പിടിച്ചു.

ആ ഭാഗത്ത് ഉണ്ടായിരുന്നത് കൊല്ലന്മാരുടെ ആലകളാണ്. അവിടെ ചെന്നപ്പോൾ അതിനേക്കാൾ മനോഹരമായ പല ആയുധങ്ങളും ഉണ്ടായിരുന്നു. ബീഹാർകാരാണ് കൊല്ലപ്പണി ചെയ്യുന്നത്. എന്തായാലും ഈദു ദാവ് ഒരെണ്ണം വാങ്ങി. കേരളത്തിൽ എത്തിക്കഴിഞ്ഞിട്ട് അതൊരെണ്ണം ആഗ്രഹിച്ചാലും സ്വന്തമാക്കുക അത്ര എളുപ്പമല്ല.

റോയിങ്ങിനോട് വിട പറയുകയാണ്. അടുത്ത ലക്ഷ്യം 94 കിലോമീറ്റർ ദൂരെയുള്ള പാസിഗഡ് ആണ്. രണ്ട് മണിക്കൂർ സഞ്ചാരമുണ്ട് അങ്ങോട്ട്. ആ ഭാഗത്തായിട്ട് ഈസ്റ്റ് സിയാങ്ങ് എന്ന ജില്ലയിൽ ഗോംസി എന്ന പേരിൽ ഒരു കോട്ട ഉണ്ട്. പക്ഷേ ഇന്നലത്തേത് പോലെ തന്നെയായിരുന്നു കോട്ടയുടെ കാര്യങ്ങൾ.

ഗൂഗിൾ ഞങ്ങളെ നയിച്ചത് കാര്യമായ ജനവാസമില്ലാത്ത ഒരു വനമേഖലയിലേക്ക് ആയിരുന്നു. ആ ഭാഗത്തെങ്ങും അങ്ങനെയൊരു കോട്ട ഇല്ല. നാട്ടുകാരോടും ഫോണിൽ വിളിച്ച് ചോദിക്കാവുന്ന പരിചയക്കാരോടും എല്ലാം അന്വേഷിച്ചു. എവിടെയോ ഒരു ആർക്കിയോളജിക്കൽ സൈറ്റ് ഉള്ളതുപോലെ ചില വിവരങ്ങൾ കിട്ടി. അതെങ്ങാനും കോട്ടയായി അടയാളപ്പെടുത്തിയിരിക്കുന്നത് ആകാം. പക്ഷേ അങ്ങോട്ട് പോലും എത്തിപ്പെടാൻ പറ്റുന്നില്ല. അങ്ങനെയൊരു സംഭവം ഇല്ല തന്നെ. അതാണ് കാര്യം.

അരുണാചലിൽ ആറ് കോട്ടകളുണ്ട് എന്ന ലിസ്റ്റ് വിക്കിയിൽ എഴുതി ചേർത്തിരിക്കുന്നവരോട് എനിക്ക് കടുത്ത അമർഷമുണ്ട്. അതിൽനിന്നും മൂന്നെണ്ണം ഇതിനകം അപ്രത്യക്ഷമായിരിക്കുന്നു. ബിസ്മാക്ക് നഗർ കോട്ട കണ്ടുകഴിഞ്ഞു. ഇനി രണ്ടെണ്ണമാണ് ബാക്കിയുള്ളത്. അതിൽ ഇറ്റാ നഗർ കോട്ട ഉണ്ടെന്നു തന്നെയാണ് വിശ്വസിക്കുന്നത്. ബാക്കിയുള്ളത് ബുറോയ് കോട്ട ആണ്. അതിന്റെ കാര്യവും കണ്ടറിയണം.

റൈഡേഴ്സ് ക്ലബ്ബിലെ പരിചയം വഴി ക്യാമ്പ് ചെയ്യാൻ ഒരിടം ഷൈനി കണ്ടെത്തി. കോട്ട തപ്പി നടക്കുന്നതിനിടയിൽ മലബാർ റസ്റ്റോറന്റ് എന്ന് ഒരു ബോർഡും റസ്റ്റോറന്റും ഞാൻ കണ്ടിരുന്നു. ഉച്ചഭക്ഷണത്തിന് അങ്ങോട്ട് പോകാം എന്ന് കരുതിയെങ്കിലും ആ വഴി മറന്നിരുന്നു. അത് കണ്ടുപിടിക്കാനായി മാപ്പിൽ പരതിയപ്പോളാണ് മറ്റൊരു റസ്റ്റോറന്റ് 100 മീറ്റർ മുന്നിലുള്ളതായി കണ്ടത്. പേര് കേരള കിച്ചൻ. നടത്തുന്നത് മലയാളി തന്നെയാണെങ്കിൽ ഒരുപാട് ദിവസങ്ങൾക്ക് ശേഷം നല്ലൊരു മലയാളി ഭക്ഷണം കഴിക്കാം എന്ന സന്തോഷത്തിൽ അങ്ങോട്ട് നടന്നു.

ഊഹം തെറ്റിയില്ല. അത് നടത്തുന്നത് കായംകുളത്തുകാരി സന്ധ്യയും കുടുംബവും ആണ്. ഞങ്ങൾ രണ്ട് മലയാളികളെ കണ്ടപ്പോൾ അവർക്ക് വലിയ സന്തോഷം. ഒരുപാട് നേരം സന്ധ്യയോടും മക്കളോടും വിശേഷങ്ങൾ പറഞ്ഞ് അവിടെ ഇരുന്നു.

ഇന്ന് സന്ധ്യയുടേയും ബെന്നിയുടേയും 24-)ം വിവാഹ വാർഷികം ആണ്. രാത്രി ഭക്ഷണത്തിന് ചപ്പാത്തിയും മീനും തയ്യാറാക്കാമെന്ന് സന്ധ്യ ഏറ്റു. ഞങ്ങൾ ഒരു കേക്ക് വാങ്ങി അവരുടെ വിവാഹ വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി.

പാസിഗഡിൽ ചൂട് ഒരു ഡിഗ്രി കൂടുതലാണ്.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#niraksharan
#ArunachalPradesh
#northeastindia
#northeast
#pasighat_arunachal
#pasighat

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>