
പതിവിന് വിപരീതമായി ഇന്ന് ഭാഗിയുടെ അടുക്കളയിൽ ഒരു കട്ടൻ ചായ ഉണ്ടാക്കി കുടിച്ച്, 10 മണിയോടെ കൊഹീമയോട് വിട പറഞ്ഞ് ദിമാപൂരിലേക്ക് പുറപ്പെട്ടു. 73 കീലോമീറ്റർ ദൂരം; 2 മണിക്കൂറിൽ അധികം യാത്ര. ഡിസംബർ 8ന് വന്ന് കയറിയതാണ് കൊഹീമയിൽ.
യൂണിറ്റി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നാലുവരി ഹൈവേയിൽ നിന്ന് രണ്ട് വരിയിലേക്ക് കടക്കണം ദിമാപൂരിൽ എത്താൻ. മുൻപ് ഈ വഴിയാണ് ഞാൻ നാഗാലാൻഡിൽ വന്നിട്ടുള്ളത്.
ഇടയ്ക്ക് ഉറക്കം വന്നപ്പോൾ ഭാഗിയെ നിർത്തിയിട്ട് അരമണിക്കൂർ ഉറങ്ങി.
നാഗാലാൻഡിലെ ഏറ്റവും വലിയ നഗരവും മുൻസിപ്പാലിറ്റിയും ആണ് ദിമാപൂർ. വ്യാവസായിക തലസ്ഥാനം എന്ന് തന്നെ പറയാം. ഇവിടെ എയർപോർട്ടും ഉണ്ട്. കൊഹീയേക്കാൾ എത്രയോ വലിയ നഗരമാണ് ഇത്.
ഇതിനിടയ്ക്ക് ഷൈനി ദിമാപൂരിലുള്ള റൈഡേഴ്സ് ക്ലബ്ബുകാരുമായി ബന്ധപ്പെട്ടു. റൈഡിങ് ക്ലബ് കമ്മ്യൂണിറ്റി ഒരു വലിയ സഹായമാണ് ഇത്തരം യാത്രകളിൽ. എവിടെ ചെന്നാലും ഒരു താമസസൗകര്യമോ സഹായമോ അവർ ഏർപ്പാടാക്കി കൊടുക്കും. ഷൈനി ഏർപ്പാടാക്കുന്ന താമസസ്ഥലത്ത് പ്രഭാതകൃത്യങ്ങൾ ചെയ്യാനുള്ള സൗകര്യം എനിക്കും ലഭിക്കും. അതുകൊണ്ട് ഗോഹാട്ടി വിട്ടതിന് ശേഷം ഇന്നുവരെ പൊതുശൗചാലയങ്ങൾ ഉപയോഗിക്കേണ്ടി വന്നിട്ടില്ല.
ദിമാപൂർ നഗരത്തിൽ നിന്നും 5 കിലോമീറ്റർ മാറി ഒരിടത്താണ് റൈഡേഴ്സ് ഒത്തുകൂടുന്നത്. ശരിക്ക് പറഞ്ഞാൽ ഇത് നാഗാലാൻഡ് അല്ല ആസ്സാം ആണ്. നാഗാലാൻഡ് ഡ്രൈ സ്റ്റേറ്റ് ആയതുകൊണ്ട് മദ്യപാനം നടത്താൻ ഇവിടുള്ള നാഗന്മാർ ഈ സ്ഥലത്തേക്കാണ് വരുന്നത്.
പ്രധാന പാതയിൽ നിന്നും വേലികെട്ടി മറച്ച് വാച്ച്മാനെ നിർത്തിയിരിക്കുന്ന ഒരു സ്ഥലമാണിത്. നാഗന്മാർക്ക് ഭക്ഷണം കഴിക്കാനും മദ്യപിക്കാനും ഒക്കെയായി മുള വെച്ച് കെട്ടി സംവിധാനം ചെയ്തിരിക്കുന്ന സ്ഥലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെയാണ്. ഈ സ്ഥലത്തിൻ്റെ ഉടമയുടേത് തന്നെയാണ് തൊട്ടടുത്തുള്ള മദ്യശാലയും. ഞങ്ങൾ ഒരു ദിവസം മുന്നേ വന്നു കയറിയെങ്കിലും എല്ലാ സൗകര്യങ്ങളും അവർ ചെയ്തു തന്നു. റോഡരുകിൽ ഒരു വാഹനം കിടക്കാൻ പോന്ന സ്ഥലം മാത്രം അന്വേഷിച്ച് നടക്കുന്ന എനിക്ക് ഇത് പഞ്ചനക്ഷത്ര സൗകര്യമാണ്.
നാഗന്മാർ തീ കൂട്ടി അതിന് ചുറ്റുമിരുന്ന് മദ്യപാനം ആരംഭിച്ചു. ഗംഭീരമായി ഹിന്ദി പാട്ടുകളും അവർ പാടുന്നുണ്ട്. ഒരു നാഗിനിയും അക്കൂട്ടത്തിൽ ഉണ്ട്. ഞാൻ മദ്യപിക്കില്ല എന്ന് പറഞ്ഞപ്പോൾ അവർക്ക് അതിശയം. ഈ തണുപ്പത്ത് മദ്യപിക്കാതെ എങ്ങനെ പിടിച്ചു നിൽക്കുന്നു എന്നാണ് ചോദ്യം. അതിനും വേണ്ടും തണുപ്പൊന്നും ദിമാപൂരിൽ ഇല്ല. അതിരാവിലെ പോലും 12 ഡിഗ്രിയാണ് കാണിക്കുന്നത്. കൊഹീമയിലെ 6 ഡിഗ്രിയിൽ നിന്നും ജ്സുലേഖയിലെ മൈനസ് താപമാനത്തിൽ നിന്നും വന്ന എനിക്ക് ഈ തണുപ്പ് ഏൽക്കുന്നതേയില്ല.
ഈ നാഗന്മാരും ഞങ്ങളെ സ്നേഹിച്ചു കൊല്ലുമെന്ന് ഉറപ്പായിരിക്കുന്നു. ഞങ്ങൾക്കുള്ള ഭക്ഷണം ഓർഡർ ചെയ്ത് വരുത്തി, വിളമ്പിത്തന്നു അവർ. ടെൻ്റ് കെട്ടാൻ ഒപ്പം കൂടി. അവരുടെ ക്ലബ്ബിന്റെ ബാഡ്ജ് സമ്മാനിച്ചു. കിനികാ ആസ്സേ, ഭാലാസ്സേ എന്നിങ്ങനെ അത്യാവശ്യം നാഗാമീസ് പഠിപ്പിച്ചു.
അവരുടെ പാർട്ടി രാത്രി 12 മണി കഴിഞ്ഞും നീളും. അതുവരെ ഞാൻ കാത്തുനിൽക്കില്ല. ഇന്ന് നേരത്തേ ഉറങ്ങണം. നെഞ്ചിൽ കഫക്കെട്ടുണ്ട്, ശബ്ദം മോശമായിരിക്കുന്നു. ചുണ്ട് വരണ്ട് പൊട്ടിയിരിക്കുന്നു. പനിയില്ല. എങ്കിലും ആൻ്റി ബയോട്ടിക്ക് തുടങ്ങിയിട്ടുണ്ട്. ഇനിയങ്ങോട്ട് നാല് ദിവസം താരതമ്യേന തണുപ്പ് കുറഞ്ഞ സ്ഥലങ്ങളിലൂടെയാണ് യാത്ര. അതിനുള്ളിൽ ആരോഗ്യസ്ഥിതി പൂർണ്ണമായും ശരിയാക്കി എടുക്കണം.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeastindia
#northeast
#motorhomelife
#caravanlife
#dimapur