
ഇന്ന് പ്രഭാതം പൊട്ടി വിടർന്നത് അല്പം വൈകിയാണ്. രാവിലെ എട്ടര മണിയോടെ ഹോസ്റ്റൽ നിന്ന് പ്രാതൽ കഴിച്ച്, ഷൈനിക്കൊപ്പം Shyni TheRider ഗോഹാട്ടി നഗരത്തിലേക്ക് പുറപ്പെട്ടു. പീക്കോക്ക് ദ്വീപിലുള്ള ഉമാനന്ദ ക്ഷേത്രമായിരുന്നു ആദ്യലക്ഷ്യം.
ബ്രഹ്മപുത്ര റിവർ തീരത്ത് ചെന്നപ്പോൾ അവിടെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. കഴിഞ്ഞ പ്രാവശ്യം ചെന്നപ്പോൾ വാഹനം പാർക്ക് ചെയ്ത സ്ഥലമെല്ലാം കൊട്ടി അടച്ചിരിക്കുന്നു. പീക്കോക്ക് ദ്വീപിലേക്ക് ബോട്ടിലും പോകാം കേബിൾ കാർ വഴിയും പോകാം. ബ്രഹ്മപുത്രയിലൂടെയുള്ള ബോട്ട് യാത്ര, ഗോഹട്ടിയിൽ വരുന്നവർ ഒരിക്കലെങ്കിലും ചെയ്യേണ്ടതാണ്. ഞാനത് ചെയ്തിട്ടുള്ളതുകൊണ്ട് റിവർ ഫ്രണ്ടിൽ നിന്ന് പീകോക്ക് ഐലൻഡ് ഷൈനിയെ കാണിച്ചുകൊടുത്ത ശേഷം ഞങ്ങൾ പെട്ടെന്ന് തന്നെ അവിടന്ന് നവരത്ന ക്ഷേത്രത്തിലേക്ക് യാത്രയായി.
ഒന്ന് രണ്ട് ഹെയർപിന്നുകൾ കയറി വളഞ്ഞുപുളഞ്ഞു മുകളിലേക്ക് കയറുന്ന റോഡുകളിലൂടെ ചെന്നാൽ കുന്നിൻ മുകളിലുള്ള നവരത്ന ക്ഷേത്രത്തിന് മുന്നിലെത്താം. കാര്യമായ തിരക്കൊന്നും അവിടെയില്ല.
പടികൾ കയറി മുകളിലേക്ക് ചെന്നാൽ നേരെ ക്ഷേത്രത്തിനകത്തേക്ക് കടക്കാം. 9 ശിവലിംഗങ്ങൾ ആണ് ക്ഷേത്രത്തിനകത്തുള്ളത്. അത് ഓരോന്നിനും അടുത്ത് കത്തിച്ചു വെച്ചിരിക്കുന്ന തിരിയുടെ വെളിച്ചം ഒഴിച്ചാൽ സാമാന്യം നല്ല ഇരുട്ടാണ് ഗർഭഗൃഹത്തിൽ. ക്ഷേത്രത്തിന്റെ പരിസരത്തും ഉള്ളിലും ക്യാമറ ഉപയോഗിക്കാൻ ഒരു വിലക്കുമില്ല. ഇരുണ്ട വെളിച്ചത്തിൽ ആവുന്നത് പോലെ ഷൈനിയും ഞാനും ക്ഷേത്രത്തിലെ രംഗങ്ങളെല്ലാം പകർത്തി, പെട്ടെന്ന് തന്നെ അവിടന്ന് ഇറങ്ങി. ഇനി പോകാൻ ഉദ്ദേശിക്കുന്നത് കാമാഖ്യ ക്ഷേത്രത്തിലേക്കാണ്.
ആസാമിലോ ഗോഹട്ടിയിലോ വന്നാൽ ഏതൊരു സഞ്ചാരിയും ഒഴിവാക്കാത്ത ഇടമാണ് നിലാചൽ കുന്നിൽ നിലകൊള്ളുന്ന കാമാഖ്യ ക്ഷേത്രം. ശാക്ത പാരമ്പര്യത്തിലെ 51 പീഡങ്ങളിൽ ഏറ്റവും പഴക്കമുള്ള നാല് എണ്ണങ്ങളിൽ ഒന്നാണ് ഇത്. യോനിയാണ് ഇവിടത്തെ പ്രതിഷ്ഠ. ഇന്നും മൃഗബലി യാതൊരു തടസ്സവും ഇല്ലാതെ നടന്നുപോരുന്ന ഒരു ക്ഷേത്രം. ആട്, കോഴി, പ്രാവ് എന്നിങ്ങനെ പക്ഷിമൃഗാദികളെ ഇവിടെ ബലി കഴിച്ച് പോരുന്നു. മുൻപ് രണ്ട് പ്രാവശ്യം ഞാൻ ഇവിടെ പോയിട്ടുണ്ട്. ചോര മണക്കുന്ന ഒരിടം. ക്ഷേത്രം എന്നോ ദൈവികമെന്നോ പറയാൻ പോലും വ്യക്തിപരമായി എനിക്കാവില്ല. ഇങ്ങനെയും ആരാധനാലയങ്ങൾ ഉണ്ട് എന്ന് എല്ലാവരും മനസ്സിലാക്കിയിരിക്കണമല്ലോ. അതുകൊണ്ടാണ് ഷൈനിക്കൊപ്പം അങ്ങോട്ട് വീണ്ടും പോയത്.
മുൻപത്തെ സന്ദർശനങ്ങളേക്കാൾ അധികം തിരക്കുണ്ട് ഇന്ന്. ക്ഷേത്രത്തിനെ ഒന്ന് ചുറ്റിക്കറങ്ങി കാഴ്ചകളൊക്കെ കണ്ട് വരാൻ ഷൈനിക്ക് നിർദ്ദേശം കൊടുത്ത ശേഷം ഞാൻ ക്ഷേത്രത്തിന് പുറത്ത് നിന്നു. ചെറുതും വലുതുമായി ആടുകൾ ക്ഷേത്ര പരിസരത്ത് കറങ്ങി നടക്കുന്നുണ്ട്. ഏത് നിമിഷവും കൊല്ലപ്പെടാം എന്നറിയാതെയാണ് അവറ്റകൾ ചുറ്റി നടക്കുന്നത്. ഇന്നെന്താണാവോ ചോര മണം കാര്യമായി അനുഭവപ്പെട്ടില്ല.
ബലിയടക്കമുള്ള കാര്യങ്ങൾ കണ്ട് പെട്ടെന്ന് തന്നെ ഷൈനി തിരിച്ചു വന്നു. ബലിയുടെ രംഗങ്ങൾ മാത്രം ചിത്രീകരിക്കാൻ പുരോഹിതർ അനുവദിച്ചില്ല.
ഉച്ചഭക്ഷണം തൊട്ടടുത്ത് തന്നെയുള്ള ഒരു റസ്റ്റോറന്റിൽ നിന്ന് കഴിച്ചു. അടുത്ത ലക്ഷ്യം 40 കിലോമീറ്റർ ദൂരെയുള്ള സുവാൽകുച്ചി നെയ്ത്ത് പട്ടണമാണ്. തറികളും നെയ്ത്തുകാരും കച്ചവടക്കാരുമൊക്കെയുള്ള സുവാൽകുച്ചി പട്ടണത്തിൻ്റെ വലിയ കവാടം റോഡിന് ഒരു വശത്തു നിന്നും മറുവശത്തേക്ക് പടർന്ന് നിൽക്കുന്നു.
സിൽക്കാലയ് എന്ന കടയുടെ മുന്നിൽ ഭാഗിയെ നിർത്തി നെയ്ത്ത് ശാലകൾ കാണണമെന്ന് ആവശ്യപ്പെട്ടതും ബിമൽ എന്ന് പേരുള്ള കടക്കാരൻ സ്കൂട്ടർ എടുത്ത് രണ്ട് കിലോമീറ്റർ ഉള്ളിലുള്ള ഗ്രാമത്തിലേക്ക് ഞങ്ങളെ നയിച്ചു. ആ ഭാഗത്തുള്ള കെട്ടിടങ്ങളിൽ എല്ലാം നെയ്ത്ത് ശാലകളാണ്.
കേരളത്തിലും ആന്ധ്രയിലും രാജസ്ഥാനിലും ഒക്കെ ഞാൻ കണ്ടിട്ടുള്ളതിൽ നിന്നും ഏറെ വ്യത്യസ്തമായ തറികളാണ് ഇവിടെയുള്ളത്. ഏറെയും കുഴിത്തറികൾ തന്നെയാണ്. പതിനായിരക്കണക്കിന് രൂപ വിലയുള്ള സിൽക്ക് വസ്ത്രങ്ങൾ നെയ്യുന്ന ഈ കുഴിത്തറികൾ നനവുള്ള സാധാരണ മണ്ണിലാണ് കുത്തി നിർത്തിയിരിക്കുന്നത്. കാര്യമായ ചുമരുകളോ വാതിലോ ഒന്നും ഈ കെട്ടിടത്തിന് ഇല്ല. നന്നായി ഒരു മഴ പെയ്താൽ വെള്ളം അകത്തേക്ക് അടിച്ചു കയറും.
നമ്മൾ അണിഞ്ഞൊരുങ്ങി ഉടുത്തിറങ്ങുന്ന വിലപിടിച്ച വസ്ത്രങ്ങൾ, പ്രാഥമികമായ സൗകര്യങ്ങൾ പോലുമില്ലാത്ത ഇടങ്ങളിൽ നിന്നാണ് ഉണ്ടായി വരുന്നത് എന്നത് അതിശയം തന്നെയാണ്.
മൂന്ന് ഭാഗങ്ങൾ ഉള്ള മേഖല എന്ന ആസാമീസ് വസ്ത്രമാണ് കൂടുതലായും അവിടെ നെയ്യുന്നത്. ഇതിന്റെ ഡിസൈന് വേണ്ടി ഉപയോഗിക്കുന്ന കാർഡുകൾ ആദ്യമായാണ് ഞാൻ കാണുന്നത്. ഹാർഡ് ബോർഡിൽ ഉണ്ടാക്കിയിട്ടുള്ള ആ കാർഡുകൾ വരുന്നത് ബനാറസിൽ നിന്നാണ്. നെയ്ത്തിന് ആവശ്യമായ സിൽക്ക് വരുന്നത് ബാംഗ്ലൂരിൽ നിന്ന്. അഞ്ചോ ആറോ പ്രാവശ്യം ഉപയോഗിച്ച് കഴിഞ്ഞാൽ ഡിസൈൻ കാർഡുകൾ മോശമാകുന്നു. ഒരുപാട് പഴക്കമുള്ള ആ തറികളിൽ, ലൂം ഷട്ടിൽ ഇരുവശങ്ങളിലേക്കും എറിയാനായി എടുത്ത് വെക്കുന്നത് കൈ കൊണ്ടാണ്.
തറിയുടെ പ്രവർത്തന രീതി ബിമൽ പറഞ്ഞു മനസ്സിലാക്കി തന്നു. ഞങ്ങൾ അതെല്ലാം ക്യാമറയിൽ പകർത്തി. ശേഷം അദ്ദേഹത്തിന്റെ കടയിൽ തിരിച്ചെത്തി നെയ്ത തുണിത്തരങ്ങൾ കണ്ട് ആസ്വദിച്ചു. വെറും ആസ്വാദനത്തിൽ അത് ഒതുങ്ങില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. അത്രയുമൊക്കെ ചെയ്തു തന്നതുകൊണ്ട് എന്തെങ്കിലും അവിടന്ന് വാങ്ങാതെ പറ്റില്ലല്ലോ. സിൽക്കിൻ്റെ ഒരു ഷോൾ വാങ്ങിയ ശേഷം ഞങ്ങൾ ഗോഹാട്ടി നഗരത്തിലേക്ക് മടങ്ങി.
ഹോസ്റ്റൽ വാർഡൻ ജൂലിയറ്റ് മാഡം ഇന്നലെ എനിക്കൊരു ആസാമീസ് ഷോൾ സമ്മാനമായി നൽകിയിരുന്നു. പകരം അവർക്ക് എന്ത് നൽകും എന്നത് എനിക്ക് ഒരു ചോദ്യചിഹ്നമായിരുന്നു. ഇന്ന് രാത്രി അവരെ പുറത്ത് ഏതെങ്കിലും ഒരു നല്ല റസ്റ്റോറന്റിൽ ഭക്ഷണത്തിന് കൊണ്ടുപോകാം എന്ന് തീരുമാനിച്ചു.
ഖോറിക്ക എന്ന റസ്റ്റോറന്റിലെ ബാർബക്യു പ്രശസ്തമാണെന്ന് ചില റിവ്യൂകൾ വഴി മനസ്സിലാക്കിയത് പ്രകാരം, മാഡം ജൂലിയറ്റും ഷൈനിയും ഞാനും ഖോറിക്ക റസ്റ്റോറന്റിലേക്ക് തിരിച്ചു. ഭാഗിയിൽ മൂന്നുപേർക്ക് സഞ്ചരിക്കാൻ ആവില്ല എന്നതുകൊണ്ട് ഷൈനി തന്റെ ഹിമാലയൻ ബൈക്കിലാണ് അങ്ങോട്ട് വന്നത്.
നിർഭാഗ്യവശാൽ അവിടെ ബാർബക്യു ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഫിഷ് താലി കഴിച്ച് സ്കൂളിലേക്ക് മടങ്ങി.
നാളെ രാവിലെ നാഗാലാൻഡിലേക്ക് തിരിക്കുകയാണ്. വളരെ നല്ല ആതിഥേയത്വമാണ് മാഡം ജൂലിയേറ്റ് ഇതുവരെ നൽകിയത്. അവർ ഞങ്ങളോട് ഒരു മുതിർന്ന സഹോദരി എന്നപോലെ വളരെ സ്നേഹത്തോടെ ആണ് പെരുമാറിയിരുന്നത്. എനിക്കായി അവരുടെ ഓഫീസ് മുറിയും ടോയ്ലറ്റും ഇക്കഴിഞ്ഞ മൂന്ന് ദിവസവും രാത്രിയും തുറന്നിട്ടിരിക്കുകയായിരുന്നു. ഗോഹാട്ടിയിൽ വരുമ്പോഴെല്ലാം ഇതുവഴി വരണമെന്നും ഇവിടെത്തന്നെ തങ്ങണമെന്നും അവർ അറിയിച്ചു. പകരം ഞങ്ങൾ അവരെ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ക്ഷണിച്ചു.
നാളെ രാവിലെ ആറ് മണിക്ക് ഞങ്ങളെ യാത്രയയക്കാൻ അവർ ഗേറ്റിൽ ഉണ്ടാകും എന്ന് പറഞ്ഞപ്പോൾ അവർക്ക് ഞങ്ങളോടുള്ള കരുതലിന്റെ ആഴം അനുഭവിച്ചറിഞ്ഞു. ഈ യാത്രയിൽ കുടിക്കാനായി ആസാം തേയില തോട്ടങ്ങളിൽ നിന്നും മാർക്കറ്റിൽ എത്താത്ത പ്രത്യേകതരം ചായപ്പൊടിയും അവർ എനിക്ക് സമ്മാനിച്ചു.
ചെല്ലുന്നിടത്തെല്ലാം ഇതുപോലുള്ള ആതിഥേയ സുഹൃത്തുക്കൾ ഉണ്ടായിരുന്നെങ്കിൽ. നിർവിഘ്നം യാത്ര തുടരാൻ ഇത്തരം സൗഹൃദങ്ങൾ വഴിയൊരുക്കിയിരുന്നെങ്കിൽ!
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#northeastindia
#niraksharan
#motorhomelifestyle
#caravanlifestyle
#caravan
#gowhati
#motorhome
#northeast
#sualkuchi