
രാവിലെ ഷൈനിക്കും Shyni TheRider ഷഫീക്കിനും Mohammed Shafeek ഒപ്പം ആസ്സാം-നാഗലാൻ്റ് ദമ്പതിമാരുടെ ചായക്കടയിൽ ചെന്ന് പ്രാതൽ കഴിച്ചു. ഷഫീക്ക് അവിടന്ന് പിരിഞ്ഞു. അദ്ദേഹം അരുണാചലിൽ വെച്ച് വീണ്ടും ഞങ്ങൾക്കൊപ്പം ചേരും. നാഗാലാൻ്റിനോട് തൽക്കാലം വിട.
നാലര മണിക്കൂറോളം സവാരി ഉണ്ടായിരുന്നു ദീമാപൂരിൽ നിന്ന് (200kms) ശിവ്സാഗറിലേക്ക്. ഉച്ചയ്ക്ക് 2 മണിയോടെ ലക്ഷ്യസ്ഥാനത്ത് എത്തി.
അതിനിടയ്ക്ക് ശിവ്സാഗറിലെ ബൈക്ക് റൈഡേർസുമായി ബന്ധപ്പെട്ട് രാത്രി ക്യാമ്പ് ചെയ്യാനുള്ള സ്ഥലം ഷൈനി ഏർപ്പാട് ചെയ്തിരുന്നു. സുഖാഫ മോട്ടോർ സൈക്കിൾ റൈഡേർസ് ക്ലബ്ബിന്റെ ഡേവിഡ് ഭുഖാൻ എന്ന റൈഡർ ഞങ്ങളെ കാത്ത് നിന്നിരുന്നു. ക്ലബ്ബിന്റെ കെട്ടിടത്തിൽ നിന്നും 15 കിലോമീറ്ററോളം മാറി മറ്റൊരു റൈഡർ സുഹൃത്ത് നൗഷാദിന്റെ വീട്ടിലേക്ക് അദ്ദേഹം ഞങ്ങളെ കൊണ്ടുപോയി.
നാട്ടുവഴിയെന്ന് വേണമെങ്കിൽ പറയാവുന്ന ഒറ്റവരിപ്പാത. ഇരുവശവും കൊയ്ത്ത് കഴിഞ്ഞ പാടങ്ങൾ. ചിലയിടത്ത് മുളകൊണ്ട് അഴികൾ എന്ന പോലെ വേലി കെട്ടിയിരിക്കുന്ന പുരയിടങ്ങൾ.
നൗഷാദിന്റെ വീടിന് പുറകിൽ അദ്ദേഹത്തിന്റെ കൃഷിയിടമാണ്. തേയിലയും പച്ചക്കറികളും നെൽകൃഷിയുമെല്ലാം ഉണ്ട് ആ കുടുംബത്തിന്. എല്ലാം ജൈവകൃഷികളാണ്. അദ്ദേഹത്തിന്റെ പിതാവ് ആസാം ONGC യിലെ ജീവനക്കാരൻ ആയിരുന്നു.
ഭാഗിയെ വീടിന്റെ പുറകിലൂടെ ഓടിച്ച് തേയിലത്തോട്ടത്തിനോട് ചേർത്ത് പാർക്ക് ചെയ്തു. അപ്പോഴേക്കും ആകാശത്ത് ഓറഞ്ച് നിറം തൂവി സൂര്യൻ അസ്തമയത്തിന് തയ്യാറെടുത്ത് കഴിഞ്ഞിരുന്നു. ഞങ്ങളവിടെ ക്യാമ്പ് ഫയർ ഇട്ടു. നൗഷാദിന്റെ വീട്ടിൽ നിന്ന് കാപ്പി കുടിച്ചതോടെ ഇനിയൊരു അത്താഴം ആവശ്യമില്ല എന്ന അവസ്ഥയായി.
നൗഷാദിൻ്റെ ബാപ്പ ഇഷാദ് ഹസാറിക്കയും ഞാനും പഴയ എണ്ണപ്പാടക്കാരായതുകൊണ്ട് ഞങ്ങൾക്ക് സംസാരിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. ക്യാമ്പ് ഫയറിന് ചുറ്റുമിരുന്ന് ഞങ്ങൾ എണ്ണപ്പാട കഥകൾ പങ്കുവെച്ചു. രാജ്യത്തേയും ആസ്സാമിലേയും രാഷ്ട്രീയ അന്തരീക്ഷം വേറെയും.
വിറക് കത്തി തീരുന്നതോടെ ഭാഗിയിലേക്ക് കടന്ന് നിദ്ര പൂകണം. ഇവിടെ ദീമാപൂറിൻ്റെ അത്രയ്ക്ക് തണുപ്പ് ഇല്ല. എങ്കിലും ചുറ്റിലും പാടങ്ങൾ ആയതുകൊണ്ട് രാവിലെ നന്നായി മഞ്ഞു വീഴും. നേരത്തേ എഴുന്നേറ്റാൽ ആ ദൃശ്യം കാണാം.
ശിവ്സാഗറിൽ രണ്ടോ മൂന്നോ ദിവസം താങ്ങാനുള്ള കാര്യങ്ങളുണ്ട്. ഇവിടെ നിന്നു കൊണ്ട് ആസാമിലെ ആറ് കോട്ടകളിൽ രണ്ടെണ്ണം സന്ദർശിക്കാം. അതെല്ലാം അതിന്റെ മുറക്ക് അന്നന്ന് പറയാം.
ശുഭരാത്രി.
വാൽക്കഷണം:- കണ്ണൂർ എഞ്ചിനീയറിങ് കോളേജിലെ പരിപാടിക്ക് ഒരിക്കൽ നടൻ ശ്രീനിവാസൻ വന്നിട്ടുണ്ട്. അന്ന് മാത്രമാണ് നേരിട്ട് കണ്ടതും പ്രസംഗം കേട്ടതും. ഇനി കാണാനോ കേൾക്കാനോ പറ്റില്ലെന്നത് വ്യസനമുണ്ടാക്കുന്നുണ്ട്. പക്ഷേ, ഓരോ മലയാളിയും നിത്യ ജീവിതത്തിൽ പറഞ്ഞ് പോകുന്ന സിനിമാ ഡയലോഗുകളും രംഗങ്ങളും അദ്ദേഹത്തോളം സംഭാവന ചെയ്ത മറ്റൊരു സിനിമാക്കാരനുണ്ടോ? ചില മനുഷ്യർ മരണത്തെ അതിജീവിക്കുന്നത് അങ്ങനെയാണ്.
യാത്ര തുടങ്ങാനും അവസാനിപ്പിക്കാനും അടക്കം എല്ലാത്തിനും ഓരോ സമയമുണ്ട് ദാസാ. ആദരാഞ്ജലികൾ.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeastindia
#northeast
#shivsagar
#motorhomelife