
ആലോയിൽ നിന്ന് 28 കിലോമീറ്ററോളം ദൂരമാണ് ബാഗ്രയിലേക്ക്. അവിടെയാണ് ജനുവരി 16, 17, 18 തീയതികളിൽ പൈനാപ്പിൾ ഫെസ്റ്റിവൽ നടക്കുന്നത്. അത് കാണാനായി മൂന്ന് ദിവസമാണ് ആലോയിൽ വലിച്ച് നീട്ടി നിന്നത്.
രാവിലെ തന്നെ ഗുൺ റിസോർട്ടിലെ കാര്യസ്ഥ കുടുംബത്തോട് വിട പറഞ്ഞ് ബാഗ്രയിലെ ഫെസ്റ്റിവൽ മൈതാനത്ത് എത്തി. സംസ്ഥാന മന്ത്രിമാർ അടക്കമുള്ള മുഖ്യാതിഥികൾ ഉദ്ഘാടന ചടങ്ങിന് എത്തുന്നതിന് മുന്നേ ഷഫീക്കും ഞാനും അവിടെയെത്തിയിരുന്നു.
പരമ്പരാഗത വേഷം അണിഞ്ഞു വന്ന വനിതകൾ നൃത്തവും പാട്ടുമായി അതിഥികളെ വരവേൽക്കുന്നുണ്ട്. കഴുത്തിൽ അരുണാചലുകാരുടെ മാലയും തലയിൽ അവരുടെ തൊപ്പിയും അണിഞ്ഞിരിക്കുന്നത് കൊണ്ടാകാം എന്നെ ജനങ്ങൾ വല്ലാതെ ശ്രദ്ധിക്കുന്നുണ്ട്; ചിലർ ഊറി ചിരിക്കുന്നുമുണ്ട്. കാണുന്നവരൊക്കെ മാല പിടിച്ചു നോക്കുകയും പ്രത്യേക പരിഗണന നൽകുകയും ചെയ്യുന്നുണ്ട്.
പരിപാടിയുടെ മുഖ്യ സംഘാടകരിൽ ഒരാളായ ഡോ:ഗ്വാളിയർ എന്നെ എല്ലാ സ്റ്റാളുകളിലും കൊണ്ടുപോയി പൈനാപ്പിളിന്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തി തന്നു. വൈനും അച്ചാറും ജാമും ഒക്കെയുണ്ട് അക്കൂട്ടത്തിൽ. പൈനാപ്പിളുകൾ കൊണ്ട് ഉണ്ടാക്കി വെച്ചിരിക്കുന്ന 12 അടിയോളം ഉയരമുള്ള ഒരു വലിയ പൈനാപ്പിൾ ആണ് ആ മൈതാനത്തിലെ പ്രധാന ആകർഷണം.
കരസേനയുടെ സ്റ്റാളുകൾ ഹോൺബിൽ ഫെസ്റ്റിവൽ അടക്കം എല്ലായിടത്തും ഉണ്ടാകാറുണ്ട്. ഇവിടെയുമുണ്ട് കരസേനയുടെ സ്റ്റാൾ ഒരെണ്ണം. അവർ പ്രദർശനത്തിനു വെച്ചിരിക്കുന്ന അത്യാധുനിക ആയുധങ്ങൾ കൈയിൽ എടുത്ത് നോക്കാനുള്ള അസുലഭ അവസരവും എനിക്ക് ലഭിച്ചു.
അമ്പതോളം വരുന്ന ഭക്ഷ്യ സ്റ്റാളുകൾ അതിഗംഭീരമായ തരത്തിലാണ് അവിടെ സജ്ജീകരിച്ചിരിക്കുന്നത്. ആ സ്റ്റോളുകളുടെ പകുതിഭാഗം തപ്പു നദിയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഫ്ലോട്ടിംഗ് സ്റ്റാളുകൾ എന്ന് തന്നെ വിളിക്കാം. മുളകൊണ്ടുള്ള അതിന്റെ തട്ടുകളിൽ മണ്ണിട്ട് അതിനു മുകളിൽ തീകാനുള്ള സജ്ജീകരണവും ചെയ്തിട്ടുണ്ട്. നദി ഒഴുകുന്ന ശബ്ദം കേട്ട് തീ കാഞ്ഞുകൊണ്ട് ഭക്ഷണം കഴിക്കാം.
₹12000 ആണ് ആ സ്റ്റാളുകളുടെ നിരക്ക്. മൂന്ന് ദിവസം കൊണ്ട് അത്രയും പണം അവർക്ക് അവിടെ നിന്ന് കിട്ടുമോ എന്ന് ഞാൻ സംശയിച്ചെങ്കിലും. ഒറ്റ ദിവസം കൊണ്ട് ആ പണം പിരിഞ്ഞു കിട്ടുമെന്ന് വൈകുന്നേരം ആയപ്പോഴേക്കും തീർച്ചയായി. അത്രയ്ക്ക് ഉണ്ടായിരുന്നു അവിടെ വന്ന് ഭക്ഷണവും മദ്യവും കഴിച്ചു പോയ ജനസമൂഹം.
മദ്യത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത്. വിദേശമദ്യം ഒന്നും അവിടെ അനുവദിക്കുന്നില്ല. അവരുടെ പരമ്പരാഗത മദ്യമായ റൈസ് വൈനും റൈസ് ചാരായവുമൊക്കെയാണ് വിറ്റഴിക്കുന്നത്. ചിക്കനും മീനും പോർക്കും ഒക്കെ വില്പനയ്ക്കുണ്ട്. വന്യമൃഗങ്ങളുടെയും നായ്ക്കളുടെയും മാംസം വിളമ്പുന്ന എന്ന് പ്രത്യേക ബോർഡും വെച്ചിട്ടുണ്ട്.
88 ലക്ഷം രൂപയാണ് പൈനാപ്പിൾ ഫെസ്റ്റിവലിന്റെ മൂന്നാമത്തെ വാർഷികത്തിന് സർക്കാർ അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ വിപുലമായ സജ്ജീകരണങ്ങളും പാർക്കിംഗ് സ്ഥലങ്ങളും ഇപ്രാവശ്യം ഉണ്ട്.
ഇരുട്ട് വീണതും തണുപ്പ് തുടങ്ങി. അപ്പോഴേക്കും മ്യൂസിക് ഫെസ്റ്റിവൽ കാണാൻ വേണ്ടിയുള്ള ആൾക്കാരുടെ തിരക്കും വർദ്ധിച്ചു. മിക്കവാറും എല്ലാ സ്റ്റാളുകളുടേയും ഇരിപ്പിടങ്ങൾ നിറഞ്ഞു. നേരത്തെ തന്നെ ഒരു സ്റ്റാളിൽ ഇരിപ്പുറപ്പിച്ചത് കൊണ്ട് പ്രത്യേകിച്ച് ഒരു ഇടം നേടി പിന്നീടെനിക്ക് അലയേണ്ടി വന്നില്ല.
അപ്പോഴേക്കും ആലോയിൽ നിന്ന് കെൻപി ജീനി എത്തി. ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചു. സ്റ്റേജിൽ പാട്ട് പരിപാടികൾ ആരംഭിച്ചിരുന്നെങ്കിലും ആ പരിപാടിയിൽ എനിക്ക് വലിയ താല്പര്യമില്ലായിരുന്നു. അത് മൊത്തത്തിൽ കരോക്കെ ആണെന്നതാണ് കാരണം. ലൈവ് സംഗീത പരിപാടി കാണുന്നതിന്റേയും കേൾക്കുന്നതിന്റേയും സുഖം ഒരു കരോക്കെ പരിപാടിക്ക് ഒരിക്കലുമില്ല.
അതിനിടയ്ക്ക് തവാങിൽ നിന്ന് ഷൈനിയുടെ ഫോൺ വന്നു. ഒരു ദുഃഖ വാർത്തയാണ് പറയാനുണ്ടായിരുന്നത്. അവിടത്തെ സേന പോയൻ്റിലെ തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്ന സമയത്ത് ഏഴംഗ സംഘത്തിലെ രണ്ട് മലയാളി യുവാക്കൾ അപകടത്തിൽപ്പെട്ട് മരിച്ചു. ഷൈനി അപ്പോൾ ആ പരിസരത്ത് തന്നെ ഉണ്ടായിരുന്നു. (ഒരാളുടെ ശരീരം ഇപ്പോഴും കണ്ടെടുത്തിട്ടില്ല എന്നാണ് റിപ്പോർട്ട്.)
ഷഫീഖിന് കുറച്ച് അധികം സമയം ജോലി ചെയ്യാൻ ഉണ്ടായിരുന്നതുകൊണ്ട് ഫെസ്റ്റിവൽ മൈതാനത്തിന് തൊട്ടടുത്തുള്ള ഒരു ഹോംസ്റ്റേ തരപ്പെടുത്തിയിരുന്നു. അവർ സത്യത്തിൽ സ്ഥിരമായി ഹോംസ്റ്റേ നടത്തുന്നവരല്ല. ഈ പരിപാടിയുടെ സംഘാടകർ ചുറ്റുവട്ടത്തുള്ള വീടുകളിൽ ഏർപ്പാട് ചെയ്തിരിക്കുന്ന ഒരു താൽക്കാലിക സംവിധാനമായിരുന്നു അത്. എത്രയാണ് വാടക വാങ്ങേണ്ടത് എന്ന് പോലും അവർക്ക് നിശ്ചയം ഇല്ലായിരുന്നു.
ഞാൻ ആ വീടിന്റെ മുറ്റത്ത് ഭാഗിയെ പാർക്ക് ചെയ്ത് അവിടെ കൂടി. ഷഫീഖ് ആ വീടിനകത്ത് ഉറങ്ങി.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#ArunachalPradesh
#niraksharan
#northeastindia
#motorhome
#motorhomelife
#bagra
#pineapplefestival
#bagrapineapplefestival
#pineapplefestivalbagra2026
#pineapplefestivalbagra