
അഷോൺ പെടോങ്ങ് ഗ്രാമത്തിൽ ആരോ മരിച്ചതുകൊണ്ട് ഇന്ന് എല്ലാ സ്ഥാപനങ്ങൾക്കും അവധിയാണ്. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് പ്രാതൽ കിട്ടാൻ 9 മണിയോളം വൈകി.
ഉമങ്കോട്ട് നദീതീരത്തും തൂക്കുപാലത്തിലും അല്പസമയം കൂടെ ചിലവഴിച്ച ശേഷം 9 കിലോമീറ്റർ മാറിയുള്ള തമാബിൽ എന്ന സ്ഥലത്തേക്ക് തിരിച്ചു. അരമണിക്കൂറിനകം അങ്ങോട്ട് എത്തി. ബംഗ്ലാദേശിലേക്ക് കടക്കാനുള്ള ലാൻഡ് പോർട്ട് അതിർത്തി അവിടെയാണ് ഉള്ളത്.
ആ റൂട്ടിലുള്ള ഒരു പ്രത്യേകത ഈ അവസരത്തിൽ എടുത്തു പറയാതെ വയ്യ. റോഡരികിൽ 100 കണക്കിന് ട്രക്കുകൾ പാറകൾ കയറ്റി വരിവരിയായി ഓരം ചേർന്ന് കിടക്കുന്നുണ്ട്. 400 മുതൽ 500 വരെ ട്രക്കുകൾ ഞാൻ എണ്ണി. ബംഗ്ലാദേശിലേക്ക് പാറകൾ കൊണ്ടുപോകുന്ന ട്രക്കുകൾ ആണ് അതെല്ലാം. തമാബിൽ ലാൻഡ് പോർട്ട് വഴി ട്രക്കുകൾ ബംഗ്ലാദേശിലേക്ക് പോകും. ഒരു ഡ്രൈവറെ മാത്രമാണ് പോകാൻ അനുവദിക്കുക. എല്ലാം കൂടെ പത്ത് കിലോമീറ്റർ യാത്രയേ ഉള്ളൂ. ബംഗ്ലാദേശിലേക്ക് കടന്ന് ഒരിടത്ത് കല്ലുകൾ അൺലോഡ് ചെയ്ത ശേഷം ട്രക്കുകൾ തിരികെ പോരും. ആ നാട്ടിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ കല്ലുകൾ പോകുന്നത് മേഘാലയയുടെ ഈ ഭാഗത്തുള്ള മലയിടിച്ച് നിരത്തിയാണ്.
ലാൻഡ് പോർട്ടിൽ ഞങ്ങൾ ബാലസുബ്രഹ്മണ്യം, മായാവു എന്നീ രണ്ട് തമിഴ് ബിഎസ്എഫ് പട്ടാളക്കാരെ പരിചയപ്പെട്ടു. കുറേസമയം അവരുമായി സംസാരിച്ചു. പോർട്ടിലെ നടപടിക്രമങ്ങളെപ്പറ്റി ധാരണയുണ്ടാക്കി. മഴക്കാലത്ത് അവിടത്തെ ജീവിതം ദുസ്സഹമാണെന്നാണ് അവർ പറഞ്ഞത്. മുട്ടൊപ്പം വെള്ളം കയറും. എന്നാലും അതിർത്തിയിലെ സേവനം അവസാനിപ്പിച്ച് പോകാൻ പറ്റില്ലല്ലോ. രണ്ടും മൂന്നും മാസം നിർത്താതെ മഴ പെയ്യും. തുണികൾ ഉണങ്ങി കിട്ടില്ല. എന്നിങ്ങനെ പോകുന്നു അവരുടെ കഷ്ടപ്പാടുകൾ.
ലാൻഡ് പോർട്ടിൽ നിന്ന് അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങിയപ്പോൾ ഗൂഗിൾ ശരിക്കും ചതിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന് അവകാശപ്പെടുന്ന മൗൽനോങ്ങ് (Mawlynnong) എന്ന ഗ്രാമത്തിലേക്കാണ് പോകേണ്ടിയിരുന്നത്. ഒന്നര മണിക്കൂർ സവാരിയുണ്ട്. പക്ഷേ ഗൂഗിൾ കൊണ്ടുപോയത് എതിർ ദിശയിലേക്കാണ്. ഒരു മണിക്കൂറോളം സഞ്ചരിച്ച ശേഷം ഗൂഗിളിന്റെ സ്വഭാവത്തിൽ പന്തികേട് കണ്ടപ്പോൾ ഞാൻ വാഹനം തിരിച്ചു. രണ്ടുമണിക്കൂറോളം സമയം അങ്ങനെ പോയി കിട്ടി.
മൗൽനോങ്ങ് ഗ്രാമത്തിൽ ഞാൻ മുൻപും വന്നിട്ടുണ്ട്. പക്ഷേ അതിൽ നിന്നൊക്കെ ഒരുപാട് വ്യത്യാസം വന്നിരിക്കുന്നു. ധാരാളം റസ്റ്റോറന്റുകൾ വന്നിരിക്കുന്നു ഹോംസ്റ്റേ എവിടെ നോക്കിയാലും കാണാം. സഞ്ചാരികളുടെ ബാഹുല്യവും കൂടിയിരിക്കുന്നു. ഒരുപാട് മലയാളികളെ ഗ്രാമത്തിൽ കണ്ടു. പക്ഷേ കടകൾ എല്ലാം അടഞ്ഞാണ് കിടക്കുന്നത്. ഈ ഗ്രാമത്തിലും ആരോ മരിച്ചിരിക്കുന്നു. അതാണ് കടകൾ അടഞ്ഞുകിടക്കുന്നതിന്റെ കാരണം.
എന്നെ ഏറെ വിഷമിപ്പിച്ചത്, നല്ല വൃത്തിയിൽ ഗ്രാമവാസികൾ കൊണ്ടുനടക്കുന്ന അവരുടെ വഴികളിൽ, വെളിയിൽ നിന്നു വരുന്ന ഇതര സംസ്ഥാന സഞ്ചാരികൾ, സിഗരറ്റിന്റെ പാക്കറ്റ്, ബിസ്കറ്റിന്റെ കവർ, പാൻ പരാഗിന്റെ കവർ എന്നതെല്ലാം അലക്ഷ്യമായി റോഡിൽ വലിച്ചെറിയുന്നു. വന്നത് എവിടെയാണെന്ന് പോലും മനസ്സിലാക്കാനുള്ള ബോധം ഇല്ലാത്ത നശൂലങ്ങൾ. ആ ഒരു വാക്കിൽ കുറഞ്ഞത്, അവരെ വിശേഷിപ്പിക്കാൻ എന്റെ പക്കൽ ഇല്ല.
മുൻപ് ഞാൻ വന്നപ്പോൾ മരങ്ങൾക്ക് മുകളിൽ മുളകൾ വെച്ചു കെട്ടിയുള്ള ആകാശ നടത്തം (sky walk) ഒരെണ്ണമാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോളത് മൂന്നിലധികം ഉണ്ട്.
കുറെ അധികം സമയം ഗ്രാമത്തിലെ ഇടവഴികളിലൂടെ നടന്നു. വൃത്തിയുള്ള ഗ്രാമം എന്നു മാത്രമല്ല ആ ഗ്രാമത്തിന്റെ വേലികൾ, പൂന്തോട്ടങ്ങൾ, മരങ്ങൾ, പൂച്ചെടികൾ, പൊതു ഇടങ്ങൾ എന്നിങ്ങനെ എല്ലാത്തിനും വല്ലാത്ത വശ്യതയാണ്.
രണ്ട് കിലോമീറ്റർ മാറിയുള്ള ലിവിങ് ബ്രിഡ്ജ് മാത്രമാണ് ഇന്നിനി കാണാൻ ബാക്കിയുള്ളത്. അത് കണ്ട് കഴിയുമ്പോഴേക്കും ഇരുള് വീഴും. ആയതിനാൽ ഗ്രാമത്തിൽ തന്നെ ഒരു ഹോം സ്റ്റേയുടെ മുന്നിൽ താങ്ങാനുള്ള ഏർപ്പാട് ഉണ്ടാക്കി. അത്രയും മനോഹരമായ ഒരു ഗ്രാമത്തിൽ തങ്ങുന്നതിൻ്റെ സന്തോഷം എന്തിനു വേണ്ടെന്ന് വെക്കണം.
എന്നിരുന്നാലും ലിവിങ് ബ്രിഡ്ജ് വരെ പോയി നോക്കി. അവിടെ നന്നായി ഇരുട്ടി കഴിഞ്ഞിരുന്നു. നല്ല തണുപ്പുമുണ്ട്. ഒരു ഫോട്ടോ എടുക്കാനുള്ള വെളിച്ചം പോലുമില്ല. നാളെ രാവിലെ വീണ്ടും അങ്ങോട്ട് പോകണം പടങ്ങൾ എടുക്കണം.
നാളെ ഞായറാഴ്ച ആയതുകൊണ്ട് ഗ്രാമത്തിൽ ആർക്കും പ്രവേശനമില്ല. രാവിലെ തന്നെ ഗ്രാമത്തിൽ നിന്ന് ഇറങ്ങണം.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#meghalayaindia
#meghalaya
#niraksharan
#northeast
#jainkyrshah
#meghalayatourism
#meghalayadiaries