
ലിവിങ് റൂട്ട് ബ്രിഡ്ജുകൾ ആണ് മേഘാലയയിലെ പ്രധാന ആകർഷണങ്ങൾ. പിന്നെ പൗരാണിക ഗുഹകളും.
അരയാൽ, പേരാൽ, റബ്ബർ പോലുള്ള വൃക്ഷങ്ങളുടെ വേരുകൾ പിണച്ചു കെട്ടി നദികൾക്ക് കുറുകെയുള്ള പാലങ്ങൾ ആക്കി മാറ്റുന്നു. അതുകൊണ്ടു തന്നെ ഇത് ജീവനുള്ള പാലങ്ങളാണ്. കാലക്രമേണ വളരുകയും ദൃഢമാകുകയും ചെയ്യുന്ന പാലങ്ങൾ.
മേഘാലയയിലെ ‘ജീവനുള്ള വേരുകളുടെ പാല’ത്തിന് രാജ്യം നന്ദി പറയേണ്ടത് നോവെറ്റ് (Nohwet) ഗ്രാമത്തിലെ ഖാസി ഗോത്രവർഗ്ഗക്കാരോടാണ്. അവരാണ് റബ്ബർ മരത്തിൻ്റെ വേരുകൾ പിണച്ചുകെട്ടി നദിക്ക് കുറുകെ ജീവനുള്ള പാലം തീർത്തത്.
ഇന്നലെ റിവായ് റൂട്ട് ബ്രിഡ്ജിൽ ചെന്നപ്പോഴേക്കും ഇരുട്ടി എന്ന് സൂചിപ്പിച്ചിരുന്നല്ലോ. അതുകൊണ്ട് രാവിലെ തന്നെ വീണ്ടും അങ്ങോട്ട് എത്തി. ആ പരിസരത്തുള്ള കടകൾ തുറന്നു വരുന്നതേയുള്ളൂ. സഞ്ചാരികൾ ആരും എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ സൗകര്യപ്രദമായി പടങ്ങൾ എടുക്കാൻ സാധിച്ചു. ഇന്നലെ രാത്രി വന്നതും ചേർത്ത് മൂന്നാമത്തെ പ്രാവശ്യമാണ് ഞാൻ ഈ പാലത്തിൽ വരുന്നത്. റിവായ്, നോവെറ്റ് എന്നെല്ലാം ഈ പാലം അറിയപ്പെടുന്നു.
പാലത്തിൽ നിൽക്കരുത്, വേരുകൾ ഇളക്കരുത് ഇന്നൊക്കെ മുന്നറിയിപ്പുകൾ ഉണ്ടെങ്കിലും സഞ്ചാരികൾ എല്ലാവരും നിന്ന് സമയം ചിലവഴിച്ച് തന്നെ പാലത്തിലൂടെ കടന്ന് പോകുന്നത് പലവട്ടം ഞാൻ കണ്ടിട്ടുണ്ട്. മുന്നറിയിപ്പ് നൽകിയ കാലത്തേക്കാൾ വളന്ന് ശക്തി പ്രാപിച്ചിട്ടുണ്ടാകും വേരുകൾ ഇപ്പോൾ.
അടുത്ത യാത്ര അർവാ ഗുഹയിലേക്കായിരുന്നു. 79 കിലോമീറ്റർ ദൂരം; 2:30 മണിക്കൂർ സഞ്ചാരം.
രണ്ടാമത്തെ പ്രാവശ്യമാണ് ഞാൻ അർവാ ഗുഹയിലേക്ക് വരുന്നത്. കാര്യമായ മാറ്റങ്ങൾ ഒന്നും ഈ ഭാഗത്ത് സംഭവിച്ചിട്ടില്ല. പലയിടത്തും തകർന്ന റോഡുകൾ പുനർ നിർമ്മിച്ചു കൊണ്ടിരിക്കുന്നു.
അർവാ ഗുഹ ഫോസിലുകൾക്ക് പേരുകേട്ടതാണ്. പലയിടത്തും മത്സ്യങ്ങൾ അടക്കമുള്ള ജന്തുജാലങ്ങളുടെ അടയാളങ്ങൾ പാറകളിൽ കാണാനാകും. പ്രകൃതി നൂറ്റാണ്ടുകളെടുത്ത് സൃഷ്ടിച്ച അത്ഭുതകരമായ ഭൂമിശാസ്ത്ര പ്രതിഭാസമാണ് 300 മീറ്ററോളം ദൈർഘ്യമുള്ള അർവാ ഗുഹ.
ചെങ്കുത്തായ മലയുടെ ചരുവിലാണ് ഗുഹയുടെ നിലകൊള്ളുന്നത്. ആ ഭാഗത്തു നിന്ന് നോക്കിയാൽ മലയിലൂടെ കുത്തനെ ഒഴുകി വീഴുന്ന ചെറിയ നീർച്ചാലുകൾ കാണാം. മഴക്കാലത്ത് അതെല്ലാം വലിയ വെള്ളച്ചാട്ടങ്ങളായി പരിണമിക്കും.
അർവാ ഗുഹയിൽ നിന്ന് അധികം ദൂരമില്ല നോഹ്കാലികായ് വെള്ളച്ചാട്ടത്തിലേക്ക്. അത് വന്നു പതിക്കുന്നത് ഒരു ചെറിയ നീലത്തടാകത്തിലേക്കാണ്. 1115 അടി ഉയരമുണ്ട് ഈ വെള്ളച്ചാട്ടത്തിന്. മുകളിൽ വളരെ ദൂരെ നിന്ന് അത് കണ്ട് ആസ്വദിക്കാം. വെള്ളച്ചാട്ടത്തിലേക്കും തടാകത്തിലേക്കും ചെന്നെത്തണമെങ്കിൽ ദീർഘദൂരം ട്രക്ക് ചെയ്യണം. രണ്ടുപ്രാവശ്യം ഇവിടെ വന്നിട്ടും അങ്ങനെയൊരു ട്രക്കിന് മുതിരണമെന്ന് എനിക്ക് തോന്നിയിട്ടില്ല.
നോഹ്കാലികായ് വെള്ളച്ചാട്ടവുമായി ബന്ധപ്പെട്ട ഒരു ദുരന്ത കഥയുണ്ട്. കാ ലികായ് എന്ന സ്ത്രീയുടെ കുതിച്ചുചാട്ടം എന്നാണ് ഈ പേരിന്റെ അർത്ഥം. വളരെ ചുരുക്കത്തിൽ അത് പറയാം. തന്റെ രണ്ടാം ഭർത്താവ് കാരണം കുഞ്ഞ് നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിൽ കാ ലികായ് ഈ വെള്ളച്ചാട്ടത്തിലേക്ക് കുതിച്ചു ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
വെയ്സഡോങ് എന്ന ഒരു വെള്ളച്ചാട്ടം കൂടെ കണ്ട് ഇന്നത്തെ ദിവസം ചിറാപ്പുഞ്ചിയിൽ അവസാനിപ്പിക്കാം എന്നായിരുന്നു പദ്ധതി. വെയ്സഡോങ് കണ്ടുപിടിക്കാൻ ഗൂഗിൾ വഴി ശ്രമിച്ചപ്പോൾ പലവട്ടം പരാജയപ്പെട്ടു. അങ്ങോട്ട് അധികം സഞ്ചാരികൾ പോകുന്നില്ല എന്നാണ് കഷ്ടപ്പെട്ട് ആ സ്ഥലം കണ്ടുപിടിച്ചപ്പോൾ മനസ്സിലാക്കാൻ ആയത്. മൂന്ന് തട്ടുകളിലായി താഴേക്ക് ഒഴുകുന്ന ഒരു വെള്ളച്ചാട്ടമാണ് അത്. കുത്തനെയുള്ള പടികൾ ഇറങ്ങി 15 മിനിറ്റോളം ട്രക്ക് ചെയ്യണം അങ്ങോട്ട് എത്താൻ. അങ്ങോട്ട് ചെന്നാലും വെള്ളം തീരെ ഇല്ല എന്നാണ് മനസ്സിലാക്കാനായത്. പടികൾക്ക് മുകളിൽ യാത്ര അവസാനിപ്പിച്ചു.
ജോയ്യസ് എന്ന ഹോംസ്റ്റേക്ക് മുന്നിൽ ഭാഗിയെ പാർക്ക് ചെയ്ത് തൊട്ടടുത്തുള്ള ഓറഞ്ച് റെസ്റ്റോറന്റിൽ ചെന്ന് ഇഡലി കഴിച്ചു. നമ്മുടെ അല്ലെങ്കിൽ തമിഴ്നാട്ടിലെ സ്വാദുള്ള ഇഡലിയോളം പോന്ന ഇഡ്ഡലി ഉണ്ടാക്കാൻ ഇവർ നോർത്ത് ഇസ്റ്റുകാർ ഇനി വേറെ പല ജന്മം ജനിക്കണം.
കാര്യമായ തണുപ്പൊന്നും ഇവിടെയില്ല. 15 ഡിഗ്രിയാണ് കാണിക്കുന്നത് വെളുപ്പിന് അത് 13 ഡിഗ്രിയാകും.
ശുഭരാത്രി.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeastindia
#northeast
#meghalayaindia
#Meghalaya
#waterfalls
#Nohkalikai
#nohkalikaifalls
#weisawdong
#weisadongfalls
#arwah
#arwahcaves