
അല്പം ചരിത്രം പറയട്ടെ.
പതിനഞ്ചാം നൂറ്റാണ്ടിൽ നടന്ന സംഭവമാണ്. അതായത് ഏതാണ്ട് 500 വർഷങ്ങൾക്ക് മുൻപ്.
പോർച്ചുഗീസുകാർ ഇന്ത്യയിൽ എത്തിയ കോളനിക്കാലം. അന്ന് ഇവിടെയുള്ള ക്രൈസ്തവരുടെ വേഷഭൂഷാദികളും ആചാര അനുഷ്ഠാനങ്ങളും കലാപരമായ ഇടപെടലുകളും കണ്ട് പോർച്ചുഗീസുകാർക്ക് കലികയറി.
അക്കാലത്ത് കളരികളിൽ പരദേവതകളെ വെച്ച് പൂജിക്കുക, ബലിയിടുക എന്നതടക്കം തീണ്ടൽ, അയിത്തം, പുലകുടി, പുണ്യാഹം എന്നിങ്ങനെ ഹൈന്ദവരുടേതായ ആചാരങ്ങൾ ക്രിസ്ത്യാനികളും അനുഷ്ഠിച്ചു പോന്നിരുന്നു. വിവാഹത്തിന് മുൻപ് ലക്ഷണം നോക്കിക്കുക, പഴുതൊക്കുക എന്നതും പോരാഞ്ഞ് ആഭിചാര പ്രവർത്തികൾ ചെയ്യുക, യന്ത്രങ്ങൾ ശരീരത്തിൽ കെട്ടുക എന്നീ ക്രൈസ്തവോചിതമല്ലാത്ത പല പ്രവർത്തികളും അന്നത്തെ ക്രിസ്ത്യാനികൾ ചെയ്തിരുന്നു.
“സുനഹദോസ് കാലഘട്ടത്തിലെ നസ്രാണി മാപ്പിളമാർ, പുറമേ ക്രിസ്തുമതവും അകമേ സവർണ്ണ ഹിന്ദുത്വവും, പുറത്ത് പള്ളിയും അകത്ത് അമ്പലവുമായി കഴിഞ്ഞുകൂടിയ പച്ച സവർണ്ണ നായരും നമ്പൂതിരിയും ആയിരുന്നു എന്ന് ‘പുരാതന ക്രിസ്ത്യാനികളുടെ പുണ്യാഹ കർമ്മങ്ങൾ’ എന്ന മലയാള മനോരമ (1938) ലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ട്.
ഇവിടെയുള്ള മറ്റ് ഏതൊരു മനുഷ്യരേയും പോലെ തന്നെയുള്ള വേഷങ്ങളായിരുന്നു ക്രൈസ്തവന്റേയും. അവർ ആസ്വദിക്കുന്നത് ക്ഷേത്ര കലകൾ, ആചരിക്കുന്നത് ഹൈന്ദവാചാരങ്ങൾ. ഒറ്റനോട്ടത്തിൽ ഹിന്ദുവേത് ക്രൈസ്തവനേത് എന്ന് തിരിച്ചറിയാൻ പോലും പറ്റുന്നില്ല.
പോർച്ചുഗീസുകാർ ഇടപെട്ടു. ക്ഷേത്ര കലകളിൽ നിന്ന് ക്രൈസ്തവരെ വിലക്കി. പകരം ക്രൈസ്തവരുടേതായ ഒരു കലാരൂപം ഉണ്ടാക്കാൻ ചിന്നത്തമ്പി അണ്ണാവി എന്ന വറീച്ചൻ അണ്ണാവിയെ ഏർപ്പാടാക്കി. അദ്ദേഹം ക്രൈസ്തവർക്ക് വേണ്ടി ചിട്ടപ്പെടുത്തിയ കലാരൂപമാണ് ചവിട്ടുനാടകം. അതുകൊണ്ടാണ് ചവിട്ടുനാടകത്തിലെ കഥകളെല്ലാം ബൈബിളിനെ ആധാരമാക്കി ആയത്.
ഇനി 21-)ം നൂറ്റാണ്ടിലേക്ക് വരാം. ഗോതുരുത്തിലെ ‘ചുവടി’ ചവിട്ടുനാടക ഫെസ്റ്റിവൽ ആണ് വേദി. കൃത്യമായി പറഞ്ഞാൽ 2014 ഡിഡംബർ 26.
അന്നേ ദിവസം ഫെസ്റ്റിവലിൽ അവതരിപ്പിച്ച ചവിട്ടുനാടകത്തിൻ്റെ പേര് ‘ശബരിമല ശ്രീ ധർമ്മശാസ്താവ് ‘ എന്നായിരുന്നു. കഥയും അത് തന്നെ. പുലിപ്പുറത്ത് കയറി അയ്യപ്പൻ സ്റ്റേജിലേക്ക് വരുന്ന ത്രസിപ്പിക്കുന്ന രംഗങ്ങൾ പോലും ആവിഷ്ക്കരിച്ചിരുന്നു അതിൽ. ചുവടി ചവിട്ടുനാടക ഫെസ്റ്റിവൽ അരങ്ങേറുന്നത് ഗോതുരുത്തിലെ ക്രൈസ്തവ ദേവാലയത്തിൻ്റെ ചുമരിനോട് ചേർന്നുള്ള വളപ്പിലാണെന്ന് ശ്രദ്ധിക്കണം.
ഭൂഗോളം ഒരുപാട് മുന്നോട്ട് തിരിഞ്ഞപ്പോൾ, കലയിൽ ജാതിമത വേർതിരിവുകൾ കൊണ്ടുവരാൻ ശ്രമിച്ചതിൻ്റെ കാരണം പോലും കാലയവനികയ്ക്ക് പിന്നിൽ മറഞ്ഞു പോയതിൻ്റെ ഉദാഹരണമാണ് മേൽപ്പറഞ്ഞത്.
ക്രൈസ്തവരെ ഹിന്ദു കലാരൂപങ്ങളിൽ നിന്ന് അകറ്റി നിർത്താൻ ശ്രമിച്ച പറങ്കികൾ അപ്പോൾ ആരായി? കാലം അവരെ കശൂമ്മാവിൻ തോപ്പ് വഴി പോർച്ചുഗീസിലേക്ക് തന്നെ ഓടിച്ചു.
ഇനി കുറച്ച് തെക്കോട്ട് സഞ്ചരിച്ച്, പോർച്ചുഗീസുകാർ തന്നെ സ്ഥാപിച്ച വല്ലാർപാടം ക്രൈസ്തവ ദേവാലയത്തിൽ ചെല്ലാം.
1676 ലെ വെള്ളപ്പൊക്കത്തിൽ ഈ ക്രൈസ്തവ ദേവാലയം മുങ്ങിപ്പോകുകയും നശിച്ച് പോകുകയും ചെയ്തു. അൾത്താരയിൽ ഉണ്ടായിരുന്ന വല്ലാർപാടത്തമ്മയുടെ ചിത്രം ഒഴുകി നടന്നപ്പോൾ അത് കണ്ടെടുത്തത് പാലിയത്തത് രാമൻ വല്യച്ചൻ.
വല്ലാർപാടത്ത് പുതിയ പള്ളി സ്ഥാപിക്കാനുള്ള സ്ഥലം വിട്ടു നൽകിയത് പാലിയത്തച്ചൻ ആണ്. വിശ്വാസികൾക്ക് അദ്ദേഹം മാതാവിന്റെ ചിത്രം തിരികെ നൽകിയ സ്ഥലത്ത് കൊടിമരം നാട്ടി അവിടെ പുതിയ പള്ളി നിർമ്മിച്ചു. ദേവാലയത്തിന്റെ ആശീർവാദത്തിൽ പാലിയത്തച്ചൻ പങ്കെടുക്കുകയും പള്ളിയിലേക്ക് ഒരു കെടാവിളക്ക് നൽകുകയും അതിൽ ഒഴിക്കാനുള്ള എണ്ണ കൊട്ടാരത്തിൽ നിന്ന് നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇടക്കാലത്ത് ആ ചടങ്ങ് നിന്നു പോയെങ്കിലും 1994 മുതൽ പാലിയം കൊട്ടാരത്തിൽ നിന്ന് എണ്ണ കൊണ്ടുവരുന്ന ചടങ്ങ് പുനസ്ഥാപിച്ചു.
വല്ലാർപാടം പള്ളിയിലെ പെരുന്നാൾ കൊടിയേറുമ്പോൾ, കുരുത്തോല നൽകാനുള്ള അവകാശം ഇന്നും ഒരു ഹൈന്ദവ കുടുംബത്തിനാണ്.
അയ്യപ്പനും വാവരും, ഹരിവരാസനം പാടുന്ന ക്രൈസ്തവനായ യേശുദാസ്, ഹൈന്ദവ ഭക്തി ഗീതങ്ങൾ ചിട്ടപ്പെടുത്തിയ യൂസഫലി, ഇസ്ലാം ഭക്തിഗാനം പാടുന്ന മാർക്കോസ്, അങ്ങനെയങ്ങനെ നൂറുദാഹരണങ്ങൾ ഈ കൊച്ചു കേരളത്തിൽ എടുത്തു പറയാനുണ്ട്.
അവനവന്റെ മതത്തിനും ആചാരത്തിനും വിശ്വാസത്തിനും ഒക്കെ ഉപരിയായി, ആഘോഷങ്ങളിലും സന്തോഷങ്ങളിലും സന്താപത്തിലുമെല്ലാം വിവിധ മതസ്ഥർ തോളോട് തോൾ ചേർന്ന് നിന്ന് പച്ച മനുഷ്യരായി സ്നേഹം പങ്കിടുന്ന ഉദാത്ത ഉദാഹരണങ്ങൾ!
അക്കൂട്ടത്തിൽ ഒന്നാണ് ഇക്കഴിഞ്ഞ ദിവസവും സംഭവിച്ചത്. താൻ പഠിച്ച വിദ്യാലയത്തോടുള്ള ആദരസൂചകമായി, തങ്ങൾക്ക് ഭജന നടത്താനുള്ള സൗകര്യങ്ങൾ ചെയ്തുതന്ന ക്രൈസ്തവ ദേവാലയത്തോടുള്ള നന്ദി സൂചകമായി, ഒരു ക്രൈസ്തവ ഭക്തിഗാനം ഹിന്ദു ദേവാലയത്തിന്റെ മതിൽക്കെട്ടിന് വെളിയിൽ ‘നന്ദഗോവിന്ദം ഭജൻസ് ‘ പാടി. അവിടെയുണ്ടായിരുന്നവരും അത് കേട്ട് ആസ്വദിച്ചവരും ഹർഷാരവത്തോടെ അതിനെ നെഞ്ചേറ്റി.
പക്ഷേ ഒരു കൂട്ടർക്ക് മാത്രം ഇത് അത്ര പിടിച്ചില്ല. അവരുടെ മതവികാരം ഇക്കിളിപ്പെട്ടു.
ശ്രദ്ധിച്ചു നോക്കിയാൽ ഒരു കാര്യം കൃത്യമായി മനസ്സിലാകും. മനുഷ്യർക്കിടയിൽ ജാതിയുടേയും മതത്തിന്റേയും പേരിൽ സ്പർദ്ധ പടർത്തുന്നത് കക്ഷിരാഷ്ട്രീയക്കാരോ രാജ്യം പിടിച്ചടക്കാൻ വന്നവരോ അധികാര മോഹികളോ ആണ്. പക്ഷേ കലയുടെ മുന്നിൽ പിടിച്ചുനിൽക്കാൻ അവർക്കാവില്ല. കാലവും കലയും മനുഷ്യരും തോളോട് തോൾ ചേർന്ന്, അവരെ തള്ളിപ്പറയുകയും തൂത്തെറിയുകയും തന്നെ ചെയ്യും.
ഭജന കലയല്ല എന്ന് പറഞ്ഞ് കുറച്ച് നാൾ കൂടെ എതിർത്ത് നോക്കാമെന്ന് മാത്രം. പക്ഷേ ഫലമുണ്ടാകില്ല. കേരളത്തിൻ്റെ മതേതര മനസ്സ് തള്ളിക്കളയും.
ചേർത്തു പിടിക്കുമ്പോൾ കിട്ടാത്ത എന്ത് സുഖവും സന്തോഷവുമാണ് ഹേ തള്ളിമാറ്റുമ്പോൾ കിട്ടുന്നത്? ഏത് ദൈവമാണ് മാറ്റി നിർത്താൻ ആഹ്വാനം ചെയ്തിട്ടുള്ളത്?
വാൽക്കഷണം:- മേൽപ്പറഞ്ഞ സംഭവങ്ങൾ എല്ലാം പോരാഞ്ഞിട്ട്, ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ചട്ടമ്പി സ്വാമികളും വാഗ്ഭടാനന്ദനും തൈക്കാട് അയ്യയും ഡോക്ടർ പൽപ്പുവും വൈകുണ്ഠ സ്വാമികളും ഒക്കെ ചേർന്ന് നവോത്ഥാനം നടപ്പിലാക്കിയ കേരളമാണിത്. ചില പ്രത്യേകതരം പരിപ്പുകൾ ഈ കലത്തിൽ ഒരു കാലത്തും വേവാൻ പോകുന്നില്ല.
#മതേതരകേരളം
#secular
#secularism
#SecularKerala