ഇന്ന് വിഷു ആണല്ലോ? ആയതിനാൽ വിഷുവുമായി ബന്ധപ്പെട്ട ഒരു പഴഞ്ചൊല്ലിലെ ചില കാര്യങ്ങൾ പറയാം.
“കാട്ടുകോഴിക്കെന്ത് വിഷുവും സംക്രാന്തിയും?” ചൊല്ല് ഇങ്ങനെയാണ്.
അജ്ഞന്മാർക്ക് എന്ത് മതാനുഷ്ഠാനം, എന്നാണ് സാധാരണ ഗതിയിൽ ഈ ചൊല്ല് ഉപയോഗിക്കുന്നവർ ഉദ്ദേശിക്കുന്നത്.
മലബാർ ഭാഗങ്ങളിൽ സംക്രാന്തി പൂജയ്ക്ക് കോഴിയെ വെട്ടുന്നത് പതിവായിരുന്നു. (കൊടുങ്ങല്ലൂരിലെ കോഴിവെട്ടുമായി സംക്രാന്തിക്ക് ബന്ധമുണ്ടോ എന്ന് അറിയില്ല.) പക്ഷേ ഈ കോഴി വെട്ടിന് ഉപയോഗിക്കുന്നത് നാട്ടുകോഴിയെ ആണ്. അതുകൊണ്ട് സംക്രാന്തി സമയത്ത് നാട്ടുകോഴികൾക്കേ ഭയപ്പെടേണ്ടതുള്ളൂ. കാട്ടുകോഴികൾ സുരക്ഷിതരാണ്. ഇതാണ് ഈ ചൊല്ലിന്റെ ആന്തരാർത്ഥം.
പക്ഷേ ഈ ചൊല്ലിന് മറ്റൊരു വശവും ഉണ്ടെന്ന് ഈയടുത്ത് പറഞ്ഞുതന്നത് സുധീർ Sudheer Kumar ആണ്.
സത്യത്തിൽ മേൽപ്പറഞ്ഞ ചൊല്ലിന് അല്പം വ്യത്യാസമുണ്ട്, അഥവാ താഴെപ്പറയുന്നതാണ് ശരിയായ ചൊല്ല് എന്ന് തർക്കമുണ്ട്.
‘”കാട്ടുകോവിൽക്കെന്ത് വിഷുവും സംക്രാന്തിയും” എന്നാണത്. കോഴിയല്ല കോവിലാണ്. കാട്ടിലെ കോവിലിൽ പൂജ ഒന്നും നടക്കാറില്ല, നടക്കണമെന്നും ഇല്ല. വല്ലപ്പോഴും ഒരു പൂജ നടന്നാലായി. വിഷുവും സംക്രാന്തിയും ഒന്നും അവിടെ ഉണ്ടായെന്ന് വരില്ല. ഈ അർത്ഥത്തിലാണ് ആ ചൊല്ല് പോകുന്നത്.
പക്ഷേ, രണ്ടും രണ്ട് ചൊല്ലായി കണക്കാക്കണമെന്നാണ് ഭാഷാ പണ്ഡിതന്മാരുടെ അഭിപ്രായം.
“കാട്ടുകോവിലും കാട്ടുകോഴിയും നിലനിൽപ്പുള്ള വ്യത്യസ്ത വസ്തുക്കൾ തന്നെ. ഒന്ന് തെറ്റാണെന്നും മറ്റേതിന്റെ പാഠഭേദം ആണെന്നും പറയുന്നത് ശരിയല്ല. രണ്ട് ചൊല്ലുകളും ഒരേ ആശയം ഉൾക്കൊള്ളുന്നു എന്ന് പറയാം.”……. എന്നാണ് പണ്ഡിതർ എടുത്ത് പറയുന്നത്.
ഇനി ഇതുമായി ബന്ധപ്പെട്ട മറ്റു ചില ചൊല്ലുകൾ കൂടെ പറഞ്ഞ് അവസാനിപ്പിക്കാം.
* കാട്ടുജാതിക്കുണ്ടോ മാസപ്പിറപ്പും സംക്രാന്തിയും.
* ചാത്തപ്പനെന്തു മഹശറ. (മുസ്ലീം വിശ്വാസമായ മഹശറയിൽ ഹിന്ദുവായ ചാത്തപ്പന് കാര്യമില്ല എന്നാണ് ധ്വനി.)
ചുഴിഞ്ഞു നോക്കിയാൽ, മേൽപ്പറഞ്ഞ രണ്ട് ചൊല്ലുകളും വർഗ്ഗീയമാണ്.
എല്ലാ ജാതിക്കും എല്ലാ മതത്തിനും എല്ലാ ആഘോഷങ്ങളും ഉൾക്കൊള്ളാനും അനുഭവിക്കാനും കഴിയണം. ജാതിക്കും മതത്തിനും അപ്പുറത്തുള്ള മാനവികത അപ്പോഴാണ് ഉണ്ടാവുക.
എല്ലാവർക്കും വിഷു ആശംസകൾ!
വാൽക്കഷണം:- അക്ഷരാഭ്യാസമില്ലാത്ത കാട്ടുകോഴിക്ക് വിഷുവും സംക്രാന്തിയും ഇല്ലേയില്ല.
Jungle Fowl PC:- Pinterest