അത്രേയകം Vs ശിഖണ്ഡി !


10
രാജശ്രീ ടീച്ചറുടെ ആത്രേയകം മോഷണമാണെന്ന് ആരോപിച്ച് മറ്റൊരു അദ്ധ്യാപികയും എഴുത്തുകാരിയുമായ ശ്രീമതി വിനയശ്രീ രംഗത്ത് വന്നിരിക്കുന്നത് മലയാളം വായനക്കാർ ശ്രദ്ധിച്ച് കാണുമല്ലോ?

കാരൂർ സോമൻ എന്ന വ്യക്തി ഓൺലൈനിൽ നിന്ന് എൻ്റെ യാത്രാവിവരണങ്ങൾ കോപ്പിയടിച്ച് മാതൃഭൂമി വഴിയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വഴിയും പുസ്തകമാക്കി ഇറക്കിയതിൻ്റെ പേരിൽ 13 കേസുകളാണ് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതെന്ന് എന്നെ വായിക്കാറുള്ള ചിലർക്കെങ്കിലും അറിയാവുന്നതാണല്ലോ? 10ൽപ്പരം ഇടങ്ങളിൽ എൻ്റെ ഭാര്യയുടേയും മകളുടേയും പേരുകൾ അതേപടി കോപ്പിയടിച്ച ഈച്ചക്കോപ്പി ആയിരുന്നു ആ മോഷണം. മാതൃഭൂമി ആ മോഷണം സമ്മതിച്ച് എനിക്കയച്ച കത്ത് കോടതിയിൽ ഉള്ളതുകൊണ്ട്, മോഷ്ടിച്ചിട്ടില്ല എന്ന് പ്രസാധകർക്ക് ഇനി വാദിക്കാനാവില്ല, അവരത് ചെയ്യുന്നുമില്ല. പകരം, ഓൺലൈനിലെ ലേഖനങ്ങൾക്ക് കോപ്പി റൈറ്റ് ഇല്ലല്ലോ, ഞങ്ങൾക്ക് അബദ്ധം പറ്റിപ്പോയതാണ് എന്നിങ്ങനെയുള്ള ബാലിശമായ വാദങ്ങളാണ് അവർ നടത്തുന്നത്. എന്നിരുന്നാലും, കാരൂർ സോമൻ എന്ന തൂലികാ നാമത്തിൽ ‘എഴുതുന്ന’ ഡാനിയൽ സാമുവൽ എന്ന കോപ്പിയടിക്കാരൻ ഇതുവരെ മോഷണം സമ്മതിച്ചിട്ടില്ല.

കേസുകൾ നടക്കുകയാണ്. ആയതിനാൽ കൂടുതൽ ഒന്നും ഇപ്പോൾ പറയുന്നില്ല. എന്നിരുന്നാലും ഇത്രയും മുഖവുരയായി പറയാതെ ആത്രേയകത്തെപ്പറ്റി വന്നിരിക്കുന്ന ആരോപണത്തെപ്പറ്റി എന്തെങ്കിലുമൊന്ന് പറയാനും സാദ്ധ്യമല്ല.

ഭൂമി മലയാളത്തിലെ എല്ലാ കാര്യങ്ങളെപ്പറ്റിയും സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയുന്ന ആളല്ല ഞാൻ. എന്നിരുന്നാലും കോപ്പി റൈറ്റ് വിഷയത്തിൽ കേസുകൾ നടത്തുന്ന വ്യക്തി എന്ന നിലയ്ക്ക് ആത്രേയകത്തിന് എതിരെ വന്നിരിക്കുന്ന കോപ്പിയടി ആരോപണവുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുന്നതിൽ തെറ്റില്ല എന്നതുകൊണ്ടാണ് ഇത് എഴുതുന്നത്. ഈ വിഷയത്തിൽ ഇതിനകം ഞാൻ ഉണ്ടാക്കി എടുത്തിട്ടുള്ള നിയമപരിജ്ഞാനം പങ്കുവെക്കാനും ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്. ആരോപണവുമായി മുന്നോട്ട് വന്നിരിക്കുന്ന വിനയശ്രീ ടീച്ചർക്ക് ഒരുപക്ഷേ ഞാൻ പറയാൻ പോകുന്ന നിയമവശങ്ങൾ പ്രയോജനപ്പെട്ടെന്ന് വരും. ചില കാര്യങ്ങൾ അക്കമിട്ട് തന്നെ പറയാം.

വിനയശ്രീ ടീച്ചറുടെ പോസ്റ്റിന് കീഴെ കമൻ്റായി എഴുതാൻ പറ്റുന്നതിൽ കൂടുതൽ കാര്യങ്ങൾ ഉള്ളതുകൊണ്ടാണ് ഇത് ഒരു പ്രത്യേക ലേഖനമായി എൻ്റെ പ്രൊഫൈലിൽ എഴുതുന്നത്.

ആരോപണം 1:- ആത്രേയകത്തിലെ പ്രധാന കഥാപാത്രമായ നിരമിത്രൻ, തൻ്റെ നോവലിലെ ശിഖണ്ഡി എന്ന കഥാപാത്രത്തിൻ്റെ അനുകരണമാണ് എന്നതാണ് വിനയശ്രീ ടീച്ചറുടെ പ്രധാന ആരോപണം.

എൻ്റെ മറുപടി 1:- അതിനുള്ള മറുപടി ധാരാളം പേർ ആ പോസ്റ്റിന് കീഴെ കമൻ്റായി നൽകിയിട്ടുണ്ട്. ആ കമൻ്റുകളോട് ചേർന്നാണ് ഞാനും നിൽക്കുന്നത്. വ്യക്തമാക്കാം…..

ശിഖണ്ഡി എന്ന കഥാപാത്രം മഹാഭാരത്തിൽ നിന്നുള്ളതാണ്. വിനയശ്രീ ടീച്ചർക്ക് ആ കഥാപാത്രത്തെ വികസിപ്പിച്ചെടുത്ത് പ്രത്യേകമായി മറ്റൊരു വലിയ കഥ അല്ലെങ്കിൽ നോവൽ എഴുതാനുള്ള സ്വാതന്ത്യമുണ്ട്. അതേ സ്വാതന്ത്ര്യം രാജശ്രീ ടീച്ചർക്കും ഉണ്ട്. മഹാഭാരതത്തിലെ ഉപകഥ എന്ന് പറയാവുന്ന വിഭാണ്ഡകൻ്റേയും മകൻ്റേയും കഥയാണ് വൈശാലി എന്ന പേരിൽ എം.ടി. തിരക്കഥയാക്കി വികസിപ്പിച്ചെടുത്ത് വായനക്കാരേയും, സംവിധായകൻ ഭരതനിലൂടെ സിനിമാ ലോകത്തേയും അമ്പരപ്പിച്ചത്. എന്നിട്ട് നമ്മളാരെങ്കിലും എം.ടി.യെ മോഷ്ടാവ് എന്ന് വിളിച്ചോ? ഇല്ല. ഒട്ട് വിളിക്കാനും പോകുന്നില്ല. കാരണം, അദ്ദേഹത്തിൻ്റെ കഴിവ് ആ കഥ വികസിപ്പിച്ചെടുത്ത് നമ്മെ ആനന്ദിപ്പിച്ചു എന്നതിലാണ്. വ്യാസൻ നേരിട്ട് വന്ന് നിയമ നടപടികൾ സ്വീകരിക്കാത്തിടത്തോളം കാലം എം.ടി.ക്കും വിനയശ്രീ ടീച്ചർക്കും രാജശ്രീ ടീച്ചർക്കും അല്ലെങ്കിൽ മറ്റേതൊരു എഴുത്തുകാരനും എഴുത്തുകാരിക്കും മഹാഭാരതത്തിലെ കഥകൾ അവരവരുടെ ഉള്ളിൽ മഥനം ചെയ്ത് കൂടുതൽ മികവുന്ന കഥകൾ അതിൽ നിന്ന് സൃഷ്ടിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഏതൊരു പുരാണ/ഇതിഹാസ കഥകളുടെ കാര്യത്തിലും ഇത് തന്നെ സത്യം. അതിൻ്റെ പിന്നാലെ പോകാൻ നിന്നാൽ, ശിഖണ്ഡി, മഹാഭാരതത്തിൽ നിന്നുള്ള മോഷണമല്ലേ എന്ന ചോദ്യത്തിന് വിനയശ്രീ ടീച്ചർ ഉത്തരം പറയേണ്ടി വരും.

ആരോപണം 2:- “ആത്രേയകം എന്ന നോവലിൽ മഹാഭാരതത്തിൽ ഇല്ലാത്ത, എൻ്റെ ഭാവനകളെ, ഞാൻ വളരെയേറെ ചിന്തിച്ചെടുത്ത ഭാവനകളെ ആത്രേയകം നോവലിൽ കാണാൻ കഴിഞ്ഞു.” ഇതാണ് വിനയശ്രീ ടീച്ചറിൻ്റെ ആരോപണത്തിൽ നിന്നുള്ള ഒരു വരി.

എൻ്റെ മറുപടി 2:- മഹാഭാരതത്തിൽ ഇല്ലാത്തത് വികസിപ്പിക്കുകയും ഭാവന ചേർത്ത് രസകരമാക്കുകയും ചെയ്യുന്ന ആവിഷ്ക്കാര സ്വാതന്ത്ര്യത്തെപ്പറ്റി മുകളിൽ പറഞ്ഞുകഴിഞ്ഞല്ലോ. വിനയശ്രീ ടീച്ചർ മഹാഭാരതത്തിലെ ശിഖണ്ഡി എന്ന കഥാപാത്രത്തെ അതേ പേരിൽ (അതേ പുസ്തകപ്പേരിൽ) വികസിപ്പിച്ചിരിക്കുന്നു. രാജശ്രീ ടീച്ചർ ആ കഥാപാത്രത്തിന് നിരമിത്രൻ എന്ന പേര് നൽകിയിരിക്കുന്നു. അത് കോപ്പിയടി എന്നാണ് ആരോപണമെങ്കിൽ കുറേക്കൂടെ വ്യക്തമായി മഹാഭാരതത്തിൽ നിന്ന് കോപ്പിയടി നടത്തിയിരിക്കുന്നത് വിനയശ്രീ ടീച്ചറല്ലേ? രാജശ്രീ ടീച്ചർ ശിഖണ്ഡിയുടെ പേര് മാറ്റാനുള്ള സൗമനസ്യമെങ്കിലും കാണിച്ചിട്ടുണ്ട്.

ആരോപണം 3:- യുദ്ധത്തിൽ മുറിവ് പറ്റിയവർക്കുള്ള ചികിത്സാലയം അഥവാ ശിബിരം എന്നത് തൻ്റെ ആശയമായിരുന്നു. അതിന് ‘ആത്രേയകം’ എന്ന പേര് നൽകി ആ ആശയം മോഷ്ടിച്ചിരിക്കുന്നു എന്നതാണ് വിനയശ്രീ ടീച്ചറുടെ അടുത്ത ആരോപണം.

എൻ്റെ മറുപടി 3:- മഹാഭാരത യുദ്ധമാണ് അഥവാ അതിന് ശേഷമുള്ള കാര്യങ്ങളാണ് ഭാവന ചേർത്ത് വികസിപ്പിക്കാൻ നിങ്ങൾ രണ്ട് പേരും ശ്രമിക്കുന്നതെങ്കിൽ, യുദ്ധാനന്തരം ഒരു ചികിത്സാലയം എന്ന ചിന്ത അൽപ്പസ്വൽപ്പം ഭാവനയുള്ള ഏതൊരു എഴുത്തുകാരുടേയും മനസ്സിൽ കടന്ന് വരില്ലേ? വന്നുകൂടെ? അത് കോപ്പിയടി ആകണമെന്നുണ്ടോ? യുദ്ധത്തിന് ശേഷം ചികിത്സ എന്നത് വളരെ ലളിതവും സ്വാഭാവികവുമായ ഒരു ചിന്തയല്ലേ?

ആരോപണം 4:- ലെസ്ബിയൻ സ്വഭാവമുള്ള ഒരു കഥാപാത്രത്തെപ്പറ്റി താൻ ചിന്തിച്ചിരുന്നു. അതാണ് നിരമിത്രൻ എന്നും ബോധപൂർവ്വം ശിഖണ്ഡി എന്ന പേര് അയാൾക്ക് നൽകാതെ മോഷണം നടത്തിയിരിക്കുന്നു എന്നുമാണ് മറ്റൊരു ആരോപണം.

എൻ്റെ മറുപടി 4:- ശിഖണ്ഡി എന്ന കഥാപാത്രത്തിന് പെണ്ണിൻ്റെ ശരീരവും ആണിൻ്റെ സ്വഭാവവും ആണെന്ന് മഹാഭാരത്തിൽത്തന്നെ പറയുമ്പോൾ, അത്തരം ഒരു വ്യക്തിയുടെ ലൈംഗികതയെപ്പറ്റി ഭാവന വിടരുമ്പോൾ ലെസ്ബിയൻ അഥവാ സ്വവർഗ്ഗാനുരാഗി എന്ന ചിന്ത ഏത് എഴുത്തുകാർക്കാണ് ഇല്ലാതെ പോകുക?

5. ധാരാളം പേർ നിയമ നടപടി സ്വീകരിക്കാൻ വിനയശ്രീ ടീച്ചറെ ഉപദേശിക്കുന്നത് കമൻ്റുകളിൽ കണ്ടു. ടീച്ചർക്ക് തീർച്ചയായും ആ വഴിക്ക് നീങ്ങാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ……

കോടതിയുടെ ചിന്തകൾ പലപ്പോഴും നമ്മളുടെ ചിന്ത പോലെ ആകണമെന്നില്ല. അവിടെ തെളിവുകൾ പ്രധാനമാണ്. ഇതിലെവിടെയാണ് മോഷണം എന്ന് സ്ഥാപിക്കാൻ പോന്ന തെളിവുകൾ ഉള്ളതെന്ന് പരിശോധിക്കാം.

വിനയ ടീച്ചറുടെ അതേ വരികളാണോ രാജശ്രീ ടീച്ചർ ആത്രേയകത്തിൽ എഴുതിയിരിക്കുന്നത്? ഞാൻ ആത്രേയകം മാത്രമേ വായിച്ചിട്ടുള്ളൂ. (ഞാൻ അത്ര പരന്ന വായനക്കാരനുമല്ല.) വിനയശ്രീ ടീച്ചറുടെ ‘ശിഖണ്ഡി’ പ്രസിദ്ധീകരിച്ചത് കോട്ടയം അക്ഷരശ്രീ എന്ന പബ്ലിഷറാണെന്നും അത് പ്രമുഖ പ്രസാധകരൊന്നും അല്ലെന്നും വിനയശ്രീ ടീച്ചർ തന്നെ പറയുന്നുണ്ട്. ഇനി അഥവാ പ്രമുഖ പ്രസാധകർ ആരെങ്കിലും തന്നെയാണ് ശിഖണ്ഡി പ്രസിദ്ധീകരിച്ചതെങ്കിൽത്തന്നെ പൊതുജനം എല്ലാ പുസ്തകങ്ങളും വായിക്കുന്നവരാണെന്ന് കരുതാൻ വയ്യ. പി. ഗോവിന്ദപ്പിള്ളയെപ്പോലുള്ള ചിലർക്ക് മാത്രമേ അത്രയ്ക്കൊക്കെ വായിച്ച് കൂട്ടൂവാൻ സാധിക്കൂ.

ഇനി രാജശ്രീ ടീച്ചറെങ്ങാനും ‘ശിഖണ്ഡി’ വായിച്ചിട്ട് അത് പകർത്തിയോ അതിൽ നിന്ന് എന്തെങ്കിലും ആശയം എടുത്ത് ആത്രേയകമാക്കി മാറ്റിയിട്ടുണ്ടെങ്കിൽത്തന്നെയും കോടതി പരിശോധിക്കാൻ പോകുന്നത് രണ്ട് പുസ്തകങ്ങളിലേയും വരികളോ പാരഗ്രാഫോ പേജുകളോ ഒരുപോലെ വന്നിട്ടുണ്ടോ എന്നാണ്. രണ്ടും മഹാഭാരതകഥയുടെ പരിപോഷിപ്പിക്കൽ കഥകൾ ആണെന്നത് കൊണ്ട്, അഥവാ ഒരു വരിയെങ്കിലും ഒരേ പോലെ വന്നിട്ടുണ്ടെങ്കിൽ പോലും ‘Great minds think alike’ എന്ന ഒറ്റ പരാമർശത്തിൽ ആ പകർത്തിയെഴുതലിനെ കോടതി തള്ളിക്കളയും.

രാജശ്രീ ടീച്ചർ തൻ്റെ പ്രതിഭ തെളിയിച്ചിടുള്ള വ്യക്തിയാണ്. അഥവാ കോപ്പിയടിക്കണം എന്ന ദുരുദ്ദേശത്തോടെ അവർ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ പോലും അത് തൻ്റേതായ ഗംഭീരമായ ഭാഷയിൽ മാറ്റിയെഴുതാൻ രാജശ്രീ ടീച്ചർക്ക് സാധിക്കും. അതുകൊണ്ട് ബോധപൂർവ്വമുള്ള കോപ്പിയടി ആണെങ്കിൽ, ഒരു വരിപോലും ഒരേ പോലെ കണ്ടെത്താൻ കോടതിക്കോ വായനക്കാർക്കോ കഴിയില്ല.

3 നാടകങ്ങളും 15 നോവലുകളും എഴുതിയിടുള്ള വിനയശ്രീ ടീച്ചറുടെ പ്രതിഭയുടെ കാര്യത്തിലും ആർക്കും സംശയമൊന്നും ഉണ്ടാകാൻ വഴിയില്ല. ടീച്ചറുടെ 3 നോവലുകൾ ഇംഗ്ലീഷിലേക്കും മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

പക്ഷേ കോടതി, ഇതൊന്നും രണ്ട് പേരുടേയും മികവായോ മിടുക്കായോ കാണാൻ നിന്നെന്ന് വരില്ല. കോടതിയുടെ ചിന്തകൾ ഒരേ തരത്തിലുള്ള കേസുകളിൽ പോലും രണ്ട് രീതിയിലായെന്നും വരാം.

എൻ്റെ കേസുകളിൽ നിന്നുള്ള ഒരു അനുഭവത്തിൻ്റെ വെളിച്ചത്തിൽ ഞാനത് വ്യക്തമാക്കാം.

എറണാകുളം ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ, കോപ്പിയടിക്കാരൻ സോമൻ്റെ പ്രസാധകരായ മാതൃഭൂമിക്കും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനും എതിരെ 2 സിവിൽ സ്യൂട്ടും 2 ക്രിമിനൽ കേസുകളുമാണ് ഞാൻ നൽകിയിടുള്ളത്.

ആ കേസുകൾ തള്ളണമെന്ന് (Quash) പറഞ്ഞ് മാതൃഭൂമിയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും ഹൈക്കോടതിയെ സമീപിച്ചു. അതിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അപേക്ഷ ഹൈക്കോടതി തള്ളുകയും എൻ്റെ കേസ് മുന്നോട്ട് നീക്കാൻ അനുവദിക്കുകയും ചെയ്തു. പക്ഷേ, അബദ്ധം പറ്റിപ്പോയതാണെന്നുള്ള മാതൃഭൂമിയുടെ വാദം പരിഗണിച്ച് എൻ്റെ ക്രിമിനൽ കേസ് തള്ളി, അഥവാ ക്വാഷ് ചെയ്തു. എങ്കിലും, മാതൃഭൂമിക്ക് എതിരെയുള്ള സിവിൽ സ്യൂട്ട് എനിക്ക് തുടരാം.

ഒരു വിധി (ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വിധി) എനിക്ക് അനുകൂലമായി ഉള്ളപ്പോൾ പോലും അതേ സ്വഭാവമുള്ള രണ്ടാമത്തെ കേസിൻ്റെ വിധി എനിക്ക് എതിരാകുന്നു. എന്തൊരു അനീതിയാണ് ഇതെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ? അനീതി എന്ന് തന്നെയാണ് എനിക്കും അനുഭവപ്പെട്ടത്. കേസ് സുപ്രീം കോടതിയിലേക്ക് നീണ്ടു. സുപ്രീം കോടതി ഹൈക്കോടതി ഉത്തരവ് ശരി വെച്ചു. ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ!

എൻ്റെ ഭാര്യയുടേയും മകളുടേയും പേരുകൾ 10ൽ അധികം ഇടങ്ങളിൽ അതേപടി പകർത്തി വെച്ചിട്ട് പോലും ഞാൻ കൊടുത്ത ക്രിമിനൽ കേസ് തള്ളുന്നത് അനീതി അല്ലെങ്കിൽ പിന്നെന്താണ്?

ഇതൊക്കെയാണ് കോടതിയുടെ കാര്യങ്ങൾ. പക്ഷേ, ഈ കേസുകളിൽ എല്ലാത്തിലും തോൽക്കുകയാണെങ്കിൽപ്പോലും നീതി ലഭിക്കാനായി അവസാന അറ്റം വരെ പോയതിന് ശേഷമേ പിന്മാറൂ എന്ന് തുടക്കത്തിലേ ഞാൻ പറഞ്ഞിരുന്നു. അതിനായി എൻ്റെ സമ്പാദ്യം മുഴുവൻ വിറ്റ് തുലക്കേണ്ടി വന്നാലും അത് ഞാൻ ചെയ്തിരിക്കും. തെരുവിൽ ഉറങ്ങാനുള്ള പരിശീലനം അനായാസം പൂർത്തിയാക്കിയ അനുഭവത്തിൻ്റെ വെളിച്ചത്തിൽ കൂടെയാണ് ഇത് പറയുന്നത്. എൻ്റേത് വെറും പറച്ചിൽ അല്ല.

ഇനി പറയൂ……

വിനയശ്രീ ടീച്ചർക്ക് ഞാൻ മുന്നോട്ട് വെച്ച അത്രയും ശക്തമായ തെളിവുകൾ കോടതിയിൽ നിരത്താനുണ്ടോ? ‘ആത്രേയകം’ ഒരു പേജിലെങ്കിലും ‘ശിഖണ്ഡി’യുടെ കോപ്പിയടി ആണെന്ന് നിസ്സംശയം തെളിയിക്കാൻ വിനയശ്രീ ടീച്ചർക്ക് ആകുമോ? നിങ്ങളുടെ രണ്ട് പേരുടേയും ആശയത്തിൻ്റെ ആധാരം മഹാഭാരതമാണ്. വിനയ ടീച്ചറുടെ കേസ് കോടതി ഫയലിൽ പോലും സ്വീകരിക്കണമെന്നില്ല.

കോപ്പിയടി നിസ്സംശയം തെളിയിക്കാൻ പറ്റുന്നില്ലെങ്കിൽ, ചുമ്മാ കമൻ്റ് വഴി കുത്തിയിളക്കുന്നവർ കേട്ടിട്ട് കേസിന് പോയിട്ട് കാര്യമില്ല. ഞാൻ പറയുന്നത് 5 ലക്ഷം രൂപ കോടതിയിൽ കെട്ടി വെച്ച് കേസ് നടത്തുന്നതിൻ്റെ അനുഭവത്തിലാണ്. ടീച്ചറുടെ കേസ് കോടതിയിൽ നിൽക്കില്ല. എളുപ്പത്തിൽ തള്ളിപ്പോകും.

ഇനി എന്നെപ്പോലെ തന്നെ എന്ത് ത്യാഗം സഹിച്ചായാലും കേസ് നടത്തും എന്നാണ് തീരുമാനമെങ്കിൽ. നഷ്ടപരിഹാരമായി ചോദിക്കാൻ ഉദ്ദേശിക്കുന്ന തുകയുടെ 10% കോടതിയിൽ കെട്ടിവെക്കാൻ തയ്യാറായിക്കൊള്ളുക. വക്കീലിൻ്റെ ഫീസും മറ്റ് കോടതി ചിലവുകൾക്കുമുള്ള പണം കൂടെ സമാഹരിച്ച് കൊള്ളുക. കോടതി നിരങ്ങാനുള്ള സമയവും ഊർജ്ജവും ഇതിനെല്ലാം ഉപരിയായി സമാഹരിക്കുക.

ആർക്കും ആരുടേയും കോപ്പിയടിക്കാം, ഓൺലൈനിൽ എഴുതിയിടുന്നതിന് കോപ്പി റൈറ്റ് ഇല്ല എന്നൊക്കെ കരുതുന്നവരുടെ കണ്ണ് തുറപ്പിക്കാനും അവരെ പാഠം കൃത്യമായി പഠിപ്പിക്കാനുമാണ് ഞാൻ എൻ്റെ കേസുകളുമായി മുന്നോട്ട് പോകുന്നത്. ആ കൂട്ടത്തിലേക്ക് മറ്റൊരാൾ കൂടെ അണി നിരക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ, വിനയ ടീച്ചറുടേത് കോടതിക്ക് അകത്തും പുറത്തും നിൽക്കാൻ പോന്ന ഒരു കോപ്പിയടി ആരോപണം അല്ല എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. മഹാഭാരതകഥ ഇല്ലെങ്കിൽ ഇന്നുള്ള പല കഥകളും ഇല്ലേയില്ല എന്ന് മഹാന്മാർ പറഞ്ഞതായി കേട്ടിട്ടുണ്ട്. ആത്രേയകവും ശിഖണ്ഡിയും മഹാഭാരതകഥയിൽ നിന്ന് പ്രചോദനം കൊണ്ട രണ്ട് നോവലുകൾ എന്നേ ഞാൻ കണക്കാക്കുന്നുള്ളൂ. That’s all your honour.

വാൽക്കഷണം:- സ്വദേശാഭിമായി രാമകൃഷ്ണപ്പിള്ള കോപ്പിയടിച്ചത് മുതൽ, കേരളത്തിലെ പല പ്രമുഖ എഴുത്തുകാർ കോപ്പിയടിച്ചത് വരെയുള്ള രേഖകൾ ഞാൻ സമാഹരിച്ചിട്ടുണ്ട്. കാരൂർ സോമൻ എൻ്റെ യാത്രാവിവരണങ്ങൾ കോപ്പിയടിച്ച കേസുകൾ കോടതിയിൽ നിന്ന് തീർപ്പാക്കി കഴിഞ്ഞാലുടൻ ഈ കോപ്പിയടി കേസുകളും ആരോപണങ്ങളുമെല്ലാം ഖണ്ഡശ ഓൺലൈനിൽ പ്രസിദ്ധീകരിക്കാനോ പുസ്തകമാക്കി പുറത്തിറക്കാനോ ഉദ്ദേശമുണ്ട്. കോപ്പിയടിയുടെ പരിധിയിൽ പെടുത്താനാവാത്ത ഒരു കോപ്പിയടി ആരോപണം എന്ന നിലയ്ക്ക് ഈ വിവാദവും ഒരു വിശിഷ്ടമാതൃക(specimen) ആയി അക്കൂട്ടത്തിൽ അന്ന് ഉൾപ്പെടുത്താൻ സാദ്ധ്യതയുണ്ട്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>