മേഘാലയയിലെ ഷോങ്ങ്പെടങ്ങ് (Snongopedong) ഗ്രാമത്തിൽ, ഉമൻഗോട്ട് (Umengot) നദിക്കരയിൽ, ഉരുളൻ കല്ലുകൾക്കിടയിൽ സ്ഥാപിച്ചിട്ടുള്ള ടെൻ്റുകളിലാണ് ഒരു രാത്രി ഞങ്ങൾ തങ്ങിയത്.
താപമാനം 12നും 15നും ഇടയ്ക്ക്. രാത്രി ചിലപ്പോൾ വല്ലാതെ കാറ്റ് വീശുന്നത് ടെൻ്റിൻ്റെ ‘ചുമരുകളുടെ’ ഇളക്കത്തിൽ നിന്ന് മനസ്സിലാക്കാൻ പറ്റിയിരുന്നു. സ്ലീപ്പിങ്ങ് ബാഗോ പുതപ്പോ നനയുന്നതായി തോന്നിയാൽ, നദിയിൽ വെള്ളം പൊങ്ങിയെന്ന് മനസ്സിലാക്കി, ഉരുളൻ പാറകൾ താണ്ടി ജീവൻ രക്ഷപ്പെടുക്കോളണം എന്ന് തമാശ പറഞ്ഞാണ് ഞങ്ങൾ ഉറങ്ങാൻ കിടന്നത്.
അവിടത്തെ പൊതു ശൗചാലയങ്ങൾ വൃത്തിയുള്ളതാണ്. ഭക്ഷണം പാകം ചെയ്യുന്നതും വൃത്തിയോടെയാണ്. വൃത്തികേടുകൾ ഒന്നും കാലാകാലങ്ങളായി നദിയിലേക്ക് ഒഴുക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ആകാം നദിയുടെ അടിത്തട്ട് വെട്ടിത്തെളിഞ്ഞ് കാണാം. കണ്ണീര് പോലെ എന്നോ സ്ഫടികം പോലെ എന്നോ വിശേഷിപ്പിക്കാവുന്ന തെളിമയുള്ള ജലം.
തെരുവുനായ്ക്കൾ പരസ്പരം ശണ്ഠ കൂടുന്നുണ്ട് എന്നല്ലാതെ പൊതുജനത്തെ ആക്രമിക്കുന്നില്ല. അതിൽ ഒരു നായ എന്നോട് ലോഹ്യം കൂടുകയും ചെയ്തു.
നദിയിൽ ബോട്ട് സവാരി, നദിയിൽ കുളി, തൂക്കുപാലത്തിലുടെ നദിക്ക് കുറുകെ നടത്തം, സിപ്പ് ലൈനിൽ നദി മുറിച്ച് കടക്കൽ, കയാക്കിങ്ങ്, എന്നിങ്ങനെ പോകുന്നു ഷോങ്ങ്പെടങ്ങ് ഗ്രാമത്തിലെ വിനോദസഞ്ചാര പരിപാടികൾ. സിപ്പ് ലൈൻ ഒഴികെ എല്ലാം ഞാൻ ചെയ്തു.
ഗ്രാമത്തിൻ്റെ ഈ ഭാഗത്ത് നദി ഒരു തടാകം പോലെ ശാന്തമാണ്. നദിയിലേക്ക് വെള്ളം പതിക്കുന്നത് ഒരു ചെറിയ വെള്ളച്ചാട്ടം പോലെ ഉള്ളയിടത്താണ്. അവിടം വരെ, നാലാൾക്ക് ഇരിക്കാൻ പോന്ന മരത്തിന്റെ വഞ്ചിയിൽ അവർ നമ്മളെ തുഴഞ്ഞ് കൊണ്ടുപോകും. അവിടെ മാത്രമാണ് ചെറിയ ഓളങ്ങളും നുരയും പതയും ഉള്ളത്.
ഒരൊറ്റ കുഴപ്പമേ ഉള്ളൂ. നമ്മൾ ഷോങ്ങ്പെടങ്ങ് ഗ്രാമം വിട്ട് പോന്നാലും, മനസ്സ് ആ ജലപ്പരപ്പിൽ എവിടെയോ തെന്നിത്തെറിച്ചും, പിടി തരാതെ മുങ്ങാംകൂളിയിട്ടും മടങ്ങാൻ വിസമ്മതിച്ച് നിൽക്കും.