നന്നല്ല ദേഹം നിമിത്തം മഹാമോഹം


66

താൻ സ്ഥിരമായി ഇരുന്ന് എഴുതിയിരുന്ന മങ്കോസ്റ്റിൻ മരത്തിന്റെ കീഴിൽ ഖബറടക്കണം എന്നാണ് വൈക്കം മുഹമ്മദ് ബഷീർ ആഗ്രഹിച്ചിരുന്നതും പറഞ്ഞുവെച്ചിരുന്നതും. പക്ഷേ, അങ്ങനെയല്ല നടന്നത്.

മരണശേഷം ഹിന്ദു ആചാരപ്രകാരം ദഹിപ്പിച്ച് ചിതാഭസ്മം നദികളിൽ ഒഴുക്കണമെന്ന് പുനത്തിൽ കുഞ്ഞബ്ദുള്ള ആഗ്രഹിച്ചിരുന്നു. അത് പലയിടങ്ങളിൽ പലപ്പോഴായി അദ്ദേഹം പറയുകയും ചെയ്തിരുന്നു. പക്ഷേ അങ്ങനെയല്ല നടന്നത്.

ഹൈന്ദവ കുടുംബത്തിൽ ജനിച്ച ടി.എൻ.ജോയ് അവസാനകാലത്ത് ഇസ്ലാം മതം സ്വീകരിച്ച് നജ്മൽ ബാബു ആയപ്പോൾ, പ്രശസ്തമായ ചേരമാൻ പള്ളിയുടെ പറമ്പിൽ ഖബറടക്കമെന്ന് പറഞ്ഞുവെച്ചു. പക്ഷേ അങ്ങനെയല്ല നടന്നത്.

മൃതദേഹം പൊതുദർശനത്തിന് വെക്കരുതെന്ന സുഗതകുമാരിട്ടീച്ചറിന്റെ ആഗ്രഹം നിങ്ങളനുസരിച്ചത്, കോവിഡ് ബാധിച്ച് ടീച്ചർ മരിച്ചതുകൊണ്ട് മാത്രമാണ്. അല്ലെങ്കിൽ തിരുവനന്തപുരത്തെ ഏതെങ്കിലുമൊരു കൂറ്റൻ ഹാൾ നിറഞ്ഞു കവിയുന്ന തരത്തിലൊരു പൊതുദർശനം ഇന്നലെ സംഘടിപ്പിക്കപ്പെടുമായിരുന്നു. അനുശോചന സമ്മേളനങ്ങൾ സംഘടിപ്പിക്കരുതെന്ന് ടീച്ചർ പറഞ്ഞത് എത്ര ലാഘവത്തോടെ ലംഘിച്ചാണ് നിങ്ങൾ അയ്യങ്കാളി ഹാളിൽ അനുശോചന സമ്മേളനം നടത്തിയത്. ഔദ്യോഗിക ബഹുമതികളോടെ ശവസംസ്ക്കാരം പാടില്ലെന്ന് ടീച്ചർ പറഞ്ഞിട്ടും പി.പി.ഇ. വസ്ത്രങ്ങൾ ധരിച്ച് വന്ന പൊലീസുകാർ ആകാശത്തേക്ക് നിറയൊഴിച്ചില്ലേ ?

എനിക്കറിയുന്ന, എൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ള ചില പ്രമുഖരുടെ ഉദാഹരണങ്ങൾ മാത്രമാണ് മുകളിൽ പറഞ്ഞത്. ആഗ്രഹിച്ചതുപോലെ മരണശേഷം കാര്യങ്ങൾ നടന്നവരും ധാരാളമുണ്ടാകാം. പക്ഷേ ജീവിച്ചിരിക്കുമ്പോൾ നമ്മൾ ഒരുപാട് ആദരവ് കൊടുത്തിട്ടുള്ള വ്യക്തികളുടെ മരണശേഷമുള്ള ചില ആഗ്രഹങ്ങൾ നടത്തിക്കൊടുക്കാൻ ബന്ധുക്കൾക്കും പൊതുസമൂഹത്തിനും കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ് ? ചില നാട്ടുനടപ്പുകൾ നമ്മൾ വിടാതെ പിന്തുടരുമെന്നാണോ ? അതോ മരണശേഷം, മരിച്ചവർക്കൊരു വിലയുമില്ലെന്നാണോ ?

ജീവിച്ചിരിക്കുമ്പോൾ ആൾക്കാർ അങ്ങനെ പലതും പറഞ്ഞുവെക്കും. പക്ഷേ ഭൗതിക ശരീരത്തിന് അവകാശികൾ ബന്ധുക്കളാണല്ലോ. അവർ അവരുടെ താൽപ്പര്യത്തിന് കാര്യങ്ങൾ നടത്തും. പൊതുസമൂഹവും ഒട്ടും മോശമല്ല എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് സുഗതകുമാരി ടീച്ചർക്ക് വേണ്ടി തിരുവനന്തപുരത്ത് നടന്ന ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്ക്കാരവും അനുശോചന സമ്മേളനവും.

ആയതിനാൽ മനുഷ്യരേ, ശ്വാസം നിലച്ച നിങ്ങളുടെ ശരീരം എന്തുവേണമെന്ന് വെറുതേ ആഗ്രഹിച്ചോളൂ, പക്ഷേ അങ്ങനെതന്നെ മറ്റള്ളവർ ചെയ്യണമെന്ന് ശഠിക്കരുത്. ശഠിച്ചിട്ടും കാര്യമില്ല. ആഗ്രഹിച്ചതുപോലെ നടന്നില്ലെങ്കിൽ, വികാരവിചാരങ്ങളും ചലനവും അറ്റുപോയ നിങ്ങളെന്ത് ചെയ്യാനാണ്?

ജന്തുക്കൾ ഭക്ഷിച്ചു കാഷ്ഠിച്ചു പോകിലാം.
വെന്തു വെണ്ണീറായ് ചമഞ്ഞു പോയീടിലാം.
മണ്ണിനു കീഴായ് കൃമികളായ് പോകിലാം.
നന്നല്ല ദേഹം നിമിത്തം മഹാമോഹം.
                                                                      – എഴുത്തച്ചൻ

ശിഷ്ടചിന്ത:- പരേതരുടെ ആഗ്രഹപ്രകാരം മരണാനന്തര കാര്യങ്ങൾ, ബന്ധുക്കളും സുഹൃത്തുക്കളും പൊതുസമൂഹവും ചെയ്യാതിരിക്കാനുള്ള അവരുടെ കാരണങ്ങളും ന്യായീകരണങ്ങളും എന്തൊക്കെയാകാം ?

Pics:-Indian Express, DD News, Cinema Suryaa, & Syed Shiyaz Mirza.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>