ലളിത വിവാഹങ്ങൾ അഭികാമ്യം


Screen Shot 2016-09-05 at 7.59.00 pm
Picture courtesy:- Google

വംബർ 23 ന് രാവിലെ ബാംഗ്ലൂർ ഇലൿട്രോണിൿ സിറ്റിയിലെ അപരിചിതമായ വഴികളിലൂടെ സൈക്കിൾ സവാരി നടത്തിക്കൊണ്ടിരിക്കുമ്പോൾ രാജു പി.നായരുടെ ഫോൺ. മുല്ലപ്പെരിയാർ സമരകാലത്തുനിന്ന് ആരംഭിച്ച് Say No to Harthal പ്രവർത്തനങ്ങൾ വരെ എത്തിനിൽക്കുന്ന സൌഹൃദമാണ് രാജുവുമായുള്ളത്.

“തൃപ്പൂണിത്തുറയിലെ രജിസ്ട്രാ‍പ്പീസിൽ വെച്ച് നാളെ എന്റെ വിവാഹമാണ്.“

ഞാൻ പെട്ടെന്ന് ധർമ്മസങ്കടത്തിലായി. ബാംഗ്ലൂര് ചെന്നിരിക്കുന്നത് ഇതേ ദിവസം നടക്കുന്ന ഒട്ടും ഒഴിവാക്കാൻ പറ്റാത്ത മറ്റൊരു രജിസ്റ്റർ കല്യാണത്തിൽ പങ്കെടുക്കാനാണ്. രാജുവിന്റെ രജിസ്റ്റർ വിവാഹത്തിൽ എത്താൻ എന്തായാലും സാധിക്കില്ല.

“അതുകൊണ്ട് ചേട്ടൻ നാളെ തൃപ്പൂണിത്തുറ ഭാഗത്തേക്കൊന്നും വരരുത് എന്ന് പറയാനാണ് ഞാൻ വിളിച്ചത്. വളരെ ലളിതമായാണ് ചടങ്ങ് നടത്തുന്നത്. അതേസമയം എന്റെ കല്യാണക്കാര്യം മറ്റൊരാൾ പറഞ്ഞ് ചേട്ടൻ അറിയുന്നത് ശരിയല്ല എന്നതുകൊണ്ടാണ് നേരിട്ട് വിളിച്ച് പറയുന്നത്. പിന്നീടെപ്പോഴെങ്കിലും കുടുംബത്തോടൊപ്പം കാണാം.“……………….. രാജുവിന് പറയാനുള്ളത് ബാക്കി കൂടെ കേട്ടപ്പോൾ ആശ്വാസമായി; ഏറെ സന്തോഷവുമായി.

സത്യത്തിൽ അത്രയ്ക്കേ ആവശ്യമുള്ളൂ ഒരു കല്യാണമെന്ന് പറയുമ്പോൾ. നാട്ടുകാരെ മൊത്തവും ബന്ധുജനങ്ങളെ അടച്ചും വിളിച്ച് സൽക്കരിച്ച് നടത്തിയിരുന്ന കല്യാണങ്ങളുടെ മനഃശാസ്ത്രമെന്തായിരിക്കുമെന്ന് ചിന്തിച്ച് നോക്കിയപ്പോൾ എനിക്ക് കിട്ടിയ രണ്ട് ചെറിയ ചില ഉത്തരങ്ങൾ ഇപ്രകാരമാണ്.

1. പഴയ കാലത്ത്, ഒരാൾ സ്ഥിരമായി ഒരു സ്ത്രീയുമായി ഒരുമിച്ച് കറങ്ങി നടക്കുന്നത് കാണുമ്പോൾ (സദാചാരപ്രശ്നം തന്നെ), അത് അയാളുടെ ഭാര്യയാണെന്ന് പൊതുജനങ്ങളോ ബന്ധുമിത്രാദികളോ മനസ്സിലാക്കണമെങ്കിൽ  അവരെയൊക്കെ വിളിച്ചറിയിച്ച് സൽക്കരിച്ച് കല്യാണം നടത്തിയേ പറ്റൂ. ഇന്ന് പക്ഷേ ആ പ്രശ്നമൊന്നും ഇല്ലല്ലോ. സോഷ്യൽ മീഡിയ വഴി പറഞ്ഞാൽ‌പ്പോരേ ? ദാ ഞങ്ങൾ രണ്ടാളും കല്യാണം കഴിച്ചിരിക്കുന്നു അല്ലെങ്കിൽ ഒന്നിച്ച് ജീവിക്കാൻ(അതിന്റേയും കാലമാണല്ലോ) തുടങ്ങിയിരിക്കുന്നു എന്ന്. അല്ലെങ്കിൽത്തന്നെ പഴയ പോലല്ലല്ലോ ഇന്ന്. ജോലി സംബന്ധമായും സൌഹൃദപരമായുമൊക്കെ ഒരാളെ പല സ്ത്രീകൾക്കൊപ്പം പലയിടങ്ങളിലും കണ്ടെന്ന് വരാം.

2. പട്ടിണിയും പരിവട്ടവുമൊക്കെ ഉണ്ടായിരുന്ന പഴയ കാലത്ത് ഒരു നേരത്തെ ആഹാരം, അതും ഒരു സദ്യ തന്നെ കിട്ടുക എന്നുവെച്ചാൽ അതിന് ഗതിയില്ലാത്ത നാട്ടുകാർക്കും ബന്ധുമിത്രാദികൾക്കുമൊക്കെ വലിയ കാര്യം തന്നെയായിരുന്നു. അങ്ങനെ നോക്കിയാൽ വിളിച്ചറിയിച്ച് സൽക്കരിച്ച് കല്യാണം നടത്തേണ്ടത് ഒരാവശ്യമായിരുന്നു. പക്ഷേ ഇന്നാർക്കാണ് ഒരില ചോറിന് ബുദ്ധിമുട്ടുള്ളത് ? അത്രയ്ക്ക് പട്ടിണിയും പരിവട്ടവും കേരളത്തിലുണ്ടോ ? ഉണ്ടെങ്കിൽ ആ പട്ടിണിപ്പാവങ്ങളെ തിരഞ്ഞ് കണ്ടെത്തി അവർക്ക് ഒരൂണും സമ്മാനങ്ങളുമൊക്കെ നൽകി കല്യാണം നടത്തട്ടെ. തിന്ന് കൊഴുത്ത് കൊളസ്ട്രോൾ കൂടുതലായതിന്റെ പേരിൽ മരുന്ന് കഴിക്കുന്ന ബന്ധുമിത്രാദി ജനങ്ങൾ സോഷ്യൽ മീഡിയ വഴി അറിഞ്ഞാൽ മതി എന്നാക്കിക്കൂടെ ? ഇപ്പോൾ വിളമ്പുന്ന സൽക്കാരത്തിനും ജനങ്ങൾക്കുമിടയിൽ ഷട്ടറിടേണ്ട അവസ്ഥയാണുള്ളത്. എന്നിട്ടാ ഷട്ടർ തുറക്കുമ്പോൾ മഹാഭാരതയുദ്ധത്തിന്റെ മുൻ‌നിരയിലുള്ള കാലാൽ‌പ്പട ഇരച്ച് കയറുന്നത് പോലെയുള്ള സീൻ അരോചകമാണ്. ഭക്ഷണം കഴിഞ്ഞ് ഒരാൾ എഴുന്നേറ്റിട്ട് ആ കസേരപിടിക്കാൻ മറ്റൊരാൾ പിന്നിൽ കാത്തുനിൽക്കുന്നത് അതിലും ഹീനമായ പ്രവർത്തിയാണ്. അങ്ങനെയുള്ള കല്യാണങ്ങളിൽ ചെന്ന് മുഖം കാണിച്ച് ഒന്നും കഴിക്കാതെ പിരിയുകയാണ് ഈയിടെ എന്റെ പതിവ്. വിളിച്ച് വരുത്തുന്ന അതിഥികൾക്ക് സമാധാനത്തോടെ ഒരു സൽക്കാരം നൽകാൻ കഴിയുന്നില്ലെങ്കിൽ അത്രയുമാൾക്കാരെ വിളിച്ചുകൂട്ടി കല്യാണം നടത്തുന്നത് ശുദ്ധഭോഷ്ക്കാണ്.

3. ഇപ്പറഞ്ഞ യാത്രാസൌകര്യങ്ങളൊന്നും ഇല്ലാത്ത കാലത്ത് ബന്ധുജനങ്ങളും സുഹൃത്തുക്കളും വല്ലപ്പോഴുമൊക്കെ കണ്ടുമുട്ടുന്നതും ആഘോഷിക്കുന്നതും ഇങ്ങനെയൊരു കല്യാണത്തിനാണ്. ഇന്നങ്ങനെയല്ലല്ലോ? അത്തരം സന്ദർഭങ്ങൾ ധാരാളമില്ലേ ? ആവശ്യത്തിനും അനാവശ്യത്തിനുമായുള്ള ഒത്തുചേരലുകൾക്ക് ഒരുപാട് അവസരങ്ങളില്ലേ ?

സ്വന്തം കല്യാണത്തിന് വരുന്നവരെ കല്യാണച്ചെറുക്കനോ പെണ്ണിനോ പരിചയമില്ലെങ്കിൽ അതൊരു ബുദ്ധിമുട്ട് തന്നെയാണ്. അച്ഛനും അമ്മയും ബന്ധുക്കളുമൊക്കെ പരിചയപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല. അതൊന്നും ചെറുക്കന്റേം പെണ്ണിന്റേം തലയിൽ കയറില്ല. അവര് മറ്റൊരു ലോകത്ത് നിൽക്കുമ്പോഴാണ് ഒരു പരിചയവുമില്ലാത്തെ കുറേ ആൾക്കാർ !! ചില അതിഥികൾക്ക് അതൊരു ഒരു പീഢനസുഖം കിട്ടുന്ന അവസരവുമാണ്. “എന്നെ മനസ്സിലായോ” എന്ന് ചോദിച്ച് തുടങ്ങും. ഗത്യന്തരമില്ലാതെ, “ മനസ്സിലായി “എന്ന് കള്ളം പറഞ്ഞാൽ….. “എന്നാൽ‌പ്പിന്നെ ആരാണെന്ന് പറയ്“ എന്നാകും സമസ്യ.

ഇത്രയ്ക്കൊന്നും വാഹന സൌകര്യം ഇല്ലാതിരുന്ന ഒരു കാലത്ത് എങ്ങനെയായിരുന്നു കല്യാണങ്ങൾ എന്ന് വല്ല രൂപവുമുണ്ടോ പുതുതലമുറയിലുള്ളവർക്ക് ? പഴയ തലമുറക്കാർ അതൊക്കെ മറന്നോ ? തൃശൂർ ജില്ലയിൽ നിന്ന് എറണാകുളത്ത് ഒരു കല്യാണത്തിന് പോകണമെങ്കിൽ ദിവസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം വരുന്ന ഒരു ബസ്സ് പിടിച്ച്, പിന്നെ ബോട്ടിൽ കയറി പിന്നൊരു കടത്തും തുഴഞ്ഞശേഷം നാലഞ്ച് കിലോമീറ്റർ നടന്നാലേ കല്യാണ വീട്ടിൽ എത്തുമായിരുന്നുള്ളൂ. മൂന്ന് ദിവസം മുന്നേ പുറപ്പെടണമെന്ന് സാരം. അതപ്പോൾ വളരെ അടുത്ത ബന്ധുക്കൾക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യമാണ്. ഇന്നങ്ങനെയല്ലല്ലോ കാര്യങ്ങൾ. എല്ലാവർക്കും വാഹനമുണ്ട്. കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്ത് പോയി കല്യാണം കൂടി സദ്യയുമുണ്ട് അന്ന് തന്നെ തിരിച്ച് വീട്ടിലെത്താം.  അതുകൊണ്ടുതന്നെ ഒരാൾക്ക് സംബന്ധിക്കേണ്ട കല്യാണങ്ങളുടെ എണ്ണം അഥവാ ക്ഷണം കിട്ടുന്ന കല്യാണങ്ങളുടെ എണ്ണം വളരെക്കൂടുതലാണിന്ന്. എല്ലാ വാരാന്ത്യങ്ങളും കല്യാണങ്ങൾക്കായി മാറ്റിവെക്കണമെന്ന അവസ്ഥ.

ഇപ്പറഞ്ഞ കാരണങ്ങൾ കൊണ്ടുതന്നെ നിറയെ ആൾക്കാരെ വിളിച്ചുകൂട്ടി നടത്തുന്ന കല്യാണങ്ങളോട് വ്യക്തിപരമായി എനിക്കെതിർപ്പാണ്. ഒരു രജിസ്ട്രാപ്പീസിന്റെ മുറിയിൽ ഒതുങ്ങുന്ന ആൾക്കൂട്ടമാണെങ്കിൽ ഏറെ സന്തോഷം. കല്യാ‍ണം പോലെ തന്നെ ആള് കൂടുന്ന, അത്രയും തന്നെ  ചിലവുകളും ഫോട്ടോഗ്രഫിയും ഭക്ഷണവും ധൂർത്തുമൊക്കെയുള്ള കല്യാണനിശ്ചയങ്ങളും ഒരു സ്ഥിരം പരിപാടി ആയതുകൊണ്ട് ഇതിൽ ഏതെങ്കിലും ഒന്നിം മാത്രമേ പങ്കെടുക്കൂ എന്ന തീരുമാനവും കൈക്കൊണ്ടിട്ടുണ്ട്.

രാജുവിന്റേതടക്കം 24 ന് നടന്ന രണ്ട് രജിസ്റ്റർ വിവാഹങ്ങളും, ഇക്കഴിഞ്ഞ ഏതാനും ആഴ്ച്ചകൾക്കുള്ളിൽ നടന്ന സുഹൃത്തുക്കളായ അഡ്വ: ഹരീഷ് വാസുദേവന്റെ രജിസ്റ്റർ വിവാഹവും മനോജ് കരിങ്ങാമടത്തിലിന്റെ ലളിത വിവാഹവുമൊക്കെ പ്രിയങ്കരമാകുന്നതും ഇതുകൊണ്ടുതന്നെ.

ഇത്രയും പറഞ്ഞ നിലയ്ക്ക് ഞാനെന്ന വ്യക്തിയോട് ഉയർന്നുവരാൻ സാദ്ധ്യതയുള്ള ചോദ്യങ്ങൾ രണ്ടെണ്ണം താഴെയുണ്ട്. അതിന്റെ ഉത്തരങ്ങളും കൂട്ടത്തിൽ ചേർക്കുന്നു.

ചോദ്യം 1:- എന്നിട്ട്, ഇപ്പറയുന്ന നിങ്ങളുടെ കല്യാണം എങ്ങനെയായിരുന്നു ?

ഉത്തരം 1:- മേൽ‌പ്പറഞ്ഞ പോലത്തെ വിയോജിപ്പുള്ള ഒരു കല്യാണം തന്നെ. അതിഥികൾ മഹാഭാരതയുദ്ധം പോലെ ഇടിച്ചുകയറി ഭക്ഷണം കഴിക്കുകയും വധൂവരന്മാർ ഒരു പരിചയമില്ലാത്തവർക്ക് മുന്നിൽ വിഷണ്ണരായി ചിരിച്ച് നിന്നുകൊണ്ടുള്ള കല്യാണം തന്നെ. കല്യാണത്തിന് മൂന്ന് ദിവസം മുൻപ് മാത്രം നാട്ടിലെത്തിയ ഒരാൾക്ക്, 50 പേരിൽ മാത്രം ഒതുങ്ങുന്ന അതിഥികളേ പാടുള്ളൂ എന്ന് നിർബന്ധം പിടിച്ചാലും അത് നടപ്പിലാക്കിയെടുക്കാൻ ബുദ്ധിമുട്ടുണ്ട്. ചെറുക്കനും പെണ്ണും അവരുടെ രണ്ടുപേരുടേയും വീട്ടുകാരും ഒരുപോലെ ചിന്തിച്ചാൽ മാത്രമേ ഉദാത്തമെന്ന് ഇവിടെ ഞാൻ പറഞ്ഞിരിക്കുന്നത് പോലുള്ള ഒരു കല്യാണത്തിന് മണ്ഡപമൊരുങ്ങൂ.

ചോദ്യം 2:- സമ്മതിച്ചു. നിങ്ങളുടെ കല്യാണത്തിന് നിങ്ങൾക്ക് നിയന്ത്രണൾ ഒന്നും ഉണ്ടായിരുന്നില്ല. നിങ്ങളുടെ മകളുടെ കല്യാണം ഇപ്രകാരം രജിട്രാപ്പീസിൽ വെച്ചോ, വിരലിൽ എണ്ണാവുന്നവരെ മാത്രം വിളിച്ച് സൽക്കരിച്ചോ നടത്താൻ തയ്യാറാണോ ? അതിന്റെ നിയന്ത്രണം നിങ്ങളിലാണല്ലോ ?

ഉത്തരം 2:- പൂർണ്ണസമ്മതം. രജിസ്ട്രാപ്പീസിൽ വെച്ചാണ് കൂടുതൽ ആഗ്രഹിക്കുന്നത്. പക്ഷേ, കല്യാണപ്പെണ്ണിന്റെ ആഗ്രഹത്തിനാണ് മുൻ‌തൂക്കം. അവൾ പറയുന്നവരെ ക്ഷണിക്കാം. ഞാനായിട്ട് ഒരു സുഹൃത്തിനേയോ ബന്ധുവിനേയോ ക്ഷണിക്കില്ല. ഒന്നാമത്തെ ഉത്തരത്തിൽ പറഞ്ഞല്ലോ ചെറുക്കനും പെണ്ണും രണ്ട് വീട്ടുകാരും മനസ്സ് വെച്ചാൽ മാത്രമേ അത്തരത്തിൽ ഉദാത്തമായ കല്യാണം നടക്കൂ.

വാൽക്കഷണം:‌- ഒരു കല്യാണം എന്ന് പറഞ്ഞാൽ ഒരുപാട് ആൾക്കാർക്ക് ജീവിതമാർഗ്ഗം കൂടെയാണ് എന്ന് വാദിക്കുന്ന ഒരുപക്ഷമുണ്ടെന്ന് നന്നായറിയാം. പന്തലിടുന്നവർ മുതൽ, ഭക്ഷണമുണ്ടാക്കുന്നവർ വരെ; ഇവന്റ് മാനേജ്‌മെന്റ് മുതൽ ഫോട്ടോഗ്രാഫർമാരും വീഡിയോഗ്രാഫേർസ് വരെ. അവരുടെയൊക്കെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്നത് ശരിയല്ല എന്ന് നിലയ്ക്കാണ് വാദമുഖങ്ങൾ. ഇപ്പറഞ്ഞത് ശരിയായിരിക്കാം. പക്ഷേ, അവർക്ക് ജോലി കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനും എങ്ങനെ കല്യാണം കഴിക്കണമെന്ന് തീരുമാനിക്കാനുമുള്ള സ്വാതന്ത്ര്യം വിവാഹം കഴിക്കുന്നവർക്കും അവരുടെ രക്ഷിതാക്കൾക്കുമുള്ളതാണ്. ഈ ജോലിയല്ലെങ്കിൽ മറ്റൊരു ജോലിയുമായി പാചകക്കാരും പന്തൽ പണിക്കാരും ജീവിക്കുക തന്നെ ചെയ്യും. അവർക്കൊക്കെ ജീവിതമാർഗ്ഗം ഉണ്ടാക്കിക്കൊടുക്കാനായി അവനവന്റെ കല്യാണത്തിന്റെ കാര്യങ്ങളിൽ വിട്ടുവീഴ്ച്ച ചെയ്യേണ്ട കാര്യം ആർക്കുമില്ല.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>