വാർത്ത 1:- സ്ത്രീയുടെ മാനത്തേക്കാള്‍ പ്രധാനമാണ് വോട്ട് എന്ന വിവാദ പ്രസ്താവനയുമായി ശരത് യാദവ്.
കമന്റ് 1:- ഇതിനപ്പുറം പറഞ്ഞാലും ക്യൂ നിന്ന് വോട്ട് കുത്തി ജയിപ്പിച്ച് വിടുന്നവർ ലജ്ജിക്കണം.
വാർത്ത 2 :- യുഎസ് തള്ളിയ അഭയാര്‍ത്ഥികളെ കാനഡ സ്വാഗതം ചെയ്തു.
കമന്റ് 2 :- ഒരു വാതിൽ അടയുമ്പോൾ മറ്റനേകം വാതിലുകൾ തുറക്കപ്പെടും എന്നാണല്ലോ.
വാർത്ത 3:- മാദ്ധ്യമപ്രവർത്തകർ ആത്മാർത്ഥതയില്ലാത്തവരെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്.
കമന്റ് 3:- ആ വാർത്തയും സ്വന്തം മാദ്ധ്യമങ്ങളിലൂടെ പറയേണ്ടി വന്നത് മാദ്ധ്യമപ്രവർത്തകരുടെ ഗതികേട്.
വാർത്ത 4:- ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥരുടെ പല്ല് അടിച്ചുകൊഴിക്കുമെന്ന് മന്ത്രി ജി.സുധാകരൻ.
കമന്റ് 4:- മന്ത്രിയുടെ കവിതകൾ ചൊല്ലിക്കേൾപ്പക്കുന്നതല്ലേ അതിലും കടുത്ത ശിക്ഷ ?
വാർത്ത 5:- സ്ത്രീകള്‍ കാറുകള്‍ പോലെയാണെന്നും റോഡിലിറങ്ങിയാല്‍ തട്ടലും മുട്ടലുമൊക്കെ ഉണ്ടാകുമെന്നും ആന്ധ്രാ സ്പീക്കര്‍ കോഡ്‌ല ശിവപ്രസാദ് റാവു.
കമന്റ് 5:- സ്പീക്കറിങ്ങനെയാണെങ്കിൽ സഭയിലുള്ള മറ്റ് അംഗങ്ങൾ എങ്ങനെയാവും ?
വാർത്ത 6:- രജനീകാന്ത് രാഷ്ട്രീയത്തിലേക്ക്?! അരുതെന്ന് അമിതാഭ് ബച്ചന്‍.
കമന്റ് 6:- കാച്ചിയ വെള്ളത്തിൽ വീണ പൂച്ചയാണ് പറയുന്നത്. ശ്രദ്ധിക്കുന്നതിൽ തെറ്റില്ല.
വാർത്ത 7:- ലോ അക്കാദമിയുടെ പുറമ്പോക്കിലെ ഗേറ്റ് ഇളക്കിമാറ്റി.
കമന്റ് 7:- നിയമവ്യവസ്ഥയെ പുറമ്പോക്കിലാക്കാൻ ശ്രമിച്ചാൽ ഇതൊക്കെത്തന്നെ ഗതി.
വാർത്ത 8 :- വനിതാ തടവുകാര്‍ക്ക് ഫാഷന്‍ ഡിസൈനിങ് പഠിക്കാന്‍ തിഹാര്‍ ജയിലില്‍ ഫാഷന്‍ ലാബ്.
കമന്റ് 8:- അല്ലെങ്കിലുമിപ്പോൾ ജയിലിലാണ് പുറത്തുള്ളതിനേക്കാൾ കൂടുതൽ സൌകര്യങ്ങൾ.
വാർത്ത 9:- മന്ത്രിമാരുടെ വിദേശയാത്രാ വിവരങ്ങള്‍ ഹാജരാക്കണമെന്ന് പ്രധാനമന്ത്രി.
കമന്റ് 9:- അദ്ദേഹം വിട്ടുപോയ രാജ്യങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാനാവും.
വാർത്ത 10:- നാല് വർഷം തടവും 10 കോടി പിഴയുമായി ശശികല ജയിലിലേക്ക്.
കമന്റ് 10:- ആനപ്പുറത്തിരിക്കാൻ കൊതിച്ചവൾ ശൂലത്തിൽ കേറി.