
ഇന്നലത്തെ സായാഹ്നത്തിന് നിറം പകർന്നത് ലോകധർമ്മി നാടകവീടാണ്.
യൂറോപ്പിലെ കൊച്ച് ദ്വീപ് രാജ്യമായ മാൾട്ടയിൽ നിന്നെത്തിയ പത്തോളം കലാകാരന്മാരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരും കേരളത്തിലെ നാടക കലാകാരന്മാരും ചേർന്ന് അവതരിപ്പിച്ച, The game of fate എന്ന നാടകം ഓർമ്മയിൽ എന്നെന്നും പച്ച പിടിച്ചു നിൽക്കാൻ പോന്ന ഒരു അനുഭവമായി മാറുകയായിരുന്നു.
ഷേക്സ്പിയറിന്റെ മാഗ്ബത്തും ഭാരത പുരാണമായ മഹാഭാരതവും ഉൾക്കൊണ്ടാണ് ഈ നാടകം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഭാഷയുടേയും ദേശത്തിന്റേയും അതിർവരമ്പുകൾ ഇല്ലാതാക്കിക്കൊണ്ട് കലാകാരന്മാർ മുന്നോട്ട് വെച്ച പ്രകടനം അതിന്റെ പാരമ്യത്തിൽ എത്തുമ്പോൾ ഞാനടക്കമുള്ള കാണികൾ കൂടെ നാടകത്തിലെ ഭാഗമായി മാറുകയായിരുന്നു.
അഭിനേതാക്കൾ കാണികൾക്കിടയിലൂടെ ചലിക്കുകയും മറയുകയും ഒക്കെ ചെയ്യുന്ന രീതി, “The whole world is a stage” എന്ന ആശയത്തിലൂടെ ഷേക്സ്പിയറിന്റെ ഗ്ലോബ് തിയേറ്ററിൽ തന്നെ അനുഭവിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഖസാക്കിന്റെ ഇതിഹാസം ദീപൻ ശിവരാമൻ നാടകമാക്കിയപ്പോൾ, മൈമൂനയുടെ നിക്കാഹിന് വെച്ച ബിരിയാണി മുൻനിരയിലിരുന്ന കാണികൾക്ക് വിളമ്പുകയുണ്ടായി. രണ്ടാമത്തെ പ്രാവശ്യം ആ നാടകം കണ്ടപ്പോൾ ആ ബിരിയാണി കഴിക്കാൻ ഭാഗ്യം ഉണ്ടായവരിൽ ഒരാൾ ഞാനാണ്.
The game of fate ലെ അനുഭവം ഇതിനെയൊക്കെയും കടത്തി വെട്ടി. നാടക കലാകാരന്മാർക്ക് ചുറ്റും നിരത്തിയ കസേരകളിൽ സ്റ്റേജിൽ തന്നെയാണ് ഞങ്ങൾ കുറച്ചുപേർ ഇരിക്കുന്നത്. നാടകത്തിൻ്റെ അവസാന ഘട്ടത്തിൽ, കലാകാരന്മാർ കാണികളായ ഞങ്ങളെ കൈപിടിച്ച് എഴുന്നേൽപ്പിച്ച് ആ സ്റ്റേജിന്റെ മദ്ധ്യത്തിലേക്ക് എത്തിക്കുന്നു. അവരുടെ ചലനങ്ങളും മൂളലുകളും മുരളുകളും ഒക്കെ കാണികളായ ഞങ്ങൾക്ക് പകർന്നു തരുന്നു. “ഞങ്ങൾക്ക് ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞു, പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു. ഇനി നിങ്ങളുടെ ഊഴമാണ്.” എന്ന് പറഞ്ഞു കൊണ്ടാണ് കാണികളായ ഞങ്ങളെ അവർ സ്റ്റേജിന്റെ മദ്ധ്യത്തിലേക്ക് നയിക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കി വന്നപ്പോൾ കാണുന്ന കാഴ്ച്ച അവിസ്മരണീയമായിരുന്നു. സ്റ്റേജിൽ ഇപ്പോൾ ഞങ്ങൾ കാണികൾ മാത്രമാണ് ഉള്ളത്. കലാകാരന്മാർ ആകട്ടെ ഞങ്ങൾ ഇരുന്നിരുന്ന കസേരകളിൽ കാണികളായി ഇടം പിടിച്ചിരിക്കുന്നു. അവരുടെ മൂളലുകൾ യാതൊരു സങ്കോചവും ഇല്ലാതെ ഞങ്ങൾ ഏറ്റുപിടിച്ചിരിക്കുന്നു. കാണികളായി ചെന്ന ഞങ്ങളെ നാടകത്തിന്റെ ഭാഗമാക്കിക്കൊണ്ട് വ്യത്യസ്തമായ ആ നാടകം അവിടെ അവസാനിക്കുന്നു. അങ്ങനെയൊരു അനുഭവം എങ്ങനെ വിസ്മരിക്കാനാകും?!
മാൾട്ടയിൽ നിന്ന് വന്നിരിക്കുന്ന നാടക സംഘത്തിലെ ജുനാതൻ മാൾട്ടയിലെ ഒരു പ്രവിശ്യയുടെ ഡെപ്യൂട്ടി മേയർ ആണ്. ഒരാഴ്ചയോളം ലോകധർമ്മിയിൽ തങ്ങി പ്രാക്ടീസ് ചെയ്താണ് 20 മിനിറ്റുള്ള ഈ നാടകം അവതരിപ്പിച്ചിരിക്കുന്നത്. അതിൻ്റെ ചില ചിത്രങ്ങൾ ഇതോടൊപ്പം ചേർക്കുന്നു.
ലോകധർമ്മിയെ പിന്തുടർന്നാൽ ഇങ്ങനെ ചില വിസ്മയങ്ങളും നല്ല അനുഭവങ്ങളും ഉണ്ടാക്കാൻ പറ്റുമെന്നതിൽ സംശയം വേണ്ട. താൽപ്പര്യമുള്ളവർ വാട്ട്സ് ആപ്പ് നമ്പർ അയച്ചാൽ ലോകധർമ്മിയുടെ ഗ്രൂപ്പിൽ ചേർക്കുന്നതാണ്.
ചന്ദ്രദാസൻ മാഷിനും പാട്രിക്കിനും കാത്ത്ലീനും മാർട്ടയിൽ നിന്നും ഇന്ത്യയിൽ നിന്നും ഈ നാടകത്തിന് വേണ്ടി സ്റ്റേജിലും പിന്നണിയിലും പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും ലോകധർമ്മിക്കും ഒരുപാട് നന്ദി.