ഡൽഹി കലാപത്തെയും CAA പ്രതിഷേധങ്ങളേയും ഒരു സാധാരണക്കാരനായ ഞാൻ മനസ്സിലാക്കുന്നത് എങ്ങനെയാണെന്ന് രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു.
CAA യ്ക്ക് എതിരെയുള്ള പ്രതിഷേധങ്ങൾ വിലയിരുത്തിയാൽ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. പ്രതിഷേധക്കാർ എന്തെങ്കിലും അക്രമം നടത്തിയിട്ടുണ്ടെങ്കിൽ, അതെന്തൊക്കെയെന്ന് മനസ്സിലാക്കിയെടുക്കാൻ പറ്റാത്തവിധം, അതിനേക്കാൾ കടുത്ത അക്രമങ്ങൾ പൊലീസും ഭരണകൂട ഗുണ്ടകളും ചേർന്ന് നടത്തിയിട്ടുണ്ട്. എത്രയിടത്താണ് ഭരണകൂട ഗുണ്ടകൾ തോക്കടക്കമുള്ള ആയുധങ്ങളുമായി വിലസിയതെന്ന് സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിച്ചവർക്ക് ക്ലാസ്സെടുക്കേണ്ടതില്ല. CAA പ്രതിഷേധക്കാർ ആരെങ്കിലും അക്രമം നടത്തിയിട്ടുണ്ടെങ്കിൽ ഞാനതിനെ ന്യായീകരിക്കില്ല. അത് തന്നെയാണ് ഇടതുപക്ഷക്കാരനായ രജ്‌ദീപ് സർദേശായി അദ്ദേഹത്തിന്റെ ട്വീറ്റിലൂടെ പറഞ്ഞിരിക്കുന്നത്.
ഏതൊരു പ്രതിഷേധവും സമാധാനപരമായിട്ടിരിക്കണം. അത് അക്രമത്തിലേക്ക് കടക്കുമ്പോൾ തുടക്ക ഘട്ടത്തിലെങ്കിലും സംയമനം പാലിക്കാൻ പൊലീസിന് കഴിയണം. പിടിവിട്ട് പോകുമ്പോൾ പൊലീസിന് സ്വന്തം നടപടികളിലേക്ക് നീങ്ങാം. പക്ഷേ, JNU വിലും ജാമിയയിലും നടന്നത് അങ്ങനെയാണോ? പൊലീസിന്റേയും ഗുണ്ടകളുടേയും അഴിഞ്ഞാട്ടമായിരുന്നില്ലേ അവിടെയെല്ലാം? അതേ പൊലീസ്, ഡൽഹി കലാപം നടന്ന 69 മണിക്കൂർ എവിടെയായിരുന്നു? ഭരണകൂടത്തിന്റെ ഒത്താശയോടെ നടന്ന കലാപമാണിതെന്ന് ആർക്കെങ്കിലും ഇനിയും ബോദ്ധ്യമാകാതെയുണ്ടോ?
ഷഹീൻ ബാഗിൽ പ്രതിഷേധിക്കുന്നവർ എന്തെങ്കിലും കലാപം സൃഷ്ടിക്കുന്നുണ്ടോ? കേരളത്തിൽ എത്രയോ പ്രതിഷേധങ്ങളും പ്രകടനങ്ങളും നടന്നു! രാജ്യത്തിന്റെ ഏതെല്ലാം ഭാഗത്ത് എത്രയോ സമാധാനപരമായ പ്രതിഷേധങ്ങൾ നടന്നു! അതുപോലെയുള്ള സമാധാനപരമായ പ്രതിഷേധങ്ങൾ രാജത്തിന്റെ പലഭാഗത്തും ഉയർന്ന് വന്നാൽ CAA വിഷയത്തിൽ സർക്കാർ പ്രതിരോധത്തിൽ ആകുക തന്നെ ചെയ്യും. അതില്ലാതാക്കാനുള്ള നീക്കം തന്നെയാണ് കപിൽ മിശ്ര എന്ന നരാധമന്റെ ആഹ്വാനത്തിൽ ഉണ്ടായിരുന്നത്. ഡൽഹിയിൽ CAA പ്രതിഷേധക്കാരെ കലാപത്തിന്റെ മറുവശത്തെത്തിക്കുന്ന കാര്യത്തിൽ അയാളടക്കമുള്ള ഭരണകൂട കുതന്ത്രശാലികൾ വിജയിച്ചു.
ഭരണകൂടത്തിന്റെ ഒത്താശയോടുകൂടി പൊലീസ് നോക്കുകുത്തിയായി നിന്നുകൊണ്ട് നടപ്പിലാക്കിയ കലാപമാണെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. ഒരക്രമം പൊട്ടിപ്പുറപ്പെടുമ്പോൾ പോലീസ് ഫോഴ്സ് തികയില്ലെങ്കിൽ, അർദ്ധസൈനിക വിഭാഗം, പട്ടാളം, എന്നീ സന്നാഹങ്ങളൊക്കെയുള്ള രാജ്യതലസ്ഥാനത്തിന്റെ കാര്യമാണിത്. 69 മണിക്കൂർ കഴിഞ്ഞ് പൊലീസ് ഇറങ്ങിയതും, സ്വിച്ചിട്ട പോലെ അക്രമവും കൊള്ളിവെപ്പും അവസാനിച്ചല്ലോ. ആദ്യ മണിക്കൂറുകളിൽ എന്തുകൊണ്ടിത് ചെയ്തില്ല? അതുകൊണ്ടാണിത് സർക്കാർ സ്പോൺസേർഡ് കലാപം ആകുന്നത്. അതുകൊണ്ടാണിത് ഗുജറാത്ത് മോഡൽ വർഗ്ഗീയ കലാപം ആകുന്നത്.
അമ്പരപ്പിക്കുന്നത് ഇതൊന്നുമല്ല. രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയോ പ്രധാനമന്ത്രിയോ ഇത്രയും വലിയ ഒരു കലാപം നടന്ന് കഴിഞ്ഞിട്ടും ഇതുവരെ ഒന്നും ഉരിയാടിയിട്ടില്ല. ‘മൻ കി ബാത്ത്’ എന്ന റേഡിയോ കോമഡി പരിപാടിക്ക് സമയമായിക്കാണില്ലായിരിക്കും.
ഡൽഹിയിൽ കലാപം തുടങ്ങിയ ആദ്യഘട്ടത്തിൽത്തന്നെ പോലീസ് ഇടപെട്ടിരുന്നെങ്കിൽ തീർച്ചയായും മറുവശത്ത് പ്രതിഷേധക്കാർ ഉണ്ടാകുമായിരുന്നില്ല. അതൊരു പൂർണ്ണ കലാപമായി മാറിയപ്പോൾ അതിൽ രണ്ട് കൂട്ടരുമുണ്ട്. നിഷ്പക്ഷരായി ചിന്തിക്കുന്നവർക്കെല്ലാം അതറിയാം. അതാണ് രജ്ദീപ് സർദേശായിയും പറയുന്നത്. പക്ഷേ, ബി.ജെ.പി.ഭാഗത്തുള്ള ഒരു നേതാവെങ്കിലും ഇത്രയും യാഥാർത്ഥ്യ ബോധത്തോടുകൂടെ സംസാരിക്കുന്നുണ്ടോ ? പ്രധാനമന്ത്രിയും ആഭ്യന്തരനും എന്തെങ്കിലും സംസാരിച്ചോ ഇതുവരെ? അതാണ് വ്യത്യാസം. അവർക്ക് ഒന്നും സംസാരിക്കാനുണ്ടാകില്ല. സൂത്രധാരകർ എന്ത് സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്?
ഇനി ഡൽഹി ഹൈക്കോടതിയിൽ കലാപവുമായി ബന്ധപ്പെട്ട് ഇന്നലെയും ഇന്നുമുണ്ടായ നാല് സംഭവങ്ങളെപ്പറ്റിയുള്ള, നാല് വാർത്തകളെപ്പറ്റിയും സംസാരിക്കാം.
26 ഫെബ്രുവരി:- 35 പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി കലാപത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പ്രകോപനപരമായി പ്രസംഗിച്ചതിന് ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേശ് വര്‍മ, അഭയ് വര്‍മ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ കോടതി ( ജസ്റ്റിസ് എസ്.മുരളീധർ) ഉത്തരവിട്ടത്.
26 ഫെബ്രുവരി:- വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നതില്‍ നിസ്സംഗത കാണിച്ച പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.മുരളീധറിനെ സ്ഥലം മാറ്റി. കപില്‍ മിശ്ര അടക്കം നാല് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് അർദ്ധരാത്രി ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റി ഉത്തരവിറങ്ങിയത്.
27 ഫെബ്രുവരി:- വിവാദത്തിലായ ഡല്‍ഹി ഹൈക്കോടതി ജഡ്ജി എസ്.മുരളീധറിന്റെ സ്ഥലം മാറ്റത്തില്‍ വിശദീകരണവുമായി കേന്ദ്ര നിയമന്ത്രാലയം. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കൊളീജിയം ഈ മാസം 12-ാം തിയതി ശുപാര്‍ശ ചെയ്തത് പ്രകാരമാണ് ജസ്റ്റിസ് മുരളീധറിന്റെ സ്ഥലം മാറ്റമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നടപടികള്‍ക്കനുസരിച്ച് പതിവ് രീതിയിലാണ് സ്ഥലം മാറ്റമെന്നും അദ്ദേഹം പറഞ്ഞു. (പതിവ് രീതിയാണെങ്കിൽപ്പോലും അടുത്ത ദിവസം വീണ്ടും ഹിയറിങ്ങ് വെച്ചിരിക്കുന്ന ഒരു ജഡ്ജിയെ പാതിരാത്രി എന്തിന് സ്ഥലം മാറ്റണം. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നടക്കമുള്ള ഉത്തരവുകൾ പാതിരാത്രിക്ക് തന്നെ നീക്കിയതിന്റെ ഉദ്ദേശം പകൽ പോലെ വ്യക്തമല്ലേ?)
27 ഫെബ്രുവരി:- കപില്‍ മിശ്രയുടെ വിവാദ പ്രസംഗത്തില്‍ തത്കാലം കേസെടുക്കില്ലെന്ന് ഡല്‍ഹി പോലീസ് കോടതിയെ അറിയിച്ചു. കേസുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ അത് സമാധാന അന്തരീക്ഷത്തിന് ഭംഗംവരുത്തും. കേസുകളെടുക്കുന്നത് ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാനേ ഉപകരിക്കൂവെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ചാണ് ഇന്ന് ഹർജികൾ പരിഗണിച്ചത്. സോളിസിറ്റര്‍ ജനറലിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച് കേസ് ഏപ്രില്‍ 13 ലേക്ക് മാറ്റിവെക്കുകയാണ് കോടതി ചെയ്തത്.
സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായി, സമാധാന അന്തരീക്ഷത്തിന് ഭംഗം വരാത്ത ഏപ്രിൽ 13ന്, കലാപത്തിന് ആഹ്വാനം ചെയ്തവർക്കെതിരെ, നിലവിലുള്ള ഹൈക്കോടതി ചീഫ് ജസ്റ്റീസ്, നടപടികൾ സ്വീകരിക്കുന്ന കിനാശ്ശേരിക്കായി കാത്തിരിക്കുന്നതിലും ഭേദം കോഴിക്ക് മുല വരുന്നോ എന്ന് നോക്കി കുത്തിയിരിക്കുന്നതാണ്.
പുതിയ സംഭവ വികാസങ്ങൾ പ്രകാരം AAP നേതാവ് താഹിർ ഹുസൈന് എതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുന്നു ഇതേ ദിവസം തന്നെ. AAP നേതാവല്ല, ദേവേന്ദ്രന്റെ അപ്പൻ മുത്തുപ്പട്ടരായാലും സംശയത്തിന്റെ ഒരു ചെറു കണികയെങ്കിലും നിലനിൽക്കുന്നുണ്ടെങ്കിൽ കേസെടുക്കണം അന്വേഷിക്കണം കുറ്റം ചെയ്തെന്ന് തെളിഞ്ഞാൽ, ഇനിയൊരുത്തനും ഇതേ കുറ്റം ചെയ്യാൻ തോന്നാത്ത വിധമുള്ള ശിക്ഷയും കൊടുക്കണം.
കൂട്ടത്തിൽ, ഇതേ കലാപത്തിന്റെ വിത്ത് പാകിയ ബിജെപി നേതാക്കന്മാരെ തൊട്ടാൽ സമാധാന അന്തരീക്ഷം തകരുമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് ഒന്ന് മനസ്സിലാക്കിത്തരുകയും വേണം. ഈ രാജ്യത്ത് 2020 ഫെബ്രുവരി 27 മുതൽ ഇരട്ടനീതി ആണെങ്കിൽ അതങ്ങ് തുറന്ന് പറയൂ. യാതൊരു ഒളിവും മറയും ലജ്ജയുമില്ലാതെയുള്ള സ്വജനപക്ഷപാത നീതിനിർവഹണം ആരംഭിച്ചു കഴിഞ്ഞെങ്കിൽ അത് സമ്മതിച്ചാലും മതി.
വാൽക്കഷണം:- ഇനിയങ്ങോട്ട് ജ്യൂഡിഷറിയിലും വലിയ പ്രതീക്ഷയൊന്നും വേണ്ടെന്ന് തീർപ്പായിരിക്കുന്നു. എല്ലാവരും പിരിഞ്ഞ് പോകണം. ജീവനോടുണ്ടെങ്കിൽ ഇനീം എവിടെ വെച്ചെങ്കിലുമൊക്കെ കാണാം.