രഞ്ജിനി ഹരിദാസ് വീണ വായിക്കുന്നു


333

ഴുത്തച്ചനെ മലയാള ഭാഷയുടെ പിതാവെന്ന് വിശേഷിപ്പിക്കുമ്പോൾ, ഈയിടെയായി രഞ്ജിനി ഹരിദാസിനെ മലയാള ഭാഷയുടെ മാതാവ് എന്ന് വിമർശിക്കുന്നതും നമുക്ക് പരിചയമുള്ള കാര്യമാണല്ലോ ? അത്തരം വിമർശനത്തിനും കളിയാക്കലിനും രഞ്ജിനി പാത്രമാകുന്നതിന് പലകാരണങ്ങളുണ്ടാകാം. അതൊക്കെയും വസ്തുനിഷ്ടമായി അവലോകനം ചെയ്യുന്നു പത്രപ്രവർത്തകനും സുഹൃത്തുമായ വിനോദ് ഇളകൊള്ളൂർ. സ്ത്രീശാക്തീകരണത്തിന്റെ വക്താവാകാൻ എന്ത് യോഗ്യതയാണ് രഞ്ജിനിക്കുള്ളത് എന്ന ശക്തമായ ചോദ്യം യുക്തിഭദ്രമായി മുന്നോട്ടുവെച്ചുകൊണ്ടാണ് തന്റെ ‘രഞ്ജിനി ഹരിദാസ് വീണ വായിക്കുന്നു‘ എന്ന ഗ്രന്ഥം വിനോദ് തുടങ്ങുന്നത്. തുടർന്നങ്ങോട്ട് സാമൂഹ്യവിമർശനത്തിന്റെ 11 ലേഖനങ്ങൾ കൂടെയുണ്ട് സൈകതം ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന 64 പേജുള്ള ഈ പുസ്തകത്തിൽ.

ഡൽഹിയിലെ പെൺ‌കുട്ടിയുടെ മരണത്തിനെത്തുടർന്ന് പൊതുജനം തെരുവിലിറങ്ങിയതും പിന്നീടതിന്റെ വഴിയിൽ ആം ആദ്മി പാർട്ടി ഉണ്ടായതും അധികാരത്തിൽ വന്നതുമടക്കമുള്ള സംഭവങ്ങളെ മുൻ‌നിർത്തി രാഷ്ട്രീയപ്രവർത്തനം എന്താണെന്ന തന്റെ കാഴ്ച്ചപാട് പങ്കുവെക്കുന്ന വിനോദ് പിന്നീടങ്ങോട്ട് പറയുന്നത് മുട്ടത്തുവർക്കി എന്ന ജനപ്രിയ എഴുത്തുകാരനെക്കുറിച്ചാണ്. എന്തായിരുന്നു മുട്ടത്ത് വർക്കി മലയാളത്തിന് നൽകിയ യഥാർത്ഥ സംഭാവനയെന്നും അദ്ദേഹം എങ്ങനെ ഇപ്പോൾ മഹത്‌വൽക്കരിക്കപ്പെട്ടിരിക്കുന്നു എന്നും ഗ്രന്ഥകാരൻ എടുത്തുകാണിക്കുന്നു. സാമാന്യം നല്ല തുക നൽകുന്ന ഒരു പുരസ്ക്കാരം ഏർപ്പെടുത്തിയാൽ ഏത് ഇക്കിളി സാഹിത്യകാരനേയും എളുപ്പം മഹത്‌വൽക്കരിക്കാമെന്നാണ് ‘മുട്ടത്ത് വർക്കി മഹാനെങ്കിൽ മാത്യു മറ്റമോ?’ എന്ന അദ്ധ്യായം സമർത്ഥിക്കുന്നത്.

വായന പലർക്ക് പലതരത്തിലാണ്. ചിലർക്ക് ബയോഡാറ്റയിൽ ഹോബിയുടെ നേർക്കെഴുതാൻ മാത്രമാണ് വായനയെങ്കിൽ ചിലർക്കത് പ്രാണവായുപോലെ പ്രാധാന്യമുള്ളതാണ്. ഈ അന്തരങ്ങൾക്കിടയിൽ നിന്ന് വായനയുടേയും പുസ്തകവിൽ‌പ്പനയുടേയും വിവിധ തലതങ്ങളെ അപഗ്രഥിക്കുകയും വിമർശനവിധേയമാക്കുകയും ചെയ്യുന്നു ‘ക്ഷമിക്കണം സാർ വായന ഹോബിയല്ല‘ എന്ന അദ്ധ്യായത്തിൽ.

ചാനലുകളിലെ പരിപാടികളെ വിമർശിക്കുമ്പോൾ ആദ്യം വിമർശിക്കേണ്ടത് ‘മലയാളി ഹൌസ് ‘ എന്ന പരിപാടിയെത്തന്നെ ആണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാൻ വഴിയില്ല. രാഹുൽ ഈശ്വറിനും സിന്ധു ജോയിക്കും ജി.എസ്.പ്രദീപ്കുമാറിനുമൊക്കെ ‘മലയാളി ഹൌസിന്റെ മാനിഫെസ്റ്റോ‘ എന്ന അദ്ധ്യായത്തിൽ ലേഖകന്റെ അമ്പേൽക്കുന്നുണ്ട്.

മാദ്ധ്യമങ്ങൾ, കവികൾ, പത്രാധിപർ, എഴുത്തുകാർ, പ്രഭാഷകർ എന്നിങ്ങനെ എല്ലാവരും വിമർശനവിധേയരാകുന്നുണ്ട് പല പല അദ്ധ്യായങ്ങളിലായി. പൊറോട്ട അടിക്കുന്ന ആൾക്ക് കിട്ടുന്ന കൂലിയുമായി താരത‌മ്യം ചെയ്ത് എഴുത്തുകാരനോ വാഗ്മിയ്ക്കോ പ്രതിഫലം നിശ്ചയിക്കുന്നത് എത്രത്തോളം നേരും നെറിയുമുള്ള ഇടപാടാണെന്ന് ചിന്തിക്കാൻ ലേഖകൻ ആഹ്വാനം ചെയ്യുന്നു ‘എഴുത്തുകാരനെ വിമർശിക്കാനുണ്ട് ‘ എന്ന ലേഖനത്തിൽ.

പ്രൊഫ:കെ.വി.തമ്പി എന്ന് കേട്ടിട്ടുപോലും ഇല്ലാത്തവർക്ക് അൽ‌പ്പമെങ്കിലും ജ്ഞാനം അദ്ദേഹത്തെക്കുറിച്ച് പകർന്നുതരാൻ ‘തമ്പിസാറിന്റെ അവകാശികൾ’ എന്ന ലേഖനം സഹായകമാകും. ഡോ:ഭദ്രൻ എന്ന വിമർശകൻ പക്ഷം പിടിക്കാതെയും പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിച്ചും തന്റെ കർമ്മം നിർവ്വഹിക്കുന്നത് എങ്ങനെയെന്നും സൂചിപ്പിക്കുന്നുണ്ട് ഗ്രന്ഥത്തിൽ.

ഒരുപക്ഷേ ഒരു പത്രപ്രവർത്തകന് മാത്രം പറയാൻ കഴിയുന്ന കാര്യങ്ങൾ, അല്ലെങ്കിൽ പത്രപ്രവർത്തകൻ മാത്രം ശ്രദ്ധിച്ചേക്കാവുന്ന കാര്യങ്ങളാണ് പുസ്തകത്തിലുള്ളതെന്ന് തോന്നിയേക്കാം. പക്ഷേ, എഴുത്തും വായനയും മാദ്ധ്യമങ്ങളുമൊക്കെ ശ്രദ്ധിക്കുന്ന ഏതൊരാളും ശ്രദ്ധിച്ചിട്ടില്ലെങ്കിൽ ശ്രദ്ധിക്കേണ്ട വിഷയങ്ങളാണ് വിനോദ് സധൈര്യം വിമർശനവിധേയമാക്കി ചൂണ്ടിക്കാണിക്കുന്നത്. വിമർശനാത്മകമായ ലേഖനങ്ങൾ ആയതുകൊണ്ടുതന്നെ ഇതിനോട് യോജിപ്പും വിയോജിപ്പും പല കാര്യങ്ങളിലും ഉള്ളവർ ഉണ്ടാകാം. പക്ഷേ, പറഞ്ഞ കാര്യങ്ങളെല്ലാം ചിന്തനീയമാണെന്ന കാര്യത്തിൽ മാത്രം ആർക്കും തർക്കമുണ്ടാകാൻ വഴിയില്ല.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>