രാവിലെ 0930ന് മെഹ്റൻഗഡ് കോട്ടയിൽ എത്തി. സന്ദർശകരുടെ തിരക്ക് തുടങ്ങുന്നതിന് മുൻപ് 80% ഷൂട്ടിങ്ങും പൂർത്തിയാക്കി.
സത്യത്തിൽ കോട്ടയ്ക്കകത്ത് ഇന്ന് ഒരു സംഗീതവിരുന്ന് അനുഭവിച്ച ദിവസമാണ്.
ഷെഹനായ് കേട്ടുകൊണ്ടാണ് ലോഹ പോൾ കവാടത്തിലൂടെ അകത്ത് ചെന്നത്. അത് കഴിഞ്ഞപ്പോൾ, ഇന്നലെ രാവൺ വായിച്ചിരുന്ന സുഹൃത്ത് വീണ്ടും എനിക്ക് വേണ്ടി ചില രാഗങ്ങൾ വായിച്ചു തന്നു. കോട്ടയ്ക്കകത്ത് നടക്കുമ്പോൾ ഇന്നലെ ശ്രദ്ധിക്കാതെ പോയ ഒരു സംഗീതധ്യാന മുറി ഇന്ന് കണ്ടു. അവിടെ ഷാഹിദ് എന്ന കലാകാരൻ സാരംഗിയിൽ വിസ്മയം തീർക്കുന്നു. അദ്ദേഹത്തിൻ്റെ സഹോദരൻ വായിക്കുന്ന സന്തൂർ കൂടാതെ തബലയും അവിടെയുണ്ട്. പക്ഷേ ആള് സ്ഥലത്തില്ല. തബലയും സാരംഗിയും സന്തൂറും ചേർന്ന് നല്ലൊരു സംഗീത വിരുന്ന് ശരിക്കും നഷ്ടമായി. എങ്കിലും ഒരുപാട് നോവുള്ള സംഗീതത്തിന്റെ ആഴങ്ങളിലേക്ക് സാരംഗി കൊണ്ടുപോയി. അവർ എല്ലാവരും ചേർന്ന് ആലപിച്ചിട്ടുള്ള സംഗീതം, സിഡി ആയും മെമ്മറി സ്റ്റിക്കായും വാങ്ങാൻ കിട്ടും. ഇന്ന് മുഴുവനും ഭാഗി കേട്ടത് ആ സംഗീതമാണ്. ഇനിയുള്ള ദിവസങ്ങളിലും അത് തന്നെ കേട്ടെന്ന് വരും.
ഷാഹിദിന്റെ കുടുംബം പരമ്പരയായി രാജസദസ്സിൽ സംഗീതോപകരണങ്ങൾ വായിച്ചിരുന്നവരാണ്. ഷാഹിദിന്റെ മുത്തച്ഛൻ, ഉസ്താദ് മുഹമ്മദ് ഖാൻ സന്തൂർ വായനക്കാരനായിരുന്നു.
സംഗീതവിരുന്നിന് പുറമേ ഇന്ന് കോട്ടയിൽ ഉണ്ടായ രസകരമായ അനുഭവം രാജസ്ഥാനി തലപ്പാവ് (ലഹ് രിയ സഫ) കെട്ടി എന്നതാണ്. 100 രൂപ കൊടുത്താൽ തലപ്പാവ് കെട്ടിത്തരും. അതണിഞ്ഞ് പടങ്ങൾ എടുക്കാം. ഇന്നലെ എനിക്കത് സാധിച്ചില്ല. ഇന്ന് ഞാൻ അത് ചെയ്തുകൊണ്ടിരിക്കുമ്പോൾ ബ്രസീലിൽ നിന്നുള്ള ഒരു സംഘം അതിന്റെ ചിത്രങ്ങൾ എടുത്ത് തന്നു. പിന്നീട് അവരും തലപ്പാവ് കെട്ടി. ഞങ്ങൾ ഒരുമിച്ച് ജീവനക്കാർക്കൊപ്പം തലപ്പാവുകൾ വെച്ച് ചിത്രങ്ങൾ എടുത്തു.
ഷൂട്ടിന് വേണ്ടി കോട്ടയുടെ ചരിത്രം ചികയുമ്പോൾ പഴയൊരു മതസൗഹാർദ്ദത്തിന്റെ അഥവാ മിശ്രവിവാഹത്തിന്റെ കഥ പൊങ്ങിവന്നു.
ബാബർ, ഹുമയൂൺ, അക്ബർ, ജഹാംഗീർ, ഷാജഹാൻ, ഔറംഗസീബ് എന്നിങ്ങനെ മുഗളരുടെ പരമ്പര നമുക്ക് അറിയാമല്ലോ.
മാർവാഡ് രാജ ഉദയ്സിങ്ങിന്റെ മകൾ മൻവതിഭായിയെ വിവാഹം ചെയ്തിരിക്കുന്നത് ജഹാംഗീർ ആണ്. ആ ബന്ധത്തിലുള്ള മകനാണ് ഷാജഹാൻ. താജ്മഹൽ നിർമ്മിച്ച അതേ ഷാജഹാൻ. ചുമ്മാ ഒരു ചരിത്രം പറഞ്ഞെന്ന് മാത്രം. ഇന്നത്തെ ചില തല്ലും പിടിയും ഒക്കെ കാണുമ്പോൾ ഇതൊക്കെ ഓർത്തിരുന്നെങ്കിൽ എന്ന് ആശിച്ച് പോകുന്നു.
കോട്ടയിൽ നിന്ന് നേരെ പോയത് തൊട്ടടുത്തുള്ള ‘ജസ്വന്ത് താഡ’ എന്ന സ്മൃതി മണ്ഡപത്തിലേക്കാണ്. കോട്ടയിൽ നിന്നും നോക്കിയാൽ ഈ നിർമ്മിതി കാണാം. മറ്റൊരു സംഗീതജ്ഞൻ അവിടെ രാവണൻ വായിച്ചുകൊണ്ടിരിപ്പുണ്ട്.
1899ൽ മഹാരാജ സർദാർ സിങ്ങ് തന്റെ പിതാവായ ജസ്വന്ത് സിങ്ങിന്റെ ഓർമ്മയ്ക്കാണ് ഈ സ്മൃതിമണ്ഡപം നിർമ്മിച്ചത്.
സൂര്യവംശജരായ മാർവാഡിന്റെ മുഴുവൻ രാജാക്കന്മാരുടേയും ഛായാചിത്രങ്ങൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. സ്മൃതിമണ്ഡപത്തിനോട് ചേർന്നുള്ള ഒരു ഭാഗം രാജകുടുംബാംഗങ്ങളുടെ സംസ്കാരം നടത്തുന്ന ഇടം കൂടെയാണ് പലരുടേയും കൊച്ചുകൊച്ച് കല്ലറകൾ പോലെയുള്ള ഭാഗങ്ങൾ അവിടെ കാണാം. മണ്ഡപത്തിന്റെ എതിർവശത്ത് തടാകമാണ്.
മാർബിളിലാണ് ജസ്വന്ത് താഡ നിർമ്മിച്ചിരിക്കുന്നത്. അവിടെനിന്ന് നോക്കിയാൽ മെഹ്റൻഗഡ് കോട്ടയും ഇപ്പോഴത്തെ രാജഭവനമായ ഉമൈദ് ഭവൻ കൊട്ടാരവും ദൂരെയായി കാണാം.
രാത്രി ഭാരത് രംഗ് മഹോത്സവത്തിൻ്റെ മൂന്നാമത്തെ നാടകം ‘പിഞ്ചർ ഭങ്ക രാജ്ഹൻസ് ‘ (ബംഗാളി) കണ്ടു. നാളെ ഉമൈദ് ഭവൻ പാലസിലേക്കാണ് പോകാൻ ഉദ്ദേശിക്കുന്നത്.
തണുപ്പ് കുറഞ്ഞു കൊണ്ടേയിരിക്കുന്നു. ഫെബ്രുവരി അവസാനം തന്നെ ചൂട് തുടങ്ങിയാൽ, ഈ യാത്ര നേരത്തേ അവസാനിപ്പിക്കേണ്ടി വരുമല്ലോ എന്ന ആശങ്കയിലാണ് ഞാൻ.
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofrajasthan
#fortsofindia
#motorhomelife
#boleroxlmotorhome