അനുഭവം

അകക്കണ്ണുള്ളവർ


23
ന്ധതയുള്ള ഒരു വ്യക്തിയ്ക്ക് വേണ്ടി RBI യുടെ ഓൺലൈൻ പരീക്ഷ എഴുതാൻ പോയിരുന്നു കഴിഞ്ഞയാഴ്ച്ച. 6 മണിക്കൂർ സമയത്തിനുള്ളിൽ 6 പരീക്ഷകളാണ് എഴുതേണ്ടത്. ഒബ്ജൿറ്റീവ് പരീക്ഷകളാണ് അതിൽ അഞ്ചെണ്ണവും. ജീവിതത്തിൽ ഇന്നുവരെ ഒരു ദിവസത്തിൽ ഇത്രയധികം സമയം സ്വന്തം പരീക്ഷകൾക്ക് പോലും ഞാൻ ഇരുന്നുകൊടുത്തിട്ടില്ല. ഇത് പക്ഷേ ഇരുന്നേ പറ്റൂ.

ചോദ്യങ്ങളും ഒബ്ജൿറ്റീവ്‌സും പരീക്ഷാർത്ഥിക്ക് വായിച്ച് കൊടുക്കണം. പരീക്ഷാർത്ഥി തരുന്ന ഉത്തരം രേഖപ്പെടുത്തണം. ഇതാണ് എന്റെ ജോലി. ചുറ്റിനും മറ്റ് പരീക്ഷാർത്ഥികൾ ഉള്ളതുകൊണ്ട് ശബ്ദമുയർത്തി വായിക്കാനാവില്ല. ഒരു പേജ് നീളുന്ന സബ്‌ജൿറ്റ് വായിച്ചശേഷം അതുമായി ബന്ധപ്പെട്ട ഒരു ഖണ്ഡികയോളം വരുന്ന ചോദ്യം വായിച്ച്, പിന്നെ രണ്ട് വരിവീതം ഉള്ള ഒബ്‌ജൿറ്റീവ്സും വായിച്ച് കേൾപ്പിക്കുക. ഒരു ചോദ്യം വായിച്ച് തീർക്കാൻ തന്നെ 2 മിനിറ്റെങ്കിലും എടുക്കും. അങ്ങനെ 35 ചോദ്യങ്ങൾ; അങ്ങനെ നാല് പരീക്ഷകൾ. മറ്റ് രണ്ട് പരീക്ഷകൾ കുറേക്കൂടെ ലളിതമാണ്.

എനിക്കത് ആദ്യം വലിയ കടമ്പയായി തോന്നി. പക്ഷേ, പരീക്ഷാർത്ഥിയുടെ കാര്യം ആലോചിച്ച് നോക്കൂ. അയാൾ അത്രയും വലിയ പേജും ചോദ്യവും ഒബ്‌ജൿറ്റീവ്സും മനസ്സിൽ ഒതുക്കുന്നു. എന്നിട്ടതിന് ഉത്തരം തരുന്നു. ചുരുക്കം ചോദ്യങ്ങൾ മാത്രമാണ് രണ്ടാമതും വായിക്കാൻ ആവശ്യപ്പെട്ടത്. കാഴ്ച്ചയ്ക്ക് പകരം മറ്റ് ഇന്ദ്രിയങ്ങൾ അയാളിൽ കൂടുതൽ ശക്തമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ്. Braille ലിപി ഉപയോഗിച്ചല്ല അയാൾ ഇതുവരെ പഠിച്ചിട്ടുള്ളത്. കമ്പ്യൂട്ടറിന്റെ സഹായമാണ് ബിരുദം നേടുന്നത് വരെ പ്രയോജനപ്പെടുത്തിയിട്ടുള്ളത്. സബ്ജൿറ്റ് മുഴുവൻ കേട്ട് പഠിക്കാനുള്ള സൌകര്യങ്ങൾ ഇന്നുണ്ട്.

ചില്ലറ പരീക്ഷയൊന്നും ആയിരുന്നില്ല അത്. ഇതിന് മുൻപുണ്ടായിരുന്ന പ്രിലിമിനറി പരീക്ഷയിൽ, എഴുതിയ എല്ലാ ഉത്തരങ്ങളും ശരിയാകുകയും, അങ്ങനെ നല്ല മാർക്ക് നേടുകയും ചെയ്താണ് പരീക്ഷാർത്ഥി രണ്ടാം ഘട്ട പരീക്ഷകളിലേക്ക് വന്നിരിക്കുന്നത്. സത്യത്തിൽ ഭിന്നശേഷിക്കാർ നേരിടുന്നത്രയും കടമ്പകളും വെല്ലുവിളികളും ഉന്നത ‘ശേഷിക്കാരാ‘യ നമ്മളാരും നേരിടുന്നില്ല; അഥവാ നേരിടാനുള്ള മനസ്സ് പോലും കാണിക്കുന്നില്ല. നമ്മളെ, പച്ചയ്ക്ക് ‘വികലാംഗർ‘ എന്ന് വിളിക്കുന്നതിൽ ഒരപാകതയും ഇല്ല.

ഒരു മുൻപരിചയവും ഇല്ലാത്ത പരീക്ഷാർത്ഥിയെ ഞാൻ ഫോണിലൂടെ പരിചയപ്പെടുന്നതും പരീക്ഷാദിവസം കണ്ടുമുട്ടുന്നതും ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ ചുവടുപിടിച്ചാണ്. എനിക്കേറെ പരിചയമുള്ള സാമൂഹ്യപ്രവർത്തകയും സുഹൃത്തുമായ ഒരു സഹോദരി, അന്ധതയുള്ള ഒരാൾക്ക് വേണ്ടി SCRIBE ആയിട്ട് പരീക്ഷ എഴുതാൻ പോകുമോ എന്ന് ചോദിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പരീക്ഷാ കേന്ദ്രം എന്റെ ജില്ലയിൽ ആയതുകൊണ്ടും, എനിക്കന്ന് അവധിയാക്കാൻ ബുദ്ധിമുട്ടില്ലായിരുന്നതുകൊണ്ടും, RBI യുടെ പരീക്ഷ എഴുതാൻ ഈ ജന്മത്തിൽ എനിക്കിനി അവസരം ഉണ്ടാകില്ല എന്നതുകൊണ്ടും, മുൻപ് ഒരിക്കലും ഒരു ബാങ്ക് ടെസ്റ്റ് എഴുതിയിട്ടില്ല എന്നതുകൊണ്ടും, പിന്നെ…. കാലിൽ കയറ് കെട്ടി ഗർത്തങ്ങളിലേക്ക് ചാടുന്നത് മുതൽ അന്റാർട്ടിക്കയിലേക്ക് യാത്ര ചെയ്യണമെന്നതടക്കം ഒരു മനുഷ്യായുസ്സിൽ ചെയ്യാൻ സാധിക്കുന്ന
വൈവിദ്ധ്യമുള്ള കാര്യങ്ങളോരോന്നും ചെയ്തനുഭവിക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ടും ഞാനാ ജോലി സസന്തോഷം ഏൽക്കുകയായിരുന്നു.

നമുക്കറിയാത്ത കുറെ ലോകങ്ങളുണ്ട്. ഇത്തരം ചില അനുഭവങ്ങൾ അത്തരം ലോകങ്ങളിലേക്കുള്ള കിളിവാതിലുകളാണ്. അത് തുറന്ന് നോക്കാനുള്ള അവസരമെന്തിന് വേണ്ടെന്ന് വെക്കണം ? ജീവിതവിജയത്തിലേക്കുള്ള കുറുക്കുവഴികളോ രഹസ്യസന്ദേശങ്ങളോ അടഞ്ഞ് കിടക്കുന്ന ആ വാതിലുകൾക്കപ്പുറം കടുത്ത ചായക്കൂട്ടിലും വെണ്ടക്കാ അക്ഷരത്തിലും ചുമരെഴുത്തുകളായിട്ടുണ്ടെങ്കിലോ !!!

പരീക്ഷ കഴിഞ്ഞ് പിരിയുമ്പോൾ പരീക്ഷാർത്ഥിയുടെ വക ഒരു ചോദ്യം.

“ നമ്മളിനി തമ്മിൽ കാണുമോ ? “

ഞാൻ ശരിക്കും ഞെട്ടി !!!! അയാൾക്കെന്നെ കാണാനാകുന്നുണ്ട്. അഥവാ, അകക്കണ്ണുകൊണ്ട് അയാളെന്ന കണ്ട് കഴിഞ്ഞിരിക്കുന്നു.

“ നമ്മളിനീം കാണും. പരീക്ഷയുടെ റിസൽട്ട് വന്നോട്ടെ. ജയിക്കുമെന്നും, താങ്കൾക്ക് RBI യിൽ ജോലി കിട്ടുമെന്നും എനിക്കുറപ്പാണ്. അന്ന് നമ്മൾ വീണ്ടും കാണും. അന്നെന്റെ വക ഒരു ട്രീറ്റുമുണ്ട്.”

അയാൾക്ക് കിട്ടട്ടെ ആ ജോലി. ആത്മാർത്ഥമായും അങ്ങനെ തന്നെ ആശംസിക്കുന്നു !!