ഡെല്യൂജ്‌ ഓഫ്‌ 786


ടത്തുബോട്ടിലെ യാത്രകള്‍ ഇപ്പോള്‍ വളരെ കുറവാണ്‌. എണ്ണപ്പാടത്ത് (ഓയില്‍ ഫീല്‍ഡു്‌) പണിയെടുക്കാന്‍ തുടങ്ങിയതിനുശേഷം സപ്ലെ ബോട്ടിലും, സ്പീഡ്‌ ബോട്ടിലുമൊക്കെയായി യാത്രകള്‍.
കൂടാതെ വിമാനയാത്രയും, ഹെലിക്കോപ്പ്റ്റര്‍ യാത്രയും.
യാത്ര ചെയ്യുന്നത്‌ ഇഷ്ടമാണെങ്കിലും, ആകാശത്തൂടെയുള്ള യാത്രകള്‍ ഞാന്‍ തീരെ ആസ്വദിക്കാറില്ല.
“ഹവായ്‌ ജഹാസ്സ്‌ ” ന്റെ അകത്തു കയറുമ്പോള്‍ മുതല്‍, കനിഷ്ക്കദുരന്തം മുതലിങ്ങോട്ടുള്ള എല്ലാ വിമാനാപകടങ്ങളും നേരിട്ടനുഭവിച്ച ഒരുത്തന്റെ അവസ്ഥയിലായിരിക്കും ഞാന്‍.
38,000 അടി മുതല്‍ 60,000 അടി വരെ ഉയരത്തില്‍ നിന്നുവരെ വീഴാന്‍, മാനസ്സികമായി തയ്യാറെടുത്താണ് യാത്രാവസാനംവരെ ഇരിപ്പ്‌.
ഭക്ഷണത്തിന്റെകൂടെ വിളമ്പുന്ന “ധൈര്യം” കുറച്ചകത്താക്കിയാല്‍ ചെറിയൊരാശ്വാസം കിട്ടുമെങ്കിലും, അതൊന്നും ഒരു ശാശ്വതപരിഹാരമാക്കിയെടുക്കാനിതുവരെ പറ്റിയിട്ടില്ല.

ഒരിക്കല്‍ അബുദാബിയില്‍നിന്ന്‌ ഒരുമണിക്കൂര്‍ നീളുന്ന ഒരു ഓഫ്ഷോര്‍ യാത്രയില്‍, 12 പേര്‍ക്കു്‌ യാത്ര ചെയ്യാവുന്ന ഹെലിക്കോപ്പ്റ്ററില്‍ യാത്രക്കാരനായി ഞാന്‍ മാത്രം. പൈലറ്റിനു്‌ 50 വയസ്സിനുമുകളില്‍ പ്രായം കാണും. അതില്‍ക്കൂടുതല്‍ തോന്നിക്കുന്നുമുണ്ട്‌. മുടി മുഴുവനും നരച്ച്‌ അപ്പൂപ്പന്‍താടിയുടെ നിറമായിരിക്കുന്നു. തൊലി മുഴുവനും ചുക്കിച്ചുളുങ്ങി….

ദൈവമെ..
ഇതിയാനെങ്ങാനും ഒരു നെഞ്ചുവേദന വന്നാല്‍ എന്റെ കാര്യം കട്ടപ്പൊഹ തന്നെ. ഹെലിക്കോപ്പ്റ്ററിനകത്തുള്ള സകലകുന്ത്രാണ്ടങ്ങളിലും നോട്ടമിട്ടുവെച്ചു. ഏതുമാരണത്തില്‍പ്പിടിച്ച്‌, തിരിച്ച്, അമര്‍ത്തി, ഒടിച്ചാലാണ്‌ ഇതിനെ നിലത്തോ, വെള്ളത്തിലോ ഇറക്കാന്‍ പറ്റുകയെന്ന് നോക്കിവെക്കുന്നത് നല്ലതല്ലെ.

എന്റെ അമ്മാവന്‍, ക്യാപ്റ്റന്‍ മോഹന്‍ ഒരു ഹെലിക്കോപ്പ്റ്റര്‍ പൈലറ്റ്‌ ആണ്‌. അദ്ദേഹത്തിനോട് ഒരിക്കല്‍ ഇക്കാര്യം ഞാന്‍ ചര്‍ച്ച ചെയ്തു. ഏതൊക്കെ ‘സുന’ പിടിച്ചു്‌ തിരിച്ചു്‌ ഒരു ഹെലിക്കോപ്പ്റ്റര്‍ നിയന്ത്രിക്കാം? ഒരു വെടിക്കുള്ള മരുന്ന് പറഞ്ഞുതരൂ അമ്മാവാ. പ്ളീസ്‌.
അതിനദ്ദേഹം പറഞ്ഞ മറുപടി വിശദീകരിക്കുന്നതിനുമുന്‍പ്, കഴിഞ്ഞ വര്‍ഷം കക്ഷിക്കുണ്ടായ ഒരു അനുഭവം, അദ്ദേഹത്തിന്റെ അനുവാദത്തോടുകൂടെത്തന്നെ ഞാനിവിടെ വിവര്‍ത്തനം ചെയ്യുന്നു.(വിവര്‍ത്തനത്തിലുള്ള പാകപ്പിഴകള്‍ അമ്മാവന്‍ പൊറുക്കും, ക്ഷമിക്കും, എന്നുള്ള വിശ്വാസത്തോടെ.)
“ഡെല്യൂജ്‌ ‌ ഓഫ്‌ 786″ എന്ന തലക്കെട്ടില്‍ ആ അനുഭവം അദ്ദേഹം വളരെ അടുപ്പമുള്ള ചിലര്‍ക്ക് എഴുതി അയച്ചുകൊടുത്തിരുന്നു.

” ഡെല്യൂജ്‌ ഓഫ്‌ 786″ – ബൈ ക്യാപ്റ്റന്‍ കെ. എച്ച്‌. മോഹന്‍
—————————————–
വീട്ടില്‍നിന്നും ആയിരക്കണക്കിന്‌ കിലോമീറ്റര്‍ അകലെ ഒരു സ്ഥലത്ത്,‌ കരണ്ടും, വെളിച്ചവും, തുലൈപേച്ചിയും, തുലൈക്കാഴ്ച്ചിയും (ഫോണും, ടി.വിയും) മൊബൈല്‍ഫോണും ഇല്ലാതെ, താമസിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ അരക്കൊപ്പം വെള്ളമുള്ളതുകാരണം, ഒന്നാംനിലയില്‍ പെട്ടുപോയാല്‍ നിങ്ങളെന്തുചെയ്യും?
ഒരു ബ്ളോഗ്‌ എഴുതാന്‍ ശ്രമിക്കുമായിരിക്കും.
എങ്കില്‍ ശരി. ഞാനുമൊന്നു്‌ ശ്രമിക്കട്ടെ.

ഇന്ത്യന്‍ എയര്‍ ഫോര്‍സില്‍ ദീര്‍ഘകാലം സേവനമനുഷ്ടിച്ചശേഷം ഞാനിപ്പോള്‍ ഡക്കാന്‍ ഏവിയേഷനില്‍ പൈലറ്റായി ജോലി ചെയ്യുന്നു. എണ്ണപ്പാടങ്ങളില്‍ ജോലി ചെയ്യുന്നവരെ ഹെലിക്കോപ്പ്റ്ററില്‍ ഓഫ്‌ഷോര്‍ പ്ലാറ്റ്ഫോമിലും, മറ്റ്‌ എണ്ണപ്പാടങ്ങളിലും, കൊണ്ടുവിടുകയും, തിരിച്ചുകൊണ്ടുവരുകയുമാണ്‌ പ്രധാനജോലി.
4 ആഴ്‌ച ജോലി ചൈയ്തുകഴിയുമ്പോള്‍ 4 ആഴ്‌ച ശമ്പളത്തോടുകൂടിയുള്ള അവധി. ഒരു ദിവസത്തെ ജോലി ഏറ്റവും കൂടിയാല്‍ രണ്ടോ മൂന്നോ മണിക്കൂര്‍ നേരത്തെ “പറക്കല്‍” കൊണ്ട്‌ കഴിയും. ബാക്കിസമയം മിക്കവാറും ടി.വിയുടെ മുന്‍പിലും, കേബിളില്ലാത്തപ്പോള്‍ ബ്രിഡ്ജ്‌ കളി, കമ്പ്യൂട്ടറില്‍ ഫ്രീസെല്‍ കളി, അല്ലെങ്കില്‍ ക്രോസ്സുവേര്‍ഡ്, സുഡോക്കു, എന്നിങ്ങനെ പോകുന്നു ഒരു ദിവസം. കുറച്ചുജോലി, കൂടുതല്‍ റിക്രിയേഷന്‍, ഒരുപാട് നല്ല ഭക്ഷണം, ഇതിനെല്ലാം പുറമെ ശമ്പളം. ഇങ്ങനെയൊക്കെയാണ്‌ ജോലിയുടെ സ്വഭാവം. കേട്ടിട്ട് അസൂയ തോന്നുന്നുണ്ടോ? അതുകൊണ്ടുതന്നെ എന്റെ കമ്പനിയിലെ വൈസ്പ്രസിഡന്റിന്റെ ജോലിയുമായിട്ടുപോലും, ഈ ജോലി വച്ചുമാറാന്‍ ഞാന്‍ തയ്യാറല്ല.

7 ഓഗസ്റ്റ്‌ 2006 നാണു്‌ സംഭവം നടക്കുന്നതു്‌. (7.8.6.)
അല്ലാതെ ഈ സംഭവത്തിന് അമിതാഭ്‌ ബച്ചന്റെ “കൂലി ” നമ്പറുമായോ, ഇസ്ലാമിന്റെ പരിശുദ്ധ നമ്പറുമായോ യാതൊരു ബന്ധവുമില്ല.

സൂററ്റിലെ പത്മാവതി കോംപ്ളകസിലെ (16) പതിനാറാം നമ്പര്‍ ബംഗ്ലാവിലാണ് ഡക്കാന്‍ ഏവിയേഷനിലെ പൈലറ്റ്സിന്റെ താമസം. പതിനേഴില്‍ എഞ്ജിനീയേഴ്സ്‌ താമസിക്കുന്നു. ഒന്നാം നമ്പറില്‍ മറ്റുസാങ്കേതികവിദഗ്ധര്‍ താമസം. എല്ലാ വീട്ടിലും 3 ബെഡ്ഡ്‌റൂം വീതം ഉണ്ട്‌.അടുക്കളയും, മെസ്സ്‌ ഹാളും ഒന്നാം നമ്പര്‍ ബംഗ്ലാവിലാണ്‌‌.

രണ്ടുദിവസംകൂടെ കഴിഞ്ഞാല്‍, വീട്ടില്‍പ്പോയി ഭാര്യയേയും, മകനേയും, മാര്‍ഷല്‍ എന്നുപേരുള്ള ഡോബര്‍മാന്‍ വളര്‍ത്തുനായയേയും, കാണാമെന്നു സന്തോഷിച്ചിരിക്കുമ്പോളാണു്‌, ആനപ്പുറത്തിരിക്കാന്‍ കൊതിച്ചവനെ ശൂലത്തില്‍ കയറ്റാന്‍വേണ്ടി 786 ആഞ്ഞടിക്കുന്നതു്‌.
ആദ്യം ഡ്രൈവറിന്റെ ഫോണ്‍ വന്നു. വണ്ടിയിറക്കാന്‍ പറ്റാത്തവിധം ഇഷ്ടന്റെ വീടിനുചുറ്റും വെള്ളം പൊങ്ങിയിരിക്കുന്നുപോലും. മറ്റൊരു വാഹനം സംഘടിപ്പിച്ചു്‌ ഹെലിബേസിലെത്തിയപ്പോള്‍ത്തന്നെ, കാലവസ്ഥ മോശമാണെന്നു്‌ മനസ്സിലായി. അതുകൊണ്ടുതന്നെ പതിവിനുവിപരീതമായി കുറച്ചുനേരത്തേതന്നെ പറക്കലെല്ലാം അവസാനിപ്പിച്ചു്‌ വീട്ടില്‍ തിരിച്ചെത്താനായി ശ്രമം. അതു്‌ നടന്നു. പെട്ടെന്നു ജോലി തീര്‍ത്തു വീട്ടിലേക്കു്‌ മടങ്ങി.
വീട്ടിലെത്താന്‍ 1 കിലോമീറ്റര്‍ മാത്രം ദൂരെവച്ചു്‌ വാഹനം ബ്രേക്കു്‌ഡൌണാകുന്നു. അപ്പോളേക്കും വെള്ളപ്പൊക്കം രൂക്ഷമായിക്കഴിഞ്ഞിരുന്നു. വാഹനം ശരിയാക്കി വീട്ടിലെത്തിയപ്പോള്‍, നിറുത്താതെ കരഞ്ഞുകൊണ്ടിരിക്കുന്ന ഫോണ്‍. എയര്‍ ഫോഴ്സില്‍ നിന്നാണു്‌. അവര്‍ക്കു്‌ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂയല്‍ വേണമത്രെ. വെള്ളപ്പൊക്കദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുവന്ന ഹെലിക്കോപ്പ്റ്ററിന്റെ ഇന്ധനം കഴിഞ്ഞിരിക്കുന്നു. സൂററ്റ്‌ മുഴുവന്‍ അരിച്ചുപെറുക്കിയപ്പൊള്‍ ഡക്കാന്‍ എയര്‍വേയ്സിന്റെ അടുത്തുമാത്രമെ ഇന്ധനം ഉള്ളെന്നുമനസ്സിലാക്കിയിട്ടാണു്‌ ഫോണ്‍ നിര്‍ത്താതെ കരയുന്നതു്‌. വളരെ മഹത്തായ ഒരു ആവശ്യത്തിനുവേണ്ടിയായതുകൊണ്ടും, സൈന്യത്തിന്റെ ആവശ്യമായതുകൊണ്ടും സത്വരനടപടികള്‍ സ്വീകരിക്കപ്പെടുന്നു. പക്ഷെ ഇതിനിടയില്‍ ഇന്ധനവുമായി പോയ വാഹനത്തിന്റെ ഡ്രൈവര്‍ സൂററ്റ്‌ എയര്‍ഫീല്‍ഡിന്റെ ഗേറ്റ്‌ ഇടിച്ചുതകര്‍ത്തു. അതിന്റെ നഷ്ടപരിഹാരം വേണമെന്നു്‌ പറഞ്ഞു്‌ എയര്‍ ട്രാഫിക്ക് കട്രോള്‍ ഓഫീസറുടെ വഹ വേറെ ഒരു ഫോണ്‍.
അതിയാനെ ഒരുവിധം സമാധാനിപ്പിച്ചു്‌, കുറച്ചു വിശ്രമിക്കാമെന്നു്‌ കരുതുമ്പോളാണു്‌ പുറത്തു്‌ ഒരു ബഹളം കേള്‍ക്കുന്നതു്‌. പുറത്തുചെന്നുനോക്കിയപ്പോള്‍ കണ്ണുകളെ വിശ്വസിക്കാനായില്ല.

ചുറ്റിനും വെള്ളം.
മുട്ടൊപ്പം പൊക്കത്തില്‍…..
ഒരു കൊച്ചു പ്രളയം തന്നെ.

വെളിയില്‍ക്കിടക്കുന്ന കാറു്‌ പകുതിയോളം മുങ്ങിക്കഴിഞ്ഞിരിക്കുന്നു. നോക്കിനില്‍ക്കെത്തന്നെ ജലനിരപ്പു്‌ വീണ്ടും ഉയരുകയാണു്‌. ഓഫീസ്സായി ഉപയോഗിക്കുന്ന സ്വീകരണമുറിയില്‍ വെള്ളം നിറഞ്ഞുകഴിഞ്ഞു. ഭാഗ്യത്തിനു്‌ കേറ്ററിങ്ങ്‌ (പാറ്റ്മാന്‍) ജോലിക്കാര്‍ ഇതിനകം തന്നെ വിലപിടിപ്പുള്ള സാധനങ്ങള്‍ ഒന്നാം നിലയിലേക്കു്‌ മാറ്റിക്കഴിഞ്ഞിരുന്നു. അര്‍ദ്ധരാത്രിയായപ്പോളേക്കും അരക്കൊപ്പം വെള്ളം ഉയര്‍ന്നുകഴിഞ്ഞിരുന്നു. 8 മണിയോടെ പാറ്റ്മാന്റെ 2 ചുണക്കുട്ടന്മാര്‍ രാത്രിഭക്ഷണവുമായി നീന്തി വന്നു. കൂട്ടത്തിലൊരു ദുഃഖവാര്‍ത്തയും കൊണ്ടുവന്നു മിടുക്കന്മാര്‍.
അതു്‌ മറ്റൊന്നുമല്ല. ഇപ്പോള്‍ കൊണ്ടുവന്നതു്‌ മിക്കവാറും അവസാനത്തെ ഭക്ഷണമായിരിക്കും. കാരണം എന്താണെന്നല്ലെ?! ഭക്ഷണം ഉണ്ടാക്കുന്ന ഒന്നാം നമ്പര്‍ ബംഗ്ലാവിലെ അടുക്കളയില്‍ ഗ്യാസ്‌ സ്റ്റൊവ്വ്‌ ഉടനെ വെള്ളത്തിനടിയിലാകും. മാത്രവുമല്ല, ചേന്‍ചു്‌ ഓവര്‍ സ്വിച്ചു്‌ മുങ്ങാനായിരിക്കുന്നതുകൊണ്ടു്‌, ഉടനെതന്നെ, ജനറേറ്ററിന്റെ പ്രവര്‍ത്തനവും നിലയ്ക്കും.

ഇതെന്താണു്‌. ലോകാവസാനമാണോ?
കലികാലം ഇത്രപെട്ടെന്നു്‌ തീരുകയാണോ?
എന്തായാലും നാളെയാകുമ്പോളേക്കും, കാര്യങ്ങള്‍ നിയന്ത്രണാധീനമാകുമെന്നു്‌ പ്രതീക്ഷിച്ചുകൊണ്ടു്‌ ഭക്ഷണം കഴിച്ചു്‌ ഉറങ്ങാന്‍ കിടന്നു.

ഗുജറാത്തിലെ തപ്തി നദിയ്ക്കു്‌ കുറുകെയുള്ള ഉക്കൈ സാഗര്‍ ഡാം തുറന്നുവിട്ടതാണു്‌ വെള്ളപ്പൊക്കത്തിനു്‌ കാരണം. കൂടുതല്‍ വെള്ളം തുറന്നുവിടാന്‍പോകുന്നു എന്ന വാര്‍ത്തകേട്ടാണു്‌ രണ്ടാം ദിവസം ഉണര്‍ന്നതു്‌. പത്താം തീയതി ഭാര്യയുടെ പിറന്നാളിനു്‌ വീട്ടിലെത്താമെന്നുള്ള അവസാനത്തെ പ്രതീക്ഷയും അസ്തമിച്ചു. എന്റെ പകരക്കാരനായി സൂററ്റില്‍ എത്തേണ്ട പൈലറ്റ്‌ പകുതിവഴിക്കുവച്ചു്‌ മടങ്ങിപ്പോയിരിക്കുന്നു.

ഉച്ച ഊണിനു്‌ സമയമായി.
8.8.6 പട്ടിണിയുടേയും, നിരാശയുടേയും ദിവസംതന്നെ ആകുമെന്നു്‌ തോന്നുന്നു.
2 ഓറഞ്ചും, 2 പഴവും മുറിയിലിരിപ്പുണ്ടു്‌. കേറ്ററിങ്ങുകാര്‍ ആവശ്യത്തിലധികം കുടിവെള്ളം സ്റ്റോക്കുചെയ്തിരുന്നതു്‌ രക്ഷയായി. ഓരോ പഴവും, ഓറഞ്ചും ഇപ്പോള്‍ കഴിക്കാം. ബാക്കി നാളത്തേക്കു്‌ മാറ്റിവെക്കാം. നാളെ എന്താണു്‌ അവസ്ഥ എന്നറിയില്ലല്ലോ!!

തൊട്ടടുത്തു്‌ നടക്കുന്ന കണ്‍ട്രക്ഷണ്‍ സൈറ്റിലെ തൊഴിലാളികള്‍ താമസിക്കുന്ന ചാളയിലെ അവസ്ഥ ആലോചിച്ചപ്പോള്‍ വിഷമം തോന്നി. അവര്‍ക്കു്‌ കുടിക്കാന്‍ ഒരുതുള്ളി പച്ചവെള്ളംപോലുമില്ല. പകലന്തിയോളം പണിയെടുത്തു്‌ ക്ഷീണിച്ചുചെന്നു്‌ ചുരുണ്ടുകൂടിയിരുന്ന താല്‍ക്കാലിക ഷെഡ്ഡെല്ലാം വെള്ളത്തിനടിയിലായിരിക്കുന്നു. അക്കണക്കിനു്‌ ഞങ്ങളെല്ലാം ഭാഗ്യം ചെയ്തവര്‍തന്നെ.
കുറച്ചുസമയും കഴിഞ്ഞപ്പൊള്‍ അക്കൂട്ടത്തിലൊരാള്‍ നീന്തിവന്നു. ആവശ്യത്തിനു കുടിവെള്ളം എല്ലാവര്‍ക്കുംവേണ്ടി അയാള്‍വശം കൊടുത്തുവിട്ടു.

9.8.6 കുറച്ചു്‌ വ്യത്യസ്തമായിരുന്നു.
ക്യാപ്റ്റന്‍ സന്ധു അതാ ചൂടുള്ള ഒരു കപ്പ്‌ കുരുമുളകുചായയുമായി കടന്നുവരുന്നു.
അതുകൊള്ളാമല്ലോ!!
“എങ്ങിനെ ഒപ്പിച്ചു?“
“പുറത്തുചെന്നുനോക്കൂ“ എന്നു്‌ ഉത്തരം കിട്ടി.

പുറത്തെ കാഴ്ച രസകരമായിരുന്നു. ചുറ്റിനുമുള്ള എല്ലാ കെട്ടിടങ്ങളും, കയറും, വള്ളികളും മറ്റുമുപയോഗിച്ചു്‌ “നെറ്റ്വര്‍ക്കു്‌ ” ചെയ്തിരിക്കുന്നു. ചായനിറച്ച കൊച്ചു കൊച്ചു ഫ്ളാസ്‌ക്കുകളും, എന്തിനു്‌, മൊബൈല്‍ ഫോണുകള്‍വരെ ഈ നെറ്റ്വര്‍ക്കിലൂടെ പരസ്പരം കൈമാറുന്നു.
(മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ പലതും പ്രവര്‍ത്തിക്കുന്നില്ലെങ്കിലും) ഒരു സന്നിഗ്ധഘട്ടത്തില്‍ മനുഷ്യസമൂഹത്തിന്റെ ഈ കൂട്ടായ്മയെ ശിരസ്സാ നമിക്കാതെ വയ്യ.

ഇന്നു്‌ രക്ഷാബന്ധന്‍ ദിവസമാണു്‌.
പാറ്റ്നക്കാരന്‍ എഞ്ചിനീയര്‍ ജഗ്ഗേഷിനു്,‌ വീട്ടിലെത്തി സഹോദരിക്കു്‌ രാഖി കെട്ടാന്‍ പറ്റാഞ്ഞതുകൊണ്ടു്‌, തൊട്ടടുത്തവീട്ടിലെ ജോലിക്കാരിയുടെ കയ്യില്‍ രാഖി കെട്ടി.
സാഹോദര്യത്തിന്റെ ഉദാത്തമായ ഒരു ദൃശ്യമായിരുന്നു അതു്‌.
തന്റെ രാഖി സഹോദരനു്‌ ഒരു കപ്പ് ചൂടുചായ കൊണ്ടുവന്നുകൊടുത്തു സഹോദരി.

കുറച്ചുകഴിഞ്ഞപ്പോള്‍ മറ്റൊരയല്‍വാസിയുടെ വക “ബ്രന്‍ചു്‌” എത്തി. ജീവിതത്തിലൊരിക്കലും കിച്ചടിക്കു്‌ ഇത്ര സ്വാദു്‌ തോന്നിയിട്ടില്ല. അധികം താമസിയാതെ പാറ്റ്മാന്റെ വക കൂടുതല്‍ ഭക്ഷണം എത്തി. അവര്‍ ഒരു മണ്ണെണ്ണ സ്റ്റൌ സംഘടിപ്പിച്ചു്‌ പാചകം പുനരാരംഭിച്ചിരിക്കുന്നു. ഇപ്പോള്‍ ഭക്ഷണം അധികമായിരിക്കുന്നു. കുറച്ചു്‌ ചുറ്റിലുമുള്ളവര്‍ക്കു്‌ എത്തിക്കാനുള്ള ഏര്‍പ്പാടുചെയ്തു. എന്റെ ഒരു ഓറഞ്ചും, പഴവും ഇപ്പോഴും ബാക്കിയിരിക്കുന്നുണ്ടു്‌.
വൈകുന്നേരത്തോടെ കുറച്ചു്‌ വെളിച്ചവും, കമ്പ്യൂട്ടര്‍ പ്രവര്‍ത്തനക്ഷമമാക്കാനാവശ്യമായ വൈദ്യുതിയും തരപ്പെടുത്തി. ജനറേറ്ററിനെ സ്വിച്ചുബോര്‍ഡില്‍നിന്നും വേര്‍പെടുത്തി, പകരം ഒരു എക്സ്റ്റന്‍ഷണ്‍ കേബിള്‍ വഴി കാര്യം സാധിച്ചെടുത്തു. ഇത്തവണ കളിച്ചിരിക്കാന്‍ നേരമില്ല. ഇതുവരെ കടലാസ്സില്‍ എഴുതിയതു്‌ മുഴുവന്‍ കമ്പ്യൂട്ടറിലേക്കു പകര്‍ത്തിയെഴുതണം.

ജനറേറ്ററിനു്‌ ജീവന്‍ വന്നതോടെ ചുറ്റിനും നിന്നു്‌ 20 ല്‍ പരം മൊബൈല്‍ ഫോണുകള്‍ “കയര്‍” നെറ്റ്വര്‍ക്കുവഴി തൂങ്ങിയെത്തി. ചാര്‍ജ്ജുചെയ്തുകൊടുക്കണം. സന്തോഷത്തോടുകൂടെത്തന്നെ ആ ജോലി ചെയ്തുകൊടുത്തു. ചായയും, ഭക്ഷണവും തന്നു്‌ സഹായിച്ചവര്‍ക്കു്‌ ഒരു ചെറിയ പ്രത്യുപകാരമെങ്കിലും ചെയ്യാന്‍ കഴിഞ്ഞല്ലോ. സന്തോഷം.

അര്‍ത്ഥരാത്രി കുറച്ചു്‌ വെള്ളം കുടിക്കാന്‍ വേണ്ടി എഴുന്നേറ്റപ്പോള്‍ ഞാനതുശ്രദ്ധിച്ചു. ജലനിരപ്പു്‌ താഴാന്‍ തുടങ്ങിയിരിക്കുന്നു. രാത്രി 1 ഇന്‍ചു്‌ മാത്രമായിരുന്നെങ്കിലും നേരം വെളുത്തപ്പോഴേക്കും അര അടിയോളം വെള്ളം താഴ്ന്നിരിക്കുന്നു. ആശ്വാസത്തിന്റെ ഒരു നെടുവീര്‍പ്പു്‌ പുറത്തേക്കുവന്നു. ഡാമിന്റെ സ്പില്ല്‌വേയും, ഫ്ളഡ്ഡ്‌ ഗേറ്റും അടക്കാന്‍ പോകുന്നതിനെപ്പറ്റിയുള്ള കരക്കമ്പികള്‍ കേട്ടുതുടങ്ങി. എയര്‍ഫോര്‍സ്സിന്റെ എം.അയ്‌.17 – ഹെലിക്കോപ്പ്റ്ററുകള്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി തലങ്ങും, വിലങ്ങും പറക്കുന്നതു്‌ കാണാന്‍ തുടങ്ങി. “എസ്സാര്‍ സ്റ്റീലിന്റെ” ഒരു ഹെലിക്കോപ്പ്റ്റര്‍ തൊട്ടടുത്ത കെട്ടിടത്തില്‍ താമസിക്കുന്ന അവരുടെ ആള്‍ക്കാര്‍ക്കുള്ള ഭക്ഷണവും അവശ്യസാധനങ്ങളും ഡ്രോപ്പ്‌ ചെയ്തിട്ടുപോയി.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മുന്‍സൈനികനായ എന്റെ സേവനം ഉപയോഗപ്പെടുത്തണമെന്നുള്ള ആഗ്രഹം എന്റെ കമ്പനി അംഗീകരിച്ചു. അതനുസരിച്ചു്‌, മുംബയില്‍ നിന്നും വന്ന ഞങ്ങളുടെ രണ്ടു്‌ പൈലറ്റ്സു്‌, മറ്റൊരു ഹെലിക്കൊപ്പ്റ്ററില്‍ വന്നു്‌ എന്നെ “വിഞ്ച്‌ ഔട്ട്‌ ” ചെയ്തു.(എന്നു വെച്ചാല്‍ തൂക്കിയെടുത്തു കൊണ്ടുപോയീന്നു്‌ തന്നെ.)
നല്ലവരായ പാറ്റ്മാന്‍ ജീവനക്കാരെയും സ്നേഹസമ്പന്നരായ അയല്‍വാസികളേയും ഉപേക്ഷിച്ചു്‌ ആദ്യം തന്നെ വെളിയില്‍ക്കടക്കുന്നതില്‍ കുറ്റബോധം തോന്നി. പക്ഷെ തുടര്‍ന്നുള്ള 2 ദിവസങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായപ്പോള്‍ ആ വിഷമം ഇല്ലാതായി.

മുകളില്‍ ഹെലിക്കൊപ്പ്റ്ററില്‍ നിന്നു്‌ ഇട്ടുകൊടുക്കുന്ന വെള്ളവും, ഭക്ഷണവും കിട്ടുമ്പോള്‍, നിസ്സഹായരായി, നിരാലംബരായി ദിനങ്ങള്‍ തള്ളിനീക്കിയ ഗ്രാമവാസികളുടേയും, മറ്റു്‌ ജനങ്ങളുടേയും, മുഖത്തുവിരിയുന്ന ഒരു ചെറുചിരി….അതുമതി….., അതാണു്‌ ഒരു ഹെലിക്കോപ്പ്റ്റര്‍ പൈലറ്റിനുള്ള ഏറ്റവും സത്യസന്ധമായ പ്രതിഫലം. അതുമാത്രം മതി, അതുവരെ സഹിക്കേണ്ടിവന്ന എല്ലാ വിഷമങ്ങളും, ബുദ്ധിമുട്ടുകളും മറക്കാന്‍.
ഇന്നു്‌ ഓഗസ്റ്റു്‌ 13.
സൂററ്റില്‍ റോഡുവഴിയുള്ള ഗതാഗതം പുനഃരാരംഭിച്ചിരിക്കുന്നു. കരണ്ടും, വെള്ളവും ഭാഗികമായാണെങ്കിലും പുനഃസ്ഥാപിച്ചിരിക്കുന്നു. ജനജീവിതം പതുക്കെപതുക്കെ പൂര്‍വ്വസ്ഥിതിയിലേക്കു്‌ മടങ്ങിവന്നുകൊണ്ടിരിക്കുന്നു. എന്റെ റീപ്ളേസ്മെന്റു്‌ പൈലറ്റ്‌ നാളെയെത്തും. സ്വാതന്ത്രദിനമാഘോഷിക്കാനും, ഭാര്യയ്ക്കു്‌ ഒരു “ബിലേറ്റഡ്‌” പിറന്നാളാശംസിക്കാനുമായി ഞാന്‍ വീട്ടീലെത്തും, ഓഗസ്റ്റ്‌ 15ന്.
———————————
“ഡെല്യൂജ്‌ ഓഫ്‌ 786″ ഇവിടെ കഴിയുന്നു.

ഗുജറാത്തിലെ ഒരു ഡാം തുറന്നതുകാരണമുണ്ടായ ഈ പ്രളയം, തൊട്ടടുത്ത സംസ്ഥാനമായ രാജസ്ഥാനിലും ഒരുപാടു്‌ നാശങ്ങള്‍ വിതച്ചു. അവിടെ പലയിടത്തും വെള്ളം ഇരച്ചുകയറിയതു്‌ രാത്രിയായതുകൊണ്ടു്‌ ഗ്രാമവാസികളില്‍ പലരും ഉറക്കത്തില്‍ത്തന്നെ മുങ്ങിമരിച്ചു. നൂറുകണക്കിനു്‌ കന്നുകാലികളും, മിണ്ടാപ്രാണികളും ചത്തൊടുങ്ങി. ഭൂപ്രകൃതിയിലുള്ള പ്രത്യേകത കാരണം മാസങ്ങളോളം ഈ വെള്ളം താഴ്ന്ന പ്രദേശങ്ങളില്‍ കെട്ടിക്കിടന്നു്‌ ബുദ്ധിമുട്ടുണ്ടാക്കി.
ഒരു കാര്യം ശ്രദ്ധിച്ചോ?
ഒരു ഡാമില്‍നിന്നു്‌ കുറച്ചുവെള്ളം തുറന്നുവിട്ടപ്പോളുള്ള അവസ്ഥയാണിതു്‌‌.
ഇന്നുപൊട്ടും, നാളെപ്പൊട്ടും എന്നുപറഞ്ഞുനില്‍ക്കുന്ന നമ്മുടെ മുല്ലപ്പെരിയാര്‍ ഡാം ശരിക്കും പൊട്ടിയാലുള്ള അവസ്ഥ എന്തായിരിക്കും. ആലോചിച്ചുനോക്കിയിട്ടുണ്ടോ?

കണക്കുകള്‍ സൂചിപ്പിക്കുന്നതു്‌ ശരിയാണെങ്കില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലായി കുറഞ്ഞതു 50 ലക്ഷം ജനങ്ങളെങ്കിലും ചത്തൊടുങ്ങും. പണ്ഢിതനും, പാമരനും, പണമുള്ളവനും, പണമില്ലാത്തവനും, സിനിമാക്കാരനും, രാഷ്ട്രീയക്കാരനും, കേന്ത്രത്തില്‍പ്പിടിയുള്ളവനും, പിടില്ലാത്തവനും, കുട്ടികളും, വലിയവരുമെല്ലാമടക്കം 50 ലക്ഷം മനുഷ്യാത്മാക്കള്‍ വീട്ടിലും, റോട്ടിലും, പാടത്തും, പറമ്പിലുമൊക്കെയായി ചത്തുമലക്കും.
ഇത്രയും ശവശരീരങ്ങള്‍ 24 മണിക്കൂറിനകം ശരിയാംവണ്ണം മറവുചെയ്തിലെങ്കില്‍, ബാക്കിയുള്ള മനുഷ്യജന്മങ്ങള്‍ പകര്‍ച്ചവ്യാധികളും, മറ്റു്‌രോഗങ്ങളും പിടിച്ചു്‌ നരകിച്ചു്‌ ചാകും. ഇക്കൂട്ടത്തില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ പടനയിക്കുന്ന തമിഴനും, ലക്ഷക്കണക്കിനുണ്ടാകും. ഇതെല്ലാം കഴിഞ്ഞിട്ടും അവശേഷിക്കുന്ന മലയാളിയും, തമിഴനും, ഈ ദാരുണസംഭവത്തിന്റെ പഴി അങ്ങോട്ടും ഇങ്ങോട്ടും, ചാരി, വീണ്ടും കാലം കഴിക്കും. ഇതില്‍നിന്നു്‌ രക്ഷപ്പെട്ടു്‌ തലസ്ഥാനനഗരിയിലും മറ്റും അവശേഷിക്കുന്ന രാഷ്ടീയവിഷജീവികള്‍ ഇടതും, വലതും, കളിച്ചു്‌, വീണ്ടും വീണ്ടും, മാറി മാറി മലയാളസമൂഹത്തെയൊന്നാകെ കൊള്ളയടിക്കും. ഈ സംസ്ഥാനത്തിനു്‌ ദൈവത്തിന്റെ സ്വന്തം നാടെന്നു്‌, പേരിട്ടതാരെന്നുമാത്രം എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. അറിയാവുന്നവര്‍ ദയവായി പറഞ്ഞു തരണം. ഒരു നിരക്ഷരന്റെ അപേക്ഷയാണു്‌.

അതൊക്കെ പോകട്ടെ. വിഷയത്തില്‍നിന്നൊരുപാടു്‌ വ്യതിചലിച്ചിരിക്കുന്നു.
സന്നിഗ്ധ ഘട്ടത്തില്‍, ഒരു ഹെലിക്കൊപ്പ്റ്റര്‍ എങ്ങിനെ നിയന്ത്രണവിധേയമാക്കാം എന്നുള്ള എന്റെ ചോദ്യത്തിനു്‌ അമ്മാവന്‍ തന്ന മറുപടി കേള്‍ക്കേണ്ടേ?

” പറക്കുന്ന യന്ത്രപ്പക്ഷികളില്‍ ഏറ്റവും അണ്‍-സ്റ്റേബിളായിട്ടുള്ളതും, നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ളതുമായതു്‌ ഹെലിക്കോപ്പ്റ്റര്‍ തന്നെയാണു്‌. വര്‍ഷങ്ങളോളം തഴക്കവും പഴക്കവും ഉള്ളവര്‍ക്കേ ശരിയാംവണ്ണം ഒരു ഹെലിക്കോപ്പ്റ്റര്‍ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ. സാധാരണ യാത്രാവിമാനങ്ങള്‍ പറത്തുന്ന ഒരു പൈലറ്റിനുപോലും, നീ പറയുന്നതുപോലെയുള്ള അവശ്യഘട്ടത്തില്‍ ഒരു ഹെലിക്കോപ്പ്റ്റര്‍ നിയന്ത്രിക്കാന്‍ പെടാപ്പാടുപെടേണ്ടിവരും.
മൂക്കിന്റെ തുമ്പു്‌ വിയര്‍ക്കും. മൂക്കുകൊണ്ടു്‌ “ക്ഷ” വരക്കും.
അതുകൊണ്ടു്‌, പൊന്നുമോന്‍ അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചു്‌ ചുമ്മാ ഇരുന്നുകൊടുത്താല്‍മാത്രം മതി. ബാക്കിയെല്ലാം നെഞ്ഞുവേദനയോ, ഹാര്‍ട്ടറ്റാക്കോ വന്നാല്‍പ്പോലും പൈലറ്റുതന്നെ നോക്കിക്കോളും. ഇടപെട്ടു്‌ കുളമാക്കാതിരുന്നാല്‍ മാത്രം മതി.”

എന്തിനധികം പറയുന്നു. ഇപ്പറഞ്ഞ ഉപദേശം കൈക്കൊണ്ടതിനുശേഷം ഹെലിക്കോപ്പ്റ്ററില്‍ കയറുമ്പോള്‍ ചങ്കിടിപ്പു്‌ മുന്‍പുണ്ടായിരുന്നതിന്റെ ഇരട്ടിയായിരിക്കുന്നു.
നാശം പിടിക്കാന്‍, ആവശ്യമില്ലാത്ത ഒരോന്നുചോദിച്ചു്‌ മനസ്സമാധാനംകളഞ്ഞിട്ടിപ്പോ…….!!!

Comments

comments

11 thoughts on “ ഡെല്യൂജ്‌ ഓഫ്‌ 786

  1. mashe…
    Kalakkiyittund ketto…..
    Helicopteril kadalinte mugaliloodeyulla aa parakkalandallo…adu sherikkum pedi thonnunna oru anubhavam thanne….kannadachum prarthichum irikkunna nimishangal…
    Keep writing

  2. Hemchandra Mohan hemujione@gmail.com
    to Manoj Ravindran manojravindran@gmail.com
    date Nov 20, 2007 8:22 AM
    subject Re: Hi
    mailed-by gmail.com

    Hi ambady,
    It was great reading your blogs. Your translation was delightful; perhaps better than the original. Shoukat’s story was equally enjoyable. I am totally handicapped when it comes to writing in Malayalam therefore I shall not even attempt in that direction. Presently I shall continue enjoy reading what write.
    Best wishes
    maman.

    P.S. Will be on my way home tomorrow. While at home i prefer the asianetindia.com id. Thanks

  3. “സാക്ഷാല്‍ സരസ്വതിയെ മനസ്സില്‍ ആവാഹിച്ചിരുത്തി നിനക്കൊരു വരം തരട്ടെ ഞാന്‍. “ആയിരം നാവുള്ള ഒരു സാക്ഷരന്‍ ആവട്ടെ നീ”” …എന്നനുഗ്രഹിച്ച മാതുലനെ കിട്ടിയതുതന്നെ മറ്റൊരു വരമോ അനുഗ്രഹമോ ആയിട്ടുതന്നെയായിരിക്കണം!!

    ഇതിലും വലിയ ഒരു അനുഗ്രഹമോ, വരമോ ഇനി എവിടന്നു്‌ കിട്ടാനാണു്‌ ?

    കൃതാര്‍ഥനായി, നമ്രശിരസ്ക്കനായി, വരം ഏറ്റുവാങ്ങുന്നു.

    -നിരക്ഷരന്‍

  4. hi manoj,
    i read this story,it is really very good and interesting

    i reccomend you to publish all your stories as a book

    think about this
    wish you a very good future in this field
    congrats and best wishes
    meriliya

  5. കുഞ്ചായീ – നന്ദീട്ടോ.

    മെറിലിയ – പോസ്റ്റ് വായിച്ച് ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം. നന്ദി

    ഷാരൂ – നന്ദി.

    കുറ്റിയാ‍ടിക്കാരാ – നന്ദി. പക്ഷെ സാര്‍ എന്നൊന്നും വിളിക്കരുത്. നിരക്ഷരാ എന്നുതന്നെ വിളിച്ചോളൂ.

  6. പൈലറ്റ് ചേട്ടനോട് നല്ല രീതിയില്‍ സോപ്പിട്ട് നില്‍ക്കണം കേട്ടോ.നിങ്ങളോട് ശത്രുത ഉള്ള കക്ഷി ആണെങ്കില്‍ ആകാശത്ത് വെച്ച് ” മോനെ നിരക്ഷരാ..കാര്യം പോക്കാ ചാടിക്കോ ” എന്ന് പറഞ്ഞു നിങ്ങളെ ‘കാറ്റ് ‘ തീര്‍ക്കും. അങ്ങോര്‍ കൂളായി തിരിച്ചു പോയി ഓഫീസില്‍ പറയും.” പാവം നിരക്ഷരന്‍ ആത്മഹത്യ ചെയ്തു” എന്ന്. അറിഞ്ഞും കണ്ടും നില്‍ക്കുക.ജീത്തെ രഹോ…

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>