ഒക്ടോപസ്സി എന്ന ജയിംസ് ബോണ്ട് സിനിമയുടെ ലൊക്കേഷൻ കൂടെയായ സജ്ജൻഗഡ് എന്ന കോട്ടയിലേക്കാണ് ഇന്ന് പോയത്. സിനിമയിൽ അഫ്ഗാനിൽ നിന്ന് പുറത്താക്കപ്പെട്ട രാജകുമാരനായി വരുന്ന കമാൽ ഖാൻ എന്ന കഥാപാത്രത്തിൻ്റെ താവളമായാണ് സജ്ജൻഗഡ് കാണിക്കുന്നത്.
1874 മുതൽ 1884 വരെയുള്ള 10 വർഷം മേവാർ രാജാവായിരുന്ന സജ്ജൻ സിങ്ങ് നിർമ്മിച്ചതുകൊണ്ടാണ് ബൻസാന്ദ്ര കുന്നിൽ നിലകൊള്ളുന്ന സജ്ജൻഗഡിന് ആ പേര് വീണത്.
മേവാർ രാജവംശത്തിലെ 72 -)മത് രാജാവായിരുന്ന സജ്ജൻ സിങ്ങിന് ഈ കോട്ട ഉപയോഗിച്ച് പല പദ്ധതികളും ഉണ്ടായിരുന്നു. 3100 അടി ഉയരത്തിൽ മേഘങ്ങളോട് അടുത്ത് നിലകൊള്ളുന്ന കുന്നായതുകൊണ്ട് മൺസൂൺ മേഘങ്ങളെപ്പറ്റി പഠിക്കാനും ബഹിരാകാശ നീരീക്ഷണ കേന്ദ്രം സ്ഥാപിക്കാനും സജ്ജൻ സിങ്ങ് ആഗ്രഹിച്ചിരുന്നു.
പക്ഷേ, നിർഭാഗ്യവശാൽ 1884ൽ കോട്ട/കൊട്ടാരത്തിൻ്റെ പണികൾ അൽപ്പസ്വൽപ്പം ബാക്കി നിൽക്കേ അകാലത്തിൽ അദ്ദേഹം മരണമടഞ്ഞു. മരിക്കുമ്പോൾ അദ്ദേഹത്തിന് പ്രായം വെറും 25 വയസ്സ്. രാജാവായി അധികാരമേൽക്കുന്നത് പതിനഞ്ചാമത്തെ വയസ്സിൽ!
എന്തായാലും അദ്ദേഹത്തിൻ്റെ കാലശേഷം ഉദ്ദേശിച്ചത് പോലെ എല്ലാ കാര്യങ്ങളും നടന്നില്ലെങ്കിലും കോട്ടയുടെ ബാക്കി പണികൾ അടുത്ത രാജാവായ മഹാറാണ ഫത്തേ സിങ്ങ് നിർവ്വഹിച്ചു.
ഉദയ്പൂരിന് വേണ്ടി ധാരാളം നല്ല കാര്യങ്ങൾ ചെയ്തിട്ടുള്ള രാജാവായിരുന്നു സജ്ജൻ സിങ്ങ്. റോഡുകൾ, വെള്ളം, കോടതി, സിവിൽ അഡ്മിനിഷ്ട്രേഷൻ, വനവൽക്കരണം, പിച്ചോല തടാകത്തിൻ്റെ ശുചീകരണം എന്നീ കാര്യങ്ങൾ അദ്ദേഹത്തിൻ്റെ സംഭാവനയാണ്.
നല്ല കാഴ്ച്ചപ്പാടുള്ള രാജാവായി അദ്ദേഹം അറിയപ്പെടുകയും ‘Grand commander of the star of India’ എന്ന പദവി ലോഡ് റിപ്പൺ അദ്ദേഹത്തിന് നൽകുന്നതടക്കമുള്ള കാര്യങ്ങൾ സംഭവിക്കുന്നതും വെറും 25 വയസ്സിനുള്ളിലാണ്.
ചിത്തോർഗഡിലുള്ള തൻ്റെ കൊട്ടാരം കാണാൻ വേണ്ടി കൂടിയാണ് ഇത്ര ഉയരത്തിൽ അദ്ദേഹം കൊട്ടാരം സ്ഥാപിച്ചതെന്നും പറച്ചിലുണ്ട്. അതെന്തായാലും മൺസൂൺ പാലസിൻ്റെ കുന്നിൽ നിന്ന് നോക്കിയാൽ 360 ഡിഗ്രിയിൽ ഉദയ്പൂരിൻ്റെ ദൃശ്യം സാദ്ധ്യമാണ്.
ടിക്കറ്റ് തുക മറ്റ് ഉദയ്പൂർ കൊട്ടാരങ്ങളേക്കാൾ ഭേദമാണെങ്കിലും (155 രൂപ) കുന്നിൻ്റെ മുകളിലേക്കുള്ള 4 കിലോമീറ്റർ ദൂരം വാഹനം അകത്തേക്ക് കൊണ്ടുപോകണമെങ്കിൽ 300 രൂപയുടെ ടിക്കറ്റെടുക്കണം. അത്രയധികം വീതി ഉണ്ടെന്ന് പറയാൻ പറ്റാത്ത പാതയിലൂടെ നാലഞ്ച് ഹെയർപിന്നുകൾ കയറിയാൽ ബൻസാന്ദ്ര കുന്നിൻ മുകളിലെത്താം. ഇന്ന് ഭാഗിക്കൊപ്പമാണ് ഞാൻ മൺസൂൺ പാലസിലേക്ക് പോയത്. 2000ൽ അധികം കിലോമീറ്റർ ഓടിയശേഷം രണ്ട് ദിവസത്തെ പൂർണ്ണ വിശ്രമം അവൾക്ക് കിട്ടിയിരിക്കുന്നു.
കോട്ട, കൊട്ടാരം എന്നൊക്കെ പറയുന്നതിന് പുറമേ ഹണ്ടിങ് ലോഡ്ജ് എന്നൊരു വിളിപ്പേരും ഇതിനുണ്ട്. മുൻപ് മേവാർ രാജവംശത്തിൻ്റേത് ആയിരുന്നെങ്കിലും, ഇന്ന് രാജസ്ഥാൻ ഫോറസ്റ്റ് വകുപ്പിൻ്റെ കീഴിലുള്ള ഈ പ്രദേശത്ത്, പണ്ട് രാജാക്കന്മാർ വേട്ടയാടാനും തങ്ങാനും ഉപയോഗിച്ചിട്ടുണ്ടെന്ന് ആ പേര് സാക്ഷ്യപ്പെടുത്തുന്നു.
അവധി ദിവസമായതുകൊണ്ടാകാം സാമാന്യം നല്ല തിരക്കുണ്ട് കോട്ടയിൽ. കോട്ടയ്ക്കകത്ത് ഉണ്ടാക്കി വെച്ചിട്ടുള്ള സജ്ജൻ സിങ്ങിൻ്റെ പ്രതിമയ്ക്ക് പക്ഷേ 40 വയസ്സിന് മുകളിൽ തോന്നിക്കും. കോട്ടയോട് ചേർന്ന് ചുണ്ട പാലസ് റസ്റ്റോറൻ്റുണ്ട്. ഉച്ചഭക്ഷണം അവിടന്ന് കഴിച്ചു. കുന്നിൻ്റെ മുകളിലെ ചൂട് കൊണ്ട് കുറേയധികം സമയം അവിടെയിരുന്നു. ആൾത്തിരക്ക് ഉച്ചഭക്ഷണത്തിൻ്റെ സമയത്തെങ്കിലും കുറഞ്ഞാൽ പടങ്ങളും വീഡിയോയും നന്നായിട്ടെടുക്കാം എന്ന് കരുതിയെങ്കിലും തിരക്കിന് ഒരു കുറവും ഉണ്ടായില്ല.
ഇന്ത്യയിൽ രണ്ട് സഹപ്രവർത്തകരുടെ വിവാഹം കൂടാൻ വന്നിരിക്കുന്ന ഹേഗൻ എന്ന ഡച്ചുകാരനുമായി ചങ്ങാത്തം കൂടി, കുറച്ച് ഇന്ത്യൻ കഥകൾ പറഞ്ഞിരുന്നു. ഹേഗൻ്റെ രണ്ടാമത്തെ ഇന്ത്യൻ സന്ദർശനമാണിത്. ഇന്ത്യ Huge ആണെന്നാണ് ഹേഗൻ പറയുന്നത്. ഹേഗൻ്റെ രാജ്യത്തിൻ്റെ വലിപ്പം വെച്ച് നോക്കിയാൽ 75 ഇരട്ടിയോളം വരുന്ന വലിയ രാജ്യം തന്നെ ഇന്ത്യ. എന്നിട്ടും കോളനി ഭരണകാലത്ത് അവരവിടന്ന് ഇന്ത്യയിലേക്ക് വന്ന് കച്ചവടവും കൈയ്യടക്കലും ഇടപെടലുകളുമൊക്കെ നടത്തിയത് അത്ഭുതം തന്നെ.
“India is huge“ എന്ന ഹേഗൻ്റെ വിലയിരുത്തൽ എന്നെ ചെറുതായെങ്കിലും ഭയപ്പെടുത്തുന്നുണ്ട്. നല്ല ആഴവും പരപ്പുമുള്ള വെള്ളത്തിലേക്കാണ് ഞാൻ ചാടിയിരിക്കുന്നതെന്ന് നല്ല ബോദ്ധ്യമുണ്ട്. പകുതി ദൂരമെങ്കിലും നീന്താൻ പറ്റിയാൽ, CID മൂസയുടെ ആത്മഗതം കടമെടുക്കാമായിരുന്നു. ആ കഥ കേട്ടിട്ടില്ലേ ?
അതിങ്ങനെയാണ്. വിമാനം തകർന്നോ മറ്റോ ആണെന്ന് തോന്നുന്നു, CID മൂസ കടലിൽ പതിക്കുന്നു. രണ്ട് കരകളുടെ കൃത്യം നടുക്കാണ് കക്ഷി വീഴുന്നത്. “നടുക്ക് തന്നെ വീണത് ഭാഗ്യം. പകുതി ദൂരം നീന്തിയാൽ മതിയല്ലോ?“ എന്നായിരുന്നു CID മൂസയുടെ ആത്മഗതം.
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofrajasthan
#boleroxlmotorhome
#motorhomelife