t1

സ്വിസ്സര്‍ലാന്‍ഡ് (7) – റൈന്‍ ഫാള്‍സ്


സ്വിസ്സ് യാത്രയുടെ 1, 2, 3, 4, 5, 6, ഭാഗങ്ങള്‍ക്കായി നമ്പറുകളില്‍ ക്ലിക്ക് ചെയ്യൂ.
—————————————————————————–

സ്വിസ്സര്‍ലാന്‍ഡിലെ നാലാമത്തേയും അവസാനത്തേയും ദിവസം, യൂറൊപ്പിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ റൈ‌ന്‍ ഫാള്‍സിലേക്കാണ് പോകാന്‍ പരിപാടിയിട്ടിരുന്നത്.

ഇന്റര്‍ലേക്കണില്‍ താമസിച്ചിരുന്ന ഹോട്ടലില്‍ താമസസൌകര്യം മാത്രമേ തന്നിരുന്നുവെങ്കിലും, സൂറിക്കിലെ ഹോട്ടലില്‍ താമസസൌകര്യവും, സൌജന്യ ബ്രേക്ക്ഫാസ്റ്റും തരുന്നുണ്ട്. യൂറോപ്പില്‍ മിക്കവാറും എല്ലാ ഹോട്ടലുകളിലും ബി&ബി (ബെഡ് & ബ്രേക്ക്ഫാസ്റ്റ്) എന്ന സംവിധാനമാണുള്ളത്. നാലുദിവസത്തിനിടയില്‍ ആ‍ദ്യമായിട്ടാണ് ഒരിടത്ത് ഇരുന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ചത്.

ഭക്ഷണത്തിനുശേഷം സ്റ്റേഷനിലേക്ക് നടന്ന് 07:15 ന്റെ തീവണ്ടിയില്‍ക്കയറി Schaffhausen എന്ന സ്റ്റേഷനിലേക്ക് യാത്രയായി. യാത്രയ്ക്കിടയില്‍ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ ജര്‍മ്മനിയില്‍ നിന്നുള്ള വെല്‍കം മെസ്സെജ് കിട്ടി. ജര്‍മ്മന്‍ ബോര്‍ഡര്‍ തൊട്ടടുത്തെവിടെയെങ്കിലും ആയിരിക്കണം. ജര്‍മ്മനില്‍ നിന്ന് ഒഴുകി വരുന്ന റൈ‌ന്‍ നദിയാണ് സ്വിസ്സര്‍ലാന്‍ഡിലേക്ക് കടന്ന് വെള്ളച്ചാട്ടമായി വീണ് ഒഴുക്ക് തുടരുന്നത്. നദിയുടെ ഒരുകരയില്‍ സ്വിസ്സര്‍ലാന്‍ഡും മറുകരയില്‍ ജര്‍മ്മനിയുമായി വരുന്ന ഭൂപ്രദേശങ്ങള്‍ ഈ ഭാഗത്തൊക്കെയുണ്ട്.

Schaffhausen സ്റ്റേഷനിലിറങ്ങി 7 മിനിറ്റ് ബസ്സില്‍ യാത്രചെയ്യണം വെള്ളച്ചാട്ടത്തിലേക്കെത്താന്‍. ബസ്സ് കണ്ടുപിടിക്കാനും ഇറങ്ങേണ്ട സ്റ്റോപ്പ് കണ്ടുപിടിക്കാനുമൊന്നും തീരെ ബുദ്ധിമുട്ടേണ്ടിവന്നില്ല. വഴികള്‍ എല്ലാം വളരെ കൃത്യമായിത്തന്നെ ബസ്സ് സ്റ്റോപ്പിലും റെയില്‍വേ സ്റ്റേഷനിലുമൊക്കെ എഴുതിവെച്ചിട്ടുണ്ട്. പഴുതുകളില്ലാത്തതും, കിടയറ്റതുമായ സ്വിസ്സര്‍ലാന്‍ഡിലെ ട്രാന്‍സ്പോര്‍ട്ടിങ്ങ് സിസ്റ്റം ഈ യാത്രയിലുടനീളം കുറച്ചൊന്നുമല്ല സഹായിച്ചത്.

ബസ്സിറങ്ങി 10 മിനിറ്റോളം നടക്കാനുണ്ട് റൈന്‍ ഫാള്‍സിലേക്ക്. വഴിയൊക്കെ വിജനമാണ്. റൈന്‍‍ ഫാള്‍സ് എന്ന് റോഡില്‍ വരെ പെയിന്റുകൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. ആ അടയാളം പിന്തുടര്‍ന്ന് ശിശിരത്തെ വരവേല്‍ക്കാനായി മരങ്ങള്‍ പൊഴിച്ച മഞ്ഞ ഇലകള്‍ വീണുകിടക്കുന്ന വഴികളിലൂടെ പ്രഭാതത്തിലെ തണുപ്പുമേറ്റുള്ള നടത്തത്തിന്റെ സുഖമൊന്ന് വേറെതന്നെയായിരുന്നു.

വഴി ചെന്നവസാനിക്കുന്നിടത്ത് സ്വാഗതം ചെയ്യുന്നത് പതയും നുരയും വമിപ്പിച്ച് ബ്ലാക്ക് ഫോറസ്റ്റിനിടയിലൂടെ ഒഴുകി വരുന്ന റൈ‌ന്‍ നദിയുടെ മനോഹരമായ കാഴ്ച്ചയും ശബ്ദവുമാണ്.

നൂറുമീറ്റര്‍ കൂടെ മുന്നോട്ടൊഴുകി നദി താഴേക്ക് പതിക്കുന്നത് രൌദ്രഭാവത്തോടെയാണ്.

വെള്ളം കുത്തിവീഴുന്നതിന് നടുവില്‍ മണവാളന്‍പാറ, മണവാട്ടിപ്പാറ എന്ന മട്ടില്‍ രണ്ട് പാറകള്‍ കാണാം. മറ്റൊരു വെള്ളച്ചാട്ടത്തിലും അതുപോലൊരു കാഴ്ച്ച ഞാനിതുവരെ കണ്ടിട്ടില്ല.

നദിയുടെ ഒരു ചെറിയ ശാഖ മാറിയൊഴുകുന്നിടത്ത് ഒരു ജനറേറ്റര്‍ സ്ഥാപിച്ച് പ്രകൃതിയുടെ സൌന്ദര്യം നഷ്ടപ്പെടുത്താതെ തന്നെ, അത്യാവശ്യം വൈദ്യുതിയും ഇവിടെ നിന്ന് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.

വെള്ളം താഴേക്ക് വീണ് ഒരു തടാകം പോലെ കുറച്ച് സ്ഥലത്ത് പരന്നുകിടക്കുകയും അതോടൊപ്പം ഇടത്തുവശത്തേക്ക് തിരിഞ്ഞ് നദിയായി യാത്ര തുടരുകയും ചെയ്യുന്നു. തടാകം പോലുള്ള ഭാഗത്തിനുചുറ്റും വലം വെച്ച് നടന്നാല്‍ വെള്ളച്ചാട്ടത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ഥമായ കാഴ്ച്ചകള്‍ കാണാം.

നദിയില്‍ ബോട്ടിങ്ങ് നടത്തണമെന്നുള്ളവര്‍ക്ക് അതിനുള്ള സൌകര്യമുണ്ട്. ഒരു വെള്ളച്ചാട്ടത്തിന്റെ ഏറ്റവും മര്‍മ്മപ്രധാനമായ ഭാഗത്തുനിന്നുള്ള കാഴ്ച്ച, കുറച്ച് സാഹസികമായി മണവാളന്‍ – മണവാട്ടിപ്പാറകള്‍ക്ക് മുകളില്‍ കയറി നിന്ന് കാണണമെന്നുള്ളവര്‍ക്ക് ബോട്ട് അവിടെ അടുപ്പിച്ച് ഏണി വഴി കയറിനില്‍ക്കാനുള്ള സൌകര്യവുമുണ്ട്.

നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ ചെന്നത് കുറച്ച് നേരത്തേ ആയിപ്പോയി. ബോട്ട് സര്‍വ്വീസ് തുടങ്ങിയിട്ടില്ലായിരുന്നു അപ്പോള്‍. വെള്ളം കുത്തിവീണ് സ്പ്രേ ചെയ്ത് അന്തരീക്ഷത്തില്‍ പടര്‍ന്നുപിടിക്കുന്നതിന്റെ ഭംഗി ആസ്വദിച്ച് പുലര്‍കാല തണുപ്പിന് പിടികൊടുത്തുകൊണ്ട് കൂടുതല്‍ സഞ്ചാരികള്‍ അങ്ങോട്ടെത്തുന്നതുവരെ അവിടെച്ചിലവഴിച്ചു.

75 അടി ഉയരവും 492 അടി വീതിയുമുള്ള ഈ വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് ‘സ്വിസ്സ് നാഷണല്‍ ഡേ‘ ആയ ആഗസ്റ്റ് 1ന് വെടിക്കെട്ടും മറ്റുമൊക്കെയായി കാര്യമായിട്ട് ആഘോഷങ്ങള്‍ നടത്താറുണ്ട്.

നദിക്കരയില്‍, വൈദ്യുതിയുടെ നിര്‍മ്മാണവും ഉപയോഗവുമൊക്കെ സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ പാകത്തില്‍ വെച്ചിട്ടുള്ള ഉപകരണം ശ്രദ്ധിക്കപ്പെടാതെ പോകില്ല. അതിലുള്ള ഹാന്‍ഡിലില്‍ പിടിച്ച് തിരിച്ചാല്‍ പാനലിലുള്ള ബള്‍ബ് കത്തുകയും എത്ര വൈദ്യുതി ഉല്‍പ്പാദിപ്പിച്ചെന്ന് കാണിക്കുകയും ചെയ്യും.

നദിക്കരയിലിട്ടിരിക്കുന്ന ബെഞ്ചില്‍ ഒരു ദിവസം മുഴുവനും വെള്ളച്ചാട്ടത്തിലേക്ക് നോക്കിയിരുന്നാലും മതിയാകില്ലെന്നാണ് എനിക്ക് തോന്നിയത്. ഒരുപാട് സഞ്ചാരികള്‍ വരുന്ന ഇടമായിരുന്നിട്ടും യാതൊരുവിധത്തിലുള്ള പ്രകൃതിമലിനീകരണമോ,പ്ലാസ്റ്റിക്ക് വേസ്റ്റ് നിക്ഷേപം, പാറകളിലും മരങ്ങളിലുമൊക്കെയുള്ള പരസ്യങ്ങള്‍ തുടങ്ങിയതൊന്നും കാണാനായില്ല. പ്രകൃതിയുടെ സൌന്ദര്യം മനുഷ്യന് ആസ്വദിക്കാന്‍ ഒരുക്കിക്കൊടുക്കുന്നതിനൊപ്പം തന്നെ അതിന്റെ ഭംഗി ഒട്ടും തന്നെ നശിപ്പിക്കപ്പെടാ‍തെ സംരക്ഷിക്കുന്നതെങ്ങനെയെന്നുള്ളതിന് മാതൃകയാണ് ഈ വെള്ളച്ചാ‍ട്ടത്തിന്റെ പരിസരപ്രദേശം.

നദിക്കരയില്‍ ഒന്നുരണ്ട് സോവനീര്‍ ഷോപ്പുകളും റസ്റ്റോറന്റുമൊക്കെയുണ്ട്. അവസാനദിവസത്തെ ഷോപ്പിങ്ങ് അതിലൊരു കടയില്‍ത്തന്നെ കൊണ്ടാടി. ഷോപ്പിലുള്ളവരോട് ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ കുറച്ച് ബുദ്ധിമുട്ടേണ്ടിവന്നു. കയ്യിലുള്ള കറന്‍സിയൊക്കെ തീര്‍ന്നുതുടങ്ങിയതുകൊണ്ട് ഡെബിറ്റ് കാര്‍ഡില്‍ നിന്ന് പൌണ്ടിനെ ഫ്രാങ്കാക്കി മാറ്റിയാണെങ്കിലും, സ്വിസ്സ് വാച്ചുതന്നെ ഒരെണ്ണം ഇതിനിടയില്‍ നല്ലപാതി കൈയ്യിലാക്കി.

മടക്കയാത്രയ്ക്ക് സമയമായിരിക്കുന്നു. 12 മണിക്ക് മുന്‍പ് ഹോട്ടലില്‍തിരിച്ചെത്തി ചെക്കൌട്ട് ചെയ്തില്ലെങ്കില്‍ ഒരു ദിവസത്തേക്ക് കൂടെ മുറിവാടക കൊടുക്കേണ്ടിവരും. കൃത്യസമയത്ത് ചെക്കൌട്ട് ചെയ്ത് ബാഗും പുറത്തുതൂക്കി ബാക്കിയുള്ള അരദിവസംകൂടെ സൂറിക്കില്‍ ചിലവഴിച്ചതിനുശേഷം, യു.കെ.യിലേക്ക് മടങ്ങാനുള്ള വിമാനത്തിന്റെ സമയമാകുമ്പോഴേക്കും ഏയര്‍പ്പോര്‍ട്ടില്‍ എത്താനാണ് ഞങ്ങള്‍ പരിപാടിയിട്ടിരിക്കുന്നത്.

തിരിച്ച് ബസ്സ് സ്റ്റോപ്പിലേക്ക് നടക്കാന്‍ തുടങ്ങിയപ്പോഴേക്കും വെള്ളച്ചാട്ടത്തിനപ്പുറത്തുനിന്ന് സൂര്യന്‍ ‍വെളിയില്‍ തലകാണിച്ചുനില്‍ക്കുന്നുണ്ടായിരുന്നു. ഇങ്ങോട്ട് വന്നപ്പോള്‍ മങ്ങിയ വെളിച്ചത്തില്‍ കണ്ടകാഴ്ച്ചകള്‍ നല്ലവെളിച്ചത്തില്‍ ഒന്നുകൂടെ മനസ്സിലേക്കാവാഹിച്ചതിനുശേഷം ബസ്സ് സ്റ്റോപ്പിനെ ലക്ഷ്യമാക്കി നീങ്ങി. മടക്കയാത്രയ്ക്കുള്ള ബസ്സ് ഏത് വശത്തുനിന്നാണ് കയറേണ്ടതെന്ന് ഒരു സംശയമുണ്ടായിരുന്നു. വഴിയരുകില്‍ കണ്ട ഒരു സ്ത്രീ സഹായിച്ചു. അവര്‍ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട്. ഞങ്ങള്‍ എവിടെനിന്നാ‍ണ് വരുന്നതെന്നും എത്രദിവസം യൂറോപ്പിലുണ്ടാകുമെന്നുമൊക്കെ വളരെ താല്‍പ്പര്യത്തോടെ അവര്‍ ചോദിച്ചുമനസ്സിലാക്കി. യാത്രാമംഗളങ്ങള്‍ നേര്‍ന്ന് പിരിഞ്ഞെങ്കിലും ഞങ്ങള്‍ കയറിയ ബസ്സില്‍ത്തന്നെ അവരും യാത്രചെയ്യുന്നുണ്ടായിരുന്നു.

Schaffhausen റെയില്‍‌വേ സ്റ്റേഷന്‍ എത്തിയപ്പോള്‍ സൂറിക്കിലേക്കുള്ള തീവണ്ടി പോയിക്കഴിഞ്ഞിരുന്നു. അടുത്ത വണ്ടിവരാന്‍ 40 മിനിറ്റെങ്കിലുമെടുക്കും. അത്രയും സമയം സ്റ്റേഷനില്‍ ഇരിക്കുന്നത് ബുദ്ധിശൂന്യതയാണെന്ന് തോന്നിയതുകൊണ്ട് വെളിയില്‍ക്കടന്ന് തെരുവിലൂടെ നടന്നു.

കെട്ടിടങ്ങള്‍ക്ക് പിന്നിലേക്ക് കടന്നപ്പോള്‍ ബേണിലേയും, ലൂസേണിലേയുമെന്നപോലെ അവിടെയും ചില നല്ല ഫൌണ്ടനുകള്‍ കാണാന്‍ സാധിച്ചു.

അതിലൊരു ഫൌണ്ടന്റെ ഭംഗി ആസ്വദിച്ചുനില്‍ക്കുമ്പോള്‍ നല്ലൊരു കാഴ്ച്ച കാണാനായി. തെരുവിലൂടെ കടന്നുപോകുകയായിരുന്ന തദ്ദേശവാസിയായ ഒരാള്‍ പെട്ടെന്ന് ഫൌണ്ടന്റെ പൈപ്പിനടിയില്‍ വന്ന് കൈക്കുമ്പിളില്‍ വെള്ളം നിറച്ചുകുടിച്ച് ദാഹം തീര്‍ത്തു.

ബേണിലും, ലൂസേണിലുമൊക്കെ ഫൌണ്ടനിലൂടെ ഒഴുകിവരുന്ന തെളിഞ്ഞ വെള്ളം കാണാ‍ന്‍ തുടങ്ങിയപ്പോള്‍ മുതല്‍ എന്റെ ഉള്ളില്‍ ഈ വെള്ളം കുടിക്കാന്‍ യോഗ്യമാണോ എന്നൊരു സംശയമുണ്ടായിരുന്നത് ആ കാഴ്ച്ച കണ്ടതോടെ അവസാനിച്ചു.

കുറച്ച് വെള്ളം ആ ഫൌണ്ടനില്‍ നിന്ന് കുടിച്ച് ഞാനാ നാട്ടുകാരനെ അനുകരിച്ചു. ഒരു കുഴപ്പവുമില്ല, നല്ല പനിനീരു പോലത്തെ വെള്ളം, നല്ല തണുപ്പുമുണ്ട്.

തീവണ്ടിവരാന്‍ സമയമാ‍കുന്നു. സ്റ്റേഷനിലേക്ക് തിരിച്ചുചെന്ന് 11:09 ന്റെ വണ്ടിയില്‍ക്കയറി സൂറിക്കിലേക്ക് മടക്കയാത്ര ആരംഭിച്ചു. സ്റ്റേഷനില്‍ നിന്ന് നീങ്ങുന്ന വണ്ടിയില്‍ നിന്ന് മരങ്ങള്‍ക്കിടയിലൂടെ നോക്കിയാല്‍ റൈന്‍ ഫാള്‍സ് കാണാന്‍ സാധിക്കുന്നുണ്ട്.

ഇടയ്ക്കുള്ള ഒരു സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ തീവണ്ടിയില്‍ നിന്ന് ഒരു വീല്‍ ചെയര്‍ പ്ലാറ്റ്ഫോമിലേക്ക് ഇറക്കുന്നത് ഇമവെട്ടാതെ നോക്കിനിന്നു. ടിക്കറ്റ് എക്സാമിനര്‍ തന്നെയാണ് ആ ജോലിയും ചെയ്യുന്നത്. ഹൈഡ്രോളിക്‍ ഉപകരണത്തിന്റെ സഹായത്തോടെ വളരെ ശ്രദ്ധിച്ച് തിരക്കൊന്നും കൂട്ടാതെയാണ് ആ ജോലി ചെയ്യപ്പെടുന്നത്. വീല്‍ ചെയറില്‍ ഇരിക്കുന്ന ആള്‍, അങ്ങിനെ ഇരിക്കാനിടയാക്കിയ സാഹചര്യവും, ഓരോ ജീവനും വിലപ്പെട്ടതാണെന്നുള്ള വലിയ സത്യവുമൊക്കെ മനസ്സിലാക്കിത്തന്നെയാണ് അവര്‍ ആ ജോലി ചെയ്യുന്നതെന്ന് തിരിച്ചറിയാന്‍ ഒരു ബുദ്ധിമുട്ടുമില്ല.

തീവണ്ടി സൂറിക്കിലെത്താനായപ്പോളാണ് ടിക്കറ്റ് എക്സാമിനര്‍ സ്വിസ്സ് പാസ്സ് പരിശോധിക്കാനായി കമ്പാര്‍ട്ടുമെന്റിലേക്ക് കടന്നുവന്നത്. പാസ്സ് തിരിച്ചുതന്നതിനുശേഷം അദ്ദേഹം ‘ധന്യവാദ് ’എന്ന് ഹിന്ദിയില്‍ പറഞ്ഞതുകേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി. ഞങ്ങള്‍ ഇന്ത്യാക്കാരാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരിക്കുന്നു. ഒരു പ്രത്യേകരാജ്യത്തുനിന്ന് വന്നവരോട് അവരുടെ ഭാഷയില്‍ത്തന്നെ എന്തെങ്കിലുമൊക്കെ പറഞ്ഞ് അവരെ സന്തോഷിപ്പിക്കുക എന്നത് ഈ രാജ്യത്തെ ടൂറിസം വികസിപ്പിക്കുന്നതിനായി അവര്‍ കൈക്കൊണ്ടിരിക്കുന്ന മാര്‍ഗ്ഗമോ മറ്റോ ആണോ ? അതോ രസികനായ ടിക്കറ്റ് എക്സാമിനര്‍ അദ്ദേഹത്തിന്റെ സ്വന്തം നിലയില്‍ ഞങ്ങളെ സന്തോഷിപ്പിക്കാനായി അങ്ങനെ പറഞ്ഞതാണോ ?

അതെന്തായാലും ശരി, ഞങ്ങളല്ലേ നിങ്ങള്‍ സ്വിസ്സര്‍ലാന്‍ഡുകാരോട് നന്ദി പറയേണ്ടത് ?! ഇത്രയും മനോഹരമായ കാഴ്ച്ചകള്‍ സമ്മാനിച്ചതിന് ? യാതൊരു വിഘ്നവുമില്ലാതെ, യാതൊരുവിധ മോശം അനുഭവങ്ങളുമില്ലാതെ ഈ നാലുദിവസവും നിങ്ങളുടെ ഈ മനോഹരമായ രാജ്യത്തില്‍ ഞങ്ങള്‍ക്ക് ആതിഥ്യമരുളിയതിന് !

അറിയാവുന്ന ഭാഷകളിലൊക്കെ മനസ്സുകൊണ്ട് നിങ്ങളോരോരുത്തരോടും ഞങ്ങളിതാ നന്ദി പറയുന്നു.
നന്ദി, ശുക്രിയാ, ധന്യവാദ്, ശുക്രന്‍, തേരി മക്കാസി, താങ്ക് യൂ , മേഴ്‌സി.

——–തുടരും——–

എട്ടാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

Comments

comments

38 thoughts on “ സ്വിസ്സര്‍ലാന്‍ഡ് (7) – റൈന്‍ ഫാള്‍സ്

  1. ഠേ……………….

    സത്യം പറയൂ, ചിത്രങ്ങളെടുക്കാന്‍ സമയം ചിലവാക്കാറില്ല എന്നു നിങ്ങള്‍ നുണപറയുന്നതല്ലേ??

  2. വെള്ളച്ചാട്ടത്തിന്റെ ഉയരം ചിത്രത്തില്‍ കണ്ടപ്പോള്‍ യ്യേ..ഇത്രേയൊള്ളോ ഈ റൈന്‍ ഫാള്‍സ് എന്ന് തോന്നി. 75 അടി എന്ന് എഴുതിവച്ചിരിക്കുന്നതു കണ്ടപ്പോഴെ മുകളിലുള്ള പടത്തില്‍ പള്ളിയുമായിട്ടൊക്കെ ഒന്നു കമ്പെയര്‍ ചെയ്തുള്ളൂ :)

  3. അങ്ങനെ നിരൻ വാക്കുപാലിച്ചു. തേങ്ങ്യൂ..

    “പാസ്സ് തിരിച്ചുതന്നതിനുശേഷം അദ്ദേഹം ‘ധന്യവാദ് ’എന്ന് ഹിന്ദിയില്‍ പറഞ്ഞതുകേട്ടപ്പോള്‍..”

    അതോ ഇനി ‘ധന്യവാദ്‘ എന്നുള്ളത് സ്വിസ്സ് ഭാഷയിൽ വല്ല തെറിയുമായിരുന്നോ?? :)

  4. നിരക്ഷരാ, യാത്രയുടെ ഏഴാം ഭാഗത്താണല്ലോ ഞാന്‍ എത്തിയത്. ഇനിയിപ്പോള്‍ എന്റെ യാത്ര പുറകോട്ടാവാം അല്ലേ?

  5. ഇങ്ങേരുടെ കാലു തല്ലിയൊടിച്ച്‌ ഒരു മൂലയ്ക്കിരുത്താന്‍ ഇവിടാരുമില്ലേ? മനുഷ്യനെ അസൂയപ്പെടുത്താനായിട്ട്‌ ഓരോ പോസ്റ്റുമായി എറങ്ങിക്കോളും..

  6. ഈ പോസ്റ്റുകളിലുടെ, സിറ്റ്സ്വര്‍ലാണ്ട് കണ്ട്, കറങ്ങി നടന്ന ഒരു പ്രതീതി. ഇത്രയും ദീര്‍ഘമായ ഒരു യാത്ര വിവരണത്തിന് നന്ദി നിരു മാഷേ.

    (4 ദിവസത്തെ യാത്രാക്ഷീണം .. ഇനി വിശ്രമിക്കട്ടെ !! :) )

  7. നിരക്ഷര്‍ ജി ,
    നന്ദി, ശുക്രിയാ, ധന്യവാദ്, ശുക്രന്‍, താങ്ക് യൂ , മേഴ്‌സി… ഈ വിവരണത്തിന് മാത്രം ഇത്രേം.
    ഇനി ആ മനോഹരമായ ഫോട്ടോകള്ക്ക് വേറൊരു സെറ്റ് :)

    എന്നെങ്കിലും സ്വിസ്സര്‍ലാന്‍ഡ് പോയ് കാണണം എന്ന ആഗ്രഹത്തിനെ ഒന്ന് കൂടി പുതുക്കി തേച്ചു മിനുക്കി വച്ചിരിക്കുന്നു :)

  8. കൊതിപ്പിക്കാനായി തുടങ്ങിയ ബ്ലോഗ്‌ അല്ലേ…
    പ്രത്യേകിച്ചും യാത്രഭ്രാന്തുള്ള എന്നെപ്പോലുള്ളവരെ..
    കാശിക്ക്‌ പോവേം വേണം..
    അലക്കൊഴിഞ്ഞിട്ട്‌ നേരോല്യ എന്നുപറഞ്ഞപോലാ
    ഇവിടെ ഓരോരുത്തര്‌..
    വായിച്ചാല്‍ രസംമാറാതെ മുഴുവനിരുത്തി
    വായിപ്പിക്കുന്ന രീതീല്‌ എഴുതാന്‍ വേറെ ചെലോര്‌..
    ഏതായാലും കലക്കി..
    രുചിയും മണവും സ്വാദും ആവോളമുണ്ട്‌
    ഈ യാത്രാ സദ്യയില്‍!

  9. വായിക്കുന്നുണ്ട് മാഷെ…..

    യാത്രകള്‍ തുടരൂ….ആ വിശേഷങ്ങള്‍ വായിച്ചെങ്കിലും സമാധാനപ്പെടാമല്ലോ…

  10. മനോജേ,
    ടിക്കറ്റൊന്നുമില്ലാതെ ഞാനും. ചിലരൊക്കെ പറഞ്ഞതു പോലെ തോന്നിയ യാത്ര(ഇനി ഇതൊക്കെ എവിടേ) ഞാനും ആസ്വദിച്ചു.

    അറിയാവുന്ന ഭാഷകളിലൊക്കെ മനസ്സുകൊണ്ട് ഞാനും താങ്കള്‍ക്ക് നന്ദി പറയുന്നു.
    ഇനിയും ഈ സപര്യ തുടരൂ. നിശബ്ദരായി ആസ്വദിച്ച് അനുഭവിക്കുന്ന എന്നെപ്പോലുള്ളവര്‍ ഒരുപാടുണ്ട്.
    അപ്പോള്‍ ഹാപ്പി ഹോളി.
    ഇന്ന് ഹോളിയാണു്. ഹഹഹ അതേ..
    ചിയേര്‍സ്.:)

  11. ഞാനും എത്തി കേട്ടോ..
    മനോഹരമായ യാത്രാ വിവരണം ഇനി സ്വിസ്സര്‍‌ലാന്‍ഡ് പോകണ്ടാ അതു പോലെ മനസ്സില്‍ പതിഞ്ഞു. ചിത്രത്തിനും വിവരണത്തിനും നല്ല തെളിമ!
    യാത്രകള്‍ സുരക്ഷിതമായി തുടരൂ
    ഈശ്വരന്‍ അനുഗ്രഹിക്കട്ടെ……..

  12. നിരക്ഷരേട്ടാ,
    ഇത്രയും മനോഹരങ്ങളായ യത്രാവിവരണം നല്കുന്ന താങ്കളോടും എനിക്കു പറയനുള്ളതും ടിക്കറ്റ് എക്സാമിനര്‍ പറഞ്ഞതു തന്നെയാണു ‘ധന്യവാദ് ’ …

  13. വീണ്ടും വളരെ നല്ല ഒരു യാത്രാവിവരണം. വളരെ നന്ദി. ഫോട്ടോകള്‍ താങ്കളുടെ പഴയ പോസ്റ്റുകളിലെ പോലെ അത്ര മികച്ചതായി തോന്നിയില്ല. ക്യാമറയുടെ വ്യത്യാസമോ എന്റെ കണ്ണിന്റെ കാഴ്ച്ചയുടെ വ്യത്യാസമോ? (ഒരുപക്ഷെ പലപല ബ്ലോഗുകള്‍ വായിച്ചു വായിച്ചു കണ്ണ് അടിച്ചുപോയിക്കൊണ്ടിരിക്കുന്നതാവാനും സാധ്യത ഉണ്ട്.. ;))

  14. ചങ്കരന്‍ – തേങ്ങയ്ക്ക് നന്ദി. ചില അവസരങ്ങളില്‍, ചില യാത്രകളില്‍ ചിത്രങ്ങള്‍ക്ക് വേണ്ടി സമയം മിനക്കെടുത്താറുണ്ട്. ട്രൈപ്പോടൊക്കെ വെച്ച് എടുത്ത പടങ്ങള്‍ക്ക് സമയം മിനക്കെടുത്തിയിട്ടില്ല്ല എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നുണ തന്നെ… :)

    ഗുപ്തന്‍ – പോസ്റ്റിനെ സോറി വെള്ളച്ചാട്ടത്തിനെ അളന്നൊക്കെ നോക്കിയല്ലേ ? നന്ദി മാഷേ.. :)

    പൊറാടത്ത് – ഞാന്‍ എന്ത് വാക്ക് പാലിച്ചെന്നാ ? എനിക്ക് മനസ്സിലായില്ല പൊറൂ !

    റീനി – യാത്രകള്‍ക്ക് ഡയറക്ഷനൊന്നും ബാധകമല്ല. പുറകോട്ടാകാം, മുന്‍പോട്ടാകാം, മുകളിലേക്കോ താഴേക്കോ ആകാം. നന്ദിട്ടോ :)

    പാമരന്‍ – ദുഷ്ടാ, വാന്‍‌കൂവര്‍ കൂടെ ഒന്ന് കണ്ടിട്ട് മതി എന്റെ കാല് തല്ലിയൊടിക്കാന്‍ കൊട്ടേഷന്‍ കൊടുക്കുന്നത് :)

    നിലാവേ – വിശ്രമിക്കാന്‍ വരട്ടെ. ഒരു ഭാഗം കൂടെ ബാക്കിയുണ്ട് സ്വിസ്സ് യാത്രയുടെ. തുടരും എന്ന് എഴുതിയത് കണ്ടില്ലേ ?

    ആഷ്‌ലീ – നന്ദി :)

    പ്രിയാ – പോകണം, ജീവിതത്തിലൊരിക്കലെങ്കിലും. ദുബായീന്നൊക്കെ പോകാന്‍ എളുപ്പമാ. നാട്ടിലേക്ക് വന്നാല്‍പ്പിന്നെ എല്ലാം വലിയ ചടങ്ങായിമാറും. നന്ദീട്ടോ :)

    രജനീഗന്ധി :- ഈ വഴി ആദ്യായിട്ടാണല്ലേ ? നന്ദീട്ടോ ? യാത്രാഭ്രാന്തുള്ള ഒരാളെക്കൂടെ കണ്ടതില്‍ സന്തോഷം. നന്ദി :)

    ചാണക്യന്‍ – നന്ദി മാഷേ:)

    വേണുജീ – നിശബ്ദമായിട്ടാണെങ്കിലും വായിക്കുന്നുണ്ടെന്നറിയാം. അതിന് പ്രത്യേകം നന്ദിയുണ്ട്.ഹാപ്പി ഹോളി. ഹോളിദിനത്തില്‍ വടക്കേ ഇന്ത്യയില്‍ ‍ഞാനുണ്ടായിരുന്നു. മുംബൈയില്‍. പക്ഷെ ഓഫ്‌ഷോറിലായതുകൊണ്ട് നിറങ്ങള്‍ പൂശി ആഘോഷിക്കാന്‍ പറ്റിയില്ല.

    മണികണ്ഠന്‍ – മണീ നന്ദി. എന്നാണ് ആ വലിയ യാത്ര തുടങ്ങുന്നത് ? അതോ തുടങ്ങിക്കഴിഞ്ഞോ ? തീയതി ഞാന്‍ മറന്നു. 29ന് ഞാന്‍ നാട്ടിലെത്തുന്നുണ്ട്. അപ്പോള്‍ കാണാന്‍ ശ്രമിക്കാം.

    ശ്രീവല്ലഭന്‍ – നന്ദി മാഷേ. മാഷ് അവിടെ പോയി വന്നിട്ട് കൂടുതല്‍ വിവരങ്ങള്‍ എഴുതി ഇടുമല്ലോ ? അടുത്ത സമ്മറില്‍ ഉണ്ടാകുമല്ലോ യാത്ര അല്ലേ ?

    മാണിക്യേച്ചീ – അങ്ങനെ പറഞ്ഞ് രക്ഷപ്പെടേണ്ട. ഒരിക്കല്‍ പോകണം അവിടെ കേട്ടോ ?

    ബിന്ദു ഉണ്ണി – ആ കമന്റിന് വലിയ ഒരു കൈയ്യടിയുണ്ട്. ഞങ്ങളുടെ മനസ്സാണ് ബിന്ദു ആ പറഞ്ഞത്. നാലാം ദിവസം ഉച്ച കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ക്ക് വലിയ വിഷമമായിരുന്നു. നന്ദി മാഷേ :)

    അനീഷ് – നന്ദി, മേഴ്സി :)

    ഇടശ്ശേരി – കമന്റ് ഞാന്‍ മെയിലില്‍ കണ്ടിരുന്നു. പക്ഷെ എന്തിനാണ് ഇവിടന്ന് അത് ഡിലീറ്റിയത് എന്ന് മനസ്സിലായില്ല്ല.ഞാന്‍ എന്തെങ്കിലും തെറ്റായ പ്രവര്‍ത്തി ചെയ്തതുകൊണ്ടാണ് കമന്റ് ഡിലീറ്റിയതെങ്കില്‍ ക്ഷമ ചോദിക്കുന്നു.

    ബിന്ദു കെ.പി – വൈകിയാണെങ്കിലും വന്നല്ലോ ? അതുമതി. നന്ദി :)

    മൂലന്‍ – താങ്കള്‍ പറഞ്ഞത് സത്യമാണ്. ഈ പോസ്റ്റിലെ പല ചിത്രങ്ങള്‍ക്കും ഭംഗി പോര. പ്രത്യേകിച്ചും വെള്ളച്ചാട്ടത്തിന്റെ പടങ്ങള്‍ക്ക്. വെളിച്ചത്തിന് എതിരെ നിന്ന് എടുത്തതുകൊണ്ട് ആ ചിത്രങ്ങള്‍ക്ക് അങ്ങനെ ഒരു പോരായ്മ ഉണ്ടായിട്ടുണ്ട്. പിന്നെ ഈ യാത്രയിലെ പല ചിത്രങ്ങളും എന്റേയും നല്ലപാതിയുടേയും ക്യാമറയില്‍ നിന്നുള്ളതാണ്. ചില നല്ല ചിത്രങ്ങള്‍ക്ക് നല്ലപാതിയോടാണ് കടപ്പാട്.

    തെന്നാലിരാമന്‍ – വൈകിയാണെങ്കിലും വന്നല്ലോ ? നന്ദി മാഷേ.

    ഈ റൈന്‍ നന്ദിയുടെ മറുകരയിലുള്ള ജര്‍മ്മനിയില്‍ നിന്നാണ്, കുറുമാന്‍ സ്വിസ്സര്‍ലാന്‍ഡിലെത്താ‍ന്‍ വെള്ളത്തിലേക്കെടുത്ത് ചാടിയത്. എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ വായിക്കാത്ത ബൂലോകരുണ്ടാകില്ല്ലല്ലോ ? ആ നദിക്കരയിലേക്ക് വെള്ളച്ചാട്ടത്തിലേക്ക് യാത്രവന്ന എല്ലാവര്‍ക്കും നന്ദി.

  15. കപി ഉദ്ദേശിച്ചത് :) :) പടങ്ങള്‍ ബഹുകേമം എന്നു മാത്രമായിരുന്നു :)
    രഹസ്യങ്ങള്‍ ഒക്കെ ഇങ്ങനെ പോരട്ടെ!!!

  16. ദീപക് രാജ്ന്‍റെ പോസ്റ്റില്‍ നിരുജിയുടെ കമന്റ് വിശേഷത്തിന്റെ ‘കമന്‍റ്’ കണ്ടിരുന്നു.അത്,കണ്ടതുകൊണ്ടു…ഇവിടെ കമന്‍റ് ഇടണോ എന്ന് ഒരു നിമിഷം ചിന്തിച്ചു.
    എന്നാലും, സ്വിസ്സര്‍ലാന്‍ഡ് (7) – റൈന്‍ ഫാള്‍സ്” വായിച്ച് ഇഷ്ടപ്പെട്ട എനിക്ക് കമന്‍റ് ഇടാതെ പോകാന്‍ കഴിയുന്നില്ല നിരൂ..
    സ്ഥലത്തില്ലായിരുന്നത് കൊണ്ട്,എനിക്ക് ഇതെല്ലാം വായിക്കാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല.എല്ലാം ഒറ്റയടിയ്ക്ക് വായിക്കാന്‍ കഴിഞ്ഞു.മനസ്സില്‍ തട്ടി പറയട്ടെ..ഓര്‍ത്തിരിക്കും,ഈ യാത്ര..വരികളിലൂടെ,ചിത്രങ്ങളിലൂടെ…അത്തരമൊരു അനുഭവം പ്രദാനം ചെയ്യാന്‍ കഴിഞ്ഞത് നിരക്ഷരന്‍ ചേട്ടന്‍റെ കഴിവ്.നന്ദി,ഈ അനുഭവങ്ങള്‍ക്ക്..
    ബ്ലോഗിങ്ങ് ഒരു ‘നേരം കൊല്ലി’ എന്ന ഭാഷ്യമായിരുന്നു,ആദര്‍ശിന്…നിരക്ഷരന്‍ ജി അത് മാറ്റിയെടുത്തു.അതിനു ഒരു സ്പെഷ്യല്‍ താന്ക്സ്.
    ഇനിയും മുന്നേറൂ……ഒരുപാട് യാത്രകളുമായി…

  17. ഒന്ന് പറയാന്‍ വിട്ടു..ആ മണവാട്ടി പാറ,മണവാളന്‍ പാറ…ഇടുക്കിയിലെ കുറവന്‍ മല-കുറത്തി മലയെ ഓര്‍മ്മിപ്പിച്ചു.

  18. സ്മിതാ ആദര്‍ശ് – ദീപക്ക് രാജിന്റെ പോസ്റ്റിലെ എന്റെ കമന്റ് ഒരു മനസ്സുതുറക്കലായിരുന്നു. ശരിക്കും പറഞ്ഞാല്‍ അതൊരു ഓഫ് ടോ‍പ്പിക്ക് കമന്റാണ്. അത് ദീപക്കിന് മാത്രമല്ല മറ്റ് പലര്‍ക്കും വിഷമമുണ്ടാക്കിയിരിക്കാനും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിരിക്കാനും സാദ്ധ്യതയുണ്ടെന്ന് ഇപ്പോള്‍ തോന്നുന്നു.പക്ഷെ അതില്‍ പറഞ്ഞതില്ലൊന്നും മാറ്റമില്ല,ഖേദവുമില്ല. കാരണം, ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങളും, എന്റെ കാഴ്ച്ചപ്പാടുകളുമാണതിലുള്ളത്, തെറ്റാണെങ്കിലും ശരിയാണെങ്കിലും.

    ആ കമന്റില്‍ ഞാന്‍ പറഞ്ഞ പല കാര്യങ്ങളും ഒത്തുവരുന്ന ഒരു കമന്റാണ് സ്മിതയുടേത്. നമ്പര്‍ എടുത്ത് പറഞ്ഞാല്‍… 1ഉം,4ന്റെ അവസാനഭാഗവും.

    എന്റെ യാത്രാവിവരണങ്ങള്‍ വായിക്കാന്‍ ഇപ്പോള്‍ ആദര്‍ശും കൂടെയിരിക്കാറുണ്ടെന്ന് പറഞ്ഞത്…., ബ്ലോഗിങ്ങ് ഒരു നേരം കൊല്ലി ഏര്‍പ്പാടാണെന്ന് പറഞ്ഞിരുന്ന ഒരാളെക്കൊണ്ട് അതങ്ങിനെ മാത്രമല്ല എന്ന് പറയിപ്പിക്കാന്‍ ഈ നിരക്ഷരന്റെ ബ്ലോഗിനായിട്ടുണ്ടെങ്കില്‍…, അതില്‍പ്പരം മറ്റെന്ത് അവാര്‍ഡാണ് ഇനി വേണ്ടത് ?! എനിക്കിനി ഊറ്റം കൊള്ളാമല്ലോ, അഹങ്കരിക്കാമല്ലോ ? എല്ലാം കൊണ്ടും നെഞ്ചോട് ചേര്‍ക്കുന്നു ഈ കമന്റിനെ, ഈ പ്രോത്സാഹനത്തിനെ. ആദര്‍ശിന് എന്റെ വക ഒരു ‘ജയ് ഹോ’ :) നന്ദി സ്മിതാ.

    ചങ്കരന്‍ – നന്നായി എന്നാണ് ഉദ്ദേശിച്ചത് മനസ്സിലായി ചങ്കരാ :)നന്ദി.

    പക്ഷെ മൊത്തത്തില്‍ സ്വിസ്സ് പടങ്ങള്‍ നന്നായിട്ടില്ല എന്നാണ് എന്റേയും നല്ലപാതിയുടേയും വിലയിരുത്തല്‍. അത് ശരിതന്നെയാണ്. നേരില്‍ അവിടെ കാണുന്നതീന്റെ 10ല്‍ ഒന്ന് പോലും സൌന്ദര്യം ക്യാമറയില്‍ പകര്‍ത്താനായിട്ടില്ല.പല പടങ്ങളും ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയുടെ നീക്കാനാവാത്ത ചില്ലിനിപ്പുറത്തുനിന്ന് എടുത്തതാണ്. പിന്നെ,ഈയടുത്തകാലത്ത് ക്യാമറയുടെ ലെന്‍സ് പുതുക്കിയതില്‍പ്പിന്നെ പടങ്ങള്‍ക്ക് മിഴിവ് കുറഞ്ഞിട്ടില്ലേ എന്ന് ഞങ്ങള്‍ക്കും സംശയമുണ്ട്.

    എനിക്ക് മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. ചങ്കരന്‍ അല്ലെങ്കില്‍ ചാണക്യന്‍, നിങ്ങളില്‍ രണ്ടുപേരില്‍ ഒരാള്‍ എന്റെ മിക്കവാറും പോസ്റ്റുകളില്‍ ഒന്നാമതായിട്ടെത്തി കൃത്യമായി കമന്റടിച്ചിരിക്കും. ഇതെങ്ങിനെ സാധിക്കുന്നു ?
    ഒന്നു പറഞ്ഞു താ :) വിശാലമനസ്ക്കന്റെ അടുത്ത പോസ്റ്റിന് ആദ്യം പോയി കമന്റടിക്കാനാ… :)

  19. ഹയ്യോ
    എന്‍റെ വക നന്ദി ധന്യവാദ് ശുക്രിയാ
    എല്ലാം നിരക്ഷരന്
    ഫോട്ടോ എല്ലാം ഞങ്ങളെ ഇങ്ങനെ കാണിച്ചു തരുന്നതിനു ]
    ഇനി എപ്പോളാ അടുത്തത്
    കാത്തിരിക്കുന്നു
    എല്ലാം വായിച്ചു തീര്‍ത്തു

  20. നീരു,
    ചിലരുടെ പോസ്റ്റുകള്‍ക്ക് വേണ്ടി ഞാന്‍ കാത്തിരിക്കാറുണ്ട്…
    അതിലൊന്നാണ് നീരൂന്റെ യാത്രാ വിവരണങ്ങള്‍….
    വായിക്കുക, വീണ്ടും വായിക്കുക, പിന്നേം വായിക്കുക അതൊരു സുഖമുള്ള ഏര്‍പ്പാടാണ്, പ്രത്യേകിച്ചും യാത്രാവിവരണങ്ങള്‍…..
    അങ്ങനെ കണ്ണും കാതുകൂര്‍പ്പിച്ചിരിക്കുമ്പോള്‍ നീരുവിന്റെ പോസ്റ്റ് കണ്ടെത്താന്‍ എന്ത് പ്രയാസം….
    പലപ്പോഴും തേങ്ങ്യാ അടിക്കാന്‍ കഴിയുന്നത് അതിനാലാണ്…..:):):)

  21. ഞാന്‍ ഫീഡ് എടുത്തിട്ടുണ്ട്, പിന്നെ മിക്കവാറും എന്റെ വൈകുന്നേരങ്ങളിലാണ്‌ നിരക്ഷരന്റെ പോസുറ്റുകള്‍ വരാറ്, അപ്പം നമ്മള്‍ തനിമലയാളത്തില്‍ നിന്നു ചൂടോടെ പിടിക്കും :)

  22. വായനയൊക്കെ മുടങ്ങിപ്പോയി.
    വീണ്ടും തുടങ്ങി.
    ഇനി പിറകോട്ടു പോകുവാ.
    നല്ല ചിത്രങ്ങള്‍.

  23. പിരിക്കുട്ടീ – നന്ദി. സ്വിസ്സ് യാത്രയുടെ അടുത്തതും അവസാനത്തേതുമായ ഭാഗം തിങ്കളാഴ്ച്ച പോസ്റ്റുവാന്‍ വേണ്ടി എഴുതിക്കൊണ്ടിരിക്കുകയാ :)

    ചാണക്യന്‍ – ചാണൂ‍..വായിക്കുക, പിന്നേം വായിക്കുക, പുതിയ പോസ്റ്റ് വരാന്‍ വേണ്ടി കാത്തിരിക്കുക എന്നൊക്കെപ്പറയുന്നത്ത് വലിയൊരു അംഗീകാരമാണ് കേട്ടോ ? നന്ദി.

    ചങ്കരന്‍ – ചങ്കൂ…അപ്പോ അതാണ് നിങ്ങള്‍ രണ്ടാളുടേയും ടെക്‍നിക്ക് അല്ലേ ? പക്ഷെ ഈ പരിപാടി വിശാലമനസ്ക്കന്റെ ബ്ലോഗില്‍ ഇറക്കി അവിടെ തേങ്ങാ അടിക്കാമെന്ന് നമ്മളാരും കരുതണ്ട. അവിടെ ഇതുപോലെ കാത്തിരിക്കുന്ന 100 കണക്കിന് വായനക്കാരുണ്ടാകും. അടുത്ത ഭാഗം 16 തിങ്കളാഴ്ച്ച പോസ്റ്റുവാന്‍ ശ്രമിക്കുകയാണ്. നിങ്ങളില്‍ ആരാണ് ആദ്യം വരുന്നതെന്ന് നോക്കാമല്ലോ ? ഇപ്രാവശ്യം മറ്റാരെങ്കിലും കയറി ഗോളടിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.

    ലതി – ലതികച്ചേച്ചീ…തിരക്കൊക്കെ കഴിഞ്ഞിട്ട് പതുക്കെ വായിച്ചാല്‍ മതി. നന്ദി :)

    മുരളിക – മുരളീ…കുറെയായല്ലോ കണ്ടിട്ട് ? സുഖം തന്നെയല്ലേ ? അടുത്തപ്രാവശ്യം എറണാകുളത്ത് വരുമ്പോള്‍ കാണാന്‍ ശ്രമിക്കാം കേട്ടോ ? നന്ദി :)

    ഹരിശ്രീ – നന്ദി മാഷേ :)

    സ്വിസ്സ് യാത്ര അവസാനിക്കുവാന്‍ പോകുകയാണ്. അവസാനഭാഗം നാളെ പുറത്തിറങ്ങിയെന്ന് വരും. യാത്ര തീര്‍ന്നാല്‍ ഉടനെ ഒരു പാട്ടപ്പിരിവുണ്ടായിരിക്കുന്നതാണ്. യാത്രക്കാര്‍ എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു :) എല്ലാവരും പെരുത്ത് നന്ദി.

  24. ഹഹഹ നിരക്ഷര്‍ജി, ന്നിട്ട് പിരിവു തരുന്നവരിന്ന് നറക്കിട്ട് ഒരാള്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡിലേക്ക് ഒരു ട്രിപ്പ്?

  25. “തിങ്കളാഴ്ച്ച പോസ്റ്റുവാന്‍ വേണ്ടി …”

    ഈ തിങ്കളാഴ്ചേടെ കാര്യം തന്ന്യാ ഞാൻ പറഞ്ഞേ നിരൻ..(വാക്ക് പാലിച്ചൂന്ന്)

    നാളെ വീണ്ടും നാ‍ട്ടിലേയ്ക്ക്. അവസാനഭാഗം വായിയ്ക്കാൻ വൈകും എന്നർത്ഥം. ആശംസകൾ…

  26. നിരക്ഷരാ…ഞാനും കാര്യമായിതന്നെ എടുത്തു ട്ടോ..ഞാന്‍ ഏപ്രില്‍ അവസാനം വരെ വയനാട്ടില്‍ ഉണ്ടാകും, അതിനുള്ളില്‍ എപ്പോഴാണേലൂം അറിയിക്കൂ..നമ്മുക്ക് നടന്ന് നടന്ന് കാണാം…ഒരു പ്രയാസവും ഇല്ല്യ, അടുത്ത 10 ദിവസം ഞാന്‍ ഫ്രീ അല്ലാട്ടോ..ചിക്കന്‍ പോക്സ് പിടികൂടിയിരിക്കാ..നേരത്തെ വരുന്ന വിവരം അറിയിച്ചാല്‍ പണിയരുടെ വല്ല പരിപാടികള്‍(ചടങ്ങുകള്‍) നടക്കുന്നുണ്ടോ എന്നു കൂടി അന്വേഷിച്ച് വെക്കാം..എന്താ അപ്പോള്‍ പുറപ്പെടല്ലേ….

  27. ഇന്നലെ തിരിച്ചെത്തിയാതെ ഉള്ളൂ സ്വിറ്റ്സര്‍ലന്‍ഡ് ഇല്‍ നിന്നും.. ആ മായിക ലോകത്തെ കാഴ്ചകള്‍ ഒന്ന് കുറിച്ചിടാം എന്ന് കരുതിയാണ് ബ്ലോഗ്‌ തുടങ്ങിയത്.. അങ്ങനെ മറ്റു കുറിപ്പുകളില്‍ കണ്ണോടിച്ചപ്പോള്‍ അതാ കിടക്കുന്നു താങ്കളുടെ ഘടാഘടിയന്മാരായ സ്വിസ് വിവരണങ്ങള്‍. അതിലുപരി ഞാന്‍ എന്തെഴുതാനാണ് ? എന്നാലും ഒന്ന് ശ്രമിക്കുന്നു .സമയം ഉണ്ടെങ്കില്‍ വായിച്ചു അഭിപ്രായം പറയുക.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>