സുഹൃത്തുക്കളേ….
ആം ആദ്‌മി പാർട്ടി സംബന്ധമായി സ്വന്തം പോസ്റ്റുകളിലും മറ്റുള്ളവരുടെ പോസ്റ്റുകളിലും ഞാനെടുത്ത നിലപാടുകൾ കണ്ട് ഒരുപാട് പേർ തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ആ തെറ്റിദ്ധാരണ ഒഴിവാക്കാൻ വേണ്ടിയാണ് ഈ പോസ്റ്റ്.
“ ആം ആദ്‌മിക്കാരൻ ആണല്ലേ ? “
“ നമുക്കും ആം ആദ്‌മിയിൽ ചേരണ്ടേ ചേട്ടാ ? “
“ നിരക്ഷരൻ ഇതുവരെ ആം ആദ്‌മിയിൽ ചേർന്നില്ലേ ? “……
എന്നൊക്കെ ചോദിക്കുകയും ആം ആദ്‌മി വക്താവ് എന്നു വരെ എന്നെ വിലയിരുത്തുകയും ചെയ്തവരോട് നിലപാട് അറിയിക്കാൻ ആഗ്രഹിക്കുന്നു.
ഞാൻ ആം ആദ്‌മി പാർട്ടി അംഗം അല്ല. ജീവിതത്തിൽ ഇതുവരെ ഒരു പാർട്ടിയിലും അംഗത്വം എടുത്തിട്ടില്ല. ഒരിക്കലും ഒരു പാർട്ടിയിലും അംഗത്വം എടുക്കാതെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. അതിന് രണ്ട് കാരണങ്ങളുണ്ട്.
1. ഒരു പാർട്ടിക്കാർക്കും എന്നെ ഉൾക്കൊള്ളാനോ സഹിക്കാനോ ആവില്ല. (എന്തുചെയ്യാം, അത്തരത്തിലുള്ള ഒരു വിചിത്രജന്മമായിപ്പോയി.) ഏതെങ്കിലും ഒരു പാർട്ടിയിൽ കേറിച്ചെന്ന അടുത്ത നിമിഷം തന്നെ എന്റെ നിലപാടുകൾ അവരെ എന്റെ ശത്രുവാക്കാനുള്ള സാദ്ധ്യതയാണ് കൂടുതൽ. സ്വന്തം പാർട്ടിയിലുള്ള ഒരുവൻ അഴിമതിയോ തോന്ന്യവാസമോ ചെയ്താൻ അനുകൂലിക്കാനോ മറച്ചുപിടിക്കാനോ എനിക്കാവില്ല. ഉറക്കെ വിളിച്ച് പറയും. അങ്ങനെയുള്ളവർക്ക് ഒരു പാർട്ടിയിൽ നിലനിൽപ്പില്ലല്ലോ ? ഇതൊക്കെ എനിക്ക് തന്നെ നല്ല ബോദ്ധ്യമുള്ളതുകൊണ്ട് ഒരു പാർട്ടിയിലും ചേരാതെ നിൽക്കാനും അതേ സമയം നല്ല കാര്യങ്ങൾ ഏത് പാർട്ടി ചെയ്യുമ്പോളും അവരുമായി സഹകരിക്കാനും (അവർക്ക് വേണമെങ്കിൽ) ഒരു മടിയുമില്ല.
2. ജനനന്മയ്ക്കും സമൂഹനന്മയ്ക്കും രാഷ്ട്രത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ കാര്യം വരുമ്പോൾ എന്റെ നാട്ടുകാരനായ സർവ്വോദയം കുര്യൻ എന്ന മനുഷ്യസ്നേഹിയുടെ നിലപാടുകളോടാണ് എനിക്ക് താൽപ്പര്യം. നാടിനെ സേവിക്കാൻ സംഘടിക്കണമെന്നോ അധികാരസ്ഥാനങ്ങൾ വേണമെന്നോ ഒരു നിർബന്ധവും അദ്ദേഹം വെച്ച് പുലർത്തിയിരുന്നില്ല. ഒറ്റയാനായിട്ടാണ് അദ്ദേഹം പടനയിച്ചിട്ടുള്ളത്. ഒരു തെരുവ് വൃത്തിയാക്കിയോ ഒരു ഓട ശുചീകരിച്ചോ പോലും നാടിനെ സേവിച്ചിട്ടുള്ളവർ എത്രപേരുണ്ട് പുതിയതും പഴയതുമായ പാർട്ടികളിൽ ? സർവ്വോദയം കുര്യൻ ഇപ്പറഞ്ഞ കാര്യങ്ങൾ ആരെയും ബോദ്ധ്യപ്പെടുത്താൻ വേണ്ടിയല്ലെങ്കിലും ഒറ്റയ്ക്ക് ചെയ്യുമായിരുന്നു. ജനത്തെ സേവിക്കാൻ അധികാരവും സ്ഥാനമാനങ്ങളും സംഘടിത സ്വഭാവവും ഉണ്ടായേ തീരൂ എന്ന തെറ്റായ ധാരണ തിരുത്താൻ പോന്ന ഉത്തമോദാഹരണമായിരുന്നു അദ്ദേഹം. അദ്ദേഹത്തെ പൂർണ്ണമായും അനുകരിക്കാൻ പറ്റുന്നില്ലല്ലോ എന്നതിൽ മാത്രമാണ് വ്യസനം.
ആം ആദ്‌മി പാർട്ടിയോട് എനിക്കൊരു വിരോധവുമില്ല. മറ്റ് പലരേയും പോലെ അവരുടെ നീക്കങ്ങളും പ്രവർത്തനങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഞാനും. ഇടതും വലതും നടുക്കുമൊക്കെ നിന്ന് ഭരിച്ച് കുളം തോണ്ടിയവരെക്കൊണ്ട് മടുത്തപ്പോൾ ജനം പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോയിട്ടുണ്ടെങ്കിൽ അതിലെന്താണ് തെറ്റ് ? സഹികെട്ട് നിഷേധ വോട്ട് ചെയ്യാൻ തയ്യാറെടുത്തവർ പുതിയൊരു പാർട്ടിക്ക് കൂറ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അതിലെന്താണ് അപാകത ? ആം ആദ്‌മി പാർട്ടി, അരാഷ്ട്രീയ പാർട്ടി ആണെന്നും മറ്റും പറയുന്നവരോട് എതിർത്ത് സംസാരിച്ചിച്ചിട്ടുണ്ട് ഞാൻ. നിലവിലുള്ള പാർട്ടികൾ ചെയ്യുന്ന എല്ലാ പോക്രിത്തരങ്ങളും രാഷ്ട്രീയമാണെന്നും പുതുതായി വന്ന ഒരു പാർട്ടി എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് തന്നെ അരാഷ്ട്രീയപ്പാർട്ടി, എന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുന്നവരോട് യോജിക്കാൻ ബുദ്ധിമുട്ടുണ്ട്. ഇപ്പറഞ്ഞതിനർത്ഥം ഞാൻ ആം ആദ്‌മി പാർട്ടിക്കാരനാണെന്നോ അവരുടെ വക്താവോ ആണെന്നല്ല.
സത്യത്തിൽ എന്താണ് രാഷ്ട്രീയം എന്ന പദത്തിന്റെ അർത്ഥം? രാഷ്ട്രത്തിനും സമൂഹത്തിനും ജനങ്ങൾക്കും വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നവൻ ആരായാലും അയാളാണ് യഥാർത്ഥ രാഷ്ട്രീയക്കാരൻ എന്നാണ് എന്റെ വിലയിരുത്തൽ. അല്ലാതെ, ഏതെങ്കിലും ഒരു പാർട്ടിയുടെ അംഗമായി അതിന്റെ കൊടിക്കീഴിൽ നിന്ന് ആ പാർട്ടിയുടെ നേതാക്കൾ പറയുന്നതും അവരുടെ എഴുതപ്പെട്ടതും അല്ലാത്തതുമായ പ്രത്യയശാസ്ത്രങ്ങൾക്ക് കീ ജെയ് വിളിക്കുകയും അവർക്ക് വേണ്ടി കൊല്ലും കൊലയും കൊള്ളിവെയ്പ്പുമൊക്കെ നടത്തുന്നവൻ രാഷ്ട്രീയക്കാരനല്ല വെറും പാർട്ടിക്കാരൻ മാത്രമാണെന്നാണ് എന്റെ കാഴ്ച്ചപ്പാട്. അതുകൊണ്ടുതന്നെ എന്റെ കുറിപ്പുകളിലും കമന്റുകളിലുമൊക്കെ രാഷ്ട്രീയക്കാരൻ എന്ന് പറയുന്നതിന് പകരം പാർട്ടിക്കാരൻ എന്ന് പറയുകയാണ് പതിവ്.
ഒരു വ്യാഴവട്ടക്കാലം പ്രവാസജീവിതം നയിച്ചതുകൊണ്ട് നാട്ടിൽ ഒരു വോട്ട് പോലും ഇല്ലാത്തവനാണ്. വരുന്ന തിരഞ്ഞെടുപ്പിന് മുൻപ് വോട്ടർ പട്ടികയിൽ കയറിപ്പറ്റാനായാൽ തിരഞ്ഞെടുപ്പ് ദിവസങ്ങളിൽ വോട്ട് ചെയ്തിരിക്കും. ആ വോട്ട് ആർക്കാണെന്ന് വിളിച്ച് പറഞ്ഞ് വോട്ടിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്താൻ ഒരിക്കലും ഉദ്ദേശിക്കുന്നില്ല.
ഏത് പാർട്ടി വന്നാലും നാട് നന്നാകണം, ജനങ്ങൾ നന്നാകണം. ഏതെങ്കിലും ഒരു പാർട്ടിക്കാരൻ അല്ലാത്തതുകൊണ്ടോ ഏതെങ്കിലും ഒരു പാർട്ടിയെ എതിർക്കുന്നതിന്റെ പേരിലോ ആർക്കും ജീവഹാനിയുണ്ടാകരുത്. ഓൺലൈനിലായാലും ഓഫ്‌ലൈനിലായാലും പാർട്ടിയുടെ പേരും പറഞ്ഞ് ശത്രുക്കൾ ഉണ്ടാകാൻ ഇട വരരുത്. ഇതൊക്കെയാണ് ആഗ്രഹങ്ങൾ. ഇങ്ങനെയൊക്കെയുള്ള ഒരു ആദ്‌മിയാണ്. ഇനിയൊരു ജീവിതം ഈ ഗോളത്തിൽ ഉണ്ടാകുമോ എന്നറിയില്ല. പാർട്ടികൾക്കും രാഷ്ട്രീയത്തിനുമൊക്കെ അപ്പുറം മറ്റനേകം കാര്യങ്ങൾ ഈ ദുനിയാവിൽ ചെയ്യാനുണ്ടെന്ന് വിശ്വസിക്കുന്നവനാണ്. ഇത് രണ്ടും അത്തരം നൂറ് കാര്യങ്ങളിൽ രണ്ടെണ്ണം മാത്രമാണെനിക്ക്.
ഇതിൽക്കൂടുതൽ കാട് കയറാൻ ഉദ്ദേശിക്കുന്നില്ല. ഞാനിങ്ങനെയൊക്കെയാണ്. ഇത്തരത്തിൽ ഒരു ആദ്‌മിയാണ്. എന്നെ വെറുതെ വിടുക.
എന്ന് സസ്നേഹം
- നിരക്ഷരൻ
(അന്നും ഇന്നും എപ്പോഴും)
ഞാനിങ്ങനൊക്കെയാണ്. ഇത്തരത്തിൽ ഒരു ആദ്‌മിയാണ്. എന്നെ വെറുതെ വിടുക.
ഓക്കേ. വെറുതെ വിട്ടിരിക്കുന്നു.
നിലവിലെ രാഷ്‌ട്രീയസംവിധാനത്തെ ഇരുത്തിചിന്തിപ്പിക്കാൻ ആം ആദ്മി പാർട്ടിയ്ക്ക് സാധിച്ചു. ഇത്തരം സംവിധാനങ്ങൾ ഇന്ന് ആവശ്യമാണ്. കണ്ടുമടുത്ത കേട്ടുമടുത്ത രീതികൾക്ക് ബദലായി ഇനിയും പുതിയ പ്രസ്ഥാനങ്ങളും ആശയങ്ങളും ഉണ്ടാകട്ടെ.
ഇതുവരെ ഒരു മാവിനും
കല്ലെറിയാത്തോരെന്നെ
‘മാങ്ങാ മനുഷ്യന്‍’
എന്ന് വിളിച്ചില്ലേ..?
എന്നാണ് കവി ചോദിക്കുന്നത്..
നമ്മളെല്ലാരും ആം ആദ്മിയാണ്.. അതൊരു പാര്‍ട്ടി ആണോന്നറിയില്ല..
ഓകേ ആദ്മി
tk bhai saab
tk bhai saaaaaab
മനോജ് ഒരു “സാധാരണ മനുഷ്യന്‍” അല്ലാഞ്ഞിട്ടും AAP-ക്കാരനാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടോ?
permission granted
Appo Niraksharan sherikkum ara…??
@ Thomas – മനുഷ്യാ നീയാര് ? എന്ന ആ വൺ മില്യൺ ചോദ്യം കാലങ്ങളായി ഞാനും സ്വയം ചോദിച്ചുകൊണ്ടിരിക്കുന്നു
ആപ്പിലായല്ലോ…
ആം ആദ്മി പാർടിയിൽ ചേരുന്നവരെ പറ്റി വരുന്ന വാർത്തകളും അവരുടെ ഒക്കെ അഭിപ്രായ പ്രകടനങ്ങളും കാണുമ്പോൾ സത്യം പറഞ്ഞാൽ ആ പാർട്ടിയോട് സഹതാപമാണ് തോന്നുന്നത്. ഇത്തരം മാക്കാനെയും മറുതയെയും ഒക്കെ ഉൾക്കൊള്ളാൻ അവർ ശരിക്കും ബുദ്ധി മുട്ടും. മാത്രമല്ല, ഇവരുടെ ഒക്കെ വാചകങ്ങൾ കേട്ടാൽ തോന്നുക ഇത്തരം ഒരു പാർട്ടി ഇല്ലാതിരുന്നതു കൊണ്ട് മാത്രമാണ് അവർ പ്രതികരിക്കാതിരുന്നത്, അല്ലെങ്കിൽ സാമൂഹിക സേവനം ചെയ്യാതിരുന്നത് എന്നൊക്കെയാണ്. സത്യം പറഞ്ഞാൽ നമ്മുടെയൊക്കെ ജീവിതം വളരെ ചെറുതാണ്. പുനർജ്ജന്മം എന്നത് ഉണ്ടോ ഇല്ലയോ എന്നും അറിയില്ല. ഈ ചെറിയ ജീവിതത്തിൽ നമുക്ക് ചെയ്തു തീർക്കാനുള്ളതും ഒത്തിരി കാര്യങ്ങളാണ്. അതിൽ സഹജീവിയെ സഹായിക്കുന്നതും പെടും. ദൈവത്തെ ആരാധിക്കാൻ മതം ആവശ്യമില്ല എന്ന് വിവരമുള്ളവർ പറഞ്ഞിട്ടുള്ളത് പോലെ ദയ കാണിക്കുന്നതിന് ഒരു മാധ്യമം ആവശ്യമില്ല എന്നാണു ദുശ്ശാസ്സനന്റെ എളിയ അഭിപ്രായം. പറയുന്നത് അല്പത്തരം ആണോ എന്നറിയില്ല. ഞാൻ ജോലി ചെയ്തു കിട്ടുന്നതിന്റെ ചെറിയ ഒരു ഓഹരി കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി പലയിടത്തും കൊടുക്കുന്നുണ്ട്. ജീവിതത്തിൽ ഒരു നല്ല മനുഷ്യൻ ആണ് ഞാൻ എന്ന് ചില സമയത്തെങ്കിലും സ്വയം തോന്നിയ പല സന്ദർഭങ്ങളും ഭഗവാൻ തന്നിട്ടുണ്ട്. അതുകൊണ്ട് ആം ആദ്മി ആയി ജീവിക്കുക. സഹജീവികളോട് കാരുണ്യം കാണിക്കുക. ജീവിതത്തിന്റെ സായാഹ്നത്തിൽ ഈ ലോകത്ത് ജീവിച്ചു എന്ന് അഭിമാനത്തോടെ ഓർക്കാൻ വേണ്ടി നിങ്ങളെ കൊണ്ട് ആവുന്ന രീതിയിൽ നല്ല മനുഷ്യരായി ജീവിക്കുക. ഒരിക്കലും ഒരു പാർട്ടിയോ ഒരു നേതാവോ ഒരു ഗുരുവോ ഒക്കെ വന്നു വഴി കാണിച്ചു തരും, അത് വരെ കാത്തിരിക്കാം എന്ന മനോഭാവം ഉപേക്ഷിക്കുക. നിങ്ങളും കൂടി ഉൾപ്പെടുന്നതാണ് സമൂഹം. നിങ്ങൾ നന്നാവാതെ സമൂഹവും നന്നാവില്ല.
നിരക്ഷരൻ ചേട്ടൻ പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു. എല്ലാ ആശംസകളും
നല്ല ഒരു മാറ്റമായിട്ടാണ് തോന്നുന്നത്. ഇന്ത്യയിലെ രാഷ്ട്രീയ ചുറ്റുപാടില്‍ പാര്‍ട്ടി വലുതാവുമ്പോ എന്തായിത്തീരും എന്ന് കാത്തിരുന്നു കാണേണ്ടി വരും. ഏതായാലും ഒരു കാര്യം ഉറപ്പിച്ചു: ഒരു ആപ്പ് സ്ഥാനാര്‍ഥി മത്സരിച്ചാല്‍ ജീവിതത്തില്‍ ആദ്യമായി പോയി ഒരു വോട്ടു ചെയ്യും.
“ആം ആദ്മി” എന്നത് അരവിന്ദ് കേജ്രിവാൾ എന്ന ഒരു നേതാവിനെ ചുറ്റിപ്പറ്റിയുള്ള ഒരു രാഷ്ട്രീയപ്പാർട്ടിഎന്നതിനേക്കാൾ ഉപരി, വർഷങ്ങളായി തുടരുന്ന അഴിമതിയും കാപട്യവും നിറഞ്ഞ ഒരു ജനാധിപത്യസംവിധാനത്തിൽ ജീവിച്ചു മടുത്ത ജനങ്ങളുടെ ഒരു വികാരമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ‘ഞാനും ആം ആദ്മിയിൽ ചേർന്നു’ എന്നൊരാൾ പറയുമ്പോൾ ഞാനും ഈ വികാരത്തിൽ പങ്കുചേരുന്നു എന്നുള്ള അർത്ഥമേ അതിനുള്ളൂ. ആം ആദ്മിയുടെ പാർട്ടി ഡൽഹിയിൽ എടൂത്തു പ്രയോഗിച്ച / പ്രയോഗിക്കുന്ന പല കാര്യങ്ങളിലേയും ലോജിക്ക് എനിക്ക് മനസ്സിലാവുന്നില്ല, ചിലതൊക്കെ എക്സ്ട്രീമായ തീരുമാനങ്ങളോ, ദീർഘവീക്ഷണമില്ലാത്തതോ ഒക്കെ ആണെന്നും പറയാം.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ് മുന്നോട്ടു പോകുന്നതെങ്കിൽ ആപ്പിന്റെ കേരളാ ഘടകവും മല്ലൂ ഫേസ്ബുക്ക് ഘടകവും പിരിച്ചുവിട്ട് കെജ്രിവാളണ്ണൻ കാശിക്ക് പോകുന്ന ലക്ഷണമാണ് കാണുന്നത് !!!!
മനോജ് പറഞ്ഞതുപോലെ ഇടതും വലതും ഭരിച്ച് കുളമാക്കിയപ്പോള്‍ പലരും ഇപ്രാവശ്യമെങ്കിലും നിഷേധ വോട്ട് ചെയ്ത് ദേഷ്യം തീര്‍ക്കാനിരിക്കുമ്പോഴാണ് ആം ആദ്മിയുടെ വരവ്. എന്നാ പിന്നെ ഇതൊന്ന് പരീക്ഷിക്കാമെന്നായ് പാര്‍ട്ടി ജീവാത്മാവും പരമാത്മാവും അല്ലാത്തവരുടെ ചിന്ത. അത്രയേ ഉള്ളു… അപ്പോള്‍ ഉയരുന്ന ചിലരുടെ ചോദ്യങ്ങളാണ് മനോജിന്റെ അടുത്തേക്ക് നീണ്ടത്… ആ ചോദ്യം ചോദിച്ചവര്‍ക്കൊക്കെ കൃത്യമായ പൊളിറ്റിക്സ് ഉള്ളവരാകും എന്നതില്‍ സംശയം വേണ്ട… സത്യത്തില്‍ ഇവിടെ നിലവിലുള്ള കാക്കത്തൊള്ളായിരം ചെറുതും വലുതുമായ പാര്‍ട്ടികളില്‍ ഏതെന്കിലും ഒരെണ്ണം ‘ഇതാ ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി തങ്ങളാല്‍ ആവും വിധം ജീവിത പ്രശ്നങ്ങളെ തീര്‍ക്കാന്‍ സഹായിക്കും എന്ന ഒരു തോന്നലുണ്ടായിരുന്നെന്കില്‍ ആം ആദ്മി എന്നല്ല ഒരു പാര്‍ട്ടിക്കും ഇവിടെ സ്പേസ് ഉണ്ടാകുമായിരുന്നില്ല. അവര്‍ക്ക് ഭരണപരിചയം ഇല്ലെന്ന് ഒരു കൂട്ടര്‍ -[ഇന്നലെ അധികാരത്തിലേറിയവര്‍ക്ക് അതില്ലെന്ന് വോട്ട് ചെയ്ത് ജയിപ്പിച്ചവര്‍ക്കറിയാം]
ഡല്‍ഹിയില്‍ വെള്ളം കൊടുത്തത് ടേപ്പ് ഉള്ള 30 ശതമാനത്തോളം ജനങ്ങള്‍ക്ക് മാത്രമാണെന്നും, അവര്‍ പണമുള്ളവരാണെന്നും, 70 ശതമാനത്തോളം വരുന്ന ദരിദ്രനാരായണന്മാര്‍ക്ക് ടേപ്പ് ഇല്ലെന്നും അവര്‍ക്ക് ഗുണഫലം കിട്ടില്ലെന്നും മറ്റൊരു പാര്‍ട്ടി. [തുടങ്ങിയിട്ടല്ലേ ഉള്ളു...ഘട്ടം ഘട്ടമായ് അവരിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കാം. അല്ലാ, ഈ 70 ശതമാനത്തെ കുറിച്ച് ഇത്ര ഉറപ്പുള്ള ഈ പാര്‍ട്ടിക്കാര്‍ എന്തേ ഒരു ടാപ്പെന്കിലും വെച്ചുകൊടുക്കാന്‍ ഈ കണ്ട കാലമായ് ശ്രമിച്ചില്ല എന്നത് മറ്റൊരു ചോദ്യം]
അപ്പോള്‍ മാറ്റങ്ങള്‍ അംഗീകരിക്കാന്‍ ആദ്യമൊക്കെ ചിലര്‍ മടിക്കും, പിന്നെ… ക്രമേണ ശീലമാകാവുന്നതേ ഉള്ളു…
എന്ന് സ്വന്തം
ഒരു പാര്‍ട്ടിയിലും തലവെയ്ക്കാതെ ഇരിക്കുന്ന ഒരു ആം ആദ്മി
ആരംഭശൂരത്വമായിരിക്കരുത്…..
നല്ലതിനായി പ്രാര്‍ത്ഥിക്കാം.
ആശംസകള്‍
@ Cv Thankappan – ഞാൻ എഴുതിയത് മുഴുവൻ വായിച്ചല്ലോ അല്ലേ ? എനിക്ക് ആശംസകൾ നേർന്നതുകൊണ്ട് ഒരു സംശയം. ആരംഭശൂരത്വം ആയിരിക്കരുതെന്ന് പറഞ്ഞപ്പോൾ ആ സംശയം പിന്നേം വർദ്ധിച്ചു.
ഞാനും ആം ആദ്മി, പക്ഷേ തൊപ്പി വയ്ക്കാന്‍ എന്നെ കിട്ടില്ല എന്നൊരു വരി എഴുതിയാല്‍ പോരെ നിരൂ!
@ Shashi Chirayil – ചുരുക്കിപ്പറയുകയാണെങ്കിൽ അങ്ങനേം മതി ശശിയേട്ടാ. ഇത് പക്ഷേ അൽപ്പം വിശദമായിത്തന്നെ പറയണമെന്ന് തോന്നി. ഇനി ഈ വക പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഈ പോസ്റ്റിന്റെ ലിങ്ക് അങ്ങ് കൊടുത്താൽ മതിയല്ലോ ?
ആം ആദ്മി ആയാലും വേറെ പാര്‍ട്ടി ആയാലും ജനങ്ങള്‍ക്ക് ആപ്പ് ആകാതിരുന്നാല്‍ മതി .
ആം ആദ്മി പാർടിയിൽ ചേരുന്നവരെ പറ്റി വരുന്ന വാർത്തകളും അവരുടെ ഒക്കെ അഭിപ്രായ പ്രകടനങ്ങളും കാണുമ്പോൾ സത്യം പറഞ്ഞാൽ ആ പാർട്ടിയോട് സഹതാപമാണ് തോന്നുന്നത്. ഇത്തരം മാക്കാനെയും മറുതയെയും ഒക്കെ ഉൾക്കൊള്ളാൻ അവർ ശരിക്കും ബുദ്ധി മുട്ടും. മാത്രമല്ല, ഇവരുടെ ഒക്കെ വാചകങ്ങൾ കേട്ടാൽ തോന്നുക ഇത്തരം ഒരു പാർട്ടി ഇല്ലാതിരുന്നതു കൊണ്ട് മാത്രമാണ് അവർ പ്രതികരിക്കാതിരുന്നത്, അല്ലെങ്കിൽ സാമൂഹിക സേവനം ചെയ്യാതിരുന്നത് എന്നൊക്കെയാണ്.
ദുശ്ശാസനന്‍ മുകളില്‍ പറഞ്ഞ അതേ ചിന്താഗതിയിലാണ് ഞാനും. ടിവിയിലെ ചര്‍ച്ചകള്‍ ഞാന്‍ കാണാറില്ല. എന്നാല്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ച് മീഡിയാ വണ്‍ റ്റിവിയില്‍ ഒരു ചര്‍ച്ച നടക്കുന്നു. ഭാസുരേന്ദ്രബാബു, കെ.എം ഷാജഹാന്‍, പിന്നെ ആപ്പിന്റെ കേരളവക്താവായ ഒരു ചെറുപ്പക്കാരന്‍ (പേര് എനിയ്ക്കറിയില്ല) ഷാജഹാനൊക്കെ ആപ്പിന് വേണ്ടി വാദിയ്ക്കുന്നത് കണ്ടപ്പോള്‍ ചിരിവന്നു. പക്ഷെ ഉള്‍മനത്താല്‍ ഞാനും ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കുന്നു.
ഓക്കേ, ചേട്ടാ, ചേട്ടന്റെ മനസ് അറിയാൻ കഴിഞ്ഞതിനു നന്ദി.
ഞാനും ഇങ്ങനെയൊക്കെയാണ്. ഇതേ അഭിപ്രായങ്ങളാണ് എനിക്കും.
നിരക്ഷരന്റെ വിശ്വാസം നിരക്ഷരനെ രക്ഷിക്കട്ടെ ..കുറെ നല്ല ഉദ്ദേശത്തോടെ ഉള്ള ആളുകളുടെ ഇടയിൽ കേറി കൂടി ഇരിക്കുന്ന ചില അണ്ടനേം അടകോടനേം എങ്ങനെ കൈകാര്യം ചെയ്യും എന്നത് അനുസരിച്ച് ഇരിക്കും ആം ആത്മി യുടെ ഭാവി ..ബിന്നിയേം കുമാറിനേം പോലെ യുള്ളവരുടെ കാര്യമാണ് ഉദേശിച്ചത് .ഏതു സമൂഹത്തിലും നിലവില ഉള്ള വ്യവസ്ഥിതികലോട് എതിർപ്പ് ഉള്ള ആളുകൾ കാണും ..അത് സാധാരണം ..അവരുടെ ഒരു ചിന്താഗതിയെ ഒരുമിച്ചു കൂട്ടാൻ ഒരു പരിധിവരെ അവർക്ക് കഴിഞ്ഞു എന്ന് വേണം കരുതാൻ .താങ്കളുടെ വിശ്വാസം എന്തായാലും തനിയെ ഒരു കാര്യത്തിനായി പ്രതികരിക്കുന്നതിലും കൂട്ടായ പ്രതികരണത്തിന് മാറ്റം ഉണ്ട് എന്നാണ് എന്റെ വിശ്വാസം .
@ Deepu George – ഞാൻ ആം ആദ്‌മി പാർട്ടിക്ക് എതിരൊന്നും അല്ല. കഴിഞ്ഞ വർഷം അവരുമായി സഹകരിച്ച് ചില പൊതു പ്രവർത്തനങ്ങൾ ചെയ്തിട്ടുമുണ്ട്. ജനങ്ങൾക്കും സമൂഹത്തിനും ഗുണകരമായ കാര്യങ്ങൾ അങ്ങനൊക്കെ ഇനീം ചെയ്യാം. അതിന് പാർട്ടിയിൽ അംഗമാകണമെന്നൊന്നും ഇല്ല. ഇപ്പറഞ്ഞതിനെ പുറത്തുനിന്നുള്ള സപ്പോർട്ട് ആയിപ്പോലും കണക്കാക്കേണ്ടതില്ല. ഏത് പാർട്ടിക്കാരനായാലും നല്ല കാര്യങ്ങളിൽ പിന്തുണ ആവശ്യപ്പെട്ട് വന്നാൽ അത് കൊടുക്കുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല. അതേ സമയം അവരുടെ സംഘടനയുടെ ഭാഗമായാൽ അതോടെ പല സ്വാതന്ത്ര്യങ്ങളും നഷ്ടമാകുന്നു. പലതും കണ്ട് കണ്ണടക്കേണ്ടി വരുന്നു. ന്യായമില്ലാത്ത പലതിനേയും ന്യായീകരിക്കേണ്ടി വരുന്നു. ഇവിടെയാണ് സർവ്വോദയം കുര്യന്റെ പ്രസക്തി. പറഞ്ഞ് വന്നത് കൂട്ടായ പ്രതികരണം ആവശ്യമുള്ളപ്പോൾ അത് ചെയ്യാനുള്ള സ്വാതന്ത്ര്യം ഒറ്റയ്ക്ക് നിൽക്കുന്നവന് തീർച്ചയായും ഉണ്ട്. ഓരോരുത്തരുടെ വിശ്വാസം അവരവരെ രക്ഷിക്കട്ടെ.
സമൂഹത്തിൽ നടമാടിക്കൊണ്ടിരിക്കുന്ന വ്യവസ്ഥിതിയിൽ മനം നൊന്തു പിറവി കൊണ്ട ഈ പാർട്ടിയുടെ തുടക്കം നന്നായി!! പക്ഷെ ഇപ്പോൾ നടക്കുന്ന ചില കാര്യങ്ങൾ ആ പാർട്ടിയെ എവിടെക്കൊണ്ടെത്തിക്കും എന്നതു കാത്തിരുന്നു കാണേണ്ട കാര്യം തന്നെ, പക്ഷെ അനീതിക്കെതിരെ ഒരു ഒറ്റയാൾ പോരാട്ടം അസാദ്ധ്യം തന്നെ, (പക്ഷെ സർവ്വോദയം കുര്യൻ എന്ന മനുഷ്യസ്നേഹിയുടെ യെന്ജം ഒരു പക്ഷെ ഇതിനൊരു അപവാദം ആകാം) അവിടെയാണ്, ആം ആദ്മിയെപ്പോലുള്ള ഒരു പാർട്ടിയുടെ പ്രസക്തിയും. ഇതോടുള്ള ബന്ധത്തിൽ ഞാൻ അടുത്തിടെ ഒരു പ്രതികരണം ബ്ലോഗിൽ പോസ്റ്റു ചെയ്യുകയുണ്ടായി. (ആം ആദ്മി പാർട്ടിയും പുതിയ വീഡിയോ വിവാദവും. ഒരു പ്രതികരണം എന്ന തലക്കെട്ടിൽ. അതിനർത്ഥം ഇവിടെ നിരക്ഷരൻ പറഞ്ഞത് പോലെ ഞാൻ ആ പാർട്ടിയുടെ ഒരു വക്താവ് ആയതിനാൽ അല്ല, നല്ല കാര്യം എവിടെ കണ്ടാലും അതിനെ പിൻതാങ്ങാൻ മനസാക്ഷി വെമ്പൽ കൊള്ളുന്നത് കൊണ്ട് മാത്രം.മറിച്ചു അതിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് കണ്ടിരിക്കാനും പ്രയാസം. നിരക്ഷരന്റെ വിശ്വാസം നിരക്ഷരനും, വലത്തിന്റെയും ഇടത്തിന്റെയും അതിനും മദ്ധ്യത്തിൽ ഉള്ളതിന്റെയും വിശ്വാസം അവർക്കും. ആശംസകൾ എല്ലാവര്ക്കും
ഒറ്റയാനായി നടക്കുന്നത് കൊള്ളാം,- വാരിക്കുഴി, മയക്കുവെടി എന്നുതുടങ്ങിയ പലതും ഇവിടെയുണ്ട്. ശ്രീ. കേജരിവാള്‍ അത്തരം ഒരു കെണിയില്‍ വീണിരിയ്ക്കുകയാണ്. ശേഷം കാഴ്ചയില്‍…