ഞാൻ ഇതുവരെ സന്ദർശിക്കാത്ത സംസ്ഥാനമാണ് ഹരിയാന. ഒരുപാട് വർഷങ്ങൾക്ക് മുന്നേ തന്നെ ഹരിയാനയെ പറ്റി കേട്ടിട്ടുള്ളത്, നല്ല റോഡുകളും നല്ല അടിസ്ഥാന സൗകര്യങ്ങളും ഉള്ള സംസ്ഥാനം എന്നാണ്. ആഗ്രയിൽ നിന്ന് മൂന്ന് മണിക്കൂറോളം സഞ്ചരിച്ച് ഗുർഗോണിലേക്ക് കടന്നതും അക്കാര്യം എനിക്ക് ബോദ്ധ്യമായി.
വൃത്തിയും വെടിപ്പുമുള്ള ഗംഭീര റോഡുകൾ. അവസാനത്തെ കുറേ കിലോമീറ്ററുകൾ എട്ടുവരിപ്പാതയാണ്. വാഹനങ്ങളുടെ എണ്ണം നന്നേ കുറവ്. ഒരു ഫ്ലൈ ഓവറിൽ കയറി വട്ടം കറങ്ങിയതോടെ ഞാനാകെ ചിന്താക്കുഴപ്പത്തിലായി. രണ്ടുപ്രാവശ്യം അതിലൂടെ കറങ്ങിയില്ലേ, ഇങ്ങനെ തന്നെ കറങ്ങിക്കൊണ്ടിരിക്കുമോ, എന്നതായിരുന്നു ആശങ്ക. ആ സ്ഥലത്തിന്റെ ഒരു ആകാശ ചിത്രമെടുത്തപ്പോഴാണ് വഴി തെറ്റിയിട്ടില്ല എന്ന് ഉറപ്പായത്. (ചിത്രം നോക്കുക)
എത്ര വലിയ നഗരമാണിത്! മുംബൈയോട് കിടപിടിക്കുന്നത്; അല്ലെങ്കിൽ അതിനേക്കാൾ ഗംഭീരം. നഗര മദ്ധ്യത്തിലൂടെ ആറുവരിപ്പാത കടന്നു പോകുന്നു. ഇരുവശങ്ങളിലും രണ്ടുവരി സർവ്വീസ് റോഡ്. പ്രധാന പാതയിൽ കയറിയാൽ പുറത്ത് കടക്കണമെങ്കിൽ അത്ര എളുപ്പമല്ല. നഗരത്തെപ്പറ്റി ചെറിയ ധാരണയെങ്കിലും ഇല്ലാത്തവരെ ഗൂഗിൾ മാപ്പിന് പോലും രക്ഷിക്കാൻ ആവില്ല.
നേരിട്ട് ബാദ്ഷാപൂർ കോട്ടയിലേക്കാണ് പോകാൻ നിശ്ചയിച്ചിരുന്നത്. ഗുർഗോൺ നഗരത്തിന്റെ പ്രധാന പാതയിൽ നിന്ന് പുറത്തേക്ക് കടന്നതും പെട്ടെന്ന് ഗ്രാമത്തിൻ്റെ മുഖം പ്രത്യക്ഷപ്പെട്ടു. ഒരു കിലോമീറ്ററിനുള്ളിൽ കോട്ട എത്തി എന്ന് ഗൂഗിൾ മാപ്പ് അറിയിച്ചു. പക്ഷേ പരിസരത്ത് എങ്ങും കോട്ടയുടെ ഒരു ലക്ഷണവുമില്ല. ഞാൻ വന്ന് കയറിയ വഴിയാണെങ്കിൽ, രാജസ്ഥാനിൽ പലപ്പോഴായി സന്ദർശിച്ച ചില കോട്ടയിലേക്കുള്ള വഴികളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളത് ആയിരുന്നു.
വെളിയിലിറങ്ങി രണ്ടുമൂന്ന് പിള്ളേരോട് കോട്ട എവിടെയെന്ന് തിരക്കി. “കോട്ട എന്ന് പറയാൻ കാര്യമായിട്ട് ഒന്നുമില്ല. ഇടതുവശത്ത് കൂടെ പോയാലും വലതുവശത്ത് കൂടെ പോയാലും ചില ഭാഗങ്ങൾ കാണാം.” എന്ന് മറുപടി കിട്ടി.
ഞാൻ ഇടതുവശത്തുള്ള വീടുകൾക്കിടയിലൂടെ മുകളിലേക്ക് കയറി. അത് ചെന്നുനിന്ന ഭാഗത്ത് ഒന്ന് രണ്ടുപേർ നിൽക്കുന്നുണ്ടായിരുന്നു. അവരോട് തിരക്കിയപ്പോൾ “ഇതുതന്നെ കോട്ട” എന്ന് മറുപടി കിട്ടി.
ആട് കിടന്നയിടത്ത് പൂട പോലുമില്ല എന്ന അവസ്ഥയാണ് അവിടെ. കോട്ടയുടേതായ ഒരു അവശിഷ്ടവും അവിടെയില്ല. എല്ലാം ഇടിച്ചുനിരത്തി വീടുകൾ വന്നു കഴിഞ്ഞു. ഞാൻ തിരിച്ചിറങ്ങി ആദ്യം കണ്ട ചെറുപ്പക്കാർക്ക് ഇടയിലേക്ക് ചെന്നു. അവർ വലതുവശത്തുള്ള വഴിയിലൂടെ എന്നെ നയിച്ചു. വഴിയരികിൽ ഇരുന്നിരുന്ന ഒന്ന് രണ്ടു പേർ കാര്യം തിരക്കിയപ്പോൾ “ഇദ്ദേഹത്തെ കോട്ട കാണിക്കാൻ കൊണ്ടുപോവുകയാണ് ” എന്ന് അവരോട് ചെറുപ്പക്കാർ പറഞ്ഞു.
ഒരു കൊത്തളം പോലെയുള്ള ഭാഗം അവിടെയുണ്ട്. അതിന് ചുറ്റും ഇടിച്ചുനിരത്തി വീടുകൾ വന്നിരിക്കുന്നു.
പെട്ടെന്ന് അൽപ്പം പുറകിൽ നിന്ന് ഒരാൾ കൈകൊട്ടി ചെറുപ്പക്കാരെ വിളിച്ചു. അവർ പിന്നിലേക്ക് പോയി; ഞാൻ മുന്നിലേക്കും. അധികം വൈകാതെ ചെറുപ്പക്കാർ തിരിച്ചുവന്ന് എന്നെയും കടന്ന് വേഗത്തിൽ മുന്നോട്ട് പോയി.
” ഒരക്ഷരം കോട്ടയെപ്പറ്റി പറഞ്ഞാൽ അടി കിട്ടും, എന്ന് അയാൾ ഞങ്ങളെ ഭീഷണിപ്പെടുത്തി. അതുകൊണ്ട് ഞങ്ങൾ പോകുകയാണ്. ഈ ഇടതുഭാഗത്ത് കാണുന്നതെല്ലാം കോട്ടയായിരുന്നു.” പോകുന്ന പോക്കിൽ എന്റെ മുഖത്ത് നോക്കാതെ ശബ്ദം താഴ്ത്തി അവർ പറഞ്ഞു.
എനിക്ക് കാര്യം പിടികിട്ടി. കോട്ട കയ്യേറിയതിന്റെ പേരിൽ അവിടെ എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നു. ഒരാൾ അതിലേ വന്ന് കോട്ടയുടെ പരിസരത്തിൻ്റെ ഫോട്ടോകൾ എടുക്കുകയും മറ്റും ചെയ്തപ്പോൾ സർക്കാർ തലത്തിൽ നിന്ന് ആരോ വന്നതാണെന്ന് അവർ ഭയപ്പെടുന്നുണ്ട്.
ചെറുപ്പക്കാരെ ഭീഷണിപ്പെടുത്തിയ ആൾ ആ വഴിയിൽത്തന്നെ നിൽക്കുന്നുണ്ട്. ഞാൻ തിരികെ വരുമ്പോൾ അയാൾ എന്നെ സമീപിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഒരു കശപിശ ഞാൻ ആഗ്രഹിക്കുന്നില്ല. മിടുക്ക് കാണിക്കാൻ ഇതെൻ്റെ തിണ്ണയുമല്ല. ഞാൻ നേരെ മുന്നോട്ട് തന്നെ നടന്നു. ഒരു ചുറ്റിട്ട് പോയാൽ ചിലപ്പോൾ ഞാൻ ആദ്യം പോയ വഴിയിൽ എത്താൻ പറ്റുമായിരിക്കും.
ഒരു അമ്മയും മകനും ആ വഴിയിൽ കട്ടിലിൽ ഇരിക്കുന്നുണ്ട്. ഞാൻ ആ പരിസരമാകെ സൂക്ഷ്മമായി നിരീക്ഷിക്കുകയും പടങ്ങൾ എടുക്കുകയും ചെയ്യുന്നത് അവർ ശ്രദ്ധിക്കുന്നുണ്ട്. അവർ എന്നോട് കാര്യം തിരക്കി. ഞാൻ കോട്ടയെപ്പറ്റി ചോദിച്ചു. “കോട്ടയുടെ മതിലിലാണ് താങ്കൾ ഇപ്പോൾ നിൽക്കുന്നത്.” എന്നായിരുന്നു മറുപടി. ആ അമ്മയും കഷ്ടി 20 വയസ്സുള്ള മകനും കോട്ടയുടെ പഴയ ഭാഗങ്ങൾ പൂർണ്ണരൂപത്തിൽ കണ്ടിട്ടുണ്ടെന്നും പറഞ്ഞു. അതിനർത്ഥം കയ്യേറ്റം നടന്നിട്ട് അധികകാലം ആയില്ല എന്നാണ്.
എൻ്റെ കാൽച്ചുവട്ടിൽ കോട്ട മതിലിൻ്റെ പൊളിഞ്ഞ ഭാഗങ്ങൾ കാണാം. കിടങ്ങും ഉണ്ടായിരുന്ന കോട്ടയാണ് ഇത്. അതും ഏറെക്കുറെ നികത്തി കഴിഞ്ഞിരിക്കുന്നു. ഒരു വശത്ത് പട്ടിണിപ്പാവങ്ങളുടെ കൂരകൾ ആണെങ്കിൽ മറുവശത്ത് വലിയ ഫ്ലാറ്റുകളും വന്നിട്ടുണ്ട്. ഗംഭീരമായ കയ്യേറ്റവും ഇടിച്ചുനിരത്തലും നടന്നിരിക്കുന്നു.
ഞാൻ മുൻപോട്ട് നടന്ന് ആദ്യം വന്ന വഴി കണ്ടുപിടിച്ച്, സൂത്രത്തിൽ ഭാഗി കിടക്കുന്ന സ്ഥലത്തെത്തി. ചെറുപ്പക്കാരെ വിരട്ടിയ കക്ഷി എതിർദിശയിലേക്ക് നോക്കി നിൽപ്പുണ്ട്. എന്നെ അയാൾ കാണുന്നതിനു മുൻപ് ഞാനും ഭാഗിയും അവിടന്ന് അപ്രത്യക്ഷമായി.
ഹരിയാനയിലെ ആദ്യത്തെ കോട്ട സന്ദർശനം മോശമായിരുന്നു എന്ന് സാരം. ഈ കോട്ടയെ, കോട്ടകളുടെ എണ്ണത്തിൽ ഞാൻ ചേർക്കുന്നില്ല.
പ്രധാന പാതയിലേക്ക് വന്നപ്പോൾ ഒരു സലൂൺ കണ്ടു. താടിയും മുടിയും ഒന്ന് വെട്ടിയൊതുക്കാൻ അതിൽക്കയറി ഇറങ്ങിയതും ഇരുട്ട് വീണിട്ടുണ്ടായിരുന്നു. ഈ മഹാനഗരത്തിലെ തിരക്കിലും അപരിചിതമായ വഴികളിലും തലങ്ങും വിലങ്ങും ഞാൻ സഞ്ചരിച്ചു. തങ്ങാൻ പറ്റിയ ഒരിടം കണ്ടെത്താനായില്ല.
എം.ജി.റോഡ് മെട്രോ സ്റ്റേഷൻ പാർക്കിങ്ങിൽ തങ്ങാൻ പറ്റുമോ എന്ന് അന്വേഷിച്ചപ്പോൾ, വാഹനം ഇടാം പക്ഷേ അതിനകത്ത് താങ്ങാൻ പറ്റില്ല എന്നായി അവിടത്തെ ജീവനക്കാർ. നേരെ എതിർവശത്തുള്ള മെട്രോപൊളിറ്റൻ മാളിലേക്ക് കയറി. 82 ദിവസത്തിന് ശേഷം നല്ലൊരു മാളും ഫുഡ് കോർട്ടും കാണുകയാണ്. ഇഡ്ഡലി വാങ്ങി കഴിച്ചു. ഭൂൽ ഭുലയ്യ-3 സിനിമയുടെ ടിക്കറ്റ് എടുത്തു. 10:45ന് സിനിമ തുടങ്ങും. അതുകഴിഞ്ഞ് ഇറങ്ങുമ്പോൾ റോഡ് കാലിയായിട്ടുണ്ടാവും. ആ സമയത്ത് തങ്ങാൻ പറ്റിയ ഒരിടം വീണ്ടും പരതാം.
വലിയ നഗരത്തിലേക്ക് വന്നപ്പോൾ എല്ലാം എളുപ്പമാകും എന്നാണ് കരുതിയതെങ്കിലും കാര്യങ്ങൾ സങ്കീർണ്ണമായിരിക്കുകയാണ്. ഇതൊക്കെ തന്നെയാണ് ഈ യാത്രയുടെ രസം. വരുന്നിടത്ത് വെച്ച് കാണാം. രാത്രി ഉറങ്ങാൻ പറ്റിയില്ലെങ്കിൽ രാവിലെ അവധിയെടുത്ത് കിടന്നുറങ്ങും. അത്രതന്നെ. നാളെ പകൽ എന്തായാലും താങ്ങാൻ പറ്റിയ ഒരു സ്ഥലം ഞാൻ കണ്ടെത്തിയിരിക്കും. ഈ ഹബ്ബിൽ 3 ദിവസം തങ്ങാനുള്ളതാണ്.
സിനിമ തുടങ്ങാനായി. ചിലപ്പോൾ രണ്ട് മണിക്കൂർ അതിനുള്ളിൽ കിടന്ന് ഞാൻ ഉറങ്ങിയേക്കാം.
ശുഭരാത്രി.