ദിവ്യയുടെ കുടുംബ സുഹൃത്താണ് വിരേൻ പട്ടേൽ. ഇന്നലെ വൈകീട്ട് അദ്ദേഹവുമായി ഇരുന്ന് സംസാരിച്ചപ്പോൾ, ബറോഡയിൽ ഈ ദിവസങ്ങളിൽ ഞാൻ കാണാത്ത മറ്റ് ചില സ്ഥലങ്ങൾ കൂടെ കാണിച്ച് തരാമെന്ന് അദ്ദേഹം ഏറ്റു.
അതിൽ പ്രധാനപ്പെട്ടത് ഇ.എം.ഇ. ക്ഷേത്രമാണ്.
* രാജ്യത്തെ മതേതരത്വത്തിന്റെ പ്രതീകമായി ഈ ക്ഷേത്രത്തെ കണക്കാക്കിപ്പോരുന്നു.
* 1966ൽ കരസേനയുടെ ഇലക്ട്രോ മെക്കാനിക്കൽ എൻജിനീയറിങ് സ്കൂൾ വിഭാഗമാണ് ഈ ക്ഷേത്രം ഉണ്ടാക്കിയത്.
* EME യുടെ ആദ്യത്തെ കമാൻഡൻ്റ് ആയിരുന്ന എ.എഫ്. യൂജിൻ ആണ് ഈ ക്ഷേത്രത്തിന്റെ ഉപജ്ഞാതാവ്.
* ഇന്ത്യയിലെ വിവിധ മതക്കാരുടെ ഘടകങ്ങൾ ഈ ക്ഷേത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
* ശിവൻ (ദക്ഷിണാമൂർത്തി) ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ.
* ക്ഷേത്രത്തിന്റെ മകുടം അധവാ അലൂമിനിയത്തിൽ തീർത്ത മുകൾഭാഗം മുഴുവൻ ഇസ്ലാമിക രീതിയിലാണ്.
* മകുടത്തിന് മുകളിലുള്ള സ്വർണ്ണ നിറത്തിലുള്ള ഭാഗം ബുദ്ധമതക്കാരുടെ തത്വങ്ങൾക്ക് അനുസൃതമായാണ്.
* 70 അടി ഉയരമുള്ള, ക്ഷേത്രത്തിന്റെ ടവർ ക്രൈസ്തവ രീതിയിലാണ്.
* ടവറിന് മുകളിലുള്ള കലശം ഹിന്ദുവിന്റെ വിശ്വാസങ്ങൾക്ക് അനുസരിച്ചാണ്.
* ക്ഷേത്രത്തിന്റെ പ്രവേശന കവാടം ജൈനമതസ്ഥരുടെ രീതിയിലാണ്.
* ക്ഷേത്രത്തിന്റെ ഹവന കുണ്ഡം സോറോആസ്ട്രിയനിസം രീതിയിലാണ്.
* പഞ്ചവടി എന്ന് വിളിക്കപ്പെടുന്ന 5 പേരാലുകൾക്ക് നടുവിലാണ് ക്ഷേത്രം നിലകൊള്ളുന്നത്.
* രാജ്യത്തിന്റെ മതപരമായ സഹിഷ്ണുതയുടെ അടയാളമായി ഈ ക്ഷേത്രം കണക്കാക്കപ്പെടുന്നു.
* ക്ഷേത്രത്തിന്റെ ക്യാമ്പസിൽ മറ്റ് അനേകം പ്രതിഷ്ഠകളും ജൈന ക്ഷേത്രങ്ങളിൽ നിന്നുള്ള ശില്പങ്ങളുമെല്ലാം പ്രദർശിപ്പിച്ചിട്ടുണ്ട്.
* 19 സെപ്റ്റംബർ 2016ൽ War Trophy എന്ന നിലയ്ക്ക് ലഭിച്ച T-55 എന്ന ടാങ്ക് ആണ് ക്ഷേത്ര കവാടത്തിന് മുന്നിൽ നമ്മെ സ്വാഗതം ചെയ്യുന്നത്.
* ക്ഷേത്രമിരിക്കുന്നത് നാവികസേനയുടെ ക്യാമ്പസിന് ഉള്ളിലാണ്. അതുകൊണ്ടുതന്നെ കവാടം മുതൽ എല്ലായിടത്തും പട്ടാളക്കാരുടെ നിരീക്ഷണമുണ്ട്.
* ക്ഷേത്രത്തിനകത്ത് ഫോട്ടോഗ്രാഫി നിഷിദ്ധമെന്ന് എഴുതി വെച്ചിട്ടുണ്ടെങ്കിലും എല്ലാവരും പടങ്ങൾ എടുക്കുന്നുണ്ട്. ആരും അത് തടയുന്നുമില്ല.
* ക്ഷേത്രത്തിന്റെ മകുടത്തിന് അകത്ത് ഒരു ചെറിയ ശബ്ദം ഉണ്ടാക്കിയാൽ പോലും, അത് പ്രത്യേക തരത്തിൽ പ്രതിധ്വനിക്കുന്നു.
ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലും മടക്കവഴിയിലും വിരേൻ പട്ടേൽ, നഗരത്തിലെ ഓരോ കാഴ്ച്ചകളും കെട്ടിടങ്ങളും എനിക്ക് പരിചയപ്പെടുത്തിക്കൊണ്ടിരുന്നു.
രാജ്യത്ത് തന്നെ ഏറ്റവും പഴക്കമുള്ള ITI അതിലൊന്നാണ്. പട്ടാള ബാരക്കുകൾ പോലെ ഉണ്ടാക്കുകയും പിന്നീട് ITI ആയി പ്രവർത്തിക്കുകയും ചെയ്ത ആ കെട്ടിടങ്ങളിൽ ഇപ്പോൾ ജീവിക്കുന്നത് സ്വകാര്യ വ്യക്തികളാണ്.
അതിന് തൊട്ടടുത്ത് തന്നെയുള്ള ഷാരോൺ മെത്തോഡിസ്റ്റ് പള്ളി അതി പുരാതനമായ ഒരു ക്രൈസ്തവ ദേവാലയമാണ്.
ബറോഡയിലെ മാനസികാരോഗ്യ കേന്ദ്രം രാജ്യത്തെ തന്നെ വളരെ പഴക്കമുള്ള ഒന്നാണ്. അത്തരം സ്ഥലങ്ങളിൽ ചികിത്സയ്ക്ക് പോകുന്നെന്ന് പറയുന്നത് തന്നെ ജനങ്ങൾക്ക് ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ. ആയതിനാൽ അവിടെ ചികിത്സയ്ക്ക് ചെന്നാൽ 200 രൂപയും ഒരു ട്രാൻസിസ്റ്ററും ഇങ്ങോട്ട് കിട്ടും. ആ കെട്ടിടത്തിന്റെ കവാടത്തിൽ നിന്ന് ഒരു പടമെടുത്ത ശേഷം ഞങ്ങൾ സ്ഥലം വിട്ടു. തൽക്കാലം എനിക്ക് ഒരു ട്രാൻസിസ്റ്ററിന്റെ ആവശ്യമില്ല.
നഗരത്തിൽ രാജാവ് വിട്ടുകൊടുത്ത സ്ഥലത്ത് പലരായി പണികഴിപ്പിച്ച ഹവേലികൾ, പട്ടാളക്കാരുടെ കീഴിലുള്ള പുരാതന കെട്ടിടങ്ങൾ, എന്നിവയൊക്കെ വിരേൻ എന്നെ എനിക്ക് പരിചയപ്പെടുത്തി കൊണ്ടിരുന്നു. നഗര മദ്ധ്യത്തിലുള്ള ‘ഭൂത്ടി സാപ്പ’ എന്ന സ്ഥലം, പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, പ്രേതബാധ ഉള്ളതുപോലെ ആളൊഴിഞ്ഞ സ്ഥലമായിരുന്നു പോലും! ഇന്നതെല്ലാം നഗരത്തിലെ തിരക്കുള്ള ഭാഗങ്ങളാണ്.
സത്യത്തിൽ, ഏതൊരു നഗരത്തിൽ ചെന്നാലും അവിടത്തെ ഒരാളെത്തന്നെ കൂടെ സഞ്ചരിക്കാൻ കിട്ടുക എന്നത് ഒരു പുണ്യമാണ്. ഈ നഗരത്തിൽ ദിവ്യയും വിരേനും ഹരിയേട്ടനും എനിക്ക് ആ സഹായം ചെയ്തു തന്നിരിക്കുന്നു. ആൽക്കമിസ്റ്റിന്റെ ഗൂഢാലോചനാ ലിസ്റ്റ് പെരുകുകയാണ്.
ഉച്ചയ്ക്ക് തനത് ഗുജറാത്തി ഭക്ഷണം എന്തെങ്കിലും വാങ്ങിത്തരണമെന്ന് വിരേൻ പട്ടേലിനോട് ഞാൻ പറഞ്ഞിരുന്നു. അതുപ്രകാരം അദ്ദേഹം എന്നെ കൊണ്ടുപോയത്, സുർസാഗർ തടാകത്തിന് സമീപമുള്ള ശ്രീ. മഹാറാണി ചിമ്നഭായ് ഉദ്യോഗാലയ എന്ന സൊസൈറ്റിയുടെ കെട്ടിടത്തിലേക്കാണ്.
1914ൽ ഗയിക്ക് വാദ് രാജകുടുംബം സ്ത്രീകളുടെ ഉന്നമനത്തിനായി സ്ഥാപിച്ച സൊസൈറ്റിയാണ് ഇത്. റാണിയുടെ മേൽനോട്ടത്തിൽ ഇന്നും ഒരുപാട് നല്ല കാര്യങ്ങൾ, പൊതുസമൂഹത്തിന് വേണ്ടി ഇവിടെ നടന്നു പോരുന്നു. അതിലൊന്നാണ് ഈ കെട്ടിടത്തിൽ നടക്കുന്ന ‘ഗസര’ എന്ന റസ്റ്റോറൻ്റ്. പഴയകാലത്ത് മഹാരാജാവ് യശ്വന്ത്റാവു നൽകിയ 30,000 രൂപയിൽ നിന്നാണ് ഈ കെട്ടിടം നിർമ്മിച്ചത്. ഈ റസ്റ്റോറന്റിൽ നിന്നുള്ള ആദായം മുഴുവൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകിപ്പോരുന്നു.
ഒരു ഗുജറാത്തി ഭക്ഷണവും ഒരു മറാഠി ഭക്ഷണവും ഞങ്ങൾ ഓർഡർ ചെയ്തു. റസ്റ്റോറന്റിന്റെ അന്തരീക്ഷവും ഭക്ഷണവും ഗംഭീരമായിരുന്നു. അവരുടെ സോവനീർ ഷോപ്പിൽ നിന്ന് ചില സാധനങ്ങൾ വാങ്ങാനും ഞാൻ മറന്നില്ല.
മടക്ക വഴിയിൽ, ഖുശി മോട്ടോഴ്സ് എന്ന സ്ഥാപനത്തിൽ ചെന്ന് ഭാഗിയുടെ റിയർവ്യൂ മിറർ പുതിയത് പിടിപ്പിച്ചു. അതിന്റെ പണം കൊടുക്കുമ്പോൾ, സാധാരണ വർക്ക് ഷോപ്പുകളേക്കാൾ കവിഞ്ഞ് ചില കാര്യങ്ങൾ ഞാൻ ശ്രദ്ധിച്ചു. ബറോഡയിലെ പേരുകേട്ട വർക്ക് ഷോപ്പ് ആണ് ഇത്.
ഭാഗിയുടെ നമ്പറും മീറ്റർ റീഡിങ്ങും അവർ എഴുതിയെടുത്തു. കൂട്ടത്തിൽ എന്റെ ഫോൺ നമ്പർ ചോദിച്ചെങ്കിലും ഞാൻ കൊടുത്തില്ല. കരിക്ക് വിൽക്കുന്ന കടക്കാരൻ പോലും ഫോൺ നമ്പർ ചോദിക്കുന്ന അവസ്ഥയാണ് ഇപ്പോൾ രാജ്യത്തുള്ളത്. ഇങ്ങനെ കിട്ടുന്ന ഫോൺ നമ്പറുകൾ ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ് നടത്തുന്ന ഗൂഢ സംഘങ്ങളെ പിടിക്കുന്ന കാര്യത്തിൽ വലിയ ശുഷ്കാന്തിയൊന്നും ഭരണകൂടം കാണിക്കുന്നുമില്ല.
അധികം തിരക്കോ സഞ്ചാരമോ ഇല്ലാത്ത ഒരു ദിവസം കടന്നുപോയി. ഈ വർഷം ഇനി രണ്ട് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പുതുവർഷം ബറോഡയിൽ ആഘോഷിച്ചതിന് ശേഷം അഹമ്മദാബാദിലേക്ക് പോകാം എന്നാണ് ഞാനിപ്പോൾ കരുതുന്നത്. കച്ചിൽ നിന്ന് മടങ്ങുമ്പോൾ ഈ വഴി വീണ്ടും വരുന്നില്ല എന്നതുകൊണ്ട് ഇവിടത്തെ കാഴ്ചകൾ എല്ലാം തീർത്തിട്ട് തന്നെ കച്ചിലേക്ക് പോകണം.
നാളെ, സർദാർ വല്ലഭായ് പട്ടേലിന്റെ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ കാണാൻ പദ്ധതിയുണ്ട്. പക്ഷേ, അന്തിമ തീരുമാനം ആയിട്ടില്ല.
ശുഭരാത്രി.